yt cover 21

ലോകം ഉറ്റുനോക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്നു ഡല്‍ഹിയില്‍ തുടക്കം. റഷ്യ അടക്കമുള്ള രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാര്‍ ഡല്‍ഹിയില്‍ എത്തി. ചൈനീസ് പ്രസിഡന്റ് ഇന്നെത്തും. ഭാരത് മണ്ഡപത്തില്‍ നടക്കുന്ന ഉച്ചകോടി നാളെ സമാപിക്കും. പശ്ചിമേഷ്യന്‍ പ്രതിസന്ധിയുടെ ഭാഗമായി ഉടലെടുത്ത ഹോര്‍മുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു.

പിണറായി വിജയനെതിരേ കേസെടുക്കണമെന്നു നിര്‍ദേശിച്ച എന്‍ഫോഴ്സ്മെന്റിന്റെ റിപ്പോര്‍ട്ടില്‍ കോടതി തള്ളിയ തെളിവുകളേയുള്ളൂവെന്ന് നിരീക്ഷണം. ബാങ്കിടപാടുകളുടെ രേഖകളും മൊഴികളും കോടതി നേരത്തെ തള്ളിയിരുന്നെന്നാണ് അഡ്വക്കറ്റ് ജനറലിന്റെ ഓഫീസിന്റെ പ്രാഥമിക നിരീക്ഷണം. എന്നാല്‍ മുഹമ്മദ് റിയാസിനെതിരേ തെളിവുകളുണ്ടെന്നും പ്രാഥമിക അന്വേഷണം നടത്താന്‍ ശുപാര്‍ശ ചെയ്യാന്‍ സാധ്യതയുണ്ടെന്നുമാണു റിപ്പോര്‍ട്ട്.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ കൈകാര്യം ചെയ്യാന്‍ 12 പേരെ നിയമിച്ച് വര്‍ഷം 84 ലക്ഷം രൂപ ശമ്പളം നല്‍കിയിരുന്നെന്നു മുഖ്യമന്ത്രി വി.ഡി. സതീശന്‍. പിണറായി സര്‍ക്കാര്‍ 787 സ്റ്റാഫംഗങ്ങളെ നിയമിച്ചിരുന്നെന്ന തന്റെ പ്രസ്താവന ശരിയാണെന്നും അവരുടെ പേരും വിലാസവും പുറത്തുവിടാമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍. 500 പേര്‍ പോലും ഇല്ലായിരുന്നെന്ന പിണറായി വിജയന്റെ വാദത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചെക്കു കേസില്‍ തടവിനു ശിക്ഷിക്കപ്പെട്ട പാലാ എംഎല്‍എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കേസിലെ പരാതിക്കാരനായ പ്രവാസി വ്യവസായി ദിനേഷ് മേനോനാണ് ഹര്‍ജി നല്‍കിയത്. ഇക്കാര്യം ആവശ്യപ്പെട്ട് നിയമസഭ സ്പീക്കര്‍ക്കു കത്തു നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും പരാതിക്കാരന്‍ ഹര്‍ജിയില്‍ പറയുന്നു.

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, കെഎസ്ഇബി സിഎംഡി എം.ജി. രാജമാണിക്യം എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തു. സ്ഥലത്തില്ലാത്തതിനാല്‍ യോഗത്തില്‍ വൈദ്യുതി മന്ത്രി പങ്കെടുത്തിരുന്നില്ല.

വൈദ്യുതി പ്രതിസന്ധിക്കു കാരണം പുതിയ സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായ വൈദ്യുതി കരാറിന് സര്‍ക്കാരിന്റെയോ റെഗുലേറ്ററി കമ്മീഷന്റെയോ മുന്‍കൂര്‍ അനുമതി ഉണ്ടായിരുന്നില്ല. കെഎസ്ഇബി ഏകപക്ഷീയമായി ഉണ്ടാക്കിയ കരാറുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളാണ് കരാര്‍ റദ്ദാക്കുന്നതിലേക്ക് നയിച്ചതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

വൈദുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറന്റ് പോയി. എറണാകുളത്ത് കെ.എസ്.ഇ.ബി. ഓഫീസേഴ്സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തിലാണ് സംഭവം. സ്വന്തം വകുപ്പിലെ ജീവനക്കാരുടെ സമ്മേളനത്തില്‍ പ്രസംഗത്തിനിടയില്‍ കറന്റ് പോയതോടെ പ്രസംഗം നിര്‍ത്തി മന്ത്രി മടങ്ങി.

പാലക്കാട് നഗരസഭയില്‍ വന്ദേമാതരം ആലപിക്കുന്നതിനെച്ചൊല്ലി ബഹളം. കൗണ്‍സില്‍ യോഗത്തിനു മുമ്പ് വന്ദേമാതരം പൂര്‍ണമായി സ്പീക്കറിലൂടെ കേള്‍പ്പിച്ചു. ഈ സമയത്ത് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ ഹാളില്‍നിന്നു പുറത്തിറങ്ങി നിന്നു. പിറകേ, വന്ദേമാതര ആലാപനത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പ്രമേയം അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് ബഹളം തുടങ്ങിയത്.

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളെ വയോജന സൗഹൃദമാക്കുന്നതിനായി വയോജന ക്ഷേമ വകുപ്പ് നടപ്പാക്കുന്ന വയോജന സൗഹൃദ ഓഫീസ് സര്‍ട്ടിഫിക്കേഷന്‍ പദ്ധതിക്ക് തുടക്കമായി. രാജ്യത്ത് ആദ്യമായാണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്കായി ഇത്തരമൊരു സമഗ്ര സര്‍ട്ടിഫിക്കേഷന്‍ സംവിധാനം നടപ്പാക്കുന്നത്.

