night news hd

സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടി ഹൈക്കോടതി ശരിവച്ചു. നിയമനം ചോദ്യം ചെയ്തുളള സര്‍ക്കാരിന്റെ ഹര്‍ജി തളളി. മൂന്നു മാസത്തിനകം സ്ഥിരം വിസിയെകണ്ടെത്താന്‍ സെലക്ഷന്‍ കമ്മിറ്റി രൂപീകരിക്കണമെന്നും ഉത്തരവിലുണ്ട്. സിസ തോമസിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത ജീവനക്കാരടക്കമുളളവരുടെ നടപടി അംഗീകരിക്കാനാകില്ല. യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചാന്‍സലാറായ ഗവര്‍ണര്‍ നിയമനം നടത്തിയത്. സര്‍ക്കാര്‍ നിര്‍ദേശിച്ചവര്‍ക്കു യോഗ്യത ഇല്ലെന്നും കോടതി.

റീട്ടെയില്‍ ഡിജിറ്റല്‍ രൂപ ഡിസംബര്‍ ഒന്നിനു പുറത്തിറക്കുമെന്ന് റ്രിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പരീക്ഷണാടിസ്ഥാനത്തിലാണ് ഡിജിറ്റല്‍ രൂപ പുറത്തിറക്കുന്നത്. ഡിജിറ്റല്‍ ടോക്കണിന്റെ രൂപത്തിലായിരിക്കും ഡിജിറ്റല്‍ രൂപ. മൊത്തവിപണിയില്‍ ഈ മാസം ഒന്നിന് ആര്‍ബിഐ ഡിജിറ്റല്‍ കറന്‍സി അവതരിപ്പിച്ചിരുന്നു. നിലവില്‍ കറന്‍സിയുടെ അതേ മൂല്യമായിരിക്കും. തെരഞ്ഞെടുത്ത ബാങ്കുകള്‍ വഴിയാണു വിതരണം.

വിഴിഞ്ഞത്തെ ആക്രമണ കേസുകള്‍ അന്വേഷിക്കാന്‍ തിരുവനന്തപുരം ഡിസിപി കെ ലാല്‍ജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം. നാല് അസിസ്റ്റന്റ് കമ്മീഷണര്‍മാരും സംഘത്തിലുണ്ട്. വിഴിഞ്ഞം ആക്രമണം കണക്കിലെടുത്ത് സംസ്ഥാനത്ത് മുഴുവന്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

വിഴിഞ്ഞത്ത് ഒരിഞ്ചും പിന്നോട്ടില്ലെന്ന് സര്‍ക്കാറും സമരസമിതിയും. രാജ്യസ്‌നേഹമുള്ള ആര്‍ക്കും സമരത്തെ അംഗീകരിക്കാനാകില്ലെന്ന് വിദഗ്ധ സംഗമത്തില്‍ മന്ത്രി വി. അബ്ദു റഹ്‌മാന്‍ പറഞ്ഞു. അടുത്ത ഓണത്തോടെ ആദ്യ കപ്പലെത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവിലും പ്രഖ്യാപിച്ചു. അതേസമയം സമരം ശക്തമായി തുടരുമെന്ന നിലപാടിലാണ് സമരസമിതി. ഓഖി ദുരിതബാധിതരുടെ പുനരധിവാസത്തിനു സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കിയില്ലെന്നു വിഴിഞ്ഞം സമരസമിതി കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ രോഗിക്കു കൂട്ടിരിപ്പിന് ഒരാളെ മാത്രമേ അനുവദിക്കൂവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൂടുതല്‍ പരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രം ഒരാളെക്കൂടി പ്രത്യേക പാസ് വഴി അനുവദിക്കും. ആശുപത്രി സന്ദര്‍ശന സമയം വൈകുന്നേരം 3.30 മുതല്‍ 5.30 വരെയാണ്.

സുരക്ഷയുടെ പേരില്‍ വിദ്യാര്‍ഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നതല്ലെന്ന് കേരള ഹൈക്കോടതി. ഹോസ്റ്റലിലെ രാത്രി നിയന്ത്രണം ചോദ്യം ചെയ്ത് കോഴിക്കോട് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. വിദ്യാര്‍ഥികള്‍ക്കു മെഡിക്കല്‍ കോളജ് ക്യാമ്പസില്‍ പോലും സംരക്ഷണം കൊടുക്കാനാവാത്ത അവസ്ഥയാണോയെന്ന് കോടതി ചോദിച്ചു. പെണ്‍കുട്ടികള്‍ ഹോസ്റ്റലുകളില്‍ രാത്രി 9.30 നു മുമ്പു പ്രവേശിക്കണമെന്നു നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്റെ കാരണം വ്യക്തമാക്കണമെന്നു സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.

അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഹംഗേറിയന്‍ സംവിധായകന്‍ ബേല താറിന്. പത്തു ലക്ഷം രൂപയും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്. ഡിസംബര്‍ ഒമ്പതു മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കുന്ന മേളയില്‍ 70 രാജ്യങ്ങളില്‍നിന്നുള്ള 184 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ ഒമ്പതിന് വൈകിട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെര്‍ഫോമന്‍സ് ഗ്രേഡിംഗ് ഇന്റക്സില്‍ കേരളം ഒന്നാം സ്ഥാനത്താണെന്നു പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ആയിത്തറ മമ്പറം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒരു കോടി രൂപ കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

റേഷന്‍ വ്യാപാരികളുടെ കമ്മിഷന്‍ തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഒക്ടോബര്‍ മാസത്തെ കമ്മിഷന്‍ തുകയില്‍ 49 ശതമാനം മാത്രമേ അനുവദിക്കൂവെന്ന ഉത്തരവിനെതിരേ കടകളടച്ച് സമരം പ്രഖ്യാപിച്ചതോടെയാണു സര്‍ക്കാര്‍ തിരുത്തിയത്. കമ്മീഷന്‍ ഡിസംബര്‍ 23നകം കൊടുക്കണമെന്ന്  ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ ‘സ്വദേശി ദര്‍ശന്‍’ തീര്‍ഥാടന ടൂറിസം പദ്ധതിയില്‍ ശബരിമല വികസനത്തിന് അനുവദിച്ച 100 കോടി രൂപയില്‍ 80 കോടിയും സംസ്ഥാനം പാഴാക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. 20 കോടിയുടെ പദ്ധതി മാത്രമാണ് മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി അനുമതി വാങ്ങിയത്. പദ്ധതിയുടെ കാലാവധി ഡിസംബര്‍ 31 ന് അവസാനിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡിസംബര്‍ 16 നു പുറത്തിറങ്ങുന്ന ‘അവതാര്‍ 2’ കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. വിതരണക്കാര്‍ കൂടുതല്‍ തുക ആവശ്യപ്പെട്ടതും മിനിമം മൂന്നാഴ്ച പ്രദര്‍ശിപ്പിക്കണമെന്ന് ഉപാധിവച്ചതുമാണ് കാരണം. ജെയിംസ് കാമറൂണ്‍ ചിത്രം മലയാളം ഉള്‍പ്പടെ ഇന്ത്യയിലെ ആറു ഭാഷകളില്‍ റിലീസ് ചെയ്യും. 2009 ലാണ് അവതാര്‍ ആദ്യഭാഗം റിലീസ് ചെയ്തത്.

മധ്യ ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ മഴയ്ക്കു സാധ്യത. കാറ്റും ഇടിമിന്നലും ഉണ്ടാകും.

ജലനിരപ്പ് ഉയര്‍ന്ന ആളിയാര്‍ ഡാം രാത്രി തുറന്നേക്കും. ജലനിരപ്പ് ഉച്ചയ്ക്കു രണ്ട്ുമണിയോടെ 1049.30 അടി  എത്തിയിരുന്നു.

തിരുവനന്തപുരം ഊരൂട്ടമ്പലത്തുനിന്ന് അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം കൊലപാതകമെന്ന് പോലീസ്.  ഊരൂട്ടമ്പലം സ്വദേശി വിദ്യയും മകള്‍ ഗൗരിയുമാണ് കൊല്ലപ്പെട്ടത്. കടലില്‍ തള്ളിയിട്ടാണു കൊന്നത്. വിദ്യയുടെ കാമുകന്‍ മാഹിന്‍കണ്ണിനേയും ഭാര്യയേയും കസ്റ്റഡിയിലെടുത്തു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥനെതിരെ നടപടി ആവശ്യപ്പെട്ട് ഷാഫി പറമ്പിലിന് പരാതിയുമായി കോട്ടയത്തെ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍. ശശി തരൂരിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെതിരെ നടത്തിയ പ്രസ്താവന അച്ചടക്ക ലംഘനമെന്നാണ് ഇവരുടെ പരാതി.

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ കൊലപാതക കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പതിമൂന്നാം പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച  മലപ്പുറം സ്വദേശി ജലീലാണ് അറസ്റ്റിലായത്. 49 പ്രതികളില്‍ 41 പേരെ അറസ്റ്റ് ചെയ്തു.

ഭിന്നശേഷികാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍ നഗരസഭാംഗം കുന്നംകുളം ആര്‍ത്താറ്റ് പുളിക്കപറമ്പില്‍ സുരേഷാണ് അറസ്റ്റിലായത്. അച്ഛനും അമ്മയും മരിച്ചതിനെ തുടര്‍ന്ന് സഹോദരന്റെ സംരക്ഷണയിലായിരുന്ന യുവതിക്കുനേരെയാണ് ലൈംഗികാതിക്രമം നടത്തിയത്.

പത്തനംതിട്ട ഇലവുംതിട്ടയില്‍ ബാറിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ ആള്‍ മരിച്ചു. നെല്ലാനിക്കുന്ന് സ്വദേശി അജിരാജ് (46) ആണ് മരിച്ചത്.

ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോടു മോശമായി പെരുമാറിയ മലപ്പുറത്തെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി ബിജുവിനെ വയനാട്ടില്‍ നിന്ന് പൊലീസ് പിടികൂടി. എംവിഐ ഒളിവിലായിരുന്നു. ഇയാളെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പത്തനംതിട്ട സീതത്തോട് കോട്ടമണ്‍ പാറയില്‍ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ആങ്ങമൂഴി  സ്വദേശി അനുകുമാറിനാണ് പരിക്കേറ്റത്. കെഎസ്ഇബി ടവര്‍ നിര്‍മ്മാണത്തിനു പോയപ്പോഴായിരുന്നു ആക്രമണം.

തെലങ്കാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കൊച്ചി അമൃത ആശുപത്രിയിലെ ഡെപ്യൂട്ടി മാനേജര്‍ ഡോ. ജഗ്ഗു സ്വാമിയുടെ മൂന്നു സഹപ്രവര്‍ത്തകര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. ഒളിവിലായ ജഗ്ഗു സ്വാമിയെ കണ്ടെത്താന്‍ സഹായിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയെന്നു ഹര്‍ജിക്കാര്‍ ആരോപിച്ചു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇടനിലക്കാരായി എന്ന കേസില്‍ ലുക്ക് ഔട്ട് നോട്ടീസുള്ള തുഷാര്‍ വെള്ളാപ്പള്ളിയും ജഗ്ഗു സ്വാമിയും ഒളിവിലാണ്.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെതിരെ സമരം നയിക്കാന്‍ എത്തിയ ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയും വൈ എസ് ആര്‍ തെലങ്കാന പാര്‍ട്ടി നേതാവുമായ വൈ.എസ് ശര്‍മിളയുടെ വാഹനം ക്രെയിന്‍ ഉപയോഗിച്ച് വലിച്ചു മാറ്റി. ശര്‍മിളയും നേതാക്കളും പുറത്തിറങ്ങാതെ കാറിലിരിക്കെയാണ് പൊലീസ് നടപടി. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നയിക്കാനാണ് ശര്‍മിള എത്തിയത്.

രാഹുല്‍ ഗാന്ധി പറഞ്ഞതു പോലെ താനും സച്ചിന്‍ പൈലറ്റും പാര്‍ട്ടിയുടെ സ്വത്തെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഭാരത് ജോഡോ യാത്ര വിജയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആമസോണ്‍ ഇന്ത്യയിലെ മൊത്തവ്യാപാര വിതരണ ബിസിനസ് അടച്ചുപൂട്ടുന്നു. ഫുഡ് ഡെലിവറി ബിസിനസും ആമസോണ്‍ അക്കാദമിയും അവസാനിപ്പിക്കുകയാണെന്ന് അറിയിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് മൊത്ത വിതരണ ബിസിനസ് അവസാനിപ്പിക്കുമെന്ന് ആമസോണ്‍ വ്യക്തമാക്കിയത്. ബെംഗളൂരു, മൈസൂരു, ഹുബ്ലി എന്നീ മൂന്ന് നഗരങ്ങളിലാണ് ആമസോണിന്റെ മൊത്ത വിതരണ ബിസിനസ്.

ഹിന്ദു ഏകത മഞ്ചിന്റെ  ബേട്ടി ബച്ചാവോ മഹാപഞ്ചായത്ത് വേദിയിലേക്ക് കയറിയ വനിത സംഘാടകനെ ചെരിപ്പുകൊണ്ട് അടിച്ചു. തന്റെ പരാതി മൈക്കിലൂടെ പറയാന്‍ ശ്രമിക്കവേ പിടിച്ച് മാറ്റാനെത്തിയ ആളെയാണ് വനിത അടിച്ചത്. ഡല്‍ഹിയിലെ ഛത്തര്‍പൂരിലാണ് സംഭവം. സംഘാടകര്‍ പിന്നീട് വനിതയെ നീക്കം ചെയ്തു.

ബെംഗളുരുവില്‍ മലയാളി പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഒരു യുവതിയെ കൂടി പൊലീസ് പിടികൂടി. നേരത്തെ അറസ്റ്റിലായിരുന്ന രണ്ടു പ്രതികളില്‍ ഒരാളുടെ സുഹൃത്തായ യുവതിയാണ് പൊലീസ് പിടിയിലായത്. ഈ യുവതിയുടെ വീട്ടിലാണ് ബലാത്സംഗം നടന്നതെന്നാണ് പൊലീസ് പറയുന്നത്.

പാകിസ്ഥാനില്‍ ആക്രമണം പ്രഖ്യാപിച്ച് പാക് താലിബാന്‍. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണകൂടം നിലവില്‍ വന്നതിനു പിറകേ കഴിഞ്ഞ ജൂണില്‍ പാക് താലിബാനും പാകിസ്ഥാന്‍ സര്‍ക്കാരു തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയിരുന്നു. ഈ വെടിനിര്‍ത്തല്‍ ധാരണ അവസാനിപ്പിച്ചെന്നാണു പാക് താലിബാന്റെ പ്രഖ്യാപനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *