middaynews 6

സില്‍വര്‍ലൈന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ സര്‍വേ ചെയ്ത ഭൂമിയിലെ നടപടികള്‍ പിന്‍വലിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സമരക്കാര്‍ക്കെതിരായ കേസ് പിന്‍വലിക്കില്ലെന്നും നിയമസഭയില്‍ വ്യക്തമാക്കി. തുടര്‍ നടപടികള്‍ക്കു കേന്ദ്രാനുമതി ലഭിക്കുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. സില്‍വര്‍ ലൈന്‍ ഡിപിആര്‍ അപൂര്‍ണമെന്ന് കേന്ദ്രം അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ 2016 മുതല്‍ 828 ക്രിമിനല്‍ കേസുകളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. പൊലീസ് സേനയില്‍ രാഷ്ട്രീയവല്‍ക്കരണം, ക്രിമിനല്‍ കേസുകള്‍ എന്ന വിഷയത്തില്‍ മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ യുഡിഎഫ് ഭരണ കാലത്ത് 976  പൊലീസ് ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസുകളിളെ പ്രതികളായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസിലെ രാഷ്ട്രീയവത്കരണമെന്നത് ആശ്ചര്യകരമായ ആരോപണമാണെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി.

ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണം നിയന്ത്രിക്കില്ലെന്നും ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂട്ടുമെന്നും ദേവസ്വം പ്രസിഡന്റ് കെ. അനന്തഗോപന്‍. എന്നാല്‍ ദര്‍ശന സമയം വര്‍ധിപ്പിക്കാനാവില്ലെന്നു ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്. ഇന്നും ലക്ഷത്തിലേറെ പേരാണു ദര്‍ശനത്തിനു ബുക്കു ചെയ്തിരിക്കുന്നത്. പമ്പയില്‍ പാര്‍ക്കിംഗ് അനുവദിക്കാത്തത് കോടതി ഉത്തരവുള്ളതിനാലാണെന്നു ദേവസ്വം പ്രസിഡന്റ് പറഞ്ഞു.

വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാതിരിക്കാന്‍ വിശദീകരണം തേടിയുള്ള ഹിയറിംഗുമായി ഗവര്‍ണര്‍. രാജ്ഭവനിലാണ് ഹിയറിംഗ്. വിസിമാര്‍ നേരിട്ടോ അഭിഭാഷകര്‍ മുഖേനെയോ ഹിയറിംഗിന് എത്തും. വിദേശത്തുള്ള എംജി വിസിയുടെ ഹിയറിംഗ് പിന്നീടായിരിക്കും. കണ്ണൂര്‍ വിസി  ഇന്നെത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചിരുന്നു.

നഴ്‌സിംഗ് കൗണ്‍സിലില്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ നിയമനത്തിനു നഴ്‌സിംഗ് കൗണ്‍സില്‍ ശുപാര്‍ശ ചെയ്ത രണ്ടു പേരെയല്ല, ഒറ്റയാളെ മാത്രം. രണ്ടു പേരെ നിര്‍ദേശിച്ചിരുന്നെന്ന ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ അവകാശവാദം തെറ്റാണെന്ന് നഴ്‌സിംഗ് കൗണ്‍സിലിന്റെ മിനിറ്റ്‌സ്. 15 വര്‍ഷം അധ്യാപന പരിചയമുള്ളയാളെ ഒഴിവാക്കി മൂന്നു വര്‍ഷത്തോളം മാത്രം സേവന പരിചയമുള്ളയാളെ ഡെപ്യൂട്ടി രജിസ്ട്രാറായി നിയമിച്ച നടപടി വിവാദമായിരിക്കുകയാണ്.

വിഴിഞ്ഞം പദ്ധതിക്ക് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും സമര്‍പ്പിച്ച ഹര്‍ജികളിലെ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു. പദ്ധതിക്കെതിരരേ മത്സ്യത്തൊഴിലാളികളും ലത്തീന്‍ അതിരൂപതയും നടത്തിവന്ന സമരം ഒത്തുതീര്‍പ്പായയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചതോടെയാണ് തുടര്‍ നടപടികള്‍ അവസാനിപ്പിച്ചത്.

എക സിവില്‍ കോഡ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചപ്പോള്‍ എംപിമാര്‍ ഇല്ലാതിരുന്നതു കോണ്ഗ്രസിന്റെ ഭാഗത്തെ ജാഗ്രതക്കുറവാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. സഭയില്‍ കോണ്‍ഗ്രസ് എംപിമാര്‍  ഉണ്ടായിരുന്നില്ലെന്ന് മുസ്ലീം ലീഗ് നേതാവ് പി.വി അബ്ദുള്‍ വഹാബ് കുറ്റപ്പെടുത്തിയിരുന്നു.

വീണ്ടും ലീഗ് പ്രശംസയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വര്‍ഗീയതക്കെതിരെ സമീപനമുള്ളവരെ പിന്തുണക്കും. അതാണ് ലീഗിന്റെ കാര്യത്തിലും പറഞ്ഞത്. കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന ഗവര്‍ണര്‍ക്കെതിരെയും വിഴിഞ്ഞ സമരത്തിലും ലീഗ് ശരിയായ നിലപാടെടുത്തെന്നും ഗോവിന്ദന്‍ പറഞ്ഞു.

എംഎല്‍എമാര്‍ക്കു ട്രെയിനില്‍ സീറ്റില്ലെന്നു പരാതി. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മലബാറില്‍നിന്ന് തേഡ് എസി ടിക്കറ്റ് ബുക്കുചെയ്ത 11 എംഎല്‍എമാര്‍ക്ക് സ്ലീപ്പര്‍ കോച്ചാണ് അനുവദിച്ചതെന്നാണു പരാതി. കേന്ദ്ര സര്‍ക്കാരിലോ റെയില്‍വേയിലോ സ്വാധീനമുള്ളവര്‍ എ സി ബര്‍ത്തുകള്‍ തട്ടിയെടുക്കുന്നുവെന്നും എംഎല്‍എമാര്‍ കുറ്റപ്പെടുത്തി.

മുസ്ലിം ലീഗിന് ഗോവിന്ദന്‍ മാസ്റ്ററുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് കെ.എം. ഷാജി. ലീഗ് വര്‍ഗീയപാര്‍ട്ടിയാണെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞാലും പ്രശ്‌നമില്ല. കേരളത്തില്‍ വോട്ടിനു വേണ്ടി ക്രിസ്ത്യന്‍ – മുസ്ലിം സമുദായങ്ങളെ സി പി എം തമ്മിലടിപ്പിച്ചു. രണ്ടാം പിണറായി സര്‍ക്കാരിനു  ജനപിന്തുണ ഇല്ലാതാത്തതുകൊണ്ടാണ് ലീഗിനെ മുന്നണിയിലേക്ക് ക്ഷണിക്കുന്നതെന്നും കെ.എം. ഷാജി ദുബായില്‍ പറഞ്ഞു.

ആത്മഹത്യ ചെയ്ത എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ. മഹേശന്‍ പെണ്ണുപിടിയനായിരുന്നെന്നും പാവപ്പെട്ട സ്ത്രീകളില്‍നിന്ന് തട്ടിയെന്നും പൊതുവേദിയില്‍ അവഹേളിച്ച് വെള്ളാപ്പള്ളി നടേശന്‍. മഹേശന്റെ പല കാര്യങ്ങളും പുറത്തു പറയാന്‍ കൊള്ളില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു. മഹേശന്‍ ആത്മഹത്യ ചെയ്ത കേസില്‍ വെള്ളാപ്പള്ളി നടേശനെ പ്രതി ചേര്‍ത്ത് കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചിരിക്കേയാണ് വെള്ളാപ്പള്ളിയുടെ അധിക്ഷേപ പ്രസംഗം.

മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയില്‍ നിന്നും വിവാഹ വാഗ്ദാനം നല്‍കി പണം തട്ടിയെടുത്തെന്ന പരാതിയില്‍ മണവാളന്‍ സജി അറസ്റ്റിലായി.  പത്തനംതിട്ട പെരുമ്പെട്ടി തേനയംപ്ലാക്കല്‍ സജികുമാര്‍ (47) ആണ് അറസ്റ്റിലായത്. പരസ്യം കണ്ട് യുവതികളെ വിളിച്ച് അടുപ്പം സ്ഥാപിച്ചശേഷം തട്ടിപ്പ് നടത്തുകയാണ് ഇയാളുടെ രീതി.   മാവേലിക്കര സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.

ഭര്‍തൃപിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മരുമകളെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ നൂറനാട് പുലിമേല്‍ തുണ്ടത്തില്‍ വീട്ടില്‍ രാജുവിനെ (56) കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മരുമകള്‍ ശ്രീലക്ഷ്മി (24), സുഹൃത്ത് പുതുപ്പള്ളി കുന്ന് മുറിയില്‍ പാറപ്പുറത്ത് വടക്കതില്‍ ബിപിന്‍ (29) എന്നിവരാണ് അറസ്റ്റിലായത്. കുട്ടിയെ നോക്കാത്തിനു വഴക്കു പറഞ്ഞതിനാണ് ആക്രമണം. ബൈക്കില്‍ വീട്ടിലേക്കുള്ള പോകവേ രാജുവിനെ ഹെല്‍മറ്റ് ധരിച്ച ഒരാള്‍ കമ്പിവടി കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു.

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറുന്നുവച്ച സംഭവത്തില്‍ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് മുക്കി. നടപടിയുമില്ല. അന്വേഷണസംഘം  പരാതിക്കാരിയില്‍നിന്ന് തെളിവെടുത്ത് രണ്ടുമാസമായിട്ടും റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല. 2017ലാണ്  പ്രസവ ശസ്ത്രക്രിയക്ക് ശേഷം കോഴിക്കോട് സ്വദേശി ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക മറന്നുവച്ചത്.

അട്ടപ്പാടി കടുകുമണ്ണയിലെ ഗര്‍ഭിണിയെ തുണിമഞ്ചലില്‍ ചുമന്നത് 300 മീറ്റര്‍ മാത്രമാണെന്ന മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞതു തെറ്റാണെന്ന് യുവതിയുടെ ഭര്‍ത്താവും വി.കെ ശ്രീകണ്ഠന്‍ എം പിയും. വനത്തിലൂടെ മൂന്നര കിലോമീറ്റര്‍ ദൂരം തുണിമഞ്ചലില്‍ നടന്നെന്നും ഇത്രയും നടക്കാന്‍ ഒന്നര മണിക്കൂര്‍ സമയമെടു്‌തെന്നും വി.കെ.ശ്രീകണ്ഠന്‍ എംപി പറഞ്ഞു

അടൂര്‍ പറക്കോട് മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയ രോഗിയുടെ പരാക്രമം. ഡോക്ടറെ തെറിവിളിക്കുകയും ആക്രമിക്കാന്‍ മുതിരുകയും ചെയ്ത പറക്കോട് സ്വദേശി വിഷ്ണു വിജയനെ പോലീസ് അറസ്റ്റു ചെയ്തു.
പ്രശ്‌നത്തില്‍ ഇടപെട്ടവരുടെ കണ്ണില്‍ വിഷ്ണു മുളക് പൊടി സ്‌പ്രേ ചെയ്തു. ഇയാള്‍ക്കെതിരെ കാപ്പാ നിയമം ചുമത്തി.

അഞ്ചു ഗ്രാം എംഡിഎംഎയുമായി യുവാവിനെ കോഴിക്കോട് കൊടുവള്ളി പൊലീസ് പിടികൂടി. കൊടുവള്ളി കളരാന്തിരി ചന്ദനംപുറത്ത് ജിസാറിനെ(33)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ചെന്നിത്തലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം. വീട്ടില്‍ അതിക്രമിച്ച് കയറി നാശനഷ്ടങ്ങളും വരുത്തി.  പട്ടരുകാട് ജംഗ്ഷന് സമീപമുള്ള നന്ദനം സ്റ്റോഴ്‌സ്,  കാരാഴ്മ ജംഗ്ഷനിലെ ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോര്‍, പൂക്കട, മഹാലക്ഷ്മി ടെയ്‌ലേഴ്‌സ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.

ഗുജറാത്തില്‍ ബിജെപി മുഖ്യമന്ത്രിയുടെ ഇന്നു നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് 200 സന്ന്യാസിമാര്‍ക്കു ക്ഷണം. മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലും  25 കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ച്ചയായി ഏഴാം തവണയും ബിജെപി അധികാരത്തിലേറിയത് 182 സീറ്റുകളില്‍ 156 എണ്ണവും നേടിയാണ്. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, മറ്റ് കേന്ദ്ര മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുക്കും.

ഉത്തര്‍പ്രദേശിലെ മഥുരയില്‍നിന്ന് ഒന്നര ലക്ഷം രൂപയുടെ വ്യാജ കറന്‍സി പിടികൂടി. ചൈനയില്‍നിന്നുള്ള കടലാസ് ഉപയോഗിച്ചാണ് കറന്‍സി അച്ചടിച്ചത്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ സവായ് മധോപൂര്‍ സ്വദേശി കലീമുള്ള ഖാസി, രാജസ്ഥാനിലെ കോട്ട സ്വദേശി മുഹമ്മദ് തഖീം, ബിഹാറിലെ കതിഹാര്‍ സ്വദേശി ധര്‍മേന്ദ്ര എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ മിന്നല്‍ പരിശോധന. വിമാനത്താവളത്തിലെ നീണ്ട ക്യൂവും തിരക്കും സംബന്ധിച്ച് പരാതി വ്യാപകമായതിനാലാണ് മന്ത്രിയുടെ സന്ദര്‍ശനം. വ്യോമയാന മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഒപ്പം വിമാനത്താവളത്തിലെത്തിയിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *