yt cover 49

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ഇ.പി ജയരാജന്‍ മാറിയേക്കും. ഒഴിയാന്‍ സന്നദ്ധത അറിയിച്ചെന്നാണ് സൂചന. ഒരു മാസത്തിലേറെയായി ജയരാജന്‍ മാറിനില്‍ക്കുകയായിരുന്നു. സിപിഎം സംസ്ഥാന സമിതിയില്‍ റിസോര്‍ട്ടിലെ നിക്ഷേപം സംബന്ധിച്ച് പി ജയരാജന്‍ ആരോപണം ഉന്നയിച്ചപ്പോള്‍ പരാതിയുണ്ടെങ്കില്‍ എഴുതിത്തരണമെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പ്രതികരിച്ചത്. ആരോപണം ഉന്നയിച്ച പി. ജയരാജനെതിരേ ഇപിയെ പിന്തുണയ്ക്കുന്നവര്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്കു പരാതികള്‍ നല്‍കി. ക്വട്ടേഷന്‍ ബന്ധത്തെക്കുറിച്ചാണ് ആരോപണം.

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച രാവിലെ പത്തരയ്ക്കാണു കൂടിക്കാഴ്ചയ്ക്കുള്ള സമയം അനുവദിച്ചത്. ബഫര്‍ സോണ്‍, കെ റെയില്‍ വിഷയങ്ങള്‍ ചര്‍ച്ചയാകും.

തൃശൂര്‍ ജില്ലയിലെ എറവില്‍ ബസും കാറും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ എല്‍ത്തുരുത്ത് സ്വദേശികളായ കുടുംബാംഗങ്ങളാണ് മരിച്ചത്. ഉച്ചക്ക് ഒരുമണിയോടെയാണ് അപകടമുണ്ടായത്.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചവരില്‍നിന്ന് പിഴയായി രണ്ടേമുക്കാല്‍ കോടി രൂപ ഈടാക്കി. അനര്‍ഹരെ കണ്ടെത്താന്‍ ഈ വര്‍ഷം ഒക്ടോബറിലാണ് ഓപ്പറേഷന്‍ യെല്ലോ ആരംഭിച്ചത്. 2,78,83,024 രൂപയാണ് പിഴയായി ഈടാക്കിയത്. എപ്പോഴും പ്രവര്‍ത്തിക്കുന്ന 9188527301 എന്ന മൊബൈല്‍ നമ്പരിലും 1967 എന്ന ടോള്‍ ഫ്രീ നമ്പറിലും വിവരങ്ങള്‍ അറിയിക്കാമെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു.

സംസ്ഥാനത്തെ നികുതി സമാഹരണം ശക്തമാക്കാന്‍ പ്രഖ്യാപിച്ച ജിഎസ്ടി പുനസംഘടന ഉദ്യോഗസ്ഥര്‍ക്കിടയിലെ മൂപ്പിളമ തര്‍ക്കംമൂലം നടപ്പാക്കാനായില്ല. കഴിഞ്ഞ വര്‍ഷത്തെ താരതമ്യം ചെയ്യുമ്പോള്‍ ഈ നവംബറില്‍ നികുതി സമാഹരണത്തില്‍ കേരളം നെഗറ്റീവ് വളര്‍ച്ചയിലേക്ക് കൂപ്പുകുത്തി. നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പുനസംഘടനയ്ക്കു തടസം നികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കമാണ്.

