സാമ്പത്തിക ആരോപണം ഉയർന്ന അദാനി ഗ്രൂപ്പിനെക്കുറിച്ച് പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കഴിഞ്ഞ രണ്ടുവർഷമായി താൻ ഈ വിഷയം ഉന്നയിക്കുന്നുണ്ട്. ജനങ്ങൾക്ക് സത്യം അറിയേണ്ടതുണ്ട്. ലക്ഷക്കണക്കിന് കോടികളുടെ അഴിമതിയാണ് സംഭവിച്ചിരിക്കുന്നത്. രാജ്യത്തിന്റെ അടിസ്ഥാനസൗകര്യങ്ങൾ തന്നെ ഒരു മനുഷ്യനാൽ അട്ടിമറിക്കപ്പെടുകയാണെന്നും രാഹുൽ ആരോപിച്ചു. അദാനി ഗ്രൂപ്പിന് പിന്നിലുള്ള ശക്തികളാരെന്ന് നമുക്കറിയാം. ഭയം കൊണ്ടാണ് കേന്ദ്രസർക്കാർ ഈ വിഷയം ചർച്ച ചെയ്യാത്തത്. അദാനി ജീയെക്കുറിച്ച് ഒരു ചർച്ചയും നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ മോദി ജീ ശ്രമിക്കുന്നുണ്ട്. രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. അദാനി വിഷയത്തില്‍ പാര്‍ലമെന്റിനകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ ചര്‍ച്ച വേണമെന്ന ആവശ്യം തള്ളിയതോടെ പ്രക്ഷുബ്ധമായ ലോക്സഭയും രാജ്യസഭയും രണ്ട് മണിവരെ നിര്‍ത്തിവെച്ചിരുന്നു. ഗാന്ധി പ്രതിമക്ക് മുന്പിലെ പ്രതിഷേധത്തോടെ മൂന്നാം ദിനവും പാര്‍ലമെന്റില്‍ പ്രതിപക്ഷം നിലപാട് കടുപ്പിച്ചു. അദാനിക്കെതിരെ അന്വേഷണം വേണമെന്നും വിവാദത്തില്‍ വിശദമായ ചര്‍ച്ച നടത്തണമെന്നും ലോക്സഭയിലും രാജ്യസഭയിലും ആവശ്യമുയര്‍ന്നു. ചര്‍ച്ചയില്ലെന്ന് സഭാധ്യക്ഷന്മാര് വ്യക്തമാക്കിയതോടെ ബഹളം ശക്തമാകുകയായിരുന്നു. തുടർന്നാണ് ഇരുസഭകളും നിര്‍ത്തിവെച്ചത്. പ്രതിപക്ഷം നിയമത്തെ വെല്ലുവിളിക്കുകയാണെന്നും സഭയില്‍ നടക്കുന്നത് ജനം കാണുന്നുണ്ടെന്നും രാജ്യസഭ ചെയര്മാന് ജഗദീപ് ധന്‍കര്‍ കുറ്റപ്പെടുത്തി.
അദാനി ഗ്രൂപ്പിനെക്കുറിച്ച് പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് രാഹുൽ ഗാന്ധി
