പിഎസ്‌സിക്കെതിരെ വീണ്ടും പരാതി. ഡിവൈഎസ്പി സ്പെഷ്യൽ റിക്രൂട്ട്മെൻറ് നിയമനത്തിൽ ക്രമക്കേട് നടന്നുവെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റി ഫോറം ചെയർമാൻ ആർഎസ് ശശികുമാറാണ് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയത്.
ആസൂത്രണ ബോർഡ് മൂല്യനിർണയത്തിലെ വീഴ്ച സാങ്കേതികം മാത്രമെന്ന് പിഎസ്‍സി ഹൈക്കോടതിയിൽ വ്യക്തമാക്കി. വീഴ്ച പരിഹരിച്ചെന്നും പുനർ മൂല്യനിർണയം നടത്തി പരിഹാര നടപടിയെടുത്തുയെന്നും പി എസ് സി കോടതിയെ അറിയിച്ചു. എന്നാൽ ആവർത്തിച്ചുള്ള പിഴവുകൾ കേൾക്കുന്നുണ്ടല്ലോ എന്ന് കോടതി ചോദിച്ചു.
മന്ത്രി അറിയാതെ പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ഉണ്ടായേക്കും. അപേക്ഷ നല്‍കി 24 മണിക്കൂറുകള്‍ക്കുള്ളില്‍ ആണ് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയത്.
സംഭവത്തില്‍ ലൈസന്‍സ് നല്‍കിയ എറണാകുളം ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ സതീഷ്, കോട്ടയം ഇന്‍- ചാര്‍ജുള്ള പത്തനംതിട്ട ഡിസി ഷിബു പി.എല്‍ എന്നിവർ സസ്പെൻഷനിലാണ്.
ബാർ ലൈസൻസ് പുതുക്കാൻ ഡെപ്യൂട്ടി കമ്മീഷണർക്ക് കഴിഞ്ഞ സർക്കാർ അനുമതി നൽകിയിരുന്നുവെന്നും പുതിയ ബാർ ലൈസൻസിൽ സർക്കാർ നിലപാട് ഹൈക്കോടതി അംഗീകരിച്ചുവെന്നും മന്ത്രി എം ലിജു.
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമവുമായി ബന്ധപ്പെട്ട് ഫെന്നി നൈനാൻ ഉൾപ്പെടെയുള്ളവർ കേസിൽ പ്രതിയാകും. ശ്രീനാദേവി കുഞ്ഞമ്മയെയും കേസിൽ പ്രതിചേർത്തേക്കും. സംഭവത്തെക്കുറിച്ച് ഡിജിപി, പത്തനംതിട്ട എസ്പിയോട് വിശദീകരണം തേടിയിരുന്നു.
കാലടി സർവകലാശാലയിൽ നിന്ന് സസ്പെൻഡ് ചെയ്ത വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിച്ചത് ചോദ്യം ചെയ്ത് വൈസ് ചാൻസലർ സിസ തോമസ് നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിച്ചേക്കും. അതേസമയം, വിസിക്കെതിരെ വിദ്യാർത്ഥികൾ ഇന്ന് കോടതിയലക്ഷ്യ ഹർജി നൽകും.
സമരം കടുപ്പിക്കാൻ എൽപിഎസ് ടി ഉദ്യോഗാർത്ഥികൾ. സമരപ്പന്തലിൽ ഇന്ന് വിവിധ യുവജന രാഷ്ട്രീയ സംഘടനകളെ അണിനിരത്തി പ്രതിഷേധം നടക്കും. ഡിവൈഎഫ്ഐ, യുവമോർച്ച, CJP, AISA തുടങ്ങിയ സംഘടനകൾ സമരത്തിൽ പങ്കുചേരും. SUCI, SDPI തുടങ്ങിയ രാഷ്ട്രീയ പാർട്ടികളും സമരത്തിന്റെ ഭാഗമാകും. KSTA അടക്കമുള്ള അധ്യാപക സംഘടനകളും എത്തുമെന്നാണ് വിവരം
പി പി ദിവ്യക്കെതിരായ അന്വേഷണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ നിന്ന് രേഖകള്‍ പിടിച്ചെടുത്ത് വിജിലന്‍സ്. കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് ലിമിറ്റഡ് കമ്പനി ഏറ്റെടുത്ത് നടത്തിയ പദ്ധതികളുമായി ബന്ധപ്പെട്ട അഞ്ച് ഫയലുകളാണ് പിടിച്ചെടുത്തത്.
