മാധ്യമപ്രവര്‍ത്തകനെ അവഹേളിച്ചെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധിക്കെതിരേ മുംബൈ പ്രസ് ക്ലബ്. കോടതി വിധി സംബന്ധിച്ചു ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകനോട് ക്ഷുഭിതനായി ബിജെപി ബാഡ്ജു ധരിച്ചു വരൂവെന്ന് അധിക്ഷേപിച്ചെന്നാണ് ആരോപണം. രാഹുല്‍ഗാന്ധി തിരുത്തണമെന്നും മാപ്പു പറയണമെന്നും പ്രസ് ക്ലബ് ആവശ്യപ്പെട്ടു.
രാഹുലിനെതിരായ കേസ് ഗുജറാത്തിലെ കോണ്‍ഗ്രസുകാര്‍ ശരിയായി നടത്തിയില്ലെന്ന് സാഹിത്യകാരന്‍ ടി. പദ്മനാഭന്‍. കണ്ണൂര്‍ ഡിസിസി സംഘടിപ്പിച്ച സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒന്നും സംഭവിക്കില്ലെന്ന അമിത ആത്മവിശ്വാസമാണ് കേസ് തോല്‍ക്കാന്‍ കാരണം. കാലമാണ് ഏറ്റവും വലിയ വിധികര്‍ത്താവ്. ആ വിധികര്‍ത്താവിന്റെ അന്തിമ വിധി വരുമ്പോള്‍ ഇന്നത്തെ ഭരണാധികാരികളുടെ തീരുമാനം കീഴ്‌മേല്‍ മറിയും. അതിനായി കാത്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജനാധിപത്യത്തിന്റെ ശവക്കുഴി തോണ്ടുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. വിമര്‍ശിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ ആത്മാവാണ്. രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടിയില്‍ പ്രതിഷേധിച്ച് എ.ഐ.സി.സി ആഹ്വാനപ്രകാരം ഡിസിസികളുടെ നേതൃത്വത്തില്‍ തിരുവന്തപുരത്തു സംഘടിപ്പിച്ച സത്യഗ്രഹത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സംസ്ഥാനത്ത് പൊലീസ് ക്രിമിനലുകള്‍ അഴിഞ്ഞാടുകയാണ്. കസ്റ്റഡി കൊലപാതകം അവസാന ഉദാഹരണമാണ്. നാഥനില്ലാത്ത കളരിയാണ് ആഭ്യന്തരവകുപ്പെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച ഇരുമ്പനം സ്വദേശി മനോഹരന്റെ മരണ കാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ഈ വിവരം.
സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ട കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ പറത്തിയത് മലയാളിയായ വിപിന്‍. കമാണ്ടന്‍ഡ് സി ഇ ഒ കുനാല്‍, ടെക്‌നിക്കല്‍ സ്റ്റാഫ് സുനില്‍ ലോട്‌ല എന്നിവരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്.
ഇടുക്കി കാഞ്ചിയാറിലെ പ്രീ പ്രൈമറി സ്‌കൂള്‍ അധ്യാപികയായ അനുമോളെ കൊലപ്പെടുത്തി മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിച്ച കേസിലെ പ്രതിയായ ഭര്‍ത്താവ് ബിജേഷ് അറസ്റ്റില്‍. അതിര്‍ത്തിയിലെ വനത്തില്‍നിന്നാണ് ഇയാളെ പിടികൂടിയത്. മദ്യപിച്ചെത്തി ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ട് അനുമാള്‍ വനിത സെല്ലില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യംമൂലമാണ് കൊലപ്പെടുത്തിയത്.
ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത് പ്രവാസി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ്. ന്യൂസിലാന്‍ഡില്‍ ജോലി ചെയ്തിരുന്ന കറ്റാനം കണ്ണനാകുഴി ക്രിസ്തുരാജ് ഭവനത്തില്‍ ബൈജുരാജു (40) വിനെ കഴിഞ്ഞദിവസമാണ് കായംകുളത്തെ ലോഡ്ജില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. ഭാര്യയും ഭാര്യവീട്ടുകാരും ചതിച്ചെന്ന് നേരത്തെ ബൈജുരാജ് ഫേസ്ബുക്കിലൂടെ ആരോപിച്ചിരുന്നു. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നു കായംകുളം പൊലീസ്.
കോഴിക്കോട് കൂരാച്ചുണ്ടില്‍ പീഡനമേറ്റ റഷ്യന്‍ യുവതിയെ റഷ്യയിലേക്കു തിരിച്ചയക്കാനുള്ള നടപടികള്‍ ആരംഭിച്ച. താത്കാലിക പാസ്‌പോര്‍ട്ടിനായി നടപടി തുടങ്ങി. ആക്രമിച്ച ആഗിലിന്റെ മാതാപിതാക്കളില്‍നിന്നു പൊലീസ് മൊഴിയെടുത്തു. റിമാന്‍ഡിലായ ആഗിലിനെതിരെ ബലാത്സംഗം ഉള്‍പെടെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
മലയാളി യുവാവിനെ ഷാര്‍ജയിലെ പുറംകടലില്‍ കാണാതായി. വര്‍ക്കല ഓടയം വിഷ്ണു നിവാസില്‍ അഖില്‍ (33) നെയാണ് കാണാതായത്.
ബ്രഹ്‌മപുരത്തു വീണ്ടും തീപിടുത്തം. സെക്ടര്‍ ഒന്നിലുണ്ടായ തീ അണയ്ക്കാന്‍ അഗ്നിശമന സേനാ യൂണിറ്റുകള്‍ എത്തി.
കല്ലടിക്കോട് ഗര്‍ഭിണിയായ മ്ലാവിനെ വെടിവച്ചു കൊന്നു. രണ്ടു പേരെ സംഭവ സ്ഥലത്ത് പിടികൂടി. റിസോര്‍ട്ട് നടത്തുന്ന വരും സജീവ രാഷ്ട്രീയ പ്രവര്‍ത്തകരും അടക്കമുള്ളവരാണു പ്രതികള്‍.
തൃശൂര്‍ ജില്ലയിലെ മറ്റത്തൂര്‍, വെള്ളിക്കുളങ്ങര മേഖലയില്‍ വീശിയടിച്ച ശക്തമായ കാറ്റില്‍ വന്‍ നാശം. കുലച്ച ഏത്തവാഴകകളും ഏക്കറ് കണക്കിന് ജാതികൃഷിയും നശിച്ചു.
സിഖ് വിഘടനവാദി നേതാവ് അമൃത്പാല്‍ സിംഗ് പരമ്പരാഗത സിഖ് വേഷങ്ങള്‍ ഉപേക്ഷിച്ച് പാട്യാലയില്‍ നടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സണ്‍ ഗ്ലാസും ജാക്കറ്റും ധരിച്ച് അമൃത്പാല്‍ അടുത്ത അനുയായി പല്‍പ്രീത് സിംഗിനൊപ്പം നടക്കുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്.
കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍ നടന്ന ലിഖ് പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരേ നടപടിവേണമെന്ന് ഇന്ത്യ. കനേഡിയന്‍ നയതന്ത്രപ്രതിനിധിയെ വിളിച്ച് വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു.
പാന്‍ കാര്‍ഡ് ആാധാറുമായി ലിങ്ക് ചെയ്യാന്‍ ഇനി അഞ്ചു ദിവസംകൂടി. ലിങ്ക് ചെയ്യാത്ത പാന്‍ കാര്‍ഡ് റദ്ദാക്കുമെന്നാണു മുന്നറിയിപ്പ്.
ഭോജ്പുരി നടി ആകാന്‍ക്ഷ ദുബെയെ വാരണാസിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് സംശയം.
പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസില്‍ പള്ളിയില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത നൂറിലധികം പേര്‍ക്ക് ഭക്ഷ്യവിഷബാധ. അസുഖം ബാധിച്ച നിരവധി പേരെ കൊല്‍ക്കത്തയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.