ശബരിമലയിലെയും നിലയ്ക്കലിലെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതില്‍ ദേവസ്വം മരാമത്തിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി. അപ്പം, അരവണ വിതരണത്തില്‍ വീഴ്ചയുണ്ടായാല്‍ സര്‍ക്കാര്‍ കൈയുംകെട്ടി നോക്കിയിരിക്കില്ലെന്ന് ദേവസ്വം മന്ത്രി മുന്നറിയിപ്പു നല്‍കി. മണ്ഡലം മകര വിളക്ക് തീര്‍ഥാടനത്തിന്റെ മുന്നൊരുക്കം വിലയിരുത്താന്‍ ചേര്‍ന്ന വിപുലമായ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. എല്ലാം ഭംഗിയാക്കുമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജയകുമാറിന്റെ മറുപടി.

ക്രിമിനല്‍ കേസുകളിലെ ജാമ്യ, മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ വേഗത്തില്‍ തീരുമാനമെടുക്കുന്നതിനായി പുതിയ സമയപരിധി നിശ്ചയിച്ച് ഹൈക്കോടതി. സാധാരണ ജാമ്യ ഹര്‍ജികള്‍ പരമാവധി രണ്ടാഴ്ചയ്ക്കകം തീര്‍പ്പാക്കണമെന്ന് പ്രധാന നിര്‍ദേശം.

ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് മാറ്റം. ജിഎസ്ടി ഇന്റലിജന്‍സ് ചുമതലയുണ്ടായിരുന്ന മുഹമ്മദ് ഷഫീഖിനെ റവന്യു ജോയിന്റ് സെക്രട്ടറിയാക്കി. തിരുവനന്തപുരം കള്കടര്‍ ആയിരുന്ന അനുകുമാരിയെ ജിഎസ്ടി സ്പെഷ്യല്‍ കമ്മീഷണറാക്കി. ശ്രീറാം വെങ്കിട്ടരാമനെ കൃഷി വകുപ്പില്‍ നിന്ന് വനം വകുപ്പ് ജോയിന്റ് സെക്രട്ടറിയായി നിയമിച്ചു. ദിലീപ് കെ കൈനിക്കരയാണ് പുതിയ ശബരിമല എഡിഎം. തിരുവനന്തപുരം ജില്ല കളക്ടറായി അഞ്ജു കെ എസിനെയും കാസര്‍ഗോഡ് കളക്ടറായി ശ്രീധന്യ സുരേഷിനെയും നിയമിച്ചു. വി ചെല്‍സാസിനിയാണ് വയനാട് കളക്ടര്‍. പുതുതായി രൂപീകരിച്ച വയോജന ക്ഷേമ വകുപ്പ് ഡയറക്ടറായി അരുണ്‍ എസ് നായരും നിയമിതനായി.

കെഎസ്ഇബി ഓഫീസുകളില്‍ വൈകിട്ട് ആറുമണിക്ക് ശേഷം ആവശ്യമല്ലാത്ത ലൈറ്റുകളും ഫാനുകളും ഓഫ് ചെയ്യണമെന്നും എസി ഒഴിവാക്കണമെന്നും എംഡി എംജി രാജമാണിക്യം. വീടുകളിലും വൈകിട്ട് ആറു മുതല്‍ 12 വരെ എസി ഉപയോഗം പരമാവധി ഒഴിവാക്കണം. വൈദ്യുത വാഹന ചാര്‍ജിങ് രാത്രി ഒഴിവാക്കണമെന്നും എംഡി നിര്‍ദേശിച്ചു.

എയര്‍ കേരളയ്ക്ക് റഷ്യയില്‍ നിന്ന് 20 വിമാനങ്ങളെത്തും. മൊത്തം 105 വിമാനങ്ങളുടെ വിതരണത്തിനായി റഷ്യന്‍ കമ്പനി യുണൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പറേഷന്‍ (യുഎഇ) മൂന്ന് ഇന്ത്യന്‍ കമ്പനികളുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചെന്നാണു റിപ്പോര്‍ട്ട്. പ്രവാസി സംരംഭകരായ അഫി അഹ്‌മദ്, ആയുബ് കല്ലട എന്നിവരാണ് എയര്‍ കേരളയുടെ സാരഥികള്‍.

എറണാകുളം വൈറ്റില സില്‍വര്‍ സാന്‍ഡ് ഐലന്റിലെ ചന്ദര്‍ കുഞ്ജ് പാര്‍പ്പിട സമുച്ഛയം പൊളിച്ചുമാറ്റാന്‍ ഹൈക്കോടതി അനുമതി. ടെണ്ടര്‍ നടപടി ചോദ്യം ചെയ്ത് ചെന്നൈ ആസ്ഥാനമായ പി.കെ യുനീക് കമ്പനി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജില്ലാ ഭരണകൂടം തെരഞ്ഞെടുത്ത എഡിഫെയ്സ് കമ്പനിയ്ക്ക് നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ളാറ്റ് പൊളിക്കലുമായി മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കി.

കാലടി സംസ്‌കൃത സര്‍വകലാശാല വിസിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത 17 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

ക്ഷേത്രത്തില്‍നിന്നു ഭക്തന്റെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന മുന്‍ പോലീസുകാരന്‍ അറസ്റ്റില്‍. പയ്യന്നൂര്‍ അന്നൂര്‍ സ്വദേശി വി എം വിപിന്‍കുമാറാണ് അറസ്റ്റിലായത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിനു സമീപത്തെ റാക്കില്‍ തൂക്കിയിട്ട ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നാണ് 27,000 രൂപ വിലവരുന്ന മൊബൈല്‍ മോഷ്ടിച്ചത്. സമാന കേസുകളില്‍ ഉള്‍പ്പെട്ടതിനാലാണ് ഇയാളെ സര്‍വീസില്‍നിന്നു നീക്കം ചെയ്തത്.

