ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിൽ ഇതുവരെ പ്രതികളെ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസിപി കെ സുദർശൻ മനുഷ്യാവകാശ കമ്മിഷന് റിപ്പോർട്ട് സമർപ്പിച്ചു. കുടുംബം ഉന്നയിച്ച പരാതികൾ അടക്കം അന്വേഷിക്കുന്നുണ്ടെന്നും സിസിടിവി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനയാണ് നടക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ആശുപത്രി പരിസരത്ത് ചിലർ കൂട്ടംകൂടി നിൽക്കുന്ന ദൃശ്യങ്ങൾ ഉണ്ടെന്നാണ് വ്യക്തമാക്കുന്നത്. എന്നാൽ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
ഭാര്യയുടെ പ്രസവത്തിനായി എത്തിയ വിശ്വനാഥനെ കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്താണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാതൃശിശു സംരക്ഷണകേന്ദ്രത്തിന് പുറത്ത് കൂട്ടിരിപ്പുകാരനായി നിന്ന വിശ്വനാഥനെ ചിലർ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ കണ്ട ആളുകൾ ഏതെങ്കിലും തരത്തിൽ വിശ്വനാഥനെ പീഡിപ്പിച്ചിട്ടുണ്ടോയെന്ന് അന്വേഷണം നടക്കുകയാണ്.