രാഹുല്‍ഗാന്ധിയുടെ ലോക്‌സഭാംഗത്വത്തിന് അയോഗ്യത പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാരിനെതിരേ നാളെ രാവിലെ പത്തിനു രാജ്ഘട്ടില്‍ കോണ്‍ഗ്രസ് സത്യഗ്രഹം. കേരളത്തിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും നാളെ കോണ്‍ഗ്രസ് സത്യഗ്രഹം. അയോഗ്യതാ നടപടി രാഹുലിന്റെ പ്രതിച്ഛായ വര്‍ധിപ്പിച്ച നിലയിലാണ്. രാഹുല്‍ ഇഫക്ടില്‍ പ്രതിപക്ഷ ഐക്യം രൂപപ്പെട്ടുവരികയുമാണ്. രാഹുലിനെതിരായ നടപടികളില്‍ പ്രതിഷേധിച്ച് ഇന്നലെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
ബ്രഹ്‌മപുരം ബയോമൈനിംഗില്‍ സോണ്ട ഇന്‍ഫ്രാടെക്ക് ഉപകരാര്‍ നല്‍കിയത് കൊച്ചി കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ ആണെങ്കിലും അതിനെതിരേ നടപടിയെടുക്കില്ലെന്നു മേയര്‍ എം. അനില്‍കുമാര്‍. ബയോമൈനിംഗില്‍ ഉപകരാര്‍ എടുത്ത കൊച്ചി സ്വദേശി വെങ്കിട്ട് ഒരു ബില്‍ പാസാകാനായി തന്നെ സമീപിച്ചിരുന്നെന്നും മേയര്‍ പറഞ്ഞു. മേയറുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് അവിശ്വാസ പ്രമേയത്തിന നോട്ടീസ് നല്‍കി. 54 കോടി രൂപയുടെ കരാര്‍ എടുത്ത സോണ്ട ഇന്‍ഫ്രാടെക്ക് 22.5 കോടി രൂപക്ക് മറ്റൊരു സ്ഥാപനത്തിന് ഉപകരാര്‍ നല്‍കുകയായിരുന്നു.
ഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ് ആവശ്യപ്പെട്ട് ഇടുക്കി ജില്ലയില്‍ ഏപ്രില്‍ മൂന്നിന് ഇടതു മുന്നണി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
നടന്‍ ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍. ലേയ്ക് ഷോര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അമ്മ ജോയിന്റ് സെക്രട്ടറി ഇടവേള ബാബു.
അതിക്രമത്തിന് ഇരയായ റഷ്യന്‍ യുവതിക്കു വനിതാ കമ്മീഷന്‍ നിയമസഹായം നല്‍കുമെന്ന് അധ്യക്ഷ പി സതീദേവി. മതിയായ സുരക്ഷയോട് കൂടിയ താമസ സൗകര്യവും ഏര്‍പ്പെടുത്തും. അന്വേഷണം വേഗം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനും കമ്മിഷന്‍ പൊലീസിന നിര്‍ദേശം നല്‍കി.
മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല ക്യാമ്പസില്‍ രാത്രിയില്‍ അതിക്രമിച്ചു കയറി വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കൃഷി മന്ത്രി പി പ്രസാദ് ഡജിപിക്കു നിര്‍ദേശം നല്‍കി. മദ്യപിച്ചു അതിക്രമം നടത്തിയ പ്രതികളായ തോട്ടപ്പടി സ്വദേശി നൗഫലിനേയും സുഹൃത്ത് അജിതിനേയും മണ്ണുത്തി പൊലീസ് അറസ്റ്റു ചെയ്‌തെങ്കിലും ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.
ചേര്‍പ്പിലെ സദാചാരക്കൊലക്കേസില്‍ രണ്ടു പേര്‍ കൂടി പിടിയില്‍. വിഷ്ണു, വിജിത്ത് എന്നിവരാണ് അറസ്റ്റിലായത്. കോയമ്പത്തൂര്‍ ഗാന്ധിപുരം കോര്‍പ്പറേഷന്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇതോടെ ഈ കേസില്‍ എട്ട് പേര്‍ പിടിയിലായി.
കുവൈറ്റില്‍ ഉല്ലാസ യാത്രയ്ക്കിടെ ബോട്ട് മറിഞ്ഞ് രണ്ടു മലയാളികള്‍ മരിച്ചു. കൊല്ലം അഷ്ടമുടി സ്വദേശി സുകേഷ് (44), പത്തനംതിട്ട മാന്നാര്‍ മോഴിശ്ശേരില്‍ ജോസഫ് മത്തായി (30) എന്നിവരാണ് മരിച്ചത്. ഇരുവരും ലുലു എക്‌സ്‌ചേഞ്ച് ജീവനക്കാരാണ്.
സൂററ്റ് കോടതി വിധിക്കെതിരെ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ രാഹുല്‍ ഗാന്ധി അപ്പീല്‍ നല്‍കും. ലോക് സഭാംഗത്വം റദ്ദാക്കിയ നടപടിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം കടുപ്പിക്കും. രാഹുലിനെതിരെ അടുത്ത ആറ് മുതല്‍ ബിജെപിയും മറു പ്രചാരണം തുടങ്ങും. പാര്‍ലമെന്റ് സമ്മേളനം അടുത്ത ആഴ്ച അനിശ്ചിത കാലത്തേക്ക് പിരിയാന്‍ സാധ്യതയുള്ളതിനാല്‍ ഡല്‍ഹിയിലും സംസ്ഥാനങ്ങളിലും പ്രതിഷേധം കടുപ്പിക്കാനാണ് തീരുമാനം.
അനുകൂല വിധിയുണ്ടായിട്ടും ലോക്‌സഭാംഗത്വം പുനസ്ഥാപിക്കാത്തതിനെ ചോദ്യം ചെയ്ത് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയിലേക്ക്. രണ്ടു മാസമായി ലോക്‌സഭാ സെക്രട്ടറിയേറ്റ് മനപൂര്‍വം നടപടി വൈകിപ്പിക്കുന്നുവെന്ന് ഫൈസല്‍ ആരോപിച്ചു.
രാഹുല്‍ഗാന്ധിക്കു രക്തസാക്ഷി പരിവേഷത്തിനുള്ള ശ്രമമാണെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ്. രാഹുല്‍ഗാന്ധി ഒരു സമുദായത്തെ അപമാനിച്ചു. കോടതിയില്‍ മാപ്പ് പറഞ്ഞില്ലെന്ന സന്ദേശം ജനങ്ങളിലെത്തിക്കാന്‍ ബിജെപി രാജ്യവാപക പ്രചരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ഗുജറാത്ത് സ്വദേശി ജമ്മു കാഷ്മീര്‍ സന്ദര്‍ശിച്ച കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ ഓഫീസിലെ പബ്ലിക് റിലേഷന്‍ ഓഫീസറായ ഹിതേഷ് പാണ്ഡ്യ രാജിവച്ചു. തട്ടിപ്പിന് അറസ്റ്റിലായ കിരണ്‍ പട്ടേലിനൊപ്പം ജമ്മുകാഷ്മീരില്‍ ഹിതേഷ് പാണ്ഡ്യയുടെ മകന്‍ അമിത് പാണ്ഡ്യയും ഉണ്ടായിരുന്നെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് മൂന്നു ദിവസത്തിനകം പ്രഖ്യാപിക്കാനിരിക്കേ ബെംഗളുരുവില്‍ പുതിയ മെട്രോ പാത പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. കെ ആര്‍ പുര മുതല്‍ വൈറ്റ് ഫീല്‍ഡ് വരെയുള്ള 13.71 കിലോമീറ്റര്‍ പാതയാണ് പുതുതായി ഉദ്ഘാടനം ചെയ്തത്. നിര്‍മാണത്തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒപ്പം മോദിയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും മെട്രോയില്‍ അല്‍പദൂരം സഞ്ചരിച്ചു.
അഞ്ചു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനു ഗുജറാത്തില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥന്‍ സിബിഐ കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു. ജോയിന്റ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ആയിരുന്ന ജാവരി ബിഷ്‌ണോയ് ആണ് ജീവനൊടുക്കിയത്. ചോദ്യം ചെയ്യലിനിടെ ഓഫീസിന്റെ നാലാം നിലയില്‍നിന്ന് താഴേക്ക് ചാടുകയായിരുന്നു.
കര്‍ണാടകയില്‍ മോദിയുടെ താമര വിരിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് വിജയസങ്കല്‍പ രഥയാത്രയല്ല, വിജയിച്ചയാത്രയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നാടായ കലബുറഗി കോര്‍പ്പറേഷനില്‍ ബിജെപി ജയിച്ചത് അതിന്റെ തെളിവാണ്. മോദി പറഞ്ഞു.
ജോലിക്കു ഭൂമി അഴിമതി കേസില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ സിബിഐ ചോദ്യം ചെയ്തു. തേജസ്വി യാദവിന്റെ സഹോദരിയും എംപിയുമായ മിസ ഭാരതിയും ഇതേ കേസില്‍ ഇഡിക്കു മുമ്പാകെ ഹാജരായി. ലാലുപ്രസാദ് യാദവിനെയും ഭാര്യ റാബ്രി ദേവിയെയും നേരത്തെ ചോദ്യം ചെയ്തിരുന്നു.
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചണ്ഡിഗഡില്‍ ട്രെയിന്‍ തടഞ്ഞു. ന്യൂഡല്‍ഹി ചണ്ഡിഗഡ് ശതാബ്ദി ട്രെയിനാണ് തടഞ്ഞത്.
കാമുകന്റെ സഹായത്തോടെ സ്വന്തം കുട്ടികളെ കൊലപ്പെടുത്തി കനാലിലെറിഞ്ഞ യുവതിഅടക്കം ആറു പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് ഇരട്ടക്കൊലപാതകം. പ്രാദേശിക കൗണ്‍സിലറായ കാമുകന്റെ സഹായത്തോടെയാണ് യുവതി തന്റെ 10 വയസുള്ള മകനെയും ആറുവയസുള്ള മകളെയും കൊലപ്പെടുത്തിയതെന്ന് പൊലീസ്
ട്വിറ്ററില്‍ 60 ലക്ഷം ഫോളോവേഴ്‌സുള്ള ഗോഡ് എക്കൗണ്ട് ഇലോണ്‍ മസ്‌ക് ബ്ലോക്ക് ചെയ്തു. മസ്‌കിനെ പരിഹസിച്ചുള്ള പോസ്റ്റുകളാണ് അക്കൗണ്ടിനെ വളരെയധികം പ്രശസ്തമാക്കിയത്. ബ്ലോക്കു ചെയ്യാന്‍ കാരണവും അതുതന്നെ. അക്കൗണ്ടു
കൈകാര്യം ചെയ്തിരുന്ന അമേരിക്കന്‍ എഴുത്തുകാരനായ ഡേവിഡ് ജാവര്‍ബോം 2022 മുതല്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നത് നിര്‍ത്തിയിരുന്നു.