കൊച്ചിയിലെ സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ പൊലീസിനെ നിർത്തിപ്പൊരിച്ച് ഹൈക്കോടതി. കാക്കനാട് അപകടത്തിൽ ഇൻഫോപാർക്ക് ജീവനക്കാരി മരിച്ചത് സിസ്റ്റത്തിന്റെ പരാജയമാണെന്ന് കോടതി വിമർശിച്ചു.ഡ്രൈവർമാർ റോഡിലെ ഉടയോന്മാർ അല്ല, കാലന്മാരാണെന്നും കുറ്റപ്പെടുത്തിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ക്രിമിനലുകളെ ജീവനക്കാരാകുന്ന ബസ് ഉടമകൾക്കെതിരെ നടപടി വേണമെന്നും നിർദേശിച്ചു. സ്വകാര്യബസ് ഇടിച്ച് മരിച്ച അക്ഷരയുടെ കുടുംബത്തോട് മാപ്പ് പറയുന്നുവെന്നും കോടതി കൂട്ടിച്ചേർത്തു. .
കേരളത്തിൻ്റെ ഊർജ പ്രതിസന്ധിയിൽ ഇടപെട്ട് പാർലമെൻ്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി.കേന്ദ്ര ഊർജ സെക്രട്ടറിയും സംസ്ഥാന ഊർജ സെക്രട്ടറിയും NTPC ചെയർമാനും ചേർന്ന് ചർച്ച നടത്തണം. കേരളത്തിലെ ഊർജ പ്രതിസന്ധി പരിഹരിക്കാൻ പദ്ധതി തയാറാക്കണം എന്നീ നിർദ്ദേശങ്ങളും കമ്മിറ്റി മുന്നോട്ടുവച്ചതായി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കെ. സി. വേണുഗോപാൽ വാർത്താസമ്മേളനത്തിലറിയിച്ചു.
വൈദ്യുതി കരാറുമായും സംസ്ഥാന സർക്കാരിന്റെ പുതിയ സരൾ നിയമവുമായും ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ. ജി എൻ എ (GNA) വഴി കരാർ ഉണ്ടാക്കിയാൽ വൈദ്യുതി ബോർഡിന് വലിയ അധിക ബാധ്യത ഉണ്ടാകുമെന്നതിനാലാണ് ബോർഡ് അത് വേണ്ടെന്ന് വെച്ചത്. എന്നാൽ ഈ വിഷയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ കർശന നിലപാടെടുക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ഫുട്ബോള്‍ ഇതിഹാസം ലയണൽ മെസ്സിയെയും സംഘത്തെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ നടത്തിയ തട്ടിപ്പില്‍ അന്വേഷണം വീണ്ടും തുടങ്ങി. GST കൊല്ലം ഇന്റലിജൻസ് യൂണിറ്റാണ് നികുതി വെട്ടിപ്പിൽ അന്വേഷണം വീണ്ടും തുടങ്ങിയിരിക്കുന്നത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് GST വകുപ്പ് സമൻസ് അയച്ചു.
മീനങ്ങാടി സ്കൂളിലെ വിനോദ യാത്ര വിവാദത്തെ തുടർന്ന് വിദ്യാർത്ഥികളെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിച്ചതിന് പോക്സോ കേസ് എടുത്ത് സൈബർ പൊലീസ്. മീനങ്ങാടി യുഡിഎഫ് നേതൃത്വം നൽകിയ പരാതിയിലാണ് നടപടി. ഐടി ആക്ടും പോക്സോ വകുപ്പുകളും ചേർത്താണ് കേസെടുത്തത്.
തിരുവനന്തപുരം കോർപ്പറേഷന് മുന്‍ മേയര്‍ ആര്യ രാജേന്ദ്രൻ പ്രവര്‍ത്തന മണ്ഡലം തലസ്ഥാനത്ത് നിന്നും കോഴിക്കോട്ടേക്ക് മാറ്റുന്നു. കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ആര്യ രാജേന്ദ്രൻ പാര്‍ട്ടിയുടെ അനുമതി തേടി.അപേക്ഷയില്‍ സംസ്ഥാന സമിതി തുടർ തീരുമാനം എടുക്കും. പാർട്ടി അനുമതി നൽകിയാൽ ആര്യയുടെ ഭാവി രാഷ്ട്രീയ പ്രവർത്തന കേന്ദ്രം കോഴിക്കോട് ജില്ലയിലായിരിക്കും.