സംസ്ഥാന ബജറ്റ് ജനുവരി അവസാന വാരത്തോടെ അവതരിപ്പിച്ചേക്കും. ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗം മെയ് മാസത്തേക്കു നീട്ടിവയ്ക്കാനാണ് ആലോചന. ക്രിസ്മസിനു മുമ്പ് പിരിഞ്ഞ സമ്മേളനം, പിരിഞ്ഞതായി വിജ്ഞാപനം ഇറക്കുകയോ ഗവര്‍ണറെ അറിയിക്കുകയോ ചെയ്യാത്തതിനാല്‍, ജനുവരി ആദ്യവാരം നിയമസഭാ സമ്മേളനം തുടരാനാകും. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് തയ്യാറാക്കുന്നുണ്ട്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം തയ്യാറാക്കുന്നുമുണ്ട്.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

ചാന്‍സലര്‍ സ്ഥാനത്തുനിന്നു ഗവര്‍ണറെ നീക്കം ചെയ്തുകൊണ്ട് നിയമസഭാ പാസാക്കിയ ബില്‍ രാജ്ഭവന്‍ ഉടന്‍ തന്നെ നിയമോപദേശത്തിനു വിടും. നിയമ വിദഗ്ദരുമായി ആലോചിച്ചു ബില്‍ രാഷ്ട്രപതിയുടെ പരിഗണനക്കു അയക്കും. വിദ്യാഭ്യാസം കണ്‍കറന്റ് പട്ടികയിലായതിനാല്‍ സംസ്ഥാനത്തിനു മാത്രം തീരുമാനമെടുക്കാനാവില്ലെന്നാണു രാജ് ഭവന്‍ നിലപാട്.

കോഴിക്കോട് വിമാനത്താവളത്തില്‍ വിദേശ വനിത പീഡിപ്പിക്കപ്പെട്ടെന്ന പരാതിയില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു. കൊറിയന്‍ വനിതയാണ് പീഡിപ്പിക്കപ്പെട്ടത്. യാത്രാ രേഖകളില്ലാതെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. വൈദ്യപരിശോധനക്ക് മെഡിക്കല്‍ കോളേജിലെത്തിച്ചപ്പോഴാണ് ഡോക്ടറോട് പീഡന വിവരം വെളിപ്പെടുത്തിയത്.

ഇപി ജയരാജനെതിരെ അന്വേഷണം വേണോയെന്നു സംസ്ഥാന ഘടകം തീരുമാനിക്കുമെന്ന് സിപിഎം കേന്ദ്ര നേതാക്കള്‍. ഇപി ജയരാജന്‍ കേന്ദ്ര കമ്മിറ്റി അംഗമാണെങ്കിലും അന്വേഷണത്തിനു പിബി അനുമതി നല്കേണ്ട ആവശ്യമില്ല. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടതനുസരിച്ചു സംസ്ഥാന കമ്മിറ്റി വിശദീകരണം അറിയിച്ചിട്ടുണ്ട്.

വൈദേകം റിസോര്‍ട്ടില്‍ ഇപി ജയരാജനും കുടുംബത്തിനും വലിയ നിക്ഷേപമില്ലെന്ന് റിസോര്‍ട്ടിന്റെ സിഇഒ തോമസ് ജോസഫ്. ഇപിയുടെ ഭാര്യ 30 വര്‍ഷത്തോളം സഹകരണബാങ്കില്‍ ജോലി ചെയ്തശേഷം വിരമിച്ചപ്പോള്‍ കിട്ടിയ ആനുകൂല്യത്തിന്റെ ഒരു പങ്കാണ് വൈദേകം ആയുര്‍വ്വേദ വില്ലേജില്‍ നിക്ഷപിച്ചത്. ഇപിയുടെ മകന് ഒന്നര ശതമാനം ഓഹരിയേയുള്ളൂ. ഇപിയുടെ മകനും ഭാര്യയും ഡയറകടര്‍ ബോര്‍ഡിലുണ്ട്. വിദേശത്തുള്ള ഷെയര്‍ ഹോള്‍ഡര്‍മാരുടെ താല്‍പര്യപ്രകാരമാണ് നാട്ടിലുള്ളവരെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പെടുത്തിയത്. റിസോര്‍ട്ട് മാനേജുമെന്റ് വ്യക്തമാക്കി.

ഇ.പി. ജയരാജനെതിരായ ആരോപണം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കേണ്ടി വരുമെന്നു കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഭരണത്തിന്റെ തണലില്‍ സിപിഎം നേതാക്കള്‍ കോടികളാണു സമ്പാദിക്കുന്നതെന്നും മുരളീധരന്‍ ആരോപിച്ചു.

