◾ആറു വയസുള്ള കുട്ടികളെ മാത്രമേ ഒന്നാം ക്ലാസിലേക്കു പ്രവേശിപ്പിക്കാവൂവെന്ന കേന്ദ്ര നിയമം കേരളം മാത്രമാണു നടപ്പാക്കാത്തതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവിനോടു കേരളം പ്രതികരിച്ചിട്ടില്ല. ഉത്തരവ് 22 സംസ്ഥാനങ്ങളില്‍ നടപ്പാക്കിയെന്നു കേന്ദ്രം. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം അറിഞ്ഞിട്ടില്ലെന്നും കൂടിയാലോചനയ്ക്കു ശേഷമേ നടപ്പാക്കൂവെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കേന്ദ്ര നിര്‍ദേശം നടപ്പാക്കണമെങ്കില്‍ പാഠപുസ്തകങ്ങളില്‍ മാറ്റം വേണ്ടിവരും. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞെതെന്നും ഔദ്യോഗികമായി അറിയിച്ചില്ലെന്നും ശിവന്‍കുട്ടി.
◾പ്രധാനമന്ത്രി നരേന്ദ്രമോദിയെ നരേന്ദ്ര ‘ഗൗതം ദാസ് ‘ മോദി എന്നു വിമര്‍ശിച്ചതിനു പോലീസ് കേസെടുത്ത കോണ്‍ഗ്രസ് വക്താവ് പവന് ഖേരയെ ഡല്‍ഹി വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു. പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കളായ യാത്രക്കാരും വിമാനത്തില്‍നിന്ന് ഇറങ്ങി. ഇവര്‍ റണ്‍വേ ഉപരോധിച്ച് പ്രതിഷേധിച്ചു. പിറകേ, പവന് ഖേരയെ പോലീസ് അറസ്റ്റു ചെയ്തു. ആസാം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.
◾കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം നാളെ ഛത്തീസ്ഗഡിലെ റായ്പൂരില്‍ ആരംഭിക്കും പ്രവര്‍ത്തക സമിതിയിലേക്കുള്ള സാധ്യതാ പട്ടിക സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. പട്ടികയില്‍ ശശി തരൂരും ഇടംപിടിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗെ തയ്യാറാക്കിയ സാധ്യതാ പട്ടികയിലാണ് ശശി തരൂരും ഉള്ളത്.
◾കഷായവും ഉഴിച്ചിലും ഇല്ലാത്ത ആയുര്‍വേദ ചികിത്സയുമായി ആയുഃകെയര്‍. ആയുര്‍വേദ മരുന്നുകളുടെ ബാഷ്പസത്തായ അര്‍ക്കം ഉപയോഗിച്ചുള്ള ചികിത്സാ സേവനം ഇപ്പോള്‍ കേരളത്തിലെ 250 ക്ലിനിക്കുകളില്‍. ജി.എം.പി, ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷനുകള്‍ ഉള്ള തൃശ്ശൂര്‍ ജില്ലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ തെറാപ്പീസ് എന്ന സ്ഥാപനത്തിലാണ് ഉന്നത ഗുണമേന്മയുള്ള അര്‍ക്കങ്ങള്‍ ആയുഃകെയര്‍ തയ്യാറാക്കുന്നത്. അര്ക്കത്തിന് പത്ഥ്യം ആവശ്യമില്ല. ഏറ്റവും മികച്ച ഫലം നല്കുന്ന ചികിത്സാ രീതിയെ കുറിച്ചറിയാനും നിങ്ങളുടെ ഏറ്റവും അടുത്തുള്ള ആയുഃകെയര്‍ ക്ലിനിക്കിനെ കുറിച്ചറിയാനും മറ്റു വിവരങ്ങള്‍ക്കും 7510537950 എന്ന നമ്പറില്‍ ബന്ധപ്പെടുക. WhatsApp : https://wa.me/+919745537950
◾മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിനു കൂടുതല്‍ കാലത്തെ പഴക്കമുണ്ടോയെന്നു പരിശോധിക്കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം. ഏജന്റുമാര്‍ ഇടനിലക്കാരായാണു തട്ടിപ്പ്. രണ്ടു വര്‍ഷം മുമ്പുവരെയുള്ള ഫയലുകള്‍ പരിശോധിച്ചു. കൂടുതല്‍ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഫയലുകള്കൂടി പരിശോധിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റുകളില്‍ പരിശോധന ഇന്നും തുടരുകയാണ്. ഓരോ വ്യക്തിയും നല്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ഫോണ്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് എന്നിവ പരിശോധിക്കും. കൊല്ലത്ത് മരിച്ചയാളിന്റെ പേരിലും ധനസഹായം തട്ടിയെടുത്തതായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
◾ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന വിദ്യാഭ്യാസ പരിശീലന സമിതി തയാറാക്കിയ ചോദ്യശേഖരം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനിലൂടെ ലഭിക്കും. സാമ്പിള്‍ ചോദ്യങ്ങള്‍ ലഭ്യമാകുന്ന വെബ് സൈറ്റ് (www.questionpool.scert.kerala.gov.in) മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
◾മന്ത്രിമാരുടെ സുരക്ഷക്കു ഡിവൈഎഫ്ഐ ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ്. കൊല്ലത്ത് മന്ത്രി പി രാജീവിന്റെ പരിപാടിക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് കൊട്ടേഷന്‍ സംഘാംഗങ്ങളാണെന്നാണ് ആരോപണം. അക്രമി വടിവാളുമായി നില്ക്കുന്ന ദൃശ്യങ്ങളും യൂത്ത് കോണ്‍ഗ്രസ് പുറത്തുവിട്ടു. കൊല്ലത്ത് കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദിച്ചിരുന്നു.
◾
ksfe.com/offers/ksfe-bhadratha-smart-chits-2022
◾സംസ്ഥാന യുവജന കമ്മീഷന് ജീവനക്കാര്‍ക്കു ശമ്പളവും ആനുകൂല്യങ്ങളും നല്കാന് 26 ലക്ഷം രൂപകൂടി വേണമെന്ന് യുവജന കമ്മീഷന് അധ്യക്ഷ ചിന്ത ജെറോം ധനകാര്യ വകുപ്പിനോട് ആവശ്യപ്പെട്ടു. 18 ലക്ഷം രൂപ അനുവദിച്ചു. കഴിഞ്ഞ ബജറ്റില്‍ യുവജന കമ്മീഷന് അനുവദിച്ചത് 76.06 ലക്ഷം രൂപയാണ്. തികയാതെ വന്നതിനാല്‍ ഡിസംബറില്‍ ഒമ്പതു ലക്ഷം രൂപകൂടി അനുവദിച്ചിരുന്നു. ഇതിനെല്ലാം പുറമെയാണ് 18 ലക്ഷം രൂപകൂടി അനുവദിച്ചത്.
◾യുവജന കമ്മീഷന് അധ്യക്ഷ ചിന്താ ജെറോം പിഎച്ച്ഡി ബിരുദം നേടാന്‍ കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ച പ്രബന്ധം പൂര്‍ണമായും പരിശോധിച്ചു ബോധ്യപ്പെട്ടതാണെന്നും വീഴ്ചകളില്ലെന്നും ചിന്താ ജെറോമിന്റെ ഗൈഡ് കൂടിയായ മുന്‍ പിവിസി ഡോ: പി.പി.അജയകുമാര്‍ കേരള സര്‍വകലാശാല വൈസ് ചാന്ലസര്ക്കു വിശദീകരണം നല്കി.
◾ചെന്നിത്തല ചെറുകോലില്‍ കാണാതായ മകളെ അന്വേഷിച്ച് എത്തിയ പിതാവിനേയും സഹോദരനേയും സഹോദരി ഭര്‍ത്താവിനെയും മര്‍ദിച്ച കേസില്‍ കാരാഴ്മ ഒരിപ്രം സംഗീത് ഭവനില്‍ സംഗീതിനെ (22) അറസ്റ്റു ചെയ്തു. ഇയാള്‍ ഒളിവിലായിരുന്നു.
◾ജോയ്ആലുക്കാസ് വിശേഷങ്ങള്‍ : ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
◾
◾ചിറയിന്‍കീഴില്‍ മദ്യപിക്കാന്‍ പണം കൊടുക്കാത്തതിന് അമ്മയെ ചവിട്ടിക്കൊന്ന കേസിലെ പ്രതിക്കു ജീവപര്യന്തം തടവുശിക്ഷ. പടനിലം സ്വദേശി ഗോപകുമാറിനെയാണു ശിക്ഷിച്ചത്. ഒരു ലക്ഷം രൂപ പിഴയടക്കുകയും വേണം.
◾തിരുവനന്തപുരം ഇരണിയലില്‍ തമിഴ്നാട് മദ്യവില്പനശാലയില്നിന്ന് 2000 മദ്യകുപ്പികളും സിസിടിവിയുടെ ഡിവിആറും കവര്‍ന്ന സഹോദരങ്ങള്‍ പിടിയില്‍. കന്യാകുമാരി കയത്താര്‍ അമ്മന്‍ കോവില്‍ സ്ട്രീറ്റ് സ്വദേശി പണ്ടാരത്തിന്റെ മകന് മംഗളരാജും (38), അനുജന് കണ്ണനും (32) ആണ് പിടിയിലായത്.
◾മുന്തിയ ഇനം നായ്ക്കളെ വീട്ടില്‍ കാവല്പട്ടികളാക്കി വളര്‍ത്തി ലഹരി കച്ചവടം നടത്തിയ രണ്ടു പേര് പിടിയില്‍. 29 ഗ്രാം എംഡിഎംഎ, 72 ഗ്രാം കഞ്ചാവ്, സ്റ്റാമ്പുകള്‍, 900 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവയുമായി തിരുവല്ലം മേനിലം മേലേ പാറക്കുന്ന് വീട്ടില്‍ അനൂപ്(27), ശ്രീകണ്ഠേശ്വരം കൈതമുക്ക് അത്താണിലൈനില് ആനയറ കടകംപളളിറോഡില് ശ്യാമളാലയം വീട്ടില്‍ വിഷ്ണു(29) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
◾പൊലീസ് ജീപ്പ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു കത്തി നശിച്ചു. കാസര്‍കോട് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് കത്തിയത്. പൊലീസ് ഉദ്യോഗസ്ഥന് ബിജുവിന് പരിക്കേറ്റു.
◾തിരുവനന്തപുരം മുരുക്കുംപുഴ സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരന് തൂങ്ങി മരിച്ചു. തിരുവനന്തപുരം പേട്ട അമ്പലത്തുമുക്ക് സ്വദേശി എസ് അരുണ്‍കുമാറാണ് മരിച്ചത്. എന്‍ജിഒ അസോസിയേഷന് സംസ്ഥാന കമ്മിറ്റി അംഗമാണ്.
◾വിളവെടുപ്പു നടത്തി പാടശേഖരത്തില്‍ പടുതയിട്ട് മൂടിയിട്ടിരുന്ന നെല്ലില്‍ കക്കൂസ് മാലിന്യം തള്ളി. നീണ്ടൂര്‍ മുടക്കാലി പാലത്തിനു സമീപം വെള്ളിക്കണ്ണി പാടശേഖരത്തിലാണ് ഇങ്ങനെ നെല്ല് നശിപ്പിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചു.
◾തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെ പാര്‍ട്ടിയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി ഇടപ്പാടി പളനിസ്വാമിയെ തെരഞ്ഞെടുത്തത് സുപ്രീം കോടതി ശരിവെച്ചു. മദ്രാസ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധിക്കെതിരെ പനീര്‍സെല്‍വം പക്ഷം നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.
◾ഡല്‍ഹി കോര്പറേഷന് സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷരെ തെരഞ്ഞെടുക്കാനുള്ള യോഗത്തില്‍ കൈയാങ്കളി. കുപ്പിയേറുമുണ്ടായി. ആംആദ്മി പാര്‍ട്ടി അംഗങ്ങളും ബിജെപി അംഗങ്ങളും തമ്മിലാണ് ഏറ്റുമുട്ടിയത്. ഇന്നലെ ആരംഭിച്ച യോഗം ഇന്നു പുലര്‍ച്ചെയാണു പിരിഞ്ഞത്. തെരഞ്ഞെടുപ്പു നടത്താനായില്ല. നാളെ വീണ്ടും നഗരസഭായോഗം ചേരും.
◾ചെന്നൈയില്‍ പൊലീസിനെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ വനിതാ പൊലീസ് ഓഫീസര്‍ കാലില്‍ വെടിവച്ച് പിടികൂടി. സ്ഥിരം കുറ്റവാളിയായ ബന്ദു സൂര്യയാണ് അയനാവരം സ്റ്റേഷന് പരിധിയില്‍ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചത്. പ്രതിയുടെ ആക്രമണത്തില്‍ രണ്ട പൊലീസുകാര്‍ക്കു പരിക്കേറ്റു.
◾ബിജെപി തന്നെ മാറ്റിനിര്‍ത്തിയിട്ടില്ലെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ. തനിക്ക് അവസരങ്ങള്‍ തന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾അരി തിന്നുന്ന കാട്ടാന കര്‍ണാടകത്തിലും. ഹാസന് ജില്ലയിലെ അനുഗട്ട ഗ്രാമത്തിലെ അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന അരി ചാക്കുകളില്നിന്നാണ് ആന അരി തിന്നത്. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് ആന അരി അപഹരിച്ചതു കണ്ടെത്തിയത്.
◾റഷ്യ-യുക്രൈന് യുദ്ധത്തിന് നാളെ ഒന്നാം വാര്‍ഷികം. രണ്ടു ലക്ഷം റഷ്യന്‍ സൈനികരും പതിനായിരത്തോളം യുക്രെയിന്‍കാരും കൊല്ലപ്പെട്ടെന്നാണ് ഏകദേശ കണക്ക്. യുക്രെയിനില്‍നിന്ന് പതിനായിരക്കണക്കിനു കുടുംബങ്ങള്‍ പലായനം ചെയ്തു. ലോകത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്കു നയിച്ചത് യുക്രെയിനില്‍ റഷ്യ നടത്തിയ അധിനിവേശമാണ്.
◾സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. ഇന്ന് 160 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 41,440 രൂപയായി. ഇതിന് മുന്‍പ് 17നാണ് ഈ നിലവാരത്തിലേക്ക് എത്തിയത്. പിന്നീട് വില ഉയരുകയായിരുന്നു. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 5180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ നാല് ദിവസമായി 320 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 42,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. രണ്ടിന് 42,880 രൂപയായി വര്‍ധിച്ച് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില താഴുന്നതാണ് ദൃശ്യമായത്. മൂന്നാഴ്ചക്കിടെ ഏകദേശം 1500 രൂപയാണ് കുറഞ്ഞത്. ഇന്ന് വെള്ളിയുടെ വിലയും മാറ്റമില്ലാതെ തുടരുന്നു. ശനിയാഴ്ച രണ്ട് രൂപ ഉയര്‍ന്നു. ഒരു ഗ്രാം വെള്ളിയുടെ വില 73 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.
◾ഇന്ത്യന്‍ കമ്പനിയായ പിട്രോണിന്റെ പുതിയ സ്മാര്‍ട് വാച്ച് വിപണിയിലെത്തി. ആപ്പിള്‍ വാച്ചുമായി ഏറെ സാദൃശ്യമുള്ള പിട്രോണ്‍ ഫോഴ്സ് എക്സ്12എന്‍ ആണ് അവതരിപ്പിച്ചത്. യുവാക്കളുടെ വിപണിയെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് സ്മാര്‍ട് വാച്ച് ഡിസൈന്‍ ചെയ്തിരിക്കുന്നത്. പുതുമയുള്ള വാച്ച് ഫെയ്സുകള്‍, ബില്‍റ്റ്-ഇന്‍ ഗെയിമുകള്‍, ഫുള്‍-ടച്ച് 2.5ഡി കര്‍വ്ഡ് ഡിസ്പ്ലേ തുടങ്ങി നിരവധി ഫീച്ചറുകളുമായാണ് പുതിയ വാച്ച് വരുന്നത്. പിട്രോണ്‍ ഫോഴ്സ് എക്സ്12എന്‍ സ്മാര്‍ട് വാച്ചിന്റെ എംആര്‍പി 1499 രൂപയാണെങ്കിലും ഇപ്പോള്‍ 1199 രൂപ ഓഫര്‍ വിലയ്ക്ക് ലഭ്യമാണ്. ആമസോണ്‍ ഇന്ത്യ വഴി പിട്രോണ്‍ ഫോഴ്സ് എക്സ്12എന്‍ വാങ്ങാം. ഒരു വര്‍ഷത്തെ വാറന്റിയോടെയാണ് വാച്ച് വരുന്നത്. ബ്ലേസിങ് ബ്ലൂ, ഗോള്‍ഡ് ബ്ലാക്ക്, കാര്‍ബണ്‍ ബ്ലാക്ക്, ഷാംപെയ്ന്‍ പിങ്ക് എന്നിവയുള്‍പ്പെടെ നാല് നിറങ്ങളില്‍ സ്മാര്‍ട് വാച്ച് ലഭ്യമാണ്. അലോയ് മെറ്റല്‍ കേസിങ്ങില്‍ നിര്‍മിച്ച ഭാരം കുറഞ്ഞ സ്മാര്‍ട് വാച്ചാണ് ഫോഴ്സ് എക്സ്12എന്‍. ചതുരാകൃതിയിലുള്ള 1.85 ഇഞ്ച് എച്ച്ഡി സ്ക്രീനോടെയാണ് ഇത് വരുന്നത്. മള്‍ട്ടി-സ്പോര്‍ട്സ് മോഡും 130ലധികം വാച്ച് ഫെയ്സുമായാണ് പിട്രോണ്‍ ഫോഴ്സ് എക്സ്12എന്‍ വരുന്നത്. അഞ്ച് ദിവസം വരെ ലഭിക്കുന്നതാണ് ബാറ്ററി. ഹൃദയമിടിപ്പ് മോണിറ്റര്‍, ഗൈഡഡ് ബ്രീത്തിങ് എക്സര്‍സൈസുകള്‍, സ്ലീപ്പ് ട്രാക്കര്‍, എസ്പിഒ2 മോണിറ്റര്‍, ഡെയ്ലി ആക്റ്റിവിറ്റി ട്രാക്കര്‍ എന്നിവയുള്‍പ്പെടെയുള്ള ഫീച്ചറുകള്‍ വാച്ചിലുണ്ട്. ആരോഗ്യ, ഫിറ്റ്നസ് ഫീച്ചറുകള്‍ക്ക് പുറമെ ബ്ലൂടൂത്ത് 5.0 ന്റെ സേവനവും ലഭ്യമാണ്. ഇത് ഇന്‍കമിങ് കോളുകള്‍, ടെക്സ്റ്റ് സന്ദേശങ്ങള്‍, സോഷ്യല്‍ മീഡിയ അലേര്‍ട്ടുകള്‍ എന്നിവ സ്വീകരിക്കാനും എട്ട് കോണ്ടാക്റ്റുകള് വരെ സൂക്ഷിക്കാനും ഉപയോക്താക്കളെ സഹായിക്കും.
◾മമ്മൂട്ടിയുടെ പുതിയ തെലുങ്ക് ചിത്രം എന്നതിനാല്‍ മലയാളികളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അഖില്‍ അക്കിനേനി നായകനാകുന്ന ‘ഏജന്റ്’. മമ്മൂട്ടിക്ക് നിര്‍ണായക കഥാപാത്രമാണ് ചിത്രത്തില്‍.’ഏജന്റിലെ’ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ‘മല്ലി മല്ലി’ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. അഖില്‍, ആഷിക് എന്നിവര്‍ നേതൃത്വം നല്കുന്ന യൂലിന്‍ പ്രൊഡക്ഷന്‍സ് കേരളത്തില്‍ വിതരണം ചെയ്യുന്ന ‘ഏജന്റ്’ ഏപ്രില്‍ 28ന് റിലീസ് ചെയ്യും എന്നാണ് അറിയിച്ചിരിക്കുന്നത്. സുരേന്ദര്‍ റെഡ്ഢി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഏജന്റ്’. സാക്ഷി വൈദ്യ നായികയായി എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം റസൂല്‍ എല്ലൂരാണ്. എകെ എന്റര്ടൈന്മെന്റ്സിന്റെയും സുരേന്ദര്‍ 2 സിനിമയുടെയും ബാനറില്‍ രാമബ്രഹ്മം സുങ്കരയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ പാന്‍ ഇന്ത്യ റിലീസ് ചെയ്യും. ഹിപ് ഹോപ് തമിഴ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ചിത്രത്തില്‍ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ‘ഏജന്റ്’.
◾രജിഷ വിജയന് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് ‘ലവ്ഫുള്ളി യുവേഴ്സ് വേദ’. നവാഗതനായ പ്രഗേഷ് സുകുമാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാബു വൈലത്തൂര്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ‘ലവ്ഫുള്ളി യുവേഴ്സ് വേദ’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. കമ്മ്യൂണിസ്റ്റ് വിദ്യാര്‍ഥി നേതാവായ കഥാപാത്രമായി ചിത്രത്തില്‍ വെങ്കിടേഷ് നായകനാകുന്നു. ശ്രീനാഥ് ഭാസി, അനിഘ സുരേന്ദ്രന്, രഞ്ജിത് ശേഖര്‍, ചന്തുനാഥ്, അര്ജുന് അശോക്, ഷാജു ശ്രീധര്‍, ശരത് അപ്പാനി, നില്‍ജ കെ ബേബി, ശ്രുതി ജയന് തുടങ്ങിയവര്‍ക്കൊപ്പം തമിഴ് സംവിധായകന് ഗൗതം വസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രവുമാണ് ‘ലവ്ഫുള്ളി യുവേഴ്സ് വേദ’. ഒരു ക്യാമ്പസ് കാലഘട്ടത്തെ പുന:സൃഷ്ടിച്ച് കലാലയത്തിന്റെ സൗഹൃദങ്ങളുടെയും പ്രണയത്തിന്റെയും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെയും ഗൃഹാതുരമായ അദ്ധ്യായങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രമായിരിക്കും ഇതെന്ന് ‘ലവ്ഫുള്ളി യുവേഴ്സ് വേദ’യുടെ പ്രവര്‍ത്തകര്‍ പറയുന്നു.
◾പുത്തന്‍ ഇലക്ട്രിക്ക് സ്കൂട്ടറിനെ വിപണിയില്‍ അവതരിപ്പിച്ച് ഇവി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റിവര്‍ ഇലക്ട്രിക്ക്. 1.25 ലക്ഷം രൂപ ബെംഗളൂരുവില്‍ എക്സ്-ഷോറൂം വിലയുള്ള ഇന്‍ഡി ഇലക്ട്രിക് സ്കൂട്ടറിനെയാണ് കമ്പനി അവതരിപ്പിച്ചത്. ഒറ്റനോട്ടത്തില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റുന്ന അസാധാരണ രൂപകല്പനയോടെയാണ് ഈ ഇലക്ട്രിക് സ്കൂട്ടര്‍ വരുന്നത് എന്നും ഈ സ്കൂട്ടറിനായുള്ള ബുക്കിംഗ് ഇതിനകം തുറന്നിട്ടുണ്ട് എന്നും കമ്പനി അറിയിച്ചു. പൂര്‍ണ്ണമായി ഡിജിറ്റല്‍ ആറിഞ്ച് കളര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വിശാലമായ 20 ഇഞ്ച് ഫുട്ബോര്‍ഡ്, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ എന്നിവയും ഇതിന് ലഭിക്കുന്നു. 14 ഇഞ്ച് കറുത്ത അലോയ് വീലുകളിലാണ് ഇത് ഓടുന്നത്. മുന്‍ ചക്രത്തിന് 240 എംഎം ഡിസ്ക് ബ്രേക്കും പിന്നില്‍ 200 എംഎം ഡിസ്ക്ക് ബ്രേക്കും ലഭിക്കും. സസ്പെന്ഷന് ഡ്യൂട്ടിക്കായി, സ്കൂട്ടറിന് മുന്‍വശത്ത് ടെലിസ്കോപ്പിക് സജ്ജീകരണവും പിന്നില്‍ ഇരട്ട ഹൈഡ്രോളിക് സംവിധാനവും ലഭിക്കും. 3.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുന്ന ഈ സ്കൂട്ടറിന് 90 കിലോമീറ്റര്‍ വേഗതയില്‍ വരെ സഞ്ചരിക്കാം. ഒറ്റ ചാര്‍ജില്‍ 120 കിലോമീറ്റര്‍ ദൂരപരിധിയാണ് സ്കൂട്ടര്‍ വാഗ്ദാനം ചെയ്യുന്നത്. സ്കൂട്ടറിന് അഞ്ച് വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വാറന്റി ഉണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.
◾ധിഷണയുടെ വിവിധ തലങ്ങളില്‍ ജ്വലിച്ചുനിന്ന മഹാമനുഷ്യരുടെ ജീവനും അഗ്നിയും പേറുന്ന വാക്കുകള്‍ ജീവിത വിജയത്തിന്റെയും സന്തോഷത്തിന്റെയും സൂത്രവാക്യങ്ങളായി പരിലസിക്കുകയാണ് ഈ ഗ്രന്ഥത്തില്‍. കണ്‍ഫ്യൂഷസിന്റെ ചിന്താശകലങ്ങള്‍, മാര്‍കസ് ഒറേലിയസിന്റെ ധ്യാനം. അരിസ്റ്റോട്ടിലിന്റെ നീതിശാസ്ത്രം. സെന്റ് അഗസ്റ്റിന്റെ ഏറ്റുപറച്ചിലുകള്‍ പ്ലേറ്റോയുടെയും സിസെറോയുടെയും സംവാദങ്ങള്‍, ഒപ്പം ഭഗവദ്ഗീതയും ഉപനിഷത്തും ഖുറാനും താല്‍മൂദും ബൈബിളും ചരിത്രവും സാഹിത്യവും വേദഗ്രന്ഥങ്ങളും ജീവചരിത്രവും ഇതിലെ വചനങ്ങളുടെ പ്രാമുഖ്യത്തോടെ ഇതില്‍ അണിചേരുന്നു. ഇതിലെ അനശ്വരങ്ങളായ ആശയങ്ങള്‍ നിങ്ങളുടെ ജീവിതത്തെതന്നെ മാറ്റിമറിക്കുന്നു. ‘ജീവിതം പ്രഭാപൂരിതമാക്കൂ’. ലിലിയന് ഐഷ്ലര് വാട്സന്. വിവര്‍ത്തനം – ഇന്ദിര അശോക്. ഡിസി ബുക്സ്. വില 427 രൂപ.
◾ആരോഗ്യത്തിന് ഏറെ പ്രയോജനം ചെയ്യുന്ന പയര്‍ വര്‍ഗ്ഗങ്ങളില്‍ പ്രധാനിയാണ് കറുത്ത കടല. ഇരുമ്പ്, ഫോളേറ്റ്, ഫോസ്ഫറസ്, ചെമ്പ്, മാംഗനീസ് എന്നിവ കടലയില്‍ അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റെ സമ്പന്നമായ സ്രോതസാണ് കടല. വിളര്‍ച്ച തടയാനും ഊര്‍ജ നില വര്‍ധിപ്പിക്കാനും കടല നല്ലതാണ്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്ത്രീകള്‍ക്കും വളരുന്ന കുട്ടികള്‍ക്കും ഇത് വളരെ ഗുണകരമാണ്. സസ്യാഹാരികള്‍ക്ക് കടലയിലൂടെ പ്രോട്ടീന്‍ ലഭിക്കും. ഇതില്‍ നാരുകള്‍ അടങ്ങിയിട്ടുളളതിനാല്‍ ദഹനസംബന്ധമായ അസുഖങ്ങളെ തടയുന്നു. ഫൈബര്‍ മലബന്ധത്തിനുള്ള സാധ്യത കുറയ്ക്കുന്നു. ഉയര്‍ന്ന ഫൈബര്‍, ആന്റിഓക്സിഡന്റ്, ഫൈബര്‍, വിറ്റാമിന്‍ സി എന്നിവ കടലയില്‍ അടങ്ങിയിരിക്കുന്നതിനാല്‍ കൊളസ്ട്രോള്‍ കുറയ്ക്കുന്നു. മുഖം വൃത്തിയാക്കാനും കടല ഉപയോഗിക്കാം. കടല പേസ്റ്റ് മഞ്ഞളില്‍ കലര്‍ത്തി മുഖത്ത് പുരട്ടുക. 15 മിനിറ്റ് മുഖത്ത് പുരട്ടിയ ശേഷം തണുത്ത വെളളത്തില്‍ മുഖം കഴുകുക. വാര്‍ധക്യവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പാടുകള്‍ കുറയ്ക്കാനും മുഖം തിളങ്ങാനും സഹായിക്കുന്നു. കടലയിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ പതുക്കെ ദഹിക്കുന്നു, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ഇത് ഇന്‍സുലിന്‍ പ്രതിരോധത്തിന് കാരണമാകുകയും അതുവഴി ടൈപ്പ് -2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. മുടികൊഴിച്ചില്‍ തടയാനും കടല നല്ലതാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.74, പൗണ്ട് – 99.71, യൂറോ – 87.80, സ്വിസ് ഫ്രാങ്ക് – 88.79, ഓസ്ട്രേലിയന്‍ ഡോളര്‍ – 56.48, ബഹറിന്‍ ദിനാര്‍ – 219.42, കുവൈത്ത് ദിനാര്‍ -269.58, ഒമാനി റിയാല്‍ – 215.11, സൗദി റിയാല്‍ – 22.05, യു.എ.ഇ ദിര്‍ഹം – 22.52, ഖത്തര്‍ റിയാല്‍ – 22.72, കനേഡിയന്‍ ഡോളര്‍ – 61.14.