സ്വകാര്യ പ്ലാറ്റ്ഫോമിൽ നിന്ന് വൈദ്യുതി വാങ്ങാനുളള തീരുമാനത്തിൽ, ഏറ്റുമുട്ടി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. വി ഡി സതീശന്റെ നീക്കങ്ങൾ ദുരൂഹമെന്നും വൈദ്യുതി പ്രതിസന്ധി കൃത്രിമമായി സൃഷ്ടിച്ചാണ് ജിഎൻഎ ഇടപാടെന്നും പിണറായി വിജയൻ ആരോപിച്ചു. അഴിമതിക്ക് വഴങ്ങാത്തതുകൊണ്ടാണ് രാജമാണിക്യത്തെ മാറ്റിയതെന്നും കുറ്റപ്പെടുത്തി.
2026-2027 അധ്യയന വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 16-നാണ് ഇരുവിഭാഗങ്ങളിലെയും പരീക്ഷകൾ ആരംഭിക്കുക. എല്ലാ പരീക്ഷകളും രാവിലെ 10.30-ന് തുടങ്ങും.
സംസ്ഥാനത്തെ വീടുകൾക്ക് ഇനിമുതൽ സ്ഥിരമായ നമ്പറുകൾ നൽകുന്ന ഡിജി ഡോർ പദ്ധതി നടപ്പിലാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം ഷാജി. വാർഡ് വിഭജന സമയത്ത് വീട്ടുനമ്പറുകൾ മാറുന്നതുമൂലമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും ദുരന്തനിവാരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും പുതിയ സംവിധാനം സഹായിക്കും.
ശബരിമല തീർത്ഥാടകർക്ക് വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ട് പമ്പയിലെത്താൻ സൗകര്യമൊരുങ്ങുന്നു. 2026–27 മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല തീർത്ഥാടകരുടെ യാത്രാസൗകര്യം വർധിപ്പിക്കുന്നതി ഭാഗമായി തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് കെഎസ്ആർടിസി എസി ബസ് സർവീസുകൾ ആരംഭിക്കും.
എറണാകുളം പെരുമ്പാവൂരിലെ മൂന്ന് വയസുകാരന്റെ മരണത്തില്‍ രണ്ടാനച്ഛനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. കുട്ടിയുടെ തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവരത്തിൽ വ്യക്തമായിരുന്നു. കുട്ടിയുടെ തല ശക്തമായി ഇടിപ്പിച്ചുണ്ടായ മുറിവാണെന്നും കെട്ടിടത്തിൽ നിന്ന് വീണുണ്ടായ മുറിവല്ലെന്നുമാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവരം.
ജമ്മുകശ്മീരിലെ കാര്‍ഗിലില്‍ സൈനീക വാഹനാപകടത്തില്‍ വീരമൃത്യു വരിച്ച കോഴിക്കോട് ചേളന്നൂര്‍ സ്വദേശി എസ്.ആര് അരുണ്‍ രാജിന്റെ ഭൗതിക ശരീരം ഇന്ന് അര്‍ദ്ധ രാത്രിയോടെ നാട്ടിലെത്തിക്കും. ചേളന്നൂര്‍ പെരുംപൊയിലിലെ കാര്‍ത്തിക വീട്ടില്‍ നാളെ രാവിലെ എട്ടുമണിവരെ പൊതുദര്‍ശനം ഉണ്ടാകും. എട്ട് മണിയോടെ വീട്ടുവളപ്പിലാണ് പൂര്‍ണ്ണ സൈനീക ബഹുമതികളോടെ സംസ്കാരം.
മണ്ണ് മാഫിയ ഗുണ്ടാ ബന്ധത്തിൽ നാല് പൊലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണം. ഡിവൈഎസ്പി നന്ദകുമാർ ഉൾപ്പെട്ട സംഘത്തിനെതിരെയാണ് അന്വേഷണം. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്ന് ഡിജിപി ശുപാർശ ചെയ്തിരുന്നു.
കാലിക്കറ്റ് സർവകലാശാല ബോട്ടണി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ബൊട്ടാണിക്കൽ ഗാർഡനെ സംസ്ഥാനത്തെ രണ്ടാമത്തെ ജൈവവൈവിധ്യ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ച് കേരള സർക്കാർ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. സർവകലാശാലയിൽ വിവിധ കാലങ്ങളിൽ സേവനമനുഷ്ഠിച്ച അധ്യാപകരുടെ ദീർഘ വീക്ഷണത്തിന്റെ ഫലമായാണ് ഈ അംഗീകാരം.
എസ്എൻഡിപി മൈക്രോഫിനാൻസ് കേസിൽ സംസ്ഥാന സർക്കാരിനും പിന്നാക്ക ക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കും ഹൈക്കോടതിയുടെ രൂക്ഷവിമർശനം. വിജിലൻസിന്റെ ചുമതലയുള്ള പിന്നാക്ക ക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ‘രാജാവിനേക്കാൾ വലിയ രാജഭക്തി’ കാണിച്ചുവെന്നും ഒരു പൊതുസേവകന്റെ നിർവചനം പോലും അറിയാതെയാണ് പ്രവർത്തിച്ചതെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.
കൊച്ചിയിൽ യുവനടിയും സംഘവും ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി ഡോക്ടറെ ആക്രമിച്ച സംഭവത്തിലെ അറസ്റ്റിന് പിന്നാലെ ഡോക്ടർക്കെതിരെ ബലാത്സംഗ പരാതിയിൽ കേസെടുത്തു. നടിയുടെ അടുത്ത ബന്ധുവിന്റെ പരാതിയിലാണ് കേസ്. ഇൻഫോ പാർക്ക് പൊലീസ് സ്റ്റേഷനിലാണ് പരാതി എത്തിയത്. 41കാരനായ ഡോക്ടർ പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
രാജ്യത്ത് വിൽക്കുന്ന പെട്രോളിൽ ആശങ്കയായി എഥനോൾ സാന്നിധ്യം. കർണാടകത്തിൽ വിൽക്കുന്ന പെട്രോളിൽ എഥനോൾ അളവ് കൂടുതലെന്ന് കണ്ടെത്തൽ. ബെംഗളൂരു ഉൾപ്പെടെ 7 നഗരങ്ങളിൽ പരിശോധന നടത്തി കർണാടക സർക്കാർ.31.2 ശതമാനമാണ് ഇന്ത്യൻ ഓയിൽ പെട്രോളിൽ എഥനോളിന്റെ സാന്നിധ്യം. എച്ച്പിസിഎല്ലിൽ 30.5 ശതമാനവും ബിപിസിഎല്ലിൽ 26.5 ശതമാനവും നയാരയിൽ 26.1 ശതമാനവും ഷെല്ലിൽ 25.5 ശതമാനവും എഥനോൾ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
ആറ് സംസ്ഥാനങ്ങളിൽ എസ്ഐആർ നടപടികളുടെ ഭാഗമായി വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട വോട്ടർമാർക്ക് പേര് ചേർക്കാൻ ഒരവസരം കൂടി നൽകാൻ നിർദേശിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഒഴിവാക്കിയ വോട്ടർമാർക്ക് എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകാൻ ഒരവസരം കൂടി നൽകാനാണ് നിർദേശം.
ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ ആധാറിന് പകരം വോട്ടർമാർക്കുള്ള തിരിച്ചറിയൽ കാർഡ് (ഇലക്ടേഴ്സ് ഫോട്ടോ ഐഡന്റിറ്റി കാർഡ്-ഇപിഐസി) നിർബന്ധമാക്കാനുള്ള … കേന്ദ്ര നീക്കത്തിനെതിരേ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമാണ് ഈ നീക്കമെന്ന് അദ്ദേഹം ആരോപിച്ചു.
പഞ്ചാബിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീപിടിത്തം . അമൃത്സറിൽ നിന്നും പശ്ചിമ ബംഗാളിലെ സിലിഗുരിയിലെ ന്യൂ ജൽപായ്ഗുരി ജംഗ്ഷനിലേക്ക് പോവുകയായിരുന്ന കർമ ഭൂമി എക്സ്പ്രെസ്സിൻറെ നാല് ബോഗികളാണ് കത്തി നശിച്ചത്. അപകടത്തിൽ ആളപായമില്ല, സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് റയിൽവേ ഉത്തരവിട്ടു.
