പുത്തന്‍ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിച്ച് ഇവി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റിവര്‍ ഇലക്ട്രിക്ക്. 1.25 ലക്ഷം രൂപ ബെംഗളൂരുവില്‍ എക്‌സ്-ഷോറൂം വിലയുള്ള ഇന്‍ഡി ഇലക്ട്രിക് സ്‌കൂട്ടറിനെയാണ് കമ്പനി അവതരിപ്പിച്ചത്. ഒറ്റനോട്ടത്തില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റുന്ന അസാധാരണ രൂപകല്‍പനയോടെയാണ് ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ വരുന്നത് എന്നും ഈ സ്‌കൂട്ടറിനായുള്ള ബുക്കിംഗ് ഇതിനകം തുറന്നിട്ടുണ്ട് എന്നും കമ്പനി അറിയിച്ചു. പൂര്‍ണ്ണമായി ഡിജിറ്റല്‍ ആറിഞ്ച് കളര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വിശാലമായ 20 ഇഞ്ച് ഫുട്ബോര്‍ഡ്, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ എന്നിവയും ഇതിന് ലഭിക്കുന്നു. 14 ഇഞ്ച് കറുത്ത അലോയ് വീലുകളിലാണ് ഇത് ഓടുന്നത്. മുന്‍ ചക്രത്തിന് 240 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 200 എംഎം ഡിസ്‌ക്ക് ബ്രേക്കും ലഭിക്കും. സസ്പെന്‍ഷന്‍ ഡ്യൂട്ടിക്കായി, സ്‌കൂട്ടറിന് മുന്‍വശത്ത് ടെലിസ്‌കോപ്പിക് സജ്ജീകരണവും പിന്നില്‍ ഇരട്ട ഹൈഡ്രോളിക് സംവിധാനവും ലഭിക്കും. 3.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുന്ന ഈ സ്‌കൂട്ടറിന് 90 കിലോമീറ്റര്‍ വേഗതയില്‍ വരെ സഞ്ചരിക്കാം. ഒറ്റ ചാര്‍ജില്‍ 120 കിലോമീറ്റര്‍ ദൂരപരിധിയാണ് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്യുന്നത്. സ്‌കൂട്ടറിന് അഞ്ച് വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വാറന്റി ഉണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.