ചേരാനല്ലൂര്‍ വാഹനപകടക്കേസില്‍ ജഡ്ജി തെളിവ് നശിപ്പിച്ചെന്ന ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ പരാതി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച്. കുടുംബത്തിന്റെ മൊഴിയെടുത്ത ശേഷം തുടര്‍നടപടിയെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
ചേരാനല്ലൂർ അപകടത്തിൽ അന്വേഷണത്തിന് കുടുംബം തടസ്സം നിൽക്കുന്നതായി പ്രോസിക്യൂഷനും, തങ്ങൾക്ക് പ്രോസിക്യൂഷൻ വിവരങ്ങൾ കൈമാറുന്നില്ലെന്ന് കുടുംബവും പറഞ്ഞു. അന്വേഷണത്തെ സമ്മർദ്ദത്തിൽ ആക്കുന്നത് അനുവദിക്കാൻ ആവില്ലെന്ന് പറഞ്ഞ കോടതി, തുടർവാദം അടച്ചിട്ട മുറിയിലേക്ക് മാറ്റി. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് ജഡ്ജിക്കെതിരെ ബിഎൻസ് 238 കൂടി ചുമത്തി.
വയനാട് മീനങ്ങാടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തെ തുടർന്ന് പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലം മാറ്റിയതിൽ പ്രതിഷേധം. കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് മീനങ്ങാടിയിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടക്കും.
വയനാട് മീനങ്ങാടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തെ തുടർന്ന് പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലം മാറ്റിയതിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. മീനങ്ങാടി സ്കൂളിലെ പ്ലസ്ടു, പ്ലസ് വൺ വിദ്യാർത്ഥികളാണ് പഠിപ്പ് മുടക്കി പ്രതിഷേധിക്കുന്നത്.
സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദിനെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. തൊപ്പിക്കെതിരെ കുറ്റം നിലനിൽക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഐ.ടി നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്.
ദീപാവലി ആഘോഷങ്ങൾ നടക്കാനിരിക്കെ ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായി. തിങ്കളാഴ്ച രാവിലെ നഗരത്തിലെ വായുനിലവാര സൂചിക 349 രേഖപ്പെടുത്തി. നിലവിലെ വായുവിന്റെ ഗുണനിലവാരം ‘വളരെ മോശം’ വിഭാഗത്തിലാണ്.
അറേബ്യൻ ഗൾഫിൽ ഖത്തർ ഗ്യാസ് ട്രാൻസ്‌പോർട്ട് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ‘അൽ മായേദ’ എന്ന ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് ടാങ്കറിന് നേരെണ്ടായ ആക്രമണത്തെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് ശക്തമായ ഭാഷയിൽ അപലപിച്ചു
മുറസു തീവ്ര ചുഴലിക്കാറ്റ് ആയി മാറി. നിലവിൽ ചെന്നൈയിൽ നിന്ന് 260 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. രാത്രി 11:30നും പുലർച്ചെ നാലിനും ഇടയിൽ ചുഴലിക്കാറ്റ് ആന്ധ്രയിൽ കരതൊടും. ഇതോടെ നെല്ലൂർ -നരസാപുരം തീരം അതീവ ജാഗ്രതയിലാണ്.
കർണാടകയിലെ ഒളിക്യാമറ വിവാദത്തിൽ കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിക്ക് കുരുക്ക്. കുമാരസ്വാമിയെയും ചോദ്യം ചെയ്യാനാണ് സിസിബി നീക്കം. അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കുമാരസ്വാമിയുടെ അനുയായിയായ പ്രജ്വൽ പ്രസാദിന് നോട്ടീസ് നൽകി.
ആർഎസ്എസിന്റെ ദേശീയ നിർവാഹക സമിതി യോഗത്തിന് ഇന്ന് മധ്യപ്രദേശിലെ ഇൻഡോറിൽ തുടക്കമാകും. സർസംഘചാലക് മോഹൻ ഭാഗവത് അടക്കം മുതിർന്ന നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.
യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ തങ്ങളുടെ ലഗേജുകൾ കൃത്യമായി പരിശോധിച്ച് നിരോധിത ഭക്ഷ്യവസ്തുക്കളോ മരുന്നുകളോ മറ്റ് നിയന്ത്രിത സാധനങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് യുഎഇയിലെ ഇന്ത്യൻ എംബസിയുടെ ജാഗ്രതാ നിർദേശം.
ഇറാൻ ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി വ്യക്തമാക്കി. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ രാജ്യം നിർമ്മിച്ച് വിജയികരമായി പരീക്ഷിച്ച പുതിയ ആയുധങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
അമേരിക്കയിലെ ഫ്ലോറിഡയിൽ സ്വകാര്യവിമാനം തകർന്ന് ഒമ്പത് പേർ മരിച്ചു. ഓസ്റ്റിനിൽ നിന്ന് ബഹമാസിലേക്ക് പോയ ലിയർജെറ്റ് 60 വിമാനമാണ് അപകടത്തിൽപ്പെട്ടത്. പാം ബീച്ച് കൗണ്ടിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12:50നാണ് സ്വകാര്യ വിമാനം തകർന്നുവീണത്.
ഇസ്രയേൽ തിരഞ്ഞെടുപ്പ് ശരിയായ രീതിയിലാണ് നടന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായി നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി നേരത്തെ ആരോപിച്ചിരുന്നു. ഖത്തറിന്റെയും തുർക്കിയുടെയും ഇടപെടൽ തിരഞ്ഞെടുപ്പിലുണ്ടായോ എന്ന അന്വേഷണം തുടരുന്നതിനിടെയാണ് കമ്മീഷൻ ചെയർമാന്റെ പ്രതികരണം.
അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പ് നാളെ. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും ഭരണനേട്ടങ്ങളും നയങ്ങളും സംബന്ധിച്ചുള്ള ഒരു വിലയിരുത്തലായിരിക്കും ഈ തിരഞ്ഞെടുപ്പ്. യുഎസ് കോണ്‍ഗ്രസിലെ രണ്ട് പ്രധാന സഭകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
സ്വർണ വിലയിൽ നേരിയ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്ന് ഗ്രാമിന് 12,775 രൂപയിലും പവന് 1,02,200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കോമഡി എന്റർടെയ്‌നറുകളിൽ ഒന്നായ ‘കല്യാണരാമൻ’ പുത്തൻ ദൃശ്യ-ശ്രവ്യവിസ്മയങ്ങളോടെ വീണ്ടും തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ 4K അറ്റ്‌മോസ് റീ- റിലീസിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ, പ്രിയതാരം കുഞ്ചാക്കോ ബോബന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ കഥാപാത്രമായ ‘ഉണ്ണി’യുടെ പ്രത്യേക പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
അമൽ നീരദിൻ്റെ ഏറ്റവും പുതിയ ചിത്രം ‘ബാച്ച്‌ലർ പാർട്ടി Deux’- ലെ പുതിയ പോസ്റ്റർ പുറത്ത്. നസ്‌ലൻ അവതരിപ്പിക്കുന്ന സോണി എന്ന കഥാപാത്രത്തിൻ്റെ നെഞ്ചിൽ ചേർന്ന് ഹൻസിക അവതരിപ്പിക്കുന്ന കരോൾ എന്ന കഥാപാത്രം ഇരിക്കുന്ന പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. നവംബർ 19 – നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.
ഷാറുഖ് ഖാൻ്റെ ഏറ്റവും പുതിയ ചിത്രമായ കിങ്ങിലെ ആദ്യ ഗാനം പുറത്ത്. തു മിൽ ജായെ എന്ന ഗാനം ഷാറുഖിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് റിലീസ് ചെയ്തത്. ഷാറുഖും ദീപിക പദുക്കോണുമാണ് ഗാനരംഗത്തിലുള്ളത്. അർജിത് സിങ്ങിനും മധുബന്തി ബാഗ്ചിക്കുമൊപ്പം പോപ്പ് ഗായകൻ എഡ് ഷീരനും ഗാനത്തിലുണ്ട്. ഗാനത്തിലെ ഇംഗ്ലീഷ് റാപ്പ് എഡ് ഷീരന്റേതാണ്.
