ബഫർ സോൺ വോട്ടായി പ്രതിഫലിക്കുമെന്ന മുന്നറിയിപ്പുമായി കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ ബിഷപ്പ് മാർ ജോസ് പുളിക്കൽ. സർക്കാർ ഇതുവരെയുള്ള നടപടികൾ പുനഃപരിശോധിക്കണം. ബഫർ സോൺ വനാതിർത്തിക്കുള്ളിൽ തന്നെ ഒതുക്കി നിർത്തുമെന്നാണ് വിശ്വാസം. ആ വിശ്വാസം വോട്ടുകളായി തന്നെ പ്രതിഫലിക്കുമെന്ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാർ ജോസ് പുളിക്കൽ പറഞ്ഞു.
ബഫര്‍ സോൺ വിഷയത്തിൽ ജനങ്ങളെല്ലാം ആശയക്കുഴപ്പത്തിലാണ്. മാത്രമല്ല കർഷകർ പ്രതിസന്ധിയിൽ ആവുകയും ചെയ്യും. കർഷകരെ പരിഗണിക്കാതെ ഇനി ഭരണത്തിൽ കയറാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും കഴിയില്ല. അങ്ങനെ വിചാരിച്ചാൽ അത് വ്യാമോഹമാണെന്നും കാഞ്ഞിരപ്പള്ളി ബിഷപ്പ് പറഞ്ഞു. മുണ്ടക്കയത്ത് സംഘടിപ്പിച്ച ബഫർ സോൺ വിരുദ്ധ റാലിയിലാണ് ബിഷപ്പിന്റെ പ്രസംഗം.