സംസ്ഥാന വ്യാപക ഗുണ്ടാവേട്ടയില്‍ പിടിയിലായത് 2,069 ഗുണ്ടകള്‍. ‘ഓപറേഷന്‍ ആഗി’ലൂടെ ഓരോ പോലീസ് ജില്ലയില്‍നിന്നും ശരാശരി നൂറു പേരെയാണു പിടികൂടിയത്. ഒളിവിലായിരുന്ന ഗുണ്ടകളും ലഹരി കേസ് പ്രതികളും കസ്റ്റഡിയിലായി. 297 ഗുണ്ടകളെ പിടികൂടിയ തിരുവനന്തപുരം ജില്ലയാണ് ഗുണ്ടാവേട്ടയില്‍ ഒന്നാം സ്ഥാനത്ത്. പിടികൂടിയവരില്‍ ഏറെപ്പേരേയും ചിത്രങ്ങളും വിരല്‍ അടയാളങ്ങളും ശേഖരിച്ച് കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. ഗുണ്ടകളുടെ ഡേറ്റാ ബാങ്ക് തയാറാക്കാനായിരുന്നു ഗുണ്ടാവേട്ട. ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഡിജിപി 13 ന് ജില്ലാ പൊലീസ് മേധാവിമാരുടെ യോഗം വിളിച്ചിട്ടുണ്ട്.
ചൈനയുടെ 138 വാതുവയ്പ് ആപ്പുകളും 94 വായ്പാ ആപ്പുകളും ഇന്ത്യയില്‍ നിരോധിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയത്.
കൂടത്തായി കൊലപാതക പരമ്പര കേസില്‍ മൃതദേഹങ്ങളില്‍ സൈനൈഡിന്റേയോ വിഷത്തിന്റേയോ തെളിവില്ലെന്ന നാഷണല്‍ ഫൊറന്‍സിക് ലാബ് റിപ്പോര്‍ട്ട് തിരിച്ചടിയല്ലെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.ജി സൈമണ്‍. സംസ്ഥാനത്തെ ഫൊറന്‍സിക്ക് ലാബില്‍ പരിശോധിച്ചപ്പോഴും നാലു മൃതദേഹങ്ങളിലും വിഷത്തിന്റെയോ സൈനൈഡിന്റെയോ സാന്നിധ്യം കണ്ടിരുന്നില്ല. കാലപ്പഴക്കംകൊണ്ട് തെളിവില്ലാതായതാകാം. മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് തെളിവായി ഉപയോഗിക്കുമെന്നും സൈമണ്‍. സൈനൈഡും വിഷവും നല്‍കി കൊന്നെന്ന ആരോപണത്തിലാണ് പോലീസ് കൂടത്തായി കൊലപാതക പരമ്പര കേസുകള്‍ കെട്ടിപ്പൊക്കിയത്.
കളമശേരി മെഡിക്കല്‍ കോളജില്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയതു നിയമവിരുദ്ധമായി ദത്തെടുത്ത കുഞ്ഞിന്റെ പേരില്‍. സംഭവത്തില്‍ ശിശുക്ഷേമ സമിതി അന്വേഷണം തുടങ്ങി. കുഞ്ഞിനെ അടിയന്തിരമായി ഹാജരാക്കാന്‍ ദത്തെടുത്ത് ജനന സര്‍ട്ടിഫിക്കറ്റ് തയാറാക്കിച്ച ദമ്പതികള്‍ക്കു നിര്‍ദ്ദേശം നല്‍കി. സംഭവത്തില്‍ പ്രതിയായ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റും മെഡിക്കല്‍ കോളജ് സൂപ്രണ്ടും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുകയാണ്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ നികുതിക്കൊള്ളയ്‌ക്കെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച സെക്രട്ടേറിയറ്റിലേക്കും കളക്ടറേറ്റുകളിലേക്കും മാര്‍ച്ച് നടത്തുമെന്ന് കെപിസിസി. ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്ന് ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ പറഞ്ഞു.
കൃഷിരീതികള്‍ പഠിക്കാന്‍ കൃഷിമന്ത്രി പി. പ്രസാദിന്റെ ഇസ്രയേല്‍ യാത്രയ്ക്ക് ഉടക്കിട്ടത് സിപിഎം. ഇസ്രയേലുമായി ലോഹ്യം വേണ്ടെന്ന സിപിഎം നയത്തിന്റെ ഭാഗമായാണ് കൃഷിമന്ത്രിക്കു മുഖ്യമന്ത്രി യാത്രാനുമതി നിഷേധിച്ചത്. സിപിഐയുടെ അനുമതി നേടാത്തതിനാലാണ് അനുമതി നിഷേധിച്ചതെന്നാണ് ഇതുവരേയും പ്രചരിച്ചിരുന്ന വാര്‍ത്ത.
കാല്‍നടയായി ഹജ്ജിനു പോകുന്ന മലയാളി തീര്‍ഥാടകന്‍ ശിഹാബ് ചോറ്റൂരിന് പാക്കിസ്ഥാന്‍ വിസ അനുദവിച്ചു. വിസ ഇല്ലാത്തതിനാല്‍ നിര്‍ത്തിവച്ച യാത്ര നാളെ പുനരാരംഭിക്കും. നാലു മാസമായി ശിഹാബ് അമൃത്സറിലെ ആഫിയ കിഡ്‌സ് സ്‌കൂളിലാണ് താമസിച്ചിരുന്നത്.
തൃശൂര്‍ മണ്ണുത്തിയില്‍ ക്ഷേത്ര കമ്മിറ്റി ഉത്സവ നടത്തിപ്പിനായി ആഴ്ചക്കുറി പിരിച്ച് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ നെട്ടിശ്ശേരി ശിവ ക്ഷേത്രത്തിലെ മുന്‍ കമ്മിറ്റിക്കെതിരെയാണ് മണ്ണുത്തി പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ക്ഷേത്ര ഭൂമി തിരിച്ചുപിടിക്കാന്‍ കോടതിയില്‍ കേസ് നടത്തിയതാണ് വിവാദമായിരിക്കുന്നതെന്നാണ് മുന്‍ കമ്മിറ്റിക്കാരുടെ വിശദീകരണം.
ഇടുക്കി മുതിരപ്പുഴയാറില്‍ തെന്നിവീണ വിനോദ സഞ്ചാരിയെ കാണാതായി. ഹൈദരാബാദ് സ്വദേശി സന്ദീപിനെയാണ് കാണാതായത്. ശ്രീനാരായണ പുരത്തെ ചുനയംമാക്കല്‍ കുത്തിനു സമീപമാണ് സന്ദീപ് വെള്ളത്തിലേക്കു വീണത്.
തൃശൂര്‍ പഴുവില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ തീ കൊളുത്തി മരിച്ചു. മൂത്തേരി ദീപുവിന്റെ ഭാര്യ സ്മിതയാണ് മരിച്ചത്. 45 വയസുള്ള കോഴിക്കോട് സ്വദേശിനിയാണ്.
മാഹിയില്‍നിന്ന് ബൈക്കില്‍ കടത്തിയ 32 ലിറ്റര്‍ വിദേശമദ്യവുമായി രണ്ടു പേര്‍ എക്‌സൈസിന്റെ പിടിയിലായി. എ.ടി സഞ്ജു (29), പി.കെ സനീഷ് (30) എന്നിവരാണ് അറസ്റ്റിലായത്.
രണ്ടു ലക്ഷം കോടിയിലേറെ രൂപ ഇന്ത്യയിലെ ബാങ്കുകളില്‍നിന്നു വായ്പയെടുത്ത അദാനി ഗ്രൂപ്പ് വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗനത്തിനെതിരെ കോണ്‍ഗ്രസ്. അദാനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ്, സിബിഐ എന്നീ ഏജന്‍സികളെ ഉപയോഗിക്കുമോ? അദാനിയുടെ സഹോദരന്‍ ഉള്‍പ്പെട്ട പനാമാ, പാണ്ടോര പേപ്പര്‍ വെളിപ്പെടുത്തലുകളിലെ അന്വേഷണം എവിടംവരെയായി? രാജ്യത്തെ എയര്‍പോര്‍ട്ടുകളും, തുറമുഖങ്ങളും അദാനിയെ ഏല്‍പിച്ചത് ഉത്തമ ബോധ്യത്തോടെയാണോ? എന്നീ ചോദ്യങ്ങള്‍ക്കു മോദി മറുപടി പറയണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഈയിടെ ശസ്ത്രക്രിയക്കു വിധേയയായ അര്‍ബുദരോഗിയായ സ്ത്രീയെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു. വിമാനത്തില്‍ മുകളിലെ ക്യാബിനിലേക്കു ബാഗ് വയ്ക്കാന്‍ സഹായം ആവശ്യപ്പെട്ടതിനാണു തന്നെ ഇറക്കിവിട്ടതെന്നാണു മീനാക്ഷി സെന്‍ ഗുപ്ത എന്ന യാത്രക്കാരി അമേരിക്കന്‍ എയര്‍ലൈന്‍സിനെതിരേ പരാതി നല്‍കിയത്. ഡയറക്ടര്‍ ഓഫ് സിവില്‍ ഏവിയേഷന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അന്തരിച്ച പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് തന്ത്രശാലിയാണെന്നു വിശേഷിപ്പിച്ച് ട്വിറ്ററില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരേ വിമര്‍ശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഒരുപാട് ഇന്ത്യക്കാരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണക്കാരനായ മുഷാറഫിന് ഇന്ത്യയില്‍ ആരാധകരുണ്ടാകുമെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ വിമര്‍ശനം.
കൂറ്റന്‍ ചൈനീസ് ബലൂണ്‍ മിസൈല്‍ തൊടുത്തു തകര്‍ത്ത് കടലില്‍ വീഴ്ത്തിയ അമേരിക്കന്‍ നടപടി അന്താരാഷ്ട്ര മര്യാദയുടെ ലംഘനമാണെന്നും അതിരുവിട്ട പ്രതികരണമാണെന്നും ചൈന. ഉചിതമായ മറുപടി അമേരിക്കയ്ക്കു നല്‍കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം താക്കീതു നല്‍കി. മൂന്നു ലോറികളുടെ വലുപ്പമുള്ള ബലൂണ്‍, കാലാവസ്ഥ പഠനത്തിനുള്ള സിവിലിയന്‍ എയര്‍ഷിപ്പാണെന്നാണ് ചൈന പറയുന്നത്. എന്നാല്‍ ആണ്വായുധ കേന്ദ്രങ്ങള്‍ക്ക് മുകളിലൂടെ പറന്ന ബലൂണ്‍ ചാര ബലൂണാണെന്നാണ് അമേരിക്കയുടെ വാദം.
പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയില്‍ ബോംബ് സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തു.