നാല് മാസമായി കടുത്ത തലവേദനയും കാഴ്ച പ്രശ്നങ്ങളും അനുഭവപ്പെട്ടിരുന്ന 42 -കാരന്‍റെ കണ്ണിനുള്ളിൽ നിന്ന് മുളച്ച വിത്ത് കണ്ടെത്തി. വിത്തിന്‍റെ വേരുകൾ കണ്ണിലെ അതിലോലമായ കോശങ്ങളിലേക്ക് വരെ വളർന്നിരുന്നെന്ന് റിപ്പോർട്ടുകൾ. റഷ്യയിലെ സൈബീരിയ സ്വദേശിയായ മാക്‌സിം സ്ലെപ്‌സോവ് എന്നയാളാണ് ഈ അസാധാരണമായ ആരോഗ്യപ്രശ്നത്തെ തുടർന്ന് ചികിത്സ തേടിയത്.
ഓട്സ് കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ഓട്സിൽ ബീറ്റാ-ഗ്ലൂക്കൻ എന്ന ലയിക്കുന്ന നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഓട്സ് എൽഡിഎൽ അല്ലെങ്കിൽ “മോശം” കൊളസ്ട്രോൾ കുറയ്ക്കുന്നു.
ഓട്സ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ഇതിലെ ലയിക്കുന്ന നാരുകൾ കാർബോഹൈഡ്രേറ്റുകളുടെ ദഹനവും ആഗിരണവും മന്ദഗതിയിലാക്കുന്നു. ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കുന്നവർക്ക് ഓട്സ് ഒരു മികച്ച ഭക്ഷണമാണ്.
ഫോർമുല വണ്ണിൽ ചരിത്രം കുറിച്ച് മെഴ്‌സിഡീസിന്റെ ഇറ്റാലിയൻ ഡ്രൈവർ കിമി ആന്റൊണെല്ലി. ഫോർമുല വൺ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനെന്ന നേട്ടമാണ് ആന്റൊണെല്ലി സ്വന്തമാക്കിയത്. സീസണിൽ നാലു റേസുകൾ ബാക്കി നിൽക്കെയാണ് ആന്റൊണെല്ലി ചാമ്പ്യൻ പട്ടം സ്വന്തമാക്കിയിരിക്കുന്നത്. 20 വർഷവും 68 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് ആന്റൊണെല്ലി ചരിത്രം കുറിച്ചത്.
ഇന്ത്യന്‍ ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും മുന്നേറ്റം. കഴിഞ്ഞ രണ്ട് വ്യാപാര സെഷനുകളിലായി 1,200 പോയിന്റിലേറെ ഉയര്‍ന്ന സെന്‍സെക്‌സ് ഇന്നും കുതിപ്പ് തുടര്‍ന്നു. വ്യാപാരത്തിനിടെ 1,030 പോയിന്റ് ഉയര്‍ന്ന് 75,489.70 വരെ സെന്‍സെക്‌സ് എത്തി.വ്യാപാരത്തിനിടെ എന്‍.എസ്.ഇ 278 പോയിന്റ് ഉയര്‍ന്ന് 23,330.70 വരെയെത്തി.
രാജ്യാന്തര വിപണിയിലെ എണ്ണവിലയിലെ അസ്ഥിരതയ്ക്കും പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കും ഇടയിൽ ഡീസൽ, വിമാന ഇന്ധനം എന്നിവയുടെ കയറ്റുമതിക്കുള്ള വിൻഡ്ഫാൾ ഗെയിൻ നികുതി വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ. അതേസമയം പെട്രോൾ കയറ്റുമതിക്കുള്ള നികുതി പൂർണമായും ഒഴിവാക്കി. ഒക്ടോബർ 31 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്കുകൾ അടുത്ത രണ്ട് ആഴ്ചത്തേക്ക് തുടരുമെന്ന് ധനമന്ത്രാലയം അറിയിച്ചു.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളർ – 94.94, പൗണ്ട് – 127.06, യൂറോ – 106.01, സ്വിസ് ഫ്രാങ്ക് – 114.94, ഓസ്ട്രേലിയൻ ഡോളർ – 66.68, ബഹ്റൈൻ ദിനാർ – 252.51, കുവൈത്ത് ദിനാർ – 305.21, ഒമാനി റിയാൽ – 246.93, സൗദി റിയാൽ – 25.32, യു.എ.ഇ ദിർഹം – 25.85, ഖത്തർ റിയാൽ – 26.08, കനേഡിയൻ ഡോളർ – 67.89.
