സംരക്ഷണ ഫീസ് പിടുങ്ങി, ആയിരത്തിലേറെ പട്ടികളെ പട്ടിണിക്കിട്ടു കൊന്നെന്നു വിശ്വസിക്കാന്‍തന്നെ പ്രയാസം. ദക്ഷിണ കൊറിയയുടെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ യാങ്പിയോങ്ങിലാണ് സംഭവം. ഒരു കെന്നല്‍ കെയര്‍ ഫാമില്‍ ആയിരത്തിലേറെ നായ്ക്കള്‍ ചത്തു. ദുര്‍ഗന്ധം അസഹ്യമായതോടെ അയല്‍വാസികള്‍ പരാതിപ്പെട്ടു. അധികൃതര്‍ പരിശോധിച്ചപ്പോഴാണ് പട്ടി സംരക്ഷണ കേന്ദ്രത്തില്‍ ആയിരത്തോളം പട്ടികള്‍ ചത്തുകിടക്കുന്നതായി കണ്ടത്. നായ്ക്കളെ പരിപാലിക്കാമെന്നു പറഞ്ഞ് അനേകരുടെ അരുമകളായ നായ്ക്കളെ നായി പരിപാലന കേന്ദ്രത്തില്‍ കൊണ്ടുവന്നത് ഓസിനല്ല, മുന്തിയ ഫീസ് വാങ്ങിയാണ്. ഭക്ഷണമോ വെള്ളമോപോലും നല്‍കാതെ അവയെ പൂട്ടിയിട്ട് അറുപതുകാരനായ ഉടമ എങ്ങോട്ടോ മുങ്ങി. നിശ്ചിത ദിവസത്തേക്കു പട്ടികളെ സംരക്ഷിക്കാമെന്നു വാക്കുകൊടുത്തു പണം വാങ്ങി പട്ടിണിക്കിട്ടു പട്ടികളെ കൊന്നയാളെ പോലീസ് തെരയുകയാണ്. ആയുര്ബലംകൊണ്ടു ചത്തുപോകാത്ത ഏതാനും പട്ടികളെ ജീവനോടെയും ഇവിടെനിന്നു കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, അവയെല്ലാം അവശനിലയിലാണ്. അരുമകളായ വളര്‍ത്തു നായ്ക്കളെ രണ്ടോ മൂന്നോ മാസത്തേക്കു പരിപാലിക്കാന്‍ ഇയാളെ ഏല്പിച്ചവര് എങ്ങനെ കരയാതിരിക്കും. കാലന്റെ കൈയിലാണല്ലോ അരുമകളായ പട്ടികളെ ഏല്പിച്ചതെന്ന് ഓര്‍ത്ത് പരിതപിക്കുകയാണ് അവര്‍.
ആയിരത്തിലേറെ പട്ടികളെ പട്ടിണിക്കിട്ടു കൊന്നു, സംരക്ഷണ ഫീസ് പിടുങ്ങി