സർക്കാർജീവനക്കാർ പ്രവിലേജ്ഡ് വിഭാഗമാണെന്നും കരാറടിസ്ഥാനത്തിൽ നിയമിച്ചാലേ അവർക്ക് ഉത്തരവാദിത്വം ഉണ്ടാകൂവെന്നും സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി.ബി.നാഗരത്ന. സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത (ഡിഎ) നൽകാത്തതുമായി ബന്ധപ്പെട്ട് പഞ്ചാബ് ചീഫ് സെക്രട്ടറിക്കെതിരെ നൽകിയ കേസിന്റെ വാദത്തിനിടയിലായിരുന്നു ജസ്റ്റിസ് ബി.വി.നാഗരത്നയുടെ പരാമർശം.
സൂപ്പര്‍താരം ജൂഡ് ബെല്ലിംഗ്ഹാമിന്റെ സഹോദരന് ജോബ് ബെല്ലിംഗ്ഹാം ഇംഗ്ലണ്ട് ദേശീയ ടീമില്‍. യുവേഫ നേഷന്‍സ് ലീഗില്‍ ക്രൊയേഷ്യ, സ്പെയിന് ടീമുകളെ നേരിടുന്ന ഇംഗ്ലണ്ട് ടീമിലേക്കാണ് ജോബ് ബെല്ലിംഗ്ഹാമിന് അവസരം ലഭിച്ചത്.
ദേശീയ സീനിയർ വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ കേരളത്തിന് തോൽവി. വിദർഭ ഒൻപത് വിക്കറ്റിനാണ് കേരളത്തെ തോൽപ്പിച്ചത്. തോൽവിയോടെ കേരളം ടൂർണമെന്റിൽ നിന്നും പുറത്തായി.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പരിശീലകനാകാന്‍ ഇല്ലെന്ന് ദിദിയര്‍ ദെഷാംസ്. ഫ്രാന്‍സ് ദേശീയ ടീമിന്റെ മുന്‍ പരിശീലകനായ ദിദിയര്‍ ദെഷാംസുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മാനേജ്മെന്റ് പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ഉത്സവകാലത്ത് മികച്ച വിൽപ്പന നേട്ടവുമായി ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (എച്ച്.എം.എസ്.ഐ). 2026 ഒക്ടോബറിൽ ആഭ്യന്തര വിൽപ്പനയും കയറ്റുമതിയും ഉൾപ്പെടെ 7,34,566 ഇരുചക്ര വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ മാസത്തെ 6,50,596 യൂണിറ്റുകളെ അപേക്ഷിച്ച് 13 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്.
ഇന്ത്യയിലെ കായികപ്രേമികള്‍ക്കും റണ്ണേഴ്സിനും വേണ്ടി പ്രമുഖ ആഗോള ബ്രാന്‍ഡായ നൈകി തങ്ങളുടെ ആദ്യ റണ്ണിംഗ് ഷൂ പുറത്തിറക്കി. ‘വേഗം റണ്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ ഷൂ, മികച്ച കുഷ്യനിംഗും വായുസഞ്ചാരവും ഈടും ഉറപ്പുനല്‍കുന്നു. ഇന്ത്യന്‍ വിപണിയെ ലക്ഷ്യമിട്ട് നൈക്കി വികസിപ്പിച്ച ആദ്യ റണ്ണിങ് ഷൂവാണ് ഇത്. ദൈനംദിന ഉപയോഗത്തിനും ഓട്ടത്തിനുമടക്കം ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇതിന്റെ നിര്‍മ്മാണം. 3,795 രൂപയാണ് ഇതിന്റെ വില.