ഇ.പി ജയരാജന്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ എംപി. ഇത്രയും ഗുരുതരമായ വിഷയം പാര്‍ട്ടിയല്ല പരിശോധിക്കേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ സ്വന്തം പാര്‍ട്ടിയില്‍നിന്ന് ഉയര്‍ന്ന ആരോപണം അതീവ ഗൗരവതരമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഇ.പി ജയരാജനെതിരെയാണ് പി ജയരാജന്‍ അസ്ത്രം നീട്ടിയിരിക്കുന്നതെങ്കിലും ലക്ഷ്യം പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണന്‍. അനധികൃതമായി സമ്പാദിച്ച 30 കോടിയിലേറെ രൂപ ആയുര്‍വേദ റിസോര്‍ട്ടില്‍ നിക്ഷേപിച്ചെന്നാണു പി ജയരാജന്റെ ആരോപണം. പിണറായി വിജയന്റെ മക്കളുടെ പേരിലും കോടികളുടെ സ്വത്തുണ്ട്. പിണറായിയും ഇ പി ജയരാജനും ജീവിതത്തില്‍ ഒരു പണിയും ചെയ്തിട്ടില്ല. രാഷ്ട്രീയം തൊഴിലാക്കിയാണ് ഇത്രയും സമ്പാദിച്ചതെന്ന് രാധാകൃഷ്ണന്‍ ആരോപിച്ചു.

അട്ടപ്പാടി ചുരത്തില്‍ ഡിസംബര്‍ 31 വരെ ഗതാഗത നിയന്ത്രണം. മണ്ണാര്‍ക്കാട് – ചിന്നതടാകം റോഡ് നവീകരണത്തിന്റെ ഭാഗമായാണ് ഗതാഗത നിരോധനം. കുഴിനിറഞ്ഞ ഒമ്പതാം വളവില്‍ ഇന്റര്‍ ലോക്ക് പാകുന്ന ജോലികള്‍ പുരോഗമിക്കുകയാണ്.

ക്രിസ്മസ് ദിവസങ്ങളിലായി മലയാളികള്‍ കുടിച്ചത് 229 കോടി രൂപയുടെ മദ്യം. 22, 23, 24 തീയതകളില്‍ സംസ്ഥാനത്തെ മദ്യശാലകളില്‍ വിറ്റതാണ് ഇത്രയും ഭീമമായ തുകയുടെ മദ്യം.

പുതിയ സ്‌കൂട്ടര്‍ ഓടിച്ചുകൊണ്ടിരിക്കേ കത്തി നശിച്ചു. കളമശേരി പെരിങ്ങഴ സ്വദേശിനി അനഘ നായരുടെ പുതിയ സ്‌കൂട്ടറാണു കത്തി നശിച്ചത്.

ആഴിമലയില്‍ യുവാവ് കടലില്‍ മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്. അഞ്ചു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് തിരുവനന്തപുരം മൊട്ടമൂട് സ്വദേശി കിരണിന്റെ മരണം ആത്മഹത്യയാണെന്നു പോലീസ് നിലപാടെടുത്തത്. കോടതിയില്‍ ഉടനേ കുറ്റപത്രം നല്‍കും. കിരണിന്റെ സുഹൃത്തായ പെണ്‍കുട്ടിയേയും ഇവരുടെ സഹോദരന്‍ ഹരി, സഹോദരീ ഭര്‍ത്താവ് രവി എന്നിവരെ കേസില്‍ പ്രേരണാകുറ്റം ചുമത്തി പ്രതി ചേര്‍ക്കാനും സാധ്യത. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാനെത്തിയ കിരണിനെ കഴിഞ്ഞ ജൂലൈ ഒന്‍പതിനാണ് പെണ്‍കുട്ടിയുടെ സഹോദരനും അളിയനും തട്ടിക്കൊണ്ടുപോയത്. പിന്നീട് കടലില്‍ മൃതദേഹം പൊങ്ങുകയായിരുന്നു.

