വാർത്തയുടെ പേരിൽ ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റീജിയണൽ ഓഫീസിൽ കയറി എസ് എഫ് ഐ നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് പത്ര പ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് സെക്രട്ടറിയറ്റ് മാർച്ച് നടത്തും. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടു നടത്തുന്ന മാർച്ച് രാവിലെ 11 ന് കേസരി മന്ദിരത്തിന് മുന്നിൽ നിന്ന് ആരംഭിക്കും.നേരത്തെ എസ്എഫ്ഐ അതിക്രമത്തെ കേരള പത്രപ്രവർത്തക യൂണിയൻ അപലപിച്ചിരുന്നു. വാർത്തകളോട് വിയോജിപ്പോ എതിർപ്പോ വരുന്ന ഘട്ടങ്ങളിൽ മുമ്പും പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ ഒരു മാധ്യമ സ്ഥാപനത്തിന്റെ ഓഫീസിനുള്ളിൽ അതിക്രമിച്ചു കയറി അവിടുത്തെ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നത് പ്രതിഷേധമല്ല, ഗുണ്ടായിസമാണ്. കേരളം പോലെ ജനാധിപത്യ മൂല്യങ്ങൾക്ക് വില നൽകുന്ന ഒരു നാടിന് അംഗീകരിക്കാൻ കഴിയുന്നതല്ല ഇതെന്നും കേരള പത്രപ്രവർത്തക യൂണിയൻ വ്യക്തമാക്കിയിരുന്നു.വെള്ളിയാഴ്ച വൈകിട്ട് ഏഴേമുക്കാലോടെയാണ് മുപ്പതോളം വരുന്ന പ്രവർത്തകർ പാലരിവട്ടത്തെ ഓഫീസിൽ അതിക്രമിച്ച് കയറിയത്. ഓഫീസിനുളളിൽ മുദ്രവാക്യം വിളിച്ച ഇവർ ജീവനക്കാരെ ഭീഷണിപ്പെടുത്തി. തുടർന്ന് പൊലീസെത്തിയാണ് പ്രവർത്തകരെ നീക്കിയത്.
അന്യായമായ സംഘം ചേരൽ, സംഘർഷാവസ്ഥ ഉണ്ടാക്കൽ, അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കൊച്ചി സിറ്റി പോലീസിന്റെ നടപടിയുണ്ടായിരിക്കുന്നത് ‘