പ്രീമിയം സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത. ആമസോണിന്റെ ദീപാവലി വിൽപ്പനയിൽ ഐഫോൺ 16, സാംസങ് ഗാലക്സി എസ്25 അൾട്ര, ഫോൾഡബിൾ ഫോണുകൾ തുടങ്ങി നിരവധി മോഡലുകൾക്ക് വൻ വിലക്കുറവ്. ബാങ്ക് ഓഫറുകൾ കൂടി പ്രയോജനപ്പെടുത്തിയാൽ ഐഫോൺ 16ന്റെ വില 70,000 രൂപയിൽ താഴെയെത്തും. ഗാലക്സി എസ്25 അൾട്ര 87,000 രൂപയിൽ താഴെയും സ്വന്തമാക്കാം. വൺപ്ലസ്, ഓപ്പോ, ഐക്യൂഒഒ തുടങ്ങിയ ബ്രാൻഡുകളുടെ ഫോണുകൾക്കും പ്രത്യേക ഓഫറുകളുണ്ട്.
ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പുതിയ തപാൽ സ്റ്റാമ്പ് പുറത്തിറക്കി അമേരിക്കൻ തപാൽ വകുപ്പ്. ഇന്ത്യൻ കലാകാരി ഒരുക്കിയ വർണാഭമായ രംഗോലി ചിത്രമാണ് സ്റ്റാമ്പിന്റെ പ്രധാന ആകർഷണം. ദീപാവലിയെ ആദരിച്ച് അമേരിക്കൻ തപാൽ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കുന്നത് ഇത് രണ്ടാം തവണയാണ്. 2016 -ലായിരുന്നു ആദ്യ സ്റ്റാമ്പ് പുറത്തിറക്കിയത്. അമേരിക്കയിലെ ഇന്ത്യൻ എംബസി ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് പുതിയ സ്റ്റാമ്പിന്റെ ചിത്രം പങ്കുവെച്ചത്. ‘പ്രകാശത്തിന്റെ ഉത്സവം ആഘോഷിക്കാം. ദീപാവലി ആഘോഷിക്കുന്നതിനായി യുഎസ് തപാൽ വകുപ്പ് പുതിയ ഫോറെവർ സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നു’ എന്ന കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവെച്ചത്.
യു.എസ്. ഓഹരി വിപണിയായ വാൾസ്ട്രീറ്റിൽനിന്ന് ഒറ്റദിവസം കൊണ്ട് 2.5 ലക്ഷം കോടി ഡോളർ അപ്രത്യക്ഷമായി. വെള്ളിയാഴ്ച രാവിലത്തെ വ്യാപാരത്തിനിടെ ഏഷ്യൻ വിപണികളിലേക്കും ഭീതി വ്യാപിച്ചു. ടെക്നോളജി ഓഹരികൾക്ക് മുൻതൂക്കമുള്ള നാസ്ദാക്ക് സൂചിക 5.5 ശതമാനമാണ് തകർന്നത്. 18 മാസത്തിനിടയിലെ ഏറ്റവും വലിയ പതനമാണിത്. ഡൗ ജോൺസാകട്ടെ 3.4 ശതമാനം താഴ്ന്നു. എസ് ആന്‍ഡ് പി 4.4 ശതമാനം ഇടിവ് നേരിട്ടു.
ബിഗ് ബജറ്റ് ചിത്രങ്ങളിലൂടെയും വ്യത്യസ്തമായ പ്രമേയങ്ങളിൽ എത്തിയ സിനിമകളിലൂടേയും ശ്രദ്ധേയരായ അവാർഡ് ജേതാക്കളായ സാങ്കേതിക വിദഗ്ധർ ഒന്നിക്കുന്ന പുതിയ മലയാള ചിത്രം ‘ഭൗമ’ റിലീസിന്. പ്രേക്ഷക ശ്രദ്ധ നേടിയ ‘പെൻഡുലം’ എന്ന ചിത്രത്തിന് ശേഷം റെജിൻ എസ്. ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ തന്നെ ശ്രദ്ധേയരായ സാങ്കേതിക പ്രവർത്തകരാണ് ഒന്നിക്കുന്നത്.
ജോജു ജോർജ് രചനയും സംവിധാനവും നിർവഹിച്ച് കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘പരിപാടി’യിലെ നൂറോളം കഥാപാത്രങ്ങളെയും ഓരോന്നായി പ്രേക്ഷകർക്ക് പരിചയപ്പെടുത്താനൊരുങ്ങി അണിയറ പ്രവർത്തകർ. ഇതിന്റെ ഭാഗമായി ചിത്രത്തിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത്. അജയൻ അടാട്ട് അവതരിപ്പിക്കുന്ന സുകു എന്ന കഥാപാത്രത്തെയാണ് ആദ്യമായി പരിചയപ്പെടുത്തിയിരിക്കുന്നത്. ജോജു ജോർജ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ നൂറോളം പുതുമുഖങ്ങൾ ക്യാരക്ടർ റോളുകളിൽ അഭിനയിക്കുന്നു എന്നത് വലിയ പ്രത്യേകതയാണ്. ഡിസംബറിൽ ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും.
ഭക്ഷണത്തിലൂടെയോ സൂര്യപ്രകാശത്തിലൂടെയോ ആവശ്യത്തിന് വിറ്റാമിൻ ഡി ലഭിക്കാത്ത അവസ്ഥ, ചില ആരോഗ്യസ്ഥിതികൾ, ചർമ്മത്തിലെ മെലാനിൻ്റെ (വർണ്ണവസ്തു) അളവ് എന്നിങ്ങനെ വിവിധ ഘടകങ്ങൾ വിറ്റാമിൻ ഡി കുറവുണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിച്ചേക്കാം.വിട്ടുമാറാത്ത ക്ഷീണവും തളർച്ചയും, വിഷാദരോഗം വരിക, അസ്ഥികളുടെ സാന്ദ്രത കുറയുക, മുടി കൊഴിച്ചിൽ അനുഭവപ്പെടുക, ഇടയ്ക്കിടെ രോഗബാധയുണ്ടാവുക, മുറിവുകൾ ഉണങ്ങാൻ സമയമെടുക്കുക, ഐ.ബി.എസ് (IBS) പോലുള്ള ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വരിക, സന്ധിവേദനയും നടുവേദനയും അനുഭവപ്പെടുക, ശരീരഭാരം കൂടുക എന്നിവയെല്ലാം വിറ്റാമിൻ ഡി കുറവിന്റെ ലക്ഷണങ്ങളാണ്.വിറ്റാമിൻ ഡി കുറവ് തടയാനുള്ള ഏറ്റവും നല്ല മാർഗ്ഗം, ഭക്ഷണത്തിലൂടെയോ സൂര്യപ്രകാശമേൽക്കുന്നതിലൂടെയോ ആവശ്യത്തിന് വിറ്റാമിൻ ഡി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ്. എന്നാൽ, സൺസ്ക്രീൻ ഉപയോഗിക്കാതെ ദീർഘനേരം വെയിലത്ത് നിൽക്കുമ്പോൾ ശ്രദ്ധിക്കണം. അമിതമായി സൂര്യപ്രകാശമേൽക്കുന്നത് ത്വക്ക് ക്യാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
വർക്കൗട്ട് ചെയ്യുന്നതിനിടെയും കായിക ഇനങ്ങളിൽ ഏർപ്പെടുന്നതിനിടെയുമൊക്കെ കുഴഞ്ഞുവീണു മരിക്കുന്നവരെക്കുറിച്ചുള്ള വാർത്തകൾ ധാരാളം പുറത്തുവരാറുണ്ട്. പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്ന ഹൃദ്രോഗങ്ങളാണ് അവയ്ക്കു കാരണമാകാറുള്ളത്. നേരിട്ടല്ല ഹൃദയാഘാതത്തിനു കാരണമാകുന്നത്. മറിച്ച് ഹൃദ്രോഗങ്ങൾ തിരിച്ചറിയപ്പെടാതെപോവുകയും ചികിത്സിക്കാതിരിക്കുകയും ചെയ്യുകയും കഠിനമായ വ്യായാമം അപകടസാധ്യത കൂട്ടുകയുമാണ് ചെയ്യുന്നത്. ഹൃദ്രോഗങ്ങൾ, പക്ഷാഘാതം, പ്രമേഹം, അകാലമരണം തുടങ്ങിയവ പ്രതിരോധിക്കുന്നതിൽ വ്യായാമത്തിനു വലിയ പങ്കുണ്ട്. പക്ഷേ വ്യായാമം ചെയ്യുന്നരീതിയിലാണ് ശ്രദ്ധിക്കേണ്ടത്.
