ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാത്ത മേഘാലയയില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുകുള്‍ സാംഗ്മയും രംഗത്ത്. കൊണ്‍റാഡ് സാംഗ്മയ്ക്ക് പിന്തുണ നല്‍കിയ രണ്ട് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു. 26 സീറ്റുമായി ഏറ്റവും വലിയ ഒറ്റ കക്ഷിയായ എന്‍പിപി നേതാവ് കൊണ്‍റാഡ് സാംഗ്മ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ഫാദു ചൗഹാനെ കണ്ടിരുന്നു. ബിജെപിയുടെ രണ്ട് അംഗങ്ങള്‍ അടക്കം 32 പേരുടെ പിന്തുണ അവകാശപ്പെട്ടാണ് ഗവര്‍ണര്‍ക്കു കത്തു നല്‍കിയിരുന്നത്.
എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് ഒമ്പതിനും ഹയര്‍ സെക്കന്‍ഡറി പരീക്ഷ പത്തിനും ആരംഭിക്കും. മാര്‍ച്ച് 29 വരെയാണ് എസ്എസ്എല്‍സി പരീക്ഷ. 4,19,362 റെഗുലര്‍ വിദ്യാര്‍ത്ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ത്ഥികളുമാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 30 ന് അവസാനിക്കം. 4,42,067 വിദ്യാര്‍ത്ഥികളാണ് രണ്ടാം വര്‍ഷ പരീക്ഷ എഴുതുന്നത്.
ജഡ്ജിമാര്‍ക്കു നല്‍കാനെന്ന പേരില്‍ കോഴ വാങ്ങിയെന്ന കേസിലെ പ്രതിയായ അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരിനെതിരെ വഞ്ചന കേസുകൂടി. കേസില്‍നിന്ന് പിന്മാറാന്‍ അഞ്ചു ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് കോതമംഗലം സ്വദേശിയുടെ പരാതി. ചേരാനല്ലൂര്‍ പൊലീസാണ് കേസെടുത്തത്.
തൃശൂര്‍ കുട്ടനെല്ലൂരിലെ ഹൈസണ്‍ കാര്‍ ഷോറൂമില്‍ തീപിടുത്തം. മൂന്ന് ആഢംബര കാറും കെട്ടിടവും കത്തി നശിച്ചു. മൂന്നു കോടി രൂപയുടെ നഷ്ടം.
പോക്‌സോ കേസിലെ പ്രതിയായ ഝാര്‍ഖണ്ഡ് സ്വദേശിയെ ജാമ്യത്തിലെടുക്കാന്‍ വ്യാജ നികുതി രശീതുകള്‍ നല്കി കോടതിയെ കബളിപ്പിച്ച പ്രതികളെ കോഴിക്കോട് ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം മലയിന്‍കീഴ് പുതുവല്‍ പുത്തന്‍ വീട്ടില്‍ സുധാകുമാര്‍, കുടപ്പാമൂട് റോഡരികത്ത് വീട്ടില്‍ ഉണ്ണികൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്.
കൊച്ചി ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീയണയ്ക്കാന്‍ വ്യോമസേനയുടെ സഹായം തേടിയേക്കും. രണ്ടു ദിവസമായി തുടരുന്ന തീ ഇനിയും നിയന്ത്രിക്കാനായിട്ടില്ല. തീപിടിത്തംമൂലം കൊച്ചി നഗരത്തിലെ മാലിന്യ നീക്കം നിലച്ചിരിക്കുകയാണ്.
അതിരപ്പിള്ളിയിലെ സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്ക് ആരോഗ്യ വകുപ്പ് പൂട്ടിച്ചു. പാര്‍ക്കിലെ ജലവിനോദങ്ങള്‍ നടത്തിയ കുട്ടികള്‍ക്ക് എലിപ്പനി അടക്കമുള്ള രോഗങ്ങള്‍ ബാധിച്ചതിനാലാണ് പാര്‍ക്ക് പൂട്ടിച്ചത്.
കൊല്ലം രൂപതയുടെ മുന്‍ മെത്രാന്‍ ഡോ. ജോസഫ് ജി ഫെര്‍ണാണ്ടസ് അന്തരിച്ചു. 97 വയസായിരുന്നു.
അരക്കോടിയോളം രൂപയുടെ കഞ്ചാവുമായി മലപ്പുറത്ത് രണ്ടു പേര്‍ പിടിയില്‍. ആന്ധ്രയില്‍ നിന്നെത്തിച്ച 62 കിലോ കഞ്ചാവുമായി പാലാ സ്വദേശി ജോസി സെബാസ്റ്റ്യന്‍, തൊടുപുഴ സ്വദേശി പ്രകാശ് ജോസ് എന്നിവരാണ് അറസ്റ്റിലായത്.
ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണല്‍ ഓഫീസില്‍ അതിക്രമം നടത്തിയതിന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. പ്രതികളുടെ ചിത്രം എഷ്യാനെറ്റ് പുറത്തുവിടുകയും ചെയ്തു. അതിക്രമത്തില്‍ പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്കും കളക്ടറേറ്റുകളിലേക്കു മാര്‍ച്ചുചെയ്തു. എസ്എഫ്‌ഐ അതിക്രമം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എല്‍ഡിഎഫ് കണ്‍വീനറുമായ ഇ പി ജയരാജന്‍ പ്രതികരിച്ചത്. അതിക്രമം ജനാധിപത്യത്തിന്റെ കറുത്തമുഖമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.
മുഖ്യമന്ത്രി കുട്ടി കുരങ്ങുകളെ കൊണ്ട് ചുടു ചോറ് വാരിക്കുകയാണെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു.
ആമസോണ്‍ പേയ്ക്ക് റിസര്‍വ് ബാങ്ക് 3.06 കോടി രൂപ പിഴ ചുമത്തി. പ്രീപെയ്ഡ് പേയ്മെന്റ് ഉപകരണങ്ങള്‍ , നിങ്ങളുടെ കെവൈസി നിര്‍ദ്ദേശങ്ങളും വ്യവസ്ഥകളും പാലിക്കാത്തതിനാണ് പിഴ ശിക്ഷ.
ഗോഹത്യ നടത്തുന്നവര്‍ നരകത്തില്‍ ചീഞ്ഞുഴുകുമെന്ന വിചിത്ര നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി. പശുക്കളെ കൊന്നതിന്റെ പേരിലുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് അബ്ദുള്‍ ഖാലിദ് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റീസ് ഷമീം അഹമ്മദ് ഇങ്ങനെ നിരീക്ഷിച്ചത്.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കാന്‍സര്‍ പൂര്‍ണമായും ഭേദപ്പെട്ടെന്ന് ബൈഡനെ ചികിത്സിക്കുന്ന ഡോക്ടര്‍ കെവിന്‍ ഒ കോര്‍ണര്‍. ബൈഡന് സ്‌കിന്‍ കാന്‍സറാണെന്ന് പരിശോധനയില്‍ കണ്ടെത്തിയെന്നും ഫെബ്രുവരിയില്‍ ചികിത്സ പൂര്‍ത്തീകരിച്ചെന്നും ഡോ കെവിന്‍ പറയുന്നു.