അതിര്‍ത്തിയിലെ ചൈനയുടെ കടന്നുകയറ്റം ചർച്ച ചെയ്യണമെന്ന കോൺഗ്രസിന്റെ ആവശ്യം തള്ളിയതിനെ തുടർന്ന് പാർലമെന്റിൽ നാലാം ദിനവും ബഹളം. രാജ്യസഭയിലും കോൺഗ്രസ് അംഗങ്ങൾ സമ്മേളനം തടസ്സപ്പെടുത്തി.
ലോക്സഭയിലും രാജ്യസഭയിലും നോട്ടീസ് നല്‍കിയ പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചെങ്കിലും പരിഗണിച്ചില്ല. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യേണ്ടതുണ്ടെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖർഗെ ഉപാദ്ധ്യക്ഷനോട് പറഞ്ഞു. ഉപാദ്ധ്യക്ഷൻ ഇത് തടഞ്ഞതോടെയാണ് പ്രതിപക്ഷം ശൂന്യവേള തടസ്സപ്പെടുത്തിയത്. എന്നാൽ ലോക്സഭയിലും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും പ്രതിപക്ഷം പ്രതിഷേധിച്ചില്ല. അതേസമയം വിദേശകാര്യ മന്ത്രി ഐക്യരാഷ്ട്രസഭയില്‍ രണ്ടാം തവണയും വിമർശനം ആവർത്തിച്ചു. പാക്കിസ്ഥാൻ ഇപ്പോഴും അതിർത്തി കടന്നുള്ള ഭീകരതയെ പിന്തുണക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ പറഞ്ഞു. ചിലരുടെ പഴയ ശീലങ്ങളും മുമ്പ് രൂപംകൊണ്ട തീവ്രവാദ ശൃംഖലകളും ദക്ഷിണേഷ്യയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അവയാണ് ഭീകരവാദത്തിന്‍റെ ഇപ്പോഴത്തെയും ഉറവിടമെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനോടൊപ്പം ചൈനയെയും പേരെടുത്ത് പറയാതെ ഇന്ത്യ വിമർശിച്ചു.