ഡൽഹിയിലെ ആം ആദ്മി പാർട്ടിക്ക് വൻ തുക പിഴ അടയ്ക്കാൻ നോട്ടീസ്. സര്‍ക്കാര്‍ പരസ്യന്റെ മറവില്‍ പാര്‍ട്ടി പരസ്യം നല്‍കിയെന്നാണ് കുറ്റം. 163.62 കോടി രൂപ ഖജനാവില്‍ തിരിച്ചടയ്ക്കണമെന്നറിയിച്ചാണ് നോട്ടീസ് ലഭിച്ചത്. ആംആദ്മി പാര്‍ട്ടിക്ക് ഡല്‍ഹി സര്‍ക്കാരാണ് നോട്ടീസ് അയച്ചത്. ഡയറക്ട്രേറ്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിസിറ്റിയാണ് പത്ത് ദിവസത്തിനകം തുക അടയ്ക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുള്ളത്.
സര്‍ക്കാര്‍ പരസ്യമെന്ന വ്യാജേന പാര്‍ട്ടി പരസ്യം നല്‍കിയെന്നാരോപിച്ച് ലഫ്. ഗവര്‍ണര്‍ വി.കെ സക്സേനയാണ് ആം ആദ്മി പാർട്ടിക്കെതിരെ നടപടി ആരംഭിച്ചത്.
2017 മാര്‍ച്ച് വരെ പാര്‍ട്ടി പരസ്യം നല്കാന് ഖജനാവില്‍നിന്ന് വിനിയോഗിച്ച തുക 99.31 കോടി രൂപയാണ്. ഈ തുകയ്ക്ക് പുറമേ പിഴയിനത്തില്‍ 64.31 കോടി രൂപയും അടയ്ക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.
തന്നിരിക്കുന്ന സമയപരിധിക്കുള്ളില്‍ തുക അടയ്ക്കാന്‍ കഴിയാതെ വന്നാല്‍ ആംആദ്മിയുടെ ഡല്‍ഹിയിലെ ഓഫീസ് ഉള്‍പ്പെടെയുള്ള വസ്തുവകകള്‍ കണ്ടുകെട്ടാനാണ് നിര്‍ദേശം.
അതേസമയം ഗവര്‍ണറും കേന്ദ്രവും ചേര്‍ന്ന് ഓഫീസര്‍മാരെ ഉപയോഗിച്ച് ഡല്‍ഹി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയാണെന്ന് ആംആദ്മി ആരോപിച്ചു.