മണ്ഡല പൂജയ്ക്ക് ഒരുങ്ങി ശബരിമല. ആറന്മുള ക്ഷേത്രത്തില്‍നിന്നുള്ള തങ്ക അങ്കി ഘോഷയാത്ര ഇന്നു വൈകീട്ട് സന്നിധാനത്ത് എത്തും. നാളെ ഉച്ചയ്ക്കു പന്ത്രണ്ടരയ്ക്കും ഒരു മണിക്കും ഇടയിലാണ് മണ്ഡല പൂജ.

അഞ്ചു സര്‍ക്കാര്‍ ആശുപത്രികള്‍ക്കു കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പാലക്കാട് ജില്ലയിലെ ഒഴലപ്പതി പ്രാഥമികാരോഗ്യ കേന്ദ്രം 97 ശതമാനം സ്‌കോര്‍ നേടി. കണ്ണൂര്‍ ജില്ലയിലെ കോട്ടയം മലബാര്‍ 95 ശതമാനവും കൊല്ലം ജില്ലയിലെ ചവറ 90 ശതമാനവും സ്‌കോര്‍ നേടിയാണ് പുതുതായി അംഗീകാരം നേടിയത്. കണ്ണൂര്‍ ആലക്കോട് തേര്‍ത്തല്ലി, തിരുവനന്തപുരം മാമ്പഴക്കര ആരോഗ്യകേന്ദ്രങ്ങള്‍ക്കു വീണ്ടും അംഗീകാരം ലഭിച്ചെന്നും മന്ത്രി വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്തെ 157 ആശുപത്രികളാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയത്.

കോഴിക്കോട് വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച പത്തൊമ്പതുകാരി പൊലീസിന്റെ പിടിയില്‍. ഒരുകോടി രൂപ വിലവരുന്ന 1.884 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി ഷഹലയാണ് വിമാനത്താവളത്തിന് പുറത്ത് പൊലീസിന്റെ കസ്റ്റഡിയിലായത്. അടിവസ്ത്രത്തുനുള്ളില്‍ തുന്നിച്ചേര്‍ത്ത് ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്.

ക്ഷേത്രഭൂമി സംബന്ധിച്ച തര്‍ക്കത്തില്‍ ഓച്ചിറ ചങ്ങന്‍കുളങ്ങരയ്ക്കു സമീപം കൂട്ടത്തല്ല്. പുലിത്തിട ക്ഷേത്രഭൂമി സംബന്ധിച്ച തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. ഏതാനും പേര്‍ക്കു പരിക്കേറ്റു. ഉടമസ്ഥാവകാശം സംബന്ധിച്ച് ഇരുവിഭാഗങ്ങള്‍ തമ്മില്‍ കോടതിയില്‍ കേസുണ്ട്.

മംഗളൂരു സൂറത്ത്കലില്‍ വ്യാപാരിയെ കടയുടെ മുന്നിലിട്ട് വെട്ടിക്കൊന്നു. അബ്ദുല്‍ ജലീല്‍ (43) എന്ന വ്യാപാരിയാണ് കൊല്ലപ്പെട്ടത്. നാളെ വരെ പ്രദേശത്തു നിരോധനാജ്ഞ പ്രഖ്യാപിച്ചു. സൗന്ദര്യവര്‍ധക വസ്തുക്കളും മറ്റ് സാധനങ്ങളും വില്‍ക്കുന്ന കടയുടെ ഉടമ അബ്ദുള്‍ ജലീലിനെ രണ്ട് പേര്‍ ഞായറാഴ്ച രാത്രി എട്ടരയോടെയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഉത്തരേന്ത്യ തണുത്തു വിറക്കുന്നു. പലയിടത്തും താപനില പൂജ്യം ഡിഗ്രിയാണ്. കശ്മീരില്‍ താപനില മൈനസ് ഏഴാണ്. ഡല്‍ഹിയിലെ ചില മേഖലകളില്‍ കഴിഞ്ഞ രാത്രി താപനില മൂന്നു ഡിഗ്രിയായിരുന്നു. ചണ്ഡീഗഡില്‍ രേഖപ്പെടുത്തിയത് 2.8 ഡിഗ്രി സെല്‍ഷ്യല്‍സ്. രാജസ്ഥാനിലെ ചുരുവില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ഉത്തരേന്ത്യയിലെ ശൈത്യതരംഗം അഞ്ച് ദിവസം കൂടി തുടര്‍ന്നേക്കാം.

ഭാരത് ജോഡോ യാത്രാ കണ്ടെയ്നറില്‍ ഡല്‍ഹി പോലീസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. രാഹുല്‍ ഗാന്ധിയുടെ സഹായി തങ്ങുന്ന കണ്ടെയ്നറില്‍ മുന്നറിയിപ്പില്ലാതെ പരിശോധന നടത്തിയെന്നാണ് പരാതി.

കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയോടെയാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബജറ്റ് തയാറാക്കുന്ന തിരക്കിലായിരുന്നു ധനമന്ത്രി.

ഐസിഐസിഐ വായ്പാ തട്ടിപ്പു കേസില്‍ വീഡിയോകോണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വേണുഗോപാല്‍ ദൂത് അറസ്റ്റിലായി. സിബിഐയാണ് അറസ്റ്റു ചെയ്തത്. കേസില്‍ ബാങ്കിന്റെ മുന്‍ സിഇഐ ചന്ദാ കോച്ചാറും ഭര്‍ത്താവ് ദീപക് കൊച്ചാറും കഴിഞ്ഞയാഴ്ച അറസ്റ്റിലായിരുന്നു.

ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ഗാന്ധി നടത്തുന്ന പ്രസംഗങ്ങള്‍ രാജ്യത്ത് വലിയ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിനും കക്ഷി രാഷ്ട്രീയത്തിനും അപ്പുറമുള്ള ദാര്‍ശനിക രാഷ്ട്രീയമാണ് രാഹുല്‍ സംസാരിക്കുന്നത്. ഇതില്‍ ഗോഡ്സേയുടെ പിന്മുറക്കാര്‍ അസന്തുഷ്ടരാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

യുക്രൈന് നേരെയുള്ള സൈനിക നീക്കം അവസാനിപ്പിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് പുടിന്‍ പ്രഖ്യാപിച്ചു. അതേസമയം ക്രിസ്മസ് ദിനത്തിലും റഷ്യ, യുക്രൈന്‍ തലസ്ഥാനമായ കീവിനു നേരെ മിസൈല്‍ വര്‍ഷം തുടരുകയാണ്. യുക്രൈന്‍ പ്രസിഡന്റ് വ്ളോഡ്മര്‍ സെലെന്‍സ്‌കിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് നയംമാറ്റം.

ഇന്ത്യന്‍ നിര്‍മ്മിത കളിപ്പാട്ടങ്ങളുടെ കയറ്റുമതിയില്‍ വന്‍ വര്‍ദ്ധനവ്. 2021- 22 കാലയളവിലെ കണക്കുകള്‍ പ്രകാരം, 326.63 മില്യണ്‍ ഡോളറിന്റെ കളിപ്പാട്ടങ്ങളാണ് ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്തിരിക്കുന്നത്. അതേസമയം, കളിപ്പാട്ടങ്ങളുടെ ഇറക്കുമതി 109.72 മില്യണ്‍ ഡോളറായാണ് കുറഞ്ഞത്. നിലവാരമില്ലാത്തതും സുരക്ഷിതമല്ലാത്തതുമായ കളിപ്പാട്ടങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനോടകം നിരവധി പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. 2014- 15 കാലയളവില്‍ കളിപ്പാട്ടങ്ങളുടെ കയറ്റുമതി 96.17 മില്യണ്‍ ഡോളര്‍ മാത്രമായിരുന്നു. നിലവില്‍, ആഭ്യന്തര കളിപ്പാട്ട നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടെയുള്ള എംഎസ്എംഇകളെ പ്രോത്സാഹിപ്പിക്കുന്നതിന് വായ്പാ പിന്തുണ കേന്ദ്രം ഉറപ്പുവരുത്തുന്നുണ്ട്. പരമ്പരാഗത വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിനായുള്ള ഫണ്ടുകളുടെ സ്‌കീമിന് കീഴില്‍, 11,749 കരകൗശലത്തൊഴിലാളികള്‍ക്ക് 55.65 കോടി രൂപ ചിലവില്‍ പ്രയോജനം നല്‍കുന്ന 19 കളിപ്പാട്ട ക്ലസ്റ്ററുകള്‍ക്കാണ് ഇതിനോടകം അംഗീകാരം നല്‍കിയിരിക്കുന്നത്.

സംശയം തോന്നുന്ന വാട്സാപ്പ് സ്റ്റാറ്റസ് റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരവുമായി വാട്സ് ആപ്പ്. നിലവില്‍ വ്യാജ മെസേജുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഉപയോക്താവിന് അവസരം ഒരുക്കിയിട്ടുണ്ട്. ഇപ്പോഴിതാ, ഉപയോക്താവിന്റെ കോണ്‍ടാക്ടിലുള്ള ആരെങ്കിലും അശ്ലീല വീഡിയോയോ വാട്സാപ്പ് പോളിസി പാലിക്കാത്ത ഉള്ളടക്കമോ മറ്റുള്ളവരെ ദോഷകരമായി ബാധിക്കുന്ന അപ്ഡേറ്റോ സ്റ്റാറ്റസിലൂടെ പങ്കുവെച്ചാല്‍ പുതിയ ഫീച്ചറിന്റെ സഹായത്തോടെ റിപ്പോര്‍ട്ട് ചെയ്യാനാകും. ഡെസ്‌ക് ടോപ്പ് വേര്‍ഷനില്‍ ഈ ഫീച്ചര്‍ വാട്സാപ്പ് പരീക്ഷിച്ചുവരുന്നതായാണ് വിവരങ്ങള്‍. സംശയകരമായി തോന്നുന്ന സ്റ്റാറ്റസ് അപ്‌ഡേറ്റ് വാട്‌സ്ആപ്പിന്റെ മോഡറേഷന്‍ ടീമിനെ അറിയിക്കാന്‍ സാധിക്കുന്നവിധം സംവിധാനം ഒരുക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി പുതിയ ഓപ്ഷന്‍ അവതരിപ്പിക്കും. ഇതിലൂടെ വാട്‌സ്ആപ്പ് കമ്പനിക്ക് പോളിസിക്ക് വിരുദ്ധമായ പ്രവര്‍ത്തനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സാധിക്കും. ലംഘനം നടന്നതായി ബോധ്യപ്പെട്ടാല്‍ നടപടി സ്വീകരിക്കാന്‍ കഴിയുംവിധം സംവിധാനം ഒരുക്കാനാണ് വാട്‌സ്ആപ്പ് ലക്ഷ്യമിടുന്നത്.

അജിത്ത് നായകനാവുന്ന തുനിവ് ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ‘ഹി ഈസ് എ ഗ്യാങ്സ്റ്റാ’ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഷബീര്‍ സുല്‍ത്താനും വിവേകയും ചേര്‍ന്നാണ്. ജിബ്രാന്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചത് ഷബീര്‍ സുല്‍ത്താനും ജിബ്രാനും ചേര്‍ന്നാണ്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ ആണ് നായിക. എച്ച് വിനോദ് ആണ് ചിത്രത്തിന്റെ സംവിധാനം. നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്ത് കുമാറും എച്ച് വിനോദും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തുനിവ്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന്‍ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. പൊങ്കല്‍ റിലീസ് ആണ് ചിത്രം.

വിജയ് നായകനാകുന്ന പുതിയ ചിത്രമായ ‘വാരിസി’ലെ ഗാനങ്ങള്‍ ഇതിനകം തന്നെ വലിയ ഹിറ്റാണ്. ഇപ്പോഴിതാ വിജയ്യുടെ ‘വാരിസ്’ എന്ന ചിത്രത്തിന്റെ ജൂക്ക്ബോക്സ് പുറത്തുവിട്ടിരിക്കുന്നു. ‘രഞ്ജിതമേ’, ‘തീ ദളപതി’, ‘സോള്‍ ഓഫ് വാരിസ്’, ‘ജിമിക്കി പൊണ്ണ്’, ‘വാ തലൈവാ’ എന്നീ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജൂക്ക്ബോക്സാണ് പുറത്തുവിട്ടിരിക്കുന്നത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം എസ് തമനാണ്. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ചിത്രസംയോജനം നിര്‍വഹിക്കുന്ന ചിത്രം പൊങ്കല്‍ റിലീസായിട്ടായിരിക്കും തിയറ്ററുകളില്‍ എത്തുക. വിജയ്ക്ക് പുറമേ രശ്മിക മന്ദാന, ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയ വന്‍ താരനിര തന്നെ ‘വാരിസ്’ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നു.

ലെക്സസ് ഇന്ത്യ പുതിയ ലെക്സസ് എല്‍എക്സ് 500ഡി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2.82 കോടി രൂപ (എക്സ് ഷോറൂം) വില. ആഡംബര എസ്യുവിയുടെ ആദ്യ ബാച്ച് 2022 ന്റെ ആദ്യ പാദത്തില്‍ ജനുവരി മുതല്‍ മാര്‍ച്ച് വരെ വിതരണം ചെയ്യും. ലാന്‍ഡ് ക്രൂയിസറിന് കരുത്ത് പകരുന്ന അതേ 3.3 ലിറ്റര്‍ ട്വിന്‍-ടര്‍ബോ വി6 ഡീസല്‍ എഞ്ചിനാണ് പുതിയ ലെക്‌സസ് എല്‍എക്‌സ് 500ഡി യ്ക്ക് കരുത്തേകുന്നത്. 309 ബിഎച്ച്പി പവറും 700 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന ഇത് 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. ഓള്‍-വീല്‍ ഡ്രൈവ് സജ്ജീകരണത്തോടൊപ്പം ഓഫ്-റോഡിംഗിനായുള്ള മള്‍ട്ടി-ടെറൈന്‍ മോഡലും സ്റ്റാന്‍ഡേര്‍ഡായി വരുന്നു. ഇത് നോര്‍മല്‍, ഇക്കോ, കംഫര്‍ട്ട്, സ്‌പോര്‍ട്ട് എസ്, സ്‌പോര്‍ട്ട് എസ്+, ഒരു ഇഷ്ടാനുസൃത മോഡ് എന്നിങ്ങനെ ഒന്നിലധികം ഡ്രൈവ് മോഡുകളും വാഗ്ദാനം ചെയ്യുന്നു.

നായ്ക്കള്‍ വിശ്വസ്തതയുടെ പ്രതീകങ്ങളാണ്. വിശ്വസ്തരും വീരന്മാരുമായ ഇരുപത്തിയഞ്ച് നായ്ക്കളുടെ കഥകളാണ് ഈ പുസ്തകത്തിലുള്ളത്. ബാലഭൂമിയില്‍ സൂപ്പര്‍ ഡോഗ്‌സ് എന്ന പേരില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ത്തന്നെ വായനക്കാരുടെ പ്രശംസയും അഭിനന്ദനങ്ങളും ഇവയ്ക്ക് ധാരാളമായി ലഭിച്ചിരുന്നു. ഈ കഥകളോരോന്നും മനുഷ്യര്‍ക്ക് പ്രധാനപ്പെട്ട ജീവിതപാഠമായിത്തീരും. വിശ്വസ്തരായ ഇരുപത്തിയഞ്ച് നായ്ക്കളുടെ വീരേതിഹാസങ്ങള്‍. ‘വിശ്വസ്ത നായ്ക്കളുടെ വീരകഥകള്‍’. സിപ്പി പള്ളിപ്പുറം. ചിത്രീകരണം- ദേവപ്രകാശ്. മാതൃഭൂമി ബുക്സ്. വില 195 രൂപ.

ക്യാന്‍സര്‍ ഉണ്ടാകുന്നതിന്റെ യഥാര്‍ത്ഥ കാരണം കണ്ടുപിടിച്ച് ശാസ്ത്രലോകം. ഓരോ വര്‍ഷവും 1 .4 കോടി ജനങ്ങള്‍ ക്യാന്‍സര്‍ ബാധിതരാകുകയും ഇതില്‍ പകുതിയില്‍ കൂടുതല്‍ പേര് മരണമടയുകയും ചെയ്യുന്നു. ഇതുവരെ ഈ രോഗം ബാധിക്കുന്നതിന്റെ യഥാര്‍ത്ഥ കാരണം ശാസ്ത്രലോകത്തിന് കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം. മദ്യം, പുകയില ഉപയോഗം, തെറ്റായ ആഹാര ക്രമം, തെറ്റായ ജീവിത ശൈലി,അമിത സംഘര്‍ഷം ഇവയെല്ലാം ക്യാന്‍സര്‍ ഉണ്ടാകാന്‍ കരണമാണെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, ഏറ്റവും പുതിയ പഠനം അനുസരിച്ച്, ക്യാന്‍സര്‍ ഉണ്ടാകുന്നതിന്റെ കാരണം ഡി എന്‍ എ യില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണെന്നാണ് കണ്ടെത്തല്‍. അനിയന്ത്രിത കോശ വളര്‍ച്ചക്ക് കാരണം ഡി എന്‍ എ യില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണെന്നും അനാരോഗ്യമായ ഭക്ഷണ രീതികളാണ് ഇതിനു കാരണമെന്നും കണ്ടെത്തി. ലോകത്തിലെ 69 രാജ്യങ്ങളില്‍ നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിശകലനം. പ്രമുഖ മനഃശാസ്ത്ര വാരികയായ ജേര്‍ണല്‍ സയന്‍സിലാണ് ഇത് പ്രസിദ്ധീകരിച്ചത്. 66 ശതമാനം ഡി എന്‍ എ മാറ്റങ്ങളും ക്യാന്‍സറായി പരിണമിക്കുന്നതായാണ് പഠനം. ജോണ്‍സണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ക്രിസ്ത്യന്‍ തോമസെറ്റി, ഡോക്ടര്‍ ബെര്‍ട്ട് വോഗള്‍ സേട്ടൈന്‍ എന്നിവരാണ് പഠന നേതൃത്വം നല്‍കിയത്. 32 ശതമാനം പുകവലിയും മറ്റു ജീവിത ശൈലിയും കാരണമായപ്പോള്‍ 29 ശതമാനം പേരില്‍ അന്തരീക്ഷ മലിനീകരണം മൂലമാണ് ഡി എന്‍ എ മാറ്റം സംഭവിക്കുന്നത്. 5 ശതമാനം പേരില്‍ പാരമ്പര്യമായും കണ്ടുവരുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.68, പൗണ്ട് – 99.79, യൂറോ – 87.89, സ്വിസ് ഫ്രാങ്ക് – 88.68, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.63, ബഹറിന്‍ ദിനാര്‍ – 219.47, കുവൈത്ത് ദിനാര്‍ -269.86, ഒമാനി റിയാല്‍ – 214.90, സൗദി റിയാല്‍ – 21.99, യു.എ.ഇ ദിര്‍ഹം – 22.52, ഖത്തര്‍ റിയാല്‍ – 22.71, കനേഡിയന്‍ ഡോളര്‍ – 60.88.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *