ഭാരത് ജോഡോ യാത്രക്കിടെ രാഹുൽ ഗാന്ധിയെ ആലിംഗനം ചെയ്യാൻ യുവാവിന്റെ ശ്രമം. പഞ്ചാബിലെ ഹോഷിയാർപൂരിലാണ് സംഭവം. യുവാവിനെ രാഹുൽ ഗാന്ധിയും സുരക്ഷാ ഉദ്യോഗസ്ഥരും പിടിച്ചുമാറ്റി. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. രാഹുൽഗാന്ധി പാർട്ടി പ്രവർത്തകരോടൊപ്പം നടക്കുന്നതിനിടെ ആൾക്കൂട്ടത്തിൽനിന്ന് മഞ്ഞ ജാക്കറ്റ് ധരിച്ച ഒരാൾ ഓടിയെത്തി രാഹുലിനെ ആലിംഗനം ചെയ്യാൻ ശ്രമിക്കുന്നതും സുരക്ഷാ ഉദ്യോഗസ്ഥരും കോൺഗ്രസ് പ്രവർത്തകരും തള്ളിമാറ്റുന്നതും വീഡിയോയിൽ കാണാം. ഭാരത് ജോഡോ യാത്രയിൽ രാഹുലിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുയരുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം.
രാഹുൽ ഗാന്ധിക്ക് നിലവിൽ Z+ കാറ്റഗറി സുരക്ഷയാണ് നൽകുന്നത്. ഒമ്പത് കമാൻഡോകൾ അദ്ദേഹത്തിന് സുരക്ഷക്ക് മുഴുവൻ സമയവും കാവൽ നിൽക്കുന്നു. എന്നാൽ, യാത്രക്കിടെ നിരവധി സുരക്ഷാവീഴ്ചകൾ ചൂണ്ടിക്കാട്ടി സുരക്ഷ വർദ്ധിപ്പിക്കണമെന്ന് കോൺഗ്രസ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.