പാവയ്ക്ക രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ ചെറിയ തോതില്‍ സഹായിക്കാമെന്ന് ചില ശാസ്ത്രീയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ പാവയ്ക്ക ഒരിക്കലും പ്രമേഹത്തെ നിയന്ത്രിക്കുമെന്നോ മരുന്നിന് പകരമാണെന്നോ തെളിവുകളില്ല. 2024-ലെ ഒരു സിസ്റ്റമാറ്റിക്ക് റിവ്യൂവില്‍ ടൈപ്പ് 2 പ്രമേഹമുള്ള 423 പേരെ ഉള്‍പ്പെടുത്തിയ എട്ട് പഠനങ്ങള്‍ വിലയിരുത്തിയപ്പോള്‍ ഫാസ്റ്റിങ് ഗ്ലൂക്കോസ്, പോസ്റ്റ്-മീല്‍ ഗ്ലൂക്കോസ്, എച്ബിഎ1സി എന്നിവയില്‍ കുറവ് കണ്ടെത്തിയെങ്കിലും കൂടുതല്‍ ഉയര്‍ന്ന നിലവാരത്തിലുള്ള പഠനങ്ങള്‍ ആവശ്യമാണെന്ന് ഗവേഷകര്‍ പറയുന്നു. ധാരാളം പോഷകഗുണമുള്ള ഒരു പച്ചക്കറിയാണ് പാവയ്ക്ക, അവയെ കറിയായോ തോരനായോ മറ്റു പച്ചക്കറികള്‍ക്കൊപ്പം ഭക്ഷണത്തിന്റെ ഭാഗമായോ കഴിക്കുന്നത് സാധാരണ ഭക്ഷണരീതിയാണ്. എന്നാല്‍ ചികിത്സ എന്ന നിലയില്‍ പാവയ്ക്കയുടെ പാവയ്ക്കയുടെ നീര്, സത്ത്, പൊടി, സപ്ലിമെന്റുകള്‍ ഉപയോഗിക്കുന്നത് വ്യത്യസ്തമാണ്. ഇവയില്‍ സജീവ ഘടകങ്ങളുടെ അളവ് സാധാരണ ഭക്ഷണത്തേക്കാള്‍ വ്യത്യസ്തമായിരിക്കാം. പാവയ്ക്കയില്‍ ഫൈബര്‍, വിറ്റാമിന്‍ സി, ഫോളേറ്റ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. സമീകൃത ഭക്ഷണത്തിന്റെ ഭാഗമായി പാവയ്ക്ക ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും ചര്‍മസംരക്ഷണത്തിനുമൊക്കെ നല്ലതാണ്.
പാവയ്ക്ക പ്രമേഹത്തെ നിയന്ത്രിക്കുമോ?