കൈകള്‍ ശുദ്ധമാണെന്ന് പിണറായി വിജയന്‍ പറയുന്നതുകൊണ്ട് കാര്യമില്ലെന്നും ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കണമെന്നും കെ. സുധാകരന്‍. കൈകള്‍ ശുദ്ധമാണെങ്കില്‍ അന്വേഷണത്തെ ഭയക്കേണ്ടതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് വിവാഹിതയായി.മാര്‍ട്ടിന്‍ എന്ന പേരു മാത്രം പരാമര്‍ശിച്ചുകൊണ്ട് സ്വപ്നതന്നെയാണ് സാമൂഹ്യമാധ്യമത്തിലൂടെ ഇക്കാര്യം വെളിപെടുത്തിയത്. സ്വപ്നാ സുരേഷിന്റെ മൂന്നാം വിവാഹമാണിത്. 2000-ത്തില്‍ കൃഷ്ണകുമാറുമായിട്ടായിരുന്നു ആദ്യ വിവാഹം. ഈ ബന്ധം 2008-ല്‍ അവസാനിച്ചു. പിന്നീട്
2011ല്‍ ജയശങ്കര്‍ എന്നയാളെ വിവാഹം ചെയ്തിരുന്നു.

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരന്‍ നായര്‍ അന്തരിച്ചു. 89 വയസായിരുന്നു. നാളെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ കോതമംഗലം തറവാട്ടില്‍ പൊതുദര്‍ശനത്തിനുശേഷം നാലിന് സംസ്‌കാരം.

അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള ഇരട്ട കുട്ടികള്‍ മരിച്ചു. വലിയകാട്ടില്‍ അഫ്സല്‍ – സാന്ദ്ര ദമ്പതികളുടെ കുട്ടികളായ ഇഹാന്‍, റിഹാന്‍ എന്നിവരാണ് മരിച്ചത്. പെയിന്റിന് ചേര്‍ക്കുന്ന തിന്നര്‍ കുടിച്ചെന്നാണ് പിതാവ് അഫ്‌സല്‍ പൊലീസിനോട് പറഞ്ഞത്. മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്തു.

കസ്റ്റഡിയിലെടുത്ത പ്രതിയെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് പോത്തന്‍കോട് പൊലീസ് സ്റ്റേഷനില്‍ 15 വയസുകാരിയുടെ പരാക്രമം. എസ്ഐ ഉള്‍പ്പടെയുള്ള ജീവനക്കാരുടെ മുഖത്തടിച്ചും കല്ലെറിഞ്ഞും പെണ്‍കുട്ടി പൊലീസുകാരെ വട്ടം കറക്കി. ഒടുവില്‍ രക്ഷിതാക്കളെ വിളിച്ചുവരുത്തി പെണ്‍കുട്ടിയെ മാനസിക ആരോഗ്യ കേന്ദ്രത്തിലാക്കി. പോലീസ് പിടികൂടിയ റൗഡിയായ 28കാരനെ മോചിപ്പിക്കണമെന്നായിരുന്നു പെണ്‍കുട്ടിയുടെ ആവശ്യം.

തണ്ണീര്‍മുക്കം വെറിങ്ങന്‍ചുവട് സ്വദേശി സന്തോഷിനെ (53) സ്വന്തം വീട്ടില്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഒളിവിലുള്ള അയല്‍വാസി ഐറിഷ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. മൃതദേഹം കണ്ടെത്തുന്നതിന് മുന്‍പുതന്നെ സ്വന്തം കാറില്‍ സംസ്ഥാനം വിട്ടെന്ന് കരുതുന്ന ഇയാളെ പിടികൂടാന്‍ ആറു ദിവസം പിന്നിട്ടിട്ടും പൊലീസിന് കഴിഞ്ഞിട്ടില്ല.

സൈബര്‍ ആക്രമണങ്ങളും വ്യക്തിഹത്യകളും പെരുകിവരുന്ന സാഹചര്യത്തില്‍ സമൂഹവും ഭരണകൂടവും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കെ.സി.ബി.സി. വസ്തുതകള്‍ വളച്ചൊടിച്ചും വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചും സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന സംഘടിത വേട്ടകള്‍ നിരവധി ആത്മഹത്യകള്‍ക്കും കുടുംബബന്ധങ്ങളുടെ തകര്‍ച്ചയ്ക്കും കാരണമാകുന്നതായി കമ്മീഷന്‍ ചൂണ്ടികാട്ടി.

മൈ പൊലീസ് സ്റ്റേഷനെക്കുറിച്ചുള്ള എഡിജിപിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതിരുന്ന കൊല്ലം കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് മെമ്മോ. എഡിജിപി പി വിജയന്റെ മിന്നല്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് നടപടി.

സമസ്തയിലെ വിഭാഗീയതയില്‍ ഉമര്‍ ഫൈസിക്കെതിരായ നീക്കം ശക്തമാക്കി എതിര്‍ ചേരി. ഉമര്‍ ഫൈസിയെ സമസ്ത മുശാവറയില്‍ നിന്നും പുറത്താക്കണം എന്നാണ് ലീഗ് അനുകൂലികള്‍ ആവശ്യപ്പെടുന്നത്.

ആലപ്പുഴ നഗരത്തിലെ ഗവ. ഗേള്‍സ് എച്ച്എസ്എസിന്റെ വളപ്പില്‍നിന്ന് 15 പൈപ്പ് ടാപ്പുകള്‍ മോഷണം പോയി. ഇന്നലെ പുലര്‍ച്ചയാണ് മോഷണം നടന്നതെന്ന് കരുതുന്നു. നഷ്ടപ്പെട്ട ടാപ്പുകളെല്ലാം പിച്ചള നിര്‍മിതമാണ്.ആലപ്പുഴ സൗത്ത് പൊലീസില്‍ പരാതി നല്‍കിയെന്ന് പിടിഎ പ്രസിഡന്റ് അഫ്സല്‍ പറഞ്ഞു.

യുഡിഎഫ് സര്‍ക്കാര്‍ എസ്എഫ്ഐ വേട്ട നടത്തുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ആരോപിച്ചു. കോളേജുകളിലും മറ്റും തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ എസ്എഫ്ഐ നേതാക്കളെ മാത്രം തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്തു വിലങ്ങ് അണിയിച്ച് കോടതിയില്‍ കൊണ്ടുപോകുകയാണെന്നും സഞ്ജീവ്.

കെഎസ്ആര്‍ടിസി ബസിലെ വനിതാ കണ്ടക്ടര്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ തമിഴ്നാട് സ്വദേശി പിടിയില്‍. കൊല്ലം -കുളത്തൂപ്പുഴ റൂട്ടിലോടുന്ന ബസില്‍ അതിക്രമം കാണിച്ച തമിഴ്നാട്കുളച്ചല്‍ സ്വദേശി സെല്‍ഡണ്‍ പനീര്‍സെല്‍വം ആണ് പിടിയിലായത്.

ഓസ്ട്രേലിയയിലും ലണ്ടനിലും ജോലി വാഗ്ദാനം ചെയ്ത് വിഴിഞ്ഞം സ്വദേശികളില്‍ നിന്നും നിന്നും 21 ലക്ഷം തട്ടിയെടുത്തതായി പരാതി. കോട്ടപ്പുറം സ്വദേശി അജിതയുടെ പരാതിയില്‍ കൊണ്ടോട്ടിയില്‍ പ്ലാനറ്റ് ആന്‍ഡ് ടൂര്‍സ് എന്ന സ്ഥാപനം നടത്തുന്ന ഷഫ്ന, ജീവനക്കാരന്‍ ഷഫീക്ക് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി ജില്ലയില്‍ അധ്യാപകന്റെ ലൈംഗികാതിക്രമത്തെത്തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. പ്രതിയായ ജഗദീശനെ പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ജഗദീശന്‍ സ്‌കൂളില്‍വച്ച് തന്നെ മോശമായി സ്പര്‍ശിച്ചുവെന്ന് പെണ്‍കുട്ടി പരാതിപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.

ഡല്‍ഹിയില്‍ ഇന്ന് ആരംഭിക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കു മുന്നോടിയായി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. റഷ്യന്‍ പ്രസിഡന്റിന് തിരുവള്ളുവര്‍ രചിച്ച തിരുക്കുറലിന്റെ റഷ്യന്‍ പരിഭാഷ പ്രധാനമന്ത്രി മോദി സമ്മാനിച്ചു. റഷ്യ – യുക്രെയ്ന്‍ സംഘര്‍ഷം പരിഹരിക്കാനുള്ള സാധ്യത കൂടിക്കാഴ്ചയില്‍ ഇരുനേതാക്കളും വിലയിരുത്തി. ഇന്ത്യ-റഷ്യ ഉഭയകക്ഷി വ്യാപാരം 2030-ല്‍ 10 ലക്ഷം കോടിയിലേക്ക് ഉയര്‍ത്താനും ധാരണയായി.

ബ്രിക്‌സ് ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും. പരിഹാരം കാണാന്‍ ‘ചര്‍ച്ചകളും നയതന്ത്രവുമാണ്’ ഏക വഴിയെന്ന് ഇന്ത്യ വ്യക്തമാക്കി. കടല്‍മാര്‍ഗ്ഗമുള്ള ചരക്കുനീക്കത്തില്‍ കപ്പല്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മോദി നിര്‍ദേശിച്ചു.

ഇന്ത്യയും ചൈനയും നല്ല അയല്‍ക്കാരും സുഹൃത്തുക്കളും ആവണമെന്നാണ് ആഗ്രഹമെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ഷു ഫെയിഹോങ്. തന്ത്രപ്രധാന ദീര്‍ഘകാല വീക്ഷണത്തോടെയുള്ള സഹകരണം ആഗ്രഹിക്കുന്നു. പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്നു ഡല്‍ഹിയില്‍ എത്താനിരിക്കെയാണ് ചൈനീസ് അംബാസഡറുടെ പ്രസ്താവന.

കേരളമടക്കം തെക്കന്‍ സംസ്ഥാനങ്ങളില്‍ സംഘടനാ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി കോക്ക്റോച്ച് ജനതാ പാര്‍ട്ടി സൗത്ത് സോണ്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചു. തെലങ്കാനയിലെ ഹൈദരാബാദിലാണ് പാര്‍ട്ടി പുതിയ ഭാരവാഹികളുടെ പട്ടിക പുറത്തുവിട്ടത്. കേരളത്തില്‍ നിന്നുള്ള പ്രതിനിധികളായി നിതിന്‍ നോബിള്‍, ഫിറോസ് ഖാന്‍, ഇഷ മറിയം ഹാരിസ്, സനൂപ് ദേവ് എന്നിവരെ നിയമിച്ചു. കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ലക്ഷദ്വീപ്, ആന്തമാന്‍ & നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലും പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂരില്‍ മോശം മൊബൈല്‍ നെറ്റ്വര്‍ക്ക് സേവനത്തില്‍ പ്രതിഷേധിച്ച് ടെക്നീഷ്യനെ നാട്ടുകാര്‍ മൊബൈല്‍ ടവറില്‍ കെട്ടിയിട്ടു. ഫത്തേപ്പൂരിലെ ബിന്ദ്കി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഹര്‍ദൗലി ഗ്രാമത്തിലാണ് വ്യാഴാഴ്ച സംഭവം നടന്നത്. ടെക്നീഷ്യനെ കെട്ടിയിട്ട വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

രാജസ്ഥാനിലെ ജയ്പൂരില്‍ ഭാര്യയെയും മക്കളെയും തലക്കടിച്ച് കൊന്നു. ജയ്പൂരിലെ ഗോവിന്ദ്പുരയിലാണ് സംഭവം. തറയോടും കോണ്‍ക്രീറ്റ് കട്ടകളും ഉപയോഗിച്ച് ഉറങ്ങിക്കിടക്കുകയായിരുന്നു ഭാര്യയെയും, 3 മക്കളെയും തലക്കടിച്ച് കൊല്ലുകയായിരുന്നു കൊലപാതകത്തിന് ശേഷം ഒളിവില്‍പോയ പ്രതി രാഹുല്‍ധാക്ക് വേണ്ടി പോലീസ് അന്വേഷണം തുടങ്ങി.

ബ്രിക്‌സ് ബിസിനസ് ഫോറത്തില്‍ വേദി പങ്കിട്ട് ലോക നേതാക്കള്‍. സമ്മേളന വേദിയിലേക്ക് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച് ആനയിച്ചു. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുമ്പോഴും സഹകരണം ശക്തമാക്കേണ്ടതിന്റെ ആവശ്യകത ഇറാന്റെയും റഷ്യയുടെയും ഇന്ത്യയുടെയും നേതാക്കള്‍ തങ്ങളുടെ പ്രസംഗങ്ങളില്‍ ഊന്നിപ്പറഞ്ഞു.

സെക്കന്തരാബാദില്‍ കരസേനയുടെ മദ്രാസ് റെജിമെന്റിന്റെ ക്യാമ്പില്‍നിന്ന് ആയുധങ്ങള്‍ മോഷണം പോയ സംഭവത്തില്‍ മുന്‍ സൈനികന്‍ അറസ്റ്റില്‍. മുന്‍ ഹവില്‍ദാര്‍ ഉപ്പുതൊള്ള മല്ലേഷിനെ ആണ് തെലങ്കാന പൊലീസ് പിടികൂടിയത്. മോഷണത്തിന് സഹായിച്ച രണ്ടുപേര്‍ കൂടി കസ്റ്റഡിയിലായി. മോഷണം പോയ മുഴുവന്‍ ആയുധങ്ങളും ഹൈദരാബാദില്‍നിന്ന് കണ്ടെത്തി.

ഗുജറാത്തിലെ കണ്ട്ല തീരത്ത് രണ്ട് ചരക്കുകപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം. എം വി കെ മാക്സ് എംപറര്‍ എന്ന ചരക്കുകപ്പലില്‍ എം വി ട്രൂ മറൈനര്‍ എന്ന കപ്പല്‍ ഇടിക്കുകയായിരുന്നു. തകര്‍ന്ന എം വി കെ മാക്സ് എംപററില്‍ വെള്ളം കയറി. കപ്പലിലുണ്ടായിരുന്ന 21 പേരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.

കര്‍ണാടക മന്ത്രി സതീഷ് ജാര്‍ക്കിഹോളിക്കെതിരെ ഗുരുതര സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പൊതുമരാമത്ത് വകുപ്പില്‍ കരാറുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയെന്നും ഈ തുക വിദേശത്തേക്ക് കടത്തിയെന്നുമാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍.

ലക്ഷദ്വീപില്‍ ഉപരാഷ്ട്രപതി പങ്കെടുത്ത പരിപാടിയിലേക്കു ക്ഷണിക്കാത്തതില്‍ ലക്ഷദ്വീപ് എംപി എം ഹംദുള്ള സയീദ് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് പരാതി നല്‍കി. ഓഗസ്റ്റ് 31-ന് അഗത്തിയില്‍ നടന്ന ഉപരാഷ്ട്രപതിയുടെ പരിപാടിക്ക് തന്നെ ക്ഷണിക്കുകയോ, പരിപാടിയെക്കുറിച്ച് മുന്‍കൂട്ടി അറിയിക്കുകയോ ചെയ്തില്ലെന്നാണ് എംപിയുടെ പരാതി.

ചെങ്കടലില്‍ ഹൂതി ആക്രമണം രൂക്ഷം. യെമന്‍ ചെങ്കടല്‍ നിയന്ത്രണം പിടിച്ചെടുത്തു. ഇതിനിടെ ഗള്‍ഫ് രാജ്യങ്ങളുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍.

പാകിസ്താനെ തോല്‍പ്പിച്ച ശ്രീലങ്കന്‍ വനിതകള്‍ ഏഷ്യാ കപ്പ് ഫൈനലില്‍. 131 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ എട്ട് പന്ത് ശേഷിക്കെ വിജയതീരത്തെത്തി. നാളെ നടക്കുന്ന ഫൈനലില്‍ ശ്രീലങ്ക ഇന്ത്യയെ നേരിടും.

ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാന്‍ ഒരുങ്ങുന്ന ജിയാനി ഇന്‍ഫാന്റിനോയെ പിന്തുണയ്ക്കില്ലെന്ന് ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍. ഇതോടെ യൂറോപ്യന്‍ ഫുട്ബോള്‍ ഭരണസമിതിയായ യുവേഫയില്‍ ഇന്‍ഫാന്റിനോയ്ക്കുള്ള പിന്തുണ ദുര്‍ബലമായി.

ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ 15 മുതല്‍ 20 ശതമാനം വരെ ഓഹരികള്‍ സ്വന്തമാക്കാന്‍ മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണി ശ്രമിച്ചുവെന്ന വാര്‍ത്തകള്‍ തള്ളി സിഎസ്‌കെ ടീം മാനേജ്‌മെന്റ്. എന്നാല്‍, ഫ്രാഞ്ചൈസിയില്‍ ചെറിയൊരു ശതമാനം ഓഹരി നിലവില്‍ ധോണിയുടെ പക്കലുണ്ടെന്ന് സിഎസ്‌കെ വ്യക്തമാക്കി.

കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് കമ്പനിയുടെ ആകെ ഓര്‍ഡര്‍ ബുക്ക് മൂല്യം 21,900 കോടി രൂപ കടന്നു. മുന്‍ വര്‍ഷം ഇത് 21,100 കോടി രൂപയയായിരുന്നു. ആകെ ലഭിച്ച 21,900 കോടി രൂപയുടെ ഓര്‍ഡറുകളില്‍ 20,700 കോടി രൂപയും ഷിപ്പ് ബില്‍ഡിംഗ് രംഗത്തു നിന്നാണെന്ന് കമ്പനിയുടെ പുതിയ ഇന്‍വെസ്റ്റര്‍ പ്രസന്റേഷന്‍ സൂചിപ്പിക്കുന്നു. 78 കപ്പലുകളുടെ നിര്‍മ്മാണമാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഏറ്റെടുത്തിരിക്കുന്നത്. ഷിപ്പ് റിപ്പയറിംഗ് വിഭാഗത്തില്‍ 1,200 കോടി രൂപയുടെ ഓര്‍ഡറുകളുമുണ്ട്. പ്രതിരോധ മേഖലയില്‍ നിന്നാണ് വലിയ പങ്കും ലഭിച്ചിരിക്കുന്നത്. 11 കപ്പലുകള്‍ക്കായി 11,900 കോടി രൂപയുടെ ഓര്‍ഡറുകളുണ്ട്. ഇതിനുപുറമെ ഇന്ത്യന്‍ നേവിക്ക് വേണ്ടി 5 നെക്സ്റ്റ് ജനറേഷന്‍ സര്‍വേ വെസ്സലുകള്‍ നിര്‍മ്മിക്കാനുള്ള 5,000 കോടിയോളം രൂപയുടെ എല്‍-1 കരാറിലും കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഇനി കടകളില്‍ യുപിഐ ഇടപാടുകള്‍ക്ക് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യേണ്ടതില്ല. പകരം പിഒഎസ് മെഷീനിലൊന്ന് മുട്ടിച്ചാല്‍ മതി. യുപിഐയുടെ പുതിയ ടാപ് ആന്റ് പേ സംവിധാനം അവതരിപ്പിച്ചു. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സൗകര്യമുള്ള ഫോണുകളില്‍ വൈകാതെ ഇത് ലഭ്യമാകും. പിഒഎസ് മെഷീനില്‍ തുക ടൈപ്പ് ചെയ്ത ശേഷം ഫോണ്‍ അണ്‍ലോക് ചെയ്ത് അതിലൊന്ന് മുട്ടിച്ചാല്‍ മതി. ഫോണില്‍ ഇന്റര്‍നെറ്റ് ഓഫ് ആണെങ്കിലും ഈ സംവിധാനം പ്രവര്‍ത്തിക്കും. ആയിരക്കണക്കിനാളുകള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് കവറേജ് പ്രശ്‌നമായാലും പേയ്‌മെന്റ് നടത്താമെന്നതാണ് മെച്ചം. പിഒഎസ് മെഷീനിലെ ഇന്റര്‍നെറ്റ് സൗകര്യമാണ് ഇതിന് ഉപയോഗിക്കുക. 5000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് യുപിഐ പിന്‍ വേണ്ട എന്ന പ്രയോജനവും ഉണ്ട്. അതില്‍ കൂടുതലുള്ള തുകയ്ക്ക് പിഒഎസ് മെഷീനില്‍ യുപിഐ പിന്‍ ടൈപ്പ് ചെയ്യണം.

‘പന്ത്രണ്ട്’, ‘ലോനപ്പന്റെ മാമ്മോദീസാ’ എന്നീ ചിത്രങ്ങളുടെ എഴുത്തുകാരനും സംവിധായകനുമായ ലിയോ തദ്ദേവൂസിന്റെ പുതിയ ചിത്രം ‘ചെവിട്ടോര്‍മ്മ’യുടെ ട്രെയ്‌ലര്‍ പുറത്ത്. ഒക്ടോബറില്‍ നടക്കുന്ന കൊറിയയിലെ ബുസാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് ചിത്രം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വിന്‍ഡോ റ്റു ഏഷ്യന്‍ സിനിമ എന്ന വിഭാഗത്തിലാണ് ചിത്രം അവിടെ പ്രദര്‍ശിപ്പിക്കുക. ദിലീഷ് പോത്തനും പൗളി വത്സനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധ നേടിയ എഡിറ്റര്‍ കാര്‍ലോ ഫ്രാന്‍സിസ്‌കോ മനടാഡ് (ഫ്രാന്‍സ്), സംഗീത സംവിധായകന്‍ മിലാദ് മോവഹെദി (ഇറാന്‍) തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജീവിതത്തിന്റെ അവസാന നിമിഷങ്ങളില്‍ മരണകിടക്കയില്‍ കിടക്കുന്നവര്‍ക്ക് അന്ത്യപ്രാര്‍ത്ഥനകള്‍ ചൊല്ലി അവരെ എല്ലാ കെട്ടുപാടുകളില്‍ നിന്നും വിടുവിച്ച് ഒരു സമാധാന മരണത്തിന് സഹായിക്കുന്ന ത്രേസ്യയും പ്രമാണിയായ പ്രമാണിയായ പായമ്മല്‍ വര്‍ക്കിച്ചനും തമ്മിലുള്ള കൂടിക്കാഴ്ചയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

പ്രശസ്ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ലോ ആന്‍ഡ് ഓര്‍ഡര്‍’ എന്ന ചിത്രത്തിലൂടെ അഞ്ച് പുതിയ അഭിനേതാക്കളെക്കൂടി മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നു. എസ്ഐ ടെസ്റ്റ് കഴിഞ്ഞ് ഡ്യൂട്ടിയില്‍ പ്രവേശിക്കുന്ന അഞ്ച് പൊലീസ് ഉദ്യോഗസ്ഥരുടെയും അവരുടെ സീനിയറായ ഒരു ഉദ്യോഗസ്ഥന്റേയും ഔദ്യോഗിക ജീവിതത്തിലൂടെയാണ് ലോ ആന്‍ഡ് ഓര്‍ഡര്‍ എന്ന ഈ ചിത്രത്തിന്റെ കഥ പറയുന്നത്. സീനിയര്‍ പൊലീസ് ഓഫീസറെ പ്രകാശ് വര്‍മ്മയാണ് അവതരിപ്പിക്കുന്നത്. അരുണ്‍ അയ്യപ്പന്‍, ഫിറോസ് എം കെ, ബിജു കുര്യന്‍, സെബാസ്റ്റ്യന്‍ പോള്‍, ബെന്നി വര്‍ഗീസ് എന്നീ കഥാപാത്രങ്ങളെയാണ് ഇവര്‍ പ്രതിനിധാനം ചെയ്യുന്നത്. ഋതുദേവ് അയ്യപ്പന്‍, ഷനൂദ് ഇബ്രാഹിം, ഡോണ്‍ മൈക്കിള്‍, നിജാദ് ബാബു തോമസ്, സജല്‍ സുദര്‍ശനന്‍ അവതരിപ്പിക്കുന്നു. ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ സജീവ സാന്നിദ്ധ്യവുമുണ്ട്. രഞ്ജിത്തിന്റെ ബ്ലാക്ക് എന്ന ചിത്രത്തിലെ കാരിക്കാമുറി ഷണ്മുഖനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നാണ് വിവരം. അഭിരാമിയും സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ബിഗൗസ് ഇന്ത്യയില്‍ സി12 മാക്‌സ്ആര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി. 1.46 ലക്ഷം രൂപയാണ് പ്രാരംഭ എക്‌സ്-ഷോറൂം വില. പിഎം ഇ-ഡ്രൈവ് ഇന്‍സെന്റീവ് കൂടിയായാല്‍ വാഹനത്തിന്റെ 1.55 ലക്ഷം രൂപ വിലവരും. ഷാംപെയ്ന്‍ ഗോള്‍ഡുള്ള സ്പാര്‍ക്ലിങ് വൈന്‍, ഷാംപെയ്ന്‍ ഗോള്‍ഡുള്ള ടെറ ഗ്രീന്‍, പേള്‍ വൈറ്റ്, സാറ്റിന്‍ ബ്ലാക്ക് എന്നീ നിറങ്ങളില്‍ വാഹനം ലഭ്യമാണ്. ഐപി67 റേറ്റിങ്ങുള്ള 3.8 കിലോവാട്ട്അവര്‍ എല്‍എഫ്പി ബാറ്ററിയും 178 കിലോമീറ്റര്‍ ഐഡിസി-സര്‍ട്ടിഫൈഡ് റേഞ്ചുമാണ് സി12 മാക്‌സ്ആര്‍ ന് ലഭിക്കുക. ബിഗൗസിന്റെ പുതിയ ഹൈപ്പര്‍സെന്‍ ഇന്‍-വീല്‍ മോട്ടോറാണ് വാഹനത്തില്‍ വരുന്നത്. 4.2 കിലോവാട്ട് പീക്ക് പവര്‍ ഉത്പാദിപ്പിക്കുകയും 75 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയും ലഭിക്കും. റിവേഴ്‌സ് മോഡ്, ക്രൂയിസ് കണ്‍ട്രോള്‍, റീജനറേറ്റീവ് ബ്രേക്കിങ് എന്നിവയ്ക്കൊപ്പം ഇക്കോ, റൈഡ്, സ്പോര്‍ട് മോഡുകളും ഉണ്ട്.

‘ഓര്‍മ്മകളും യാത്രകളും’ ഒരു വ്യക്തിയുടെ ജീവിതയാത്ര മാത്രമല്ല; കുട്ടനാടിന്റെ മണ്ണില്‍നിന്ന് ഉയര്‍ന്നുവന്ന ഒരു സ്ത്രീയുടെ സാമൂഹികബോധത്തിന്റെ യാത്രയാണ്. ഒരു കുടുംബത്തിന്റെ ഓര്‍മ്മകളില്‍നിന്ന് ഒരു ജനതയുടെ അനുഭവങ്ങളിലേക്കുള്ള യാത്രയാണ്, സ്വകാര്യജീവിതത്തില്‍നിന്ന് പൊതുജീവിതത്തിലേക്കുള്ള യാത്രയാണ്, ഏറ്റവും പ്രധാനമായി മനുഷ്യനില്‍നിന്ന് മനുഷ്യനിലേക്കുള്ള യാത്രയാണ്. ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ സത്യസന്ധതയാണ്. ജീവിതത്തെ മഹത്ത്വവത്കരിക്കാനോ സംഭവങ്ങളെ നാടകീയമാക്കാനോ എഴുത്തുകാരി ശ്രമിക്കുന്നില്ല. പകരം, കണ്ടതും കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങളെ ഒരു സാധാരണമനുഷ്യന്റെ ഹൃദയസ്പര്‍ശിയായ ഭാഷയില്‍ വായനക്കാരുമായി പങ്കുവെക്കുകയാണ് ചെയ്യുന്നത്. ഷാനിമോള്‍ ഉസ്മാന്റെ ആദ്യപുസ്തകം. ‘ഓര്‍മ്മകളും യാത്രകളും’. മാതൃഭൂമി. വില 153 രൂപ.

എല്‍നിനോ പ്രതിഭാസം ഇന്ത്യയില്‍ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ദക്ഷിണേഷ്യയില്‍ മഴയുടെ രീതിയിലും താപനിലയിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ ഡെങ്കിപ്പനി പോലുള്ള കൊതുകുജന്യ രോഗങ്ങളുടെ വ്യാപനത്തിനും അമിതചൂട് മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും സാഹചര്യമൊരുക്കുമെന്ന് ഡബ്ല്യുഎച്ച്ഒ വിശദീകരിക്കുന്നു. ഇന്ത്യയെ എന്‍നിനോയുടെ ആരോഗ്യപ്രത്യാഘാതങ്ങള്‍ കൂടുതലായി അനുഭവപ്പെടാന്‍ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഡബ്ല്യുഎച്ച്ഒ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ എല്‍നിനോയുടെ സ്വാധീനം മഴയിലും ചൂടിലും പ്രതിഫലിക്കാം. നിലവിലെ പസഫിക് സമുദ്രത്തിലെ താപനില കഴിഞ്ഞ 1000 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന എല്‍നിനോ പ്രതിഭാസത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. എല്‍നിനോ പ്രതിഭാസം നേരിട്ട് ഡെങ്കിപ്പനി ഉണ്ടാക്കുന്നില്ലെങ്കിലും താപനില, മഴ, ഈര്‍പ്പം തുടങ്ങിയ കാലാവസ്ഥ ഘടകങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഈഡിസ് കൊതുകുകളുടെ പ്രജനനത്തിനും ഡെങ്കി വൈറസിന്റെ വ്യാപനത്തിനും അനുകൂലമായ സാഹചര്യം ഉണ്ടാക്കാം. മഴക്കാലത്തും കാലാവസ്ഥാ വ്യതിയാനങ്ങള്‍ ശക്തമായ സമയത്തും പനി വന്നാല്‍ അത് സാധാരണ വൈറല്‍ പനിയാണെന്ന് കരുതി സ്വയം മരുന്ന് കഴിക്കുന്നത് ഒഴിവാക്കണം.

ശുഭദിനം
കവിത കണ്ണന്‍
ഒരേ വാക്‌സിന്‍… ഒരേ അളവ്… എന്നിട്ടും ചില കുട്ടികളില്‍ മാത്രം അത് വേണ്ടത്ര ഫലം കാണാത്തത് എന്തുകൊണ്ടാണ്? വര്‍ഷങ്ങളോളം അധികമാരും ശ്രദ്ധിക്കാത്ത ഈ ചോദ്യത്തിന് പിന്നാലെ സഞ്ചരിച്ച ഒരു ശാസ്ത്രജ്ഞയുണ്ടായിരുന്നു – ഗഗന്‍ദീപ് കാങ്. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ അവര്‍, സാധാരണ ഡോക്ടര്‍മാരെപ്പോലെ ക്ലിനിക്കില്‍ ഇരുന്നില്ല. പകരം, കുട്ടികളുടെ ശരീരത്തിനുള്ളിലെ ഒരു ചെറിയ ലോകത്തെക്കുറിച്ച് പഠിക്കാന്‍ അവര്‍ ലബോറട്ടറിയിലേക്ക് പോയി. അത്… കുട്ടികളുടെ കുടലായിരുന്നു. പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളില്‍ ചെറുപ്പം മുതല്‍ തന്നെ ആവര്‍ത്തിച്ചുണ്ടാകുന്ന വയറിളക്കവും അണുബാധകളും കുടലിന്റെ ആരോഗ്യം തകര്‍ക്കുന്നുണ്ടെന്ന് അവര്‍ കണ്ടെത്തി. അതിന്റെ ഫലമായി, ശരീരത്തിലേക്ക് നല്‍കുന്ന വാക്‌സിനുകളോട് പ്രതീക്ഷിച്ച രീതിയില്‍ പ്രതികരിക്കാന്‍ പോലും ചില കുട്ടികളുടെ ശരീരത്തിന് കഴിയുന്നില്ലെന്നും ഗവേഷണങ്ങളിലൂടെ തെളിഞ്ഞു. അപ്പോള്‍ മനസ്സിലായി… കുഴപ്പം വാക്‌സിനിലായിരുന്നില്ല. വാക്‌സിന്‍ പ്രവര്‍ത്തിക്കേണ്ട കുഞ്ഞിന്റെ ശരീരാവസ്ഥയിലായിരുന്നു. പക്ഷേ അവിടെ ഗവേഷണം അവസാനിച്ചില്ല. കുട്ടികളിലെ വയറിളക്കം മൂലമുള്ള മരണങ്ങള്‍ കുറയ്ക്കാന്‍ റോടാവൈറസ് വാക്‌സിന്‍ ഇന്ത്യയില്‍ തന്നെ വികസിപ്പിക്കുന്നതിനുള്ള ക്ലിനിക്കല്‍ ട്രയലുകള്‍ക്ക് അവര്‍ നേതൃത്വം നല്‍കി. അങ്ങനെ ഇന്ത്യയുടെ സ്വന്തം റോടാവക്, റോട്ടാസില്‍ തുടങ്ങിയ വാക്‌സിനുകള്‍ യാഥാര്‍ത്ഥ്യമായി. ലോകത്തിന്റെ അംഗീകാരം നേടിയ ഈ നേട്ടങ്ങള്‍ക്ക് പിന്നില്‍ നിന്ന ഗഗന്‍ദീപ് കാങ്, 2019-ല്‍ റോയല്‍ സൊസൈറ്റിയുടെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍ വനിതാ ശാസ്ത്രജ്ഞയായി. ഒരു ചെറിയ സംശയം… മറ്റുള്ളവര്‍ കാര്യമായി ശ്രദ്ധിക്കാത്ത ഒരു ചോദ്യം… അതിന് പിന്നാലെ വര്‍ഷങ്ങളോളം നടത്തിയ അന്വേഷണമാണ് ഒടുവില്‍ ലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ ജീവിതത്തില്‍ മാറ്റം വരുത്തിയത്. നമ്മള്‍ കാണാതെ പോകുന്ന ഒരു ചെറിയ പ്രശ്‌നത്തിനുള്ളില്‍ പോലും, വലിയൊരു മാറ്റത്തിന്റെ തുടക്കം ഒളിഞ്ഞിരിക്കാം. അതുകൊണ്ട് ചില ചോദ്യങ്ങള്‍ക്ക് ഉടന്‍ ഉത്തരം കിട്ടിയില്ലെന്ന് കരുതി അവ ഉപേക്ഷിക്കരുത്. ചില ഉത്തരങ്ങള്‍… കാത്തിരിക്കുന്നത് നമ്മുടെ ക്ഷമയെയും അന്വേഷണത്തെയും ആണ്-ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *