yt cover 34

ബഫര്‍ സോണ്‍ നിര്‍ണയിക്കുന്നതിനു നടത്തിയ ഉപഗ്രഹ സര്‍വേയില്‍ അപാകതകളുണ്ടെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കില്ല. വനത്തോടു ചേര്‍ന്നുള്ള ഒരു കിലോമീറ്റര്‍ ജനവാസ മേഖല ആണെന്ന് തെളിയിക്കലാണ് ഉപഗ്രഹസര്‍വേയുടെ ഉദ്ദേശ്യം. ജനവാസ മേഖല ഒരു കിലോമീറ്ററില്‍ ഉണ്ടെന്നു തെളിയിക്കണമെങ്കില്‍ അവിടെ എത്ര ജനങ്ങളുണ്ട്, സ്ഥാപനങ്ങള്‍ ഉണ്ട് എന്ന് തെളിയിക്കണം. പ്രായോഗിക നിര്‍ദേശങ്ങള്‍ സ്വീകരിക്കുമെന്നും വനം മന്ത്രി പറഞ്ഞു.

ലോകം കാത്തിരിക്കുന്നു, ലോക കപ്പ് ഫൈനലിന്റെ വിസില്‍ മുഴക്കത്തിനായി. ഖത്തറിലെ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ രാത്രി എട്ടരയ്ക്ക് അര്‍ജന്റീനയും ഫ്രാന്‍സും തമ്മില്‍ കിരീടപ്പോരാട്ടം. അര്‍ജന്റീനയുടെ നായകനായ ലോകമെങ്ങും ആരാധകരുള്ള ലയണല്‍ മെസിയും ഏയ്ഞ്ചല്‍ ഡി മരിയയും ജൂലിയന്‍ അല്‍വാരസും കപ്പില്‍ മുത്തമിടുമോ? നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രഞ്ചു പട നയിക്കുന്ന കിലിയന്‍ എമ്പാപ്പേ, ഉസ്മാന്‍ ഡെംബല്‍, ഒലിവര്‍ ജിറൂത് ത്രയങ്ങള്‍ കപ്പു സ്വന്തമാക്കുമോ? കിക്കോഫിനു മണിക്കൂറുകള്‍ മാത്രം.

മാര്‍പാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വത്തിക്കാനിലെ കൂടിക്കാഴ്ചയിലാണ് ക്ഷണിച്ചതെന്നും മേഘാലയയില്‍ പ്രസംഗിക്കവേ മോദി പറഞ്ഞു. ലോകകപ്പുമായി ഖത്തര്‍ ആഘോഷിക്കുന്നതുപോലെ ഇന്ത്യയും ആഘോഷിക്കുന്ന നാളുകള്‍ വിദൂരമല്ലെന്നും മോദി പറഞ്ഞു. വികസനം തടസപ്പെടുത്തുന്നതിന് ചുവപ്പു കാര്‍ഡ് കാണിച്ചു. രാജ്യത്തെ യുവാക്കളില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

ബഫര്‍സോണ്‍ വനാതിര്‍ത്തിയില്‍നിന്ന് വനത്തിനുള്ളിലേക്കാണു നിശ്ചയിക്കേണ്ടതെന്നു ബത്തേരി നഗരസഭ. ബഫര്‍സോണ്‍ നിര്‍ണയിക്കാന്‍ നേരിട്ട് വിവരശേഖരണം നടത്തണമെന്നു നഗരസഭ പ്രമേയം പാസാക്കി. സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് പ്രമേയം പാസാക്കിയത്. സുല്‍ത്താന്‍ബത്തേരി നഗരമാകെ ബഫര്‍ സോണ്‍ പരിധിയിലാണ്.

അബദ്ധങ്ങള്‍ നിറഞ്ഞതും ആര്‍ക്കും മനസിലാകാത്തതുമായ ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് താമരശേരി രൂപത. ബഫര്‍സോണ്‍ റിപ്പോര്‍ട്ടിനെതിരേ നാളെ കോഴിക്കോട്ടെ മലയോര മേഖലകളില്‍ സമരം തുടങ്ങും. ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അവസാന നിമിഷംവരെ പൂഴ്ത്തിവച്ചു. ഇതിനു പിന്നില്‍ ഗുഡാലോചനയുണ്ടെന്നു സംശയിക്കുന്നു. കര്‍ഷകരെ ബാധിക്കാത്ത വിധത്തില്‍ ബഫര്‍സോണ്‍ അതിര്‍ത്തി നിശ്ചയിക്കണമെന്നും താമരശേരി രൂപത ബിഷപ്പ് മാര്‍ റമഞ്ചിയോസ് ഇഞ്ചനാനിയല്‍ പറഞ്ഞു.

വികസനത്തിനൊപ്പമാണു സര്‍ക്കാരെന്നും എതിര്‍പ്പുകളുണ്ടെങ്കില്‍ പരിഹരിച്ച് മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാത സ്ഥലമേറ്റെടുക്കലിനെതിരെ ഏറ്റവും വലിയ സമരം നടന്നത് മലപ്പുറത്താണ്. എന്നാല്‍ കഴിഞ്ഞ സഭയില്‍ കുഞ്ഞാലിക്കുട്ടി തന്നെ സ്ഥലമേറ്റെടുക്കലിനെ അഭിനന്ദിച്ചു. കൃത്യമായി നഷ്ടപരിഹാരം ലഭിച്ചെന്ന് കുഞ്ഞാലിക്കുട്ടി തന്നെ സമ്മതിച്ചു. പെരളശ്ശേരി പാലം ശിലാസ്ഥാപന ഉദ്ഘാടനം നിര്‍വ്വഹിക്കവേ മുഖ്യമന്ത്രി പറഞ്ഞു.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

പത്തനംതിട്ട ആറന്മുള പോലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ കടന്നു പിടിക്കാന്‍ ശ്രമിച്ച പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. പത്തനാപുരം സ്വദേശിയായ സിപിഒ സജീഫ് ഖാനെതിരെയാണ് നടപടി. ജീവനക്കാരിയുടെ പരാതിയില്‍ പത്തനംതിട്ട വനിത പൊലീസ് കേസെടുത്തു. പോലീസുകാരന്‍ ഒളിവിലാണ്.

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ അലംഭാവം മാപ്പര്‍ഹിക്കാത്ത കുറ്റമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കേണ്ടെന്ന് തീരുമാനിച്ചത് പിണറായി സര്‍ക്കാറെന്നും സതീശന്‍ കുറ്റപ്പെടുത്തി. കേരളത്തില്‍ ദേശീയ ശരാശരിയെക്കാള്‍ വനമുണ്ട്. ജനവാസ മേഖലയാണ് കേരളമെന്ന പ്രാധാന്യത്തോടെ വിഷയങ്ങള്‍ സുപ്രീം കോടതിയെ ബോധിപ്പിക്കണമെന്നും സതീശന്‍.

ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ കേസിലെ പ്രധാന ഇടനിലക്കാരി ദിവ്യ നായരെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ജേക്കബ് ജംഗ്ഷനിലെ വീട്ടില്‍ എത്തിയാണ് വെഞ്ഞാറമൂട് പോലീസ് പിടികൂടിയത്. 29 പേരില്‍ നിന്നായി ഒരു കോടി 85 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പോലീസ് പറയുന്നത്. വീട്ടില്‍ പരിശോധന നടത്തി ഏതാനും രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്.

ബ്രിട്ടനില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പം. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ മുപ്പതു ലക്ഷത്തോളം രൂപ വേണം. പണം കണ്ടെത്താന്‍ അഞ്ജുവിന്റെ കുടുംബം സര്‍ക്കാര്‍ സഹായം അഭ്യര്‍ഥിച്ചിരുന്നു. നോര്‍ക്കയുമായി ബന്ധപ്പെട്ട് ഇതിനു വേണ്ട ക്രമീകരണങ്ങള്‍ സജ്ജീകരിക്കാന്‍ ശ്രമിക്കുമെന്ന് വൈക്കത്തെ സി.കെ. ആശ എംഎല്‍എ കുടുംബത്തെ അറിയിച്ചു.

പങ്കാളിയായ സ്ത്രീയെ പേരൂര്‍ക്കട വഴയിലയില്‍ നടുറോഡില്‍ വെട്ടിക്കൊന്ന കേസിലെ പ്രതി രാജേഷ് ജയിലില്‍ തൂങ്ങി മരിച്ചു. വ്യാഴാഴ്ച രാവിലെയാണ് സിന്ധുവിനെ വെട്ടിക്കൊന്നത്. ഇരുവരും മുന്‍പ് വിവാഹിതരാണ്, കുട്ടികളുമുണ്ട്.

എറണാകുളം പറവൂരില്‍ ചെറുവഞ്ചിയില്‍ മീന്‍ പിടിക്കുന്നതിനിടെ അച്ഛനും മകളും പുഴയില്‍ മുങ്ങി മരിച്ചു. മത്സ്യതൊഴിലാളിയായ ബാബു, മകള്‍ നിമ്മ്യ എന്നിവരാണ് രാത്രി വീരന്‍ പുഴയില്‍ മുങ്ങി മരിച്ചത്. കടമക്കുടി ഗവ വൊക്കേഷണല്‍ എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് നിമ്മ്യ.

ഇടുക്കി കുമളി അതിര്‍ത്തിയിലുള്ള മോട്ടോര്‍ വാഹന വകുപ്പ് ചെക്ക് പോസ്റ്റില്‍ കണക്കില്‍പെടാത്ത പണം കണ്ടെത്തി. എഎംവിഐ മദ്യപിച്ചാണ് ജോലി ചെയ്തിരുന്നതെന്നും വിജിലന്‍സ് കണ്ടെത്തി. തമിഴ്നാട്ടില്‍ നിന്നുള്ള അയ്യപ്പ ഭക്തരുടെ വാഹനത്തില്‍നിന്ന് കൈക്കൂലി ഈടാക്കിയെന്ന വിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന.

ശബരിമല യുവതി പ്രവേശന വിധിയെത്തുടര്‍ന്ന് ശബരിമലയില്‍ എത്തിയതിനു രഹന ഫാത്തിമയ്ക്ക് എതിരായ കേസില്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവു നല്‍കരുതെന്ന് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നും മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകള്‍ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നും സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തി.

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത മുന്‍ കോണ്‍ഗ്രസ് നേതാവ് അഡ്വ. സികെ ശ്രീധരന്‍ പിലാത്തോസും യൂദാസുമാണെന്നു രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. എറണാകുളത്തെ ഒരു ഹോട്ടല്‍ മുറിയില്‍ വച്ച് യുവാക്കളുടെ കുടുംബത്തില്‍നിന്ന് കേസിന്റെ എല്ലാ വിവരങ്ങളും ശ്രീധരന്‍ കൈക്കലാക്കിയെന്ന് ഉണ്ണിത്താന്‍ ആരോപിച്ചു.

രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന വാര്‍ത്ത ശരിയെല്ലെന്നു സിപിഎം നേതാവ് സുരേഷ് കുറുപ്പ്. ഇനി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല. എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ക്ഷേത്രം തുറക്കാന്‍ എത്തിയ പൂജാരിക്കു മര്‍ദ്ദനം. കാട്ടാക്കട പൂവച്ചല്‍ പേഴുംമൂട് ശാസ്ത ക്ഷേത്രത്തില്‍ രാവിലെ ക്ഷേത്രം തുറക്കാന്‍ എത്തിയ ക്ഷേത്ര പൂജാരി പത്മനാഭന്‍ (35) നാണ് മൂന്നംഗ സംഘത്തിന്റെ മര്‍ദ്ദനമേറ്റത്.

ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യുവതിയില്‍നിന്ന് 15.36 കോടി രൂപയുടെ കൊക്കൈയ്ന്‍ പിടികൂടി. ഗിനിയില്‍നിന്നു വന്ന യാത്രക്കാരി 82 ക്യാംപ്സൂളുകളിലാക്കി വിഴുങ്ങിയ നിലയിലായിരുന്നു കൊക്കൈയ്ന്‍ കടത്തിയിരുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മേഘാലയ, ത്രിപുര സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും. ഷില്ലോങ്ങില്‍ നോര്‍ത്ത് ഈസ്റ്റ് കൗണ്‍സിലിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കും. 6800 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് തറക്കല്ലിടും. ത്രിപുരയിലെ അഗര്‍ത്തലയിലും വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. രണ്ട് സംസ്ഥാനങ്ങളിലും മാസങ്ങള്‍ക്കകം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.

സൈനികരുടെ ആത്മവീര്യം രാഹുലും കോണ്‍ഗ്രസും ഒരിക്കല്‍ കൂടി കെടുത്തിയെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. ചൈനീസ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുമായി കോണ്‍ഗ്രസിന് ഉടമ്പടിയുണ്ടെന്ന് എല്ലാവര്‍ക്കും അറിയാമെന്നും നദ്ദ ആരോപിച്ചു.

ഒഡീഷയിലെ ബലംഗീര്‍ ജില്ലയിലെ സ്‌കൂളില്‍ കായികമേളയ്ക്കിടെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കഴുത്തില്‍ ജാവലിന്‍ തുളച്ചുകയറി. ശസ്ത്രക്രിയക്കു ശേഷം കുട്ടി സുഖം പ്രാപിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അഗല്‍പൂരിലെ ബോയ്‌സ് ഹൈസ്‌കൂളിലാണ് സംഭവം.

ഇറാനില്‍ ഓസ്‌കാര്‍ പുരസ്‌കാര ജേതാവും പ്രമുഖ നടിയുമായ തരാനെ അലിദോസ്തി (38) അറസ്റ്റിലായി. ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെ പിന്തുണച്ചതിനാണ് അറസ്റ്റു ചെയ്തത്. ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ‘ദ സെയില്‍സ്മാന്‍’ എന്ന ചിത്രത്തിലെ നായികയാണ് ഇവര്‍.

ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് 188 റണ്‍സിന്റെ വിജയം. 513 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ബംഗ്ലാദേശിന്റെ രണ്ടാമിന്നിംഗ്സ് 324 റണ്‍സിന് അവസാനിച്ചു. രണ്ട് ഇന്നിംഗ്സുകളിലുമായി 8 വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. രണ്ടാം ടെസ്റ്റ് 22ന് ആരംഭിക്കും.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കമ്പനികള്‍ കുറഞ്ഞെങ്കിലും നേട്ടം കൊയ്ത് ഐപിഒ. നിക്ഷേപകര്‍ക്ക് ലഭിച്ചത് മികച്ച ലാഭം. ഈ വര്‍ഷം ഡിസംബര്‍ 12 വരെയുള്ള കണക്കുപ്രകാരം ഐ.പി.ഒ നടത്തിയത് 31 കമ്പനികളാണ്; ഇവ സമാഹരിച്ച മൊത്തം തുക 58,346 കോടി രൂപ. 2021ല്‍ 65 കമ്പനികള്‍ ചേര്‍ന്ന് 1.31 ലക്ഷം കോടി രൂപ നേടിയിരുന്നു. ഈ വര്‍ഷത്തെ ശരാശരി സമാഹരണം 1,844 കോടി രൂപയാണ്. 2021ല്‍ 2,022 കോടി രൂപയായിരുന്നു. അതേസമയം, ഈ വര്‍ഷം ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത 31 കമ്പനികളില്‍ 5 കമ്പനികള്‍ മാത്രമാണ് നിക്ഷേപകര്‍ക്ക് നെഗറ്റീവ് റിട്ടേണ്‍ നല്‍കിയത്. കീ സ്റ്റോണ്‍ റിയല്‍റ്റേഴ്‌സ് കമ്പനിയുടെ നിക്ഷേപകര്‍ക്ക് ലാഭമോ നഷ്ടമോയില്ല. മറ്റ് 25 കമ്പനികളും നിക്ഷേപകര്‍ക്ക് മികവുറ്റ റിട്ടേണ്‍ തന്നെ നല്‍കി. ഇവയില്‍ 4 കമ്പനികള്‍ സമ്മാനിച്ചത് നേട്ടം 100 ശതമാനത്തിന് മേലെയാണ്; അതായത് ഇരട്ടിയിലേറെ ആദായം. 18 കമ്പനികളുടെ റിട്ടേണ്‍ 12 മുതല്‍ 60 ശതമാനം വരെയാണ്. 100 ശതമാനത്തിനുമേല്‍ കുതിച്ചവരില്‍ ഒന്നാം സ്ഥാനം അദാനി ഗ്രൂപ്പിനു തന്നെ. അദാനി വില്‍മര്‍ 183 ശതമാനമാണ് നേട്ടമുണ്ടാക്കിയത്.

പ്രമുഖ വീഡിയോ കോളിംഗ് ആപ്ലിക്കേഷനായ സ്‌കൈപ്പില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ടെക് ഭീമനായ മൈക്രോസോഫ്റ്റ്. ഇത്തവണ സ്‌കൈപ്പിലൂടെ വീഡിയോ കോളില്‍ സംസാരിക്കുന്ന വ്യക്തിയുടെ ശബ്ദം തത്സമയം വിവര്‍ത്തനം ചെയ്യാന്‍ സാധിക്കുന്ന ഫീച്ചറാണ് മൈക്രോസോഫ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ, വിവര്‍ത്തനം ചെയ്ത ശബ്ദം യഥാര്‍ത്ഥ സ്പീക്കറിന്റേത് സമാനമാകാന്‍ സാധ്യതയുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്നോളജിയുടെ സഹായത്തോടെയാണ് കോളുകള്‍ വിവര്‍ത്തനം ചെയ്യാന്‍ സാധിക്കുക. ആദ്യ ഘട്ടത്തില്‍ ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, ചൈനീസ് തുടങ്ങിയ ഭാഷകളിലാണ് വിവര്‍ത്തനം സാധ്യമാകുക. വൈകാതെ തന്നെ മറ്റു ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യാന്‍ കഴിയുമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. പ്രധാനമായും അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളിലും, മറ്റും പങ്കെടുക്കുന്ന വ്യക്തികള്‍ക്കാണ് പുതിയ ഫീച്ചര്‍ ഏറെ ഗുണം ചെയ്യുക. സ്വന്തം ഭാഷയില്‍ സംസാരിക്കാനുള്ള അവസരം ലഭിക്കുന്നതിനോടൊപ്പം, തല്‍സമയ വിവര്‍ത്തനവും നടക്കുന്നതാണ്.

ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിലെ ക്രിസ്മസ് കരോള്‍ ഗാനം പുറത്തുവിട്ടു. ചിത്രത്തിലെ സുപ്രധാനമായ ഒരു ഭാഗമാണ് ക്രിസ്മസ് കരോള്‍. സന്തോഷ് വര്‍മ്മ രചിച്ച് രഞ്ജിന്‍ രാജ് ഈണമിട്ട് ബിജു നാരായണനാണ് ഈ ഗാനം ആലപിച്ചത്. വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന ഈ ചിത്രത്തില്‍ അനുശ്രീയും ബംഗാളി നടി മോഷ എന്നിവരാണു നായികമാര്‍. സലിം കുമാര്‍, ജോണി ആന്റണി, പ്രേംകുമാര്‍, ശ്രീകാന്ത് മുരളി രാജേഷ് മാധവ്,, ജയന്‍ ചേര്‍ത്തല, നോബി. ജയപ്രകാശ് കുളൂര്‍ ‘ജയകുമാര്‍, മാലാ പാര്‍വ്വതി എന്നിവരും പ്രധാന താരങ്ങളാണ്. കെ വി അനില്‍ തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം, പത്താം വളവ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി മാറിയ രതീഷ് റാം നിര്‍വ്വഹിക്കുന്നു.

2022ല്‍ കണ്ടിരിക്കേണ്ട മികച്ച ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ട് ഫോര്‍ബ്സ് മാഗസിന്‍. ഫോര്‍ബ്സ് പുറത്തുവിട്ട ലിസ്റ്റില്‍ രണ്ട് മലയാള ചിത്രങ്ങളും ഇടംനേടിയിട്ടുണ്ട്. ‘റോഷാക്ക്’, ‘ന്നാ താന്‍ കേസ് കൊട്’ എന്നി ചിത്രങ്ങളാണ് മലയാളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മികച്ച സിനിമകള്‍. രാജമൗലിയുടെ ‘ആര്‍ആര്‍ആര്‍’, അമിതാഭ് ബച്ചന്റെ ‘ഗുഡ്ബൈ’, ‘ദ സ്വിമ്മേര്‍സ്’, സായ് പല്ലവിയുടെ ‘ഗാര്‍ഗി’, ‘എവരിതിങ് എവരിവെയര്‍ ആള്‍ അറ്റ് ഒണ്‍’, ആലിയ ഭട്ടിന്റെ ‘ഗംഗുഭായ്’, ‘പ്രിസണേഴ്സ് ഓഫ് ഗോസ്റ്റ്ലാന്റ്’, ‘ടിന്‍ഡര്‍ സ്വിന്‍ഡ്ലര്‍’, ‘ഡൗണ്‍ ഫാള്‍: ദ കേസ് എഗൈന്‍സ് ബോയ്ങ്’, എന്നിവയാണ് മറ്റ് മികച്ച ഇന്ത്യന്‍ ചിത്രങ്ങള്‍. കുഞ്ചാക്കോ ബോബനെ നായകനാക്കിയ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ന്നാ താന്‍ കേസ് കൊട്’. നിസാം ബഷീറിന്റെ രണ്ടാമത് ചിത്രമായ ‘റോഷാക്ക്’ തിയേറ്ററുകളില്‍ വന്‍ വിജയമാണ് കൈവരിച്ചത്.

രാജ്യത്തെ ആഭ്യന്തര റീട്ടെയില്‍ വാഹന വിപണിയില്‍ വന്‍ മുന്നേറ്റം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, മലിനീകരണ നിയന്ത്രണ ചട്ടമായ ബിഎസ്- 4ല്‍ നിന്നും ബിഎസ്- 6ലേക്ക് ചുവടുവച്ചതിനുശേഷം ഉള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണ് നവംബറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷം നവംബറുമായി താരതമ്യം ചെയ്യുമ്പോള്‍, 25.71 ശതമാനം വില്‍പ്പനയാണ് നടന്നിട്ടുള്ളത്. ഇതോടെ, നവംബര്‍ മാസത്തില്‍ 23.80 ലക്ഷം പുതിയ വാഹനങ്ങളാണ് എല്ലാ ശ്രേണികളിലുമായി നിരത്തിലെത്തിയത്. 2020 നവംബറില്‍ 19.66 ലക്ഷം യൂണിറ്റുകളും, 2019 നവംബറില്‍ 23.44 ലക്ഷം യൂണിറ്റുകളുമാണ് വിറ്റഴിച്ചത്. ഉത്സവ കാലം, ഡിസംബറിലേക്ക് നീണ്ട വിവാഹ സീസണ്‍, മൈക്രോ ചിപ്പുകളുടെ ക്ഷാമത്തിലെ അയവ് എന്നിവയാണ് ആഭ്യന്തര വാഹന വിപണിയില്‍ ഉല്‍പ്പാദനത്തിലും വിതരണത്തിലും ഉണര്‍വ് ഉണ്ടാകാന്‍ കാരണമായത്.

ജീവിതം പഠിക്കുകയെന്നാല്‍ ജീവിതമൂല്യങ്ങള്‍ പൊലിച്ചുലാവുന്ന ഒരന്തരീക്ഷത്തില്‍ ജീവിക്കുക എന്നുകൂടിയാണ് അര്‍ത്ഥം. ഈ പാകവിജ്ഞാനത്തിന്റെ ഫലശ്രുതിയാണ് ഈ ‘പ്രരോദന’പഠനം. ആശാന്‍കവിതയുടെ അന്തര്‍മണ്ഡലത്തിലേക്ക് നിരന്തരം യാത്രചെയ്ത കാവ്യകലാമര്‍മ്മജ്ഞനായ എം.കെ. സാനു രചിച്ച പഠനം. ‘പ്രരോദനം: വിവിധ ഭാവങ്ങളുടെ സംവാദവേദി’. മാതൃഭൂമി ബുക്സ്. വില 170 രൂപ.

വൃക്കയില്‍ കല്ലുമായി ചികിത്സക്കെത്തുന്നവരുടെ എണ്ണം ഇന്ന് ദിനംപ്രതി കൂടിവരികയാണ്. പ്രാരംഭ ഘട്ടത്തില്‍, അതിന്റെ ലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. എന്നാല്‍ കാലക്രമേണ, പ്രശ്നം വര്‍ദ്ധിക്കുകയും വയറ്റില്‍ കഠിനമായ വേദന അനുഭവപ്പെടുകയും ചെയ്യും. അതിനാല്‍, ഈ പ്രശ്നം ഒഴിവാക്കാന്‍ കൃത്യസമയത്ത് ഡോക്ടറെ സമീപിക്കേണ്ടതുണ്ട്. വളരെ കുറച്ച് വെള്ളം കുടിക്കുക, വ്യായാമം ചെയ്യുക, പൊണ്ണത്തടി, ശരീരഭാരം കുറയ്ക്കല്‍, വളരെയധികം ഉപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് എന്നിവയാണ് വൃക്കയിലെ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യതയുള്ള കാരണങ്ങള്‍. ഇതുകൂടാതെ ഫാസ്റ്റ് ഫുഡ്, സംസ്‌കരിച്ച മാംസം എന്നിവ കഴിക്കുന്നതും ഈ പ്രശ്നത്തിന് കാരണമാകുന്നു. മൃഗങ്ങളുടെ പ്രോട്ടീന്‍ കാരണം മൂത്രത്തിലെ യൂറിക് ആസിഡിന്റെ അളവ് പലപ്പോഴും വര്‍ദ്ധിക്കുന്നു. ഇത് വൃക്കയിലെ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അണുബാധയും പാരമ്പര്യവും പ്രധാന ഘടകങ്ങളാണ്. വൃക്കയിലെ കല്ലുകള്‍ തടയാന്‍ ധാരാളം വെള്ളം കുടിക്കണം. ദിവസം മുഴുവന്‍ കുറഞ്ഞത് 6 മുതല്‍ 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുന്നത് ഉറപ്പാക്കുക. മൂത്രം പിടിച്ച് വയ്ക്കുന്നത് കൂടുതല്‍ ദോഷം ചെയ്യും. വെള്ളത്തിന് പുറമേ, നാരങ്ങ സോഡ, പഴച്ചാറുകള്‍ എന്നിവയും കഴിക്കാം. നിങ്ങളുടെ ഭക്ഷണത്തില്‍ കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ചേര്‍ക്കുക. ഇത് മൂത്രത്തിന്റെ അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കുന്നു. മൂത്രത്തില്‍ അസിഡിറ്റി കുറവാണെങ്കില്‍ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഉപ്പിട്ട ഉരുളക്കിഴങ്ങ് ചിപ്‌സ്, ഫ്രഞ്ച് ഫ്രൈസ്, സാന്‍ഡ്വിച്ചുകള്‍, മാംസം, ടിന്നിലടച്ച സൂപ്പുകള്‍, പാക്കേജുചെയ്ത ഭക്ഷണം, സ്‌പോര്‍ട്‌സ് പാനീയങ്ങള്‍ എന്നിവ പോലുള്ള ഭക്ഷണങ്ങള്‍ ദൈനംദിന ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കുക.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *