ബിസ്ലേരിയുടെ കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് പ്രോസിക്യൂഷന് അനുമതി നൽകി എഫ്എസ്എസ്എസ്ഐ. ബിസ്ലേരിയുടെ വെള്ളത്തിൽ അനുവദനീയമായ പരിധിയിലും കൂടുതൽ ബ്രോമേറ്റ് അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. വസന്ത് മസാല, ടിറ്റ്-ബിറ്റ് ഫുഡ്സ്, മിമാൻസ ഇൻഡസ്ട്രീസ്, ആശ കൺഫെക്ഷനറി എന്നീ കമ്പനികൾക്കെതിരെയും നടപടിയെടുത്തു.
സിപിഎം പ്രവർത്തകൻ ധൻരാജ് വധക്കേസിലെ ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികളുടെ കൊലക്കുറ്റം തെളിഞ്ഞതായി തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. ഒന്നാം പ്രതി ടി.പി. ബിജു, രണ്ടാം പ്രതി എം. വിപിൻ, മൂന്നാം പ്രതി എം. വൈശാഖ് എന്നിവരാണ് കുറ്റക്കാര്‍. എന്നാൽ, സംശയത്തിന്റെ ആനുകൂല്യത്തിൽ നാല് മുതൽ 20 വരെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടു. ക്രൂരമായ കൊലപാതകമാണെന്ന് നിരീക്ഷിച്ച കോടതി, ശിക്ഷാവിധിയിന്മേലുള്ള വാദം ഉച്ചയ്ക്ക് ശേഷം കേൾക്കുമെന്നും അന്തിമ ശിക്ഷ മറ്റന്നാൾ വിധിക്കുമെന്നും അറിയിച്ചു.
ധനരാജിന്റെ കുടുംബത്തിന് നീതി കിട്ടണമെന്നും കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നും സിപിഐഎം നേതാവ് എം വി ജയരാജന്. കേസിൽ 17 പേരെ വെറുതെ വിട്ടുവെന്നാണ് മനസിലാകുന്നത്. അത് സംബന്ധിച്ച് സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്നും കുറ്റക്കാരെയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
ധനരാജ് വധക്കേസിലെ 16 പ്രതികളെ വെറുതേ വിട്ട വിഷയത്തിൽ സർക്കാർതന്നെ അപ്പീലിന് പോവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എം.വി. ഗോവിന്ദൻ. നിയമവിദഗ്ധരുമായി ആലോചിച്ച് വിധി പഠിച്ചശേഷം ആവശ്യമായ നിലപാട് ഇക്കാര്യത്തിൽ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ധനരാജ് വധക്കേസിലെ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയതും അവർക്ക് ശിക്ഷ ഉറപ്പായതും ആശ്വാസകരമായ കാര്യമാണെന്ന് പയ്യന്നൂർ എം.എൽ.എ. വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു.
സിപിഎമ്മിൽ മുതിർന്ന നേതാക്കളായ ഇ.പി ജയരാജനുമായി ബന്ധപ്പെട്ട വൈദേഹം റിസോർട് വിവാദവും പി.ജയരാജനെതിരെ ഉയർന്ന ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധവും അന്വേഷിക്കാൻ പാർട്ടി കമ്മീഷനെ നിയമിച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ കെ.എൻ ബാലഗോപാലും ടി.പി രാമകൃഷ്ണനുമാണ് അന്വേഷണ കമ്മീഷൻ അംഗങ്ങൾ.
ശബരിമലയിൽ ദർശനത്തിനെത്തിയ തീർത്ഥാടകുടെ എണ്ണത്തിൽ കുറവെന്നു വിവരം. ഇന്നലെ ദർശനത്തിന് 60,003 തീർത്ഥാടകരാണ് എത്തിയത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് തീർഥാടകരുടെ എണ്ണത്തിൽ കുറവുണ്ടായി. ശനിയാഴ്ച 61677 പേർ ശബരിമലയിൽ ദർശനത്തിന് എത്തിയിരുന്നു. എന്നാൽ രണ്ടേകാൽ ലക്ഷത്തോളം പേർ വിർച്വൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയ്തിരുന്നു.
ശബരിമലവ്രതവുമായി ബന്ധപ്പെട് താടിയും മുടിയും നീട്ടാനുള്ള പോലീസ് ഉദ്യോഗസ്ഥരുടെ അപേക്ഷയുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതിന്റെ അടിസ്ഥാനത്തിൽ പുതിയ സർക്കുലർ പുറത്തിറക്കി. ശബരിമല ദർശനം നടത്തുന്ന തീയതി വ്യക്തമായി അപേക്ഷയിൽ രേഖപ്പെടുത്തണം. പോലീസുകാർക്ക് അവരുടെ ഓഫീസിൽനിന്ന് അനുവദിച്ച് നൽകുന്ന പാസ്പോർട്ട് സന്നിധാനം കൺട്രോൾ റൂമിൽനിന്ന് പതിച്ചുവാങ്ങി തിരികെ ഓഫീസിൽ എത്തിക്കമെന്നും സർക്കുലറിൽ പറയുന്നു.
കാലടി സർവകാലാശാലയിൽ വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കി, അച്ചടക്ക സമിതിയുടെ റിപ്പോർട്ടും റദ്ദാക്കി. സംഭവത്തിൽ യൂണിവേഴ്സിറ്റി പുതിയ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. വിദ്യാർത്ഥികളെ ഇന്ന് തന്നെ ക്യാമ്പസിൽ തിരികെ പ്രവേശിപ്പിക്കണമെന്നും നടപടി പാലിച്ച് പുതിയ അന്വേഷണം സർവകലാശാലയ്ക്ക് നടത്താമെന്നും കോടതി വ്യക്തമാക്കി.
കാലടി സർവ്വകലാശാലയിലെ വിദ്യാർഥികൾക്ക് അനുകൂലമായ വിധി വന്നതോടെ നിരാഹാര സമരമിരിക്കുന്ന വിദ്യാർഥികൾ സമരം അവസാനിപ്പിക്കും. വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിട്ട് 84 ദിവസവും, നിരാഹാര സമരം 22 ദിവസം പിന്നിടുന്ന വേളയിലാണ് അനുകൂല വിധി എത്തിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളോട് മാപ്പ് പറയാൻ സര്‍വകലാശാല എടുത്ത തീരുമാനവും റദ്ദാക്കി.
മൂന്ന് നാല് മാസക്കാലം തങ്ങള്‍ പതിനാറ് പേര് അനുഭവിച്ച കാര്യങ്ങള്‍ക്കൊക്കെ അറുതി വന്നിരിക്കുന്നുവെന്ന് സസ്പെന്ഷന് റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കാലടി സര്‍വകലാശാലയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ പറഞ്ഞു. ജീവിതത്തില്‍ തോറ്റുപോയാലും ആര്‍എസ്എസിനോട് തോല്ക്കാന് സൗകര്യമില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് എഐസിസിക്ക് നൽകിയ പരാതിയെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത. വിഡി സതീശൻ അനുകൂലികൾ ഇത് സർക്കാരിനെതിരെയുള്ള സംഘടിത നീക്കമായി കാണുന്നു. എന്നാൽ മുഖ്യമന്ത്രിക്കെതിരെയല്ല പരാതിപ്പെട്ടതെന്നാണ് എ ഗ്രൂപ്പ് വിശദീകരണം.
മുഖകാന്തി ഓഫര്‍ ചെയ്തുള്ള ഫേസ് ക്രീം ഉപയോഗിച്ചതിന് പിന്നാലെ വൃക്ക രോഗം കണ്ടെത്തിയെന്ന പരാതി വിശദമായി അന്വേഷിക്കാന്‍ ഡ്രഗ്സ് കണ്ട്രോള് വിഭാഗം. കോഴിക്കോട് സീനിയര്‍ ഡ്രഗ്സ് കണ്ട്രോള് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് പരാതിക്കാരിയെ സന്ദര്‍ശിക്കും.
ചിന്നക്കനാലിൽ ഭീതിവിതയ്ക്കുന്ന കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് റേഡിയോ കോളർ ഘടിപ്പിക്കുന്നതിനായുള്ള മിഷൻ ചക്കക്കൊമ്പൻ ദൗത്യത്തിന് തുടക്കമായി. മൂന്നാർ ഡിഡി.എഫ്.ഒ. സാജു വർഗീസിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പിന്റെ പ്രധാന സംഘവും വയനാട്ടിൽനിന്നുള്ള ഇരുപതംഗ പ്രത്യേക ആർ.ആർ.ടി. സംഘവും ദൗത്യത്തിൽ പങ്കാളികളാകുന്നുണ്ട്.
നാദാപുരത്ത് വിവാഹച്ചടങ്ങിനിടെ കൂട്ടത്തല്ല്. പേരോട് നിന്നുള്ള വരനും സംഘവും തൂണേരിയിലെ വധുവിന്റെ വീട്ടിലെത്തിയപ്പോൾ പടക്കം പൊട്ടിച്ചും ബാന്റ്മേളം സംഘടിപ്പിച്ചും ആഘോഷം നടത്തിയതാണ് വാക്കേറ്റത്തിലും സംഘർഷത്തിലും കലാശിച്ചത്. വധുവിന്റെ വീടിന് സമീപം മരണം നടന്ന വീടുള്ളതിനാൽ ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് അവഗണിച്ച് പടക്കം പൊട്ടിക്കുകയായിരുന്നു.
ശൂരനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയായ നിരഞ്ജന്റെ മരണവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിദ്യാർഥികളുടെ പ്രതിഷേധം. കുട്ടി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതർക്കെതിരേ ഗുരുതര ആരോപണങ്ങളുമായി കുടുംബവും രംഗത്തുവന്നിരുന്നു
ചങ്ങമ്പുഴ പാർക്കിന് സമീപം നിയന്ത്രണംവിട്ട ബൈക്ക് നടപ്പാതയിലേക്ക് ഇടിച്ചുകയറി ബൈക്ക് യാത്രക്കാരായ രണ്ടുപേർ മരിച്ചു. കോട്ടയം സ്വദേശി പ്രവീൺകുമാർ തമിഴ്നാട് നീലഗിരി കോത്തഗിരി സ്വദേശി റിബിൻ എന്നിവരാണ് മരിച്ചത്. ബൈക്കിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം.
കീടനാശിനി ഉള്ളിൽച്ചെന്നുള്ള വിഷബാധയേറ്റ് ബംഗാളിൽ ബിജെപി എംഎൽഎ രേഖ പത്ര അതീവ ഗുരുതരാവസ്ഥയിൽ. കൊൽക്കത്തയിലെ സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അവരുടെ ജീവൻ നിലനിർത്തുന്നത്.
രാജ്യത്തെ സൗജന്യ റേഷന്‍ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ 13.2% പേര് അനര്‍ഹരെന്ന് കേന്ദ്രസര്‍ക്കാരിന്റെ പഠന റിപ്പോര്‍ട്ട്. അനര്‍ഹരെ ഒഴിവാക്കാന്‍ കേന്ദ്രം നിര്‍ദേശം നല്കി.ബംഗാളിലാണ് ഏറ്റവും ഉയര്‍ന്ന അനര്‍ഹ ഗുണഭോക്താക്കള്‍.
ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സമാജ്വാദി പാര്‍ട്ടി കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് ഡല്‍ഹിയില്‍ തുടക്കമായി. കോണ്‍ഗ്രസ് എംപി പ്രമോദ് തിവാരിയുടെ വസതിയില്‍ നടക്കുന്ന യോഗത്തില്‍ ഇരു പാര്‍ട്ടികളുടെയും സംസ്ഥാന നേതാക്കളാണ് പങ്കെടുക്കുന്നത്.
സൗദി അറേബ്യയിലെ വിവിധ മേഖലകൾ ലക്ഷ്യമാക്കി ഹൂതി ഭീകരർ തൊടുത്തുവിട്ട രണ്ട് ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും സഖ്യസേനയുടെ വ്യോമപ്രതിരോധ വിഭാഗം വിജയകരമായി തകർത്തു.
ഇന്ത്യ- യുകെ വ്യാപാര കരാറിന് പിന്നാലെ സ്കോച്ച് വിസ്കിയുടെ ഇറക്കുമതി തീരുവയെച്ചൊല്ലി തര്‍ക്കം. ബള്‍ക്ക് സ്കോച്ച് അടങ്ങിയ നിരവധി കണ്ടെയ്നറുകള്‍ ഇന്ത്യന്‍ കസ്റ്റംസ് കഴിഞ്ഞയാഴ്ച്ച തടഞ്ഞുവച്ചിരുന്നു. ഇവയ്ക്ക് 150 ശതമാനം ഇറക്കുമതി തീരുവ ഈടാക്കണമെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.
അമേരിക്കയുടെ നാവിക ഉപരോധം മറികടക്കാൻ ശ്രമിച്ചാൽ ഇറാനിയൻ കപ്പലുകൾ കടലിൽ മുക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഉപരോധം ഭേദിക്കാൻ ഇറാൻ ശ്രമിക്കുമെന്ന റിപ്പോർട്ടുകളോടായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാൻ ഉപരോധം മറികടന്നാൽ ഇറാന്റെ കപ്പലുകളും മറ്റു യുദ്ധക്കപ്പലുകളെപ്പോലെ കടലിന്റെ അടിത്തട്ടിലെത്തുമെന്നായിരുന്നു മുന്നറിയിപ്പ്.
സൂപ്പര്‍ ലീഗ് കേരളയില്‍ കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ തൃശൂര്‍ മാജിക് എഫ് സി സെമിഫൈനല്‍ കാണാതെ പറത്ത്. കാലിക്കറ്റ് എഫ്സിയോടേറ്റ മൂന്ന് ഗോൾ തോൽവിയാണ് ഒരു മത്സരം ശേഷിക്കേ തൃശൂരിന് പുറത്തേക്കുള്ള വഴിതുറന്നത്. കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കാലിക്കറ്റ് എഫ്സിക്കായി മാക്സിമിലിയാനോ, ലിയോ ഡേവിഡ്, ആൻഡ്രൂസ് എന്നിവർ സ്കോർ ചെയ്തു.
സാംസങിന്റെ അടുത്ത തലമുറ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളായ ഗാലക്സി എസ്27 സീരീസ് വിപണിയിലെത്താൻ ഒരുങ്ങുന്നു. ആപ്പിൾ ഐഫോണിലെ ഡൈനാമിക് ഐലൻഡിന് സമാനമായ ഫീച്ചർ, വയർലെസ് ചാർജിങ്ങിനുള്ള ബിൽറ്റ്-ഇൻ മാഗ്നറ്റുകൾ, പുതിയ പ്രോ മോഡൽ എന്നിവയാണ് പ്രധാന ആകർഷണങ്ങളെന്നാണ് സൂചന. ഗാലക്സി എസ്27 സീരീസിൽ ശ്രദ്ധേയമാകാൻ സാധ്യതയുള്ളത് പുതിയ മൊമെന്റ് ഇഫക്ട്സ് ഫീച്ചറാണ്. സാംസങ്ങിന്റെ ലൈവ് നോട്ടിഫിക്കേഷൻ സംവിധാനത്തിന്റെ പരിഷ്കരിച്ച പതിപ്പായിരിക്കും ഇത്. നിലവിൽ വൺ യുഐ 9ൽ സ്ക്രീനിന്റെ മുകൾഭാഗത്ത് ഇടതുവശത്താണ് ലൈവ് നോട്ടിഫിക്കേഷനുകൾ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ പുതിയ സംവിധാനത്തിൽ സെൽഫി ക്യാമറയ്ക്ക് ചുറ്റുമായി സ്ക്രീനിന്റെ മധ്യഭാഗത്ത് തത്സമയ വിവരങ്ങൾ കാണിക്കുമെന്നാണ് സൂചന. നാവിഗേഷൻ, വോയ്സ് റെക്കോർഡിങ് തുടങ്ങിയ പ്രവർത്തനങ്ങൾക്കൊപ്പം കായിക മത്സരങ്ങളിലെ സ്കോറുകളും വിജയവിവരങ്ങളും പ്രദർശിപ്പിക്കാനും ഈ ഫീച്ചർ സഹായിച്ചേക്കും.
സബ് ഇൻസ്പെക്ടറുടെ ഔദ്യോഗിക വേഷത്തിൽ ഒരുകൈയിൽ ബാഗും മറുകൈയിൽ ഹെൽമറ്റുമായി വീട്ടിൽനിന്ന് ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരൻ എസ് ഐ. ടി.എസ്. ലൗലജനായി മോഹൻലാൽ എത്തുന്ന ‘അതിമനോഹരം’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ ശ്രദ്ധനേടുന്നു. ഡിസംബർ 24-ന് ചിത്രം പ്രദർശനത്തിനെത്തും. മീരാ ജാസ്മിനാണ് നായിക. ലാലു അലക്സ്, മുകേഷ്, ജഗദീഷ്, മനോജ് കെ. ജയൻ, ഇർഷാദ് അലി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ. ഇഷ്ക്’, ‘ആലപ്പുഴ ജിംഖാന’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ. ‘തുടരും’ സിനിമയിലെ പ്രധാന സാങ്കേതികപ്രവർത്തകർ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ദിവസവും നല്ല ഉറക്കം കിട്ടാനും ദഹനാരോഗ്യം മെച്ചപ്പെടുത്താനും ഭക്ഷണം കഴിച്ചതിനുശേഷം നടക്കുക, ഭക്ഷണത്തിൽ ആവശ്യത്തിന് നാരുകൾ ഉൾപ്പെടുത്തുക, പതിവായി വ്യായാമം ചെയ്യുക, നല്ല ഉറക്കം ലഭിക്കുക, കൃത്യസമയത്ത് ഭക്ഷണം കഴിക്കുക തുടങ്ങിയ ദൈനംദിന ശീലങ്ങൾ കുടലിന്റെയും ഉപാപചയ പ്രവർത്തനങ്ങളുടെയും ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കും. ദഹനവ്യവസ്ഥയുടെയും ഹൃദയരക്തധമനികളുടെയും ആരോഗ്യത്തിൽ ഡയറ്ററി ഫൈബർ പ്രധാന പങ്ക് വഹിക്കുന്നു. പരിപ്പ് വർഗ്ഗങ്ങൾ, കടല, പച്ചക്കറികൾ, പഴങ്ങൾ, ചിയ വിത്തുകൾ, ഫ്ലാക്സ് സീഡുകൾ, ധാന്യങ്ങൾ, നട്സുകൾ തുടങ്ങിയ ഭക്ഷണങ്ങളിൽ ഇവ സ്വാഭാവികമായി അടങ്ങിയിട്ടുണ്ട്.
ശാരീരിക പ്രവർത്തനങ്ങൾ ഹൃദയ-ശ്വാസകോശ ക്ഷമതയെയും പേശീബലത്തെയും മാത്രമല്ല സ്വാധീനിക്കുന്നത്. ആറാഴ്ചത്തെ എയറോബിക് വ്യായാമം കുടലിലെ സൂക്ഷ്മാണുക്കളുടെ ഘടനയിൽ മാറ്റങ്ങൾ വരുത്തുന്നതായി ഒരു പഠനം കണ്ടെത്തി.
ഇന്നത്തെ സ്വർണവില : ഗ്രാമിന് 11600 രൂപയും, പവന് 92800 രൂപയുമാണ് ഇന്നത്തെ വില.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 92.99, പൗണ്ട് – 121.99, യൂറോ – 102.19, സ്വിസ് ഫ്രാങ്ക് – 110.73, ഓസ്ട്രേലിയന്‍ ഡോളര്‍ – 61.77, ബഹ്റൈന്‍ ദിനാര്‍ – 246.49, കുവൈത്ത് ദിനാര്‍ – 298.53, ഒമാനി റിയാല്‍ – 241.04, സൗദി റിയാല്‍ – 24.71, യു.എ.ഇ ദിര്‍ഹം – 25.24, ഖത്തര്‍ റിയാല്‍ – 25.46.
