yt cover 12

പിഎം ശ്രീ പദ്ധതിയില്‍ പാഠ്യപദ്ധതി തീരുമാനിക്കാനുള്ള അവകാശം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും കേന്ദ്ര സര്‍ക്കാരുമായി വീണ്ടും ചര്‍ച്ചയ്ക്ക്. സ്‌കൂളുകള്‍ തെരഞ്ഞെടുക്കാനുള്ള അവകാശവും സംസ്ഥാനത്തിന് വേണമെന്നാണ് ആവശ്യം. അംഗീകരിച്ചാല്‍ മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകാനാകൂവെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

കേരളത്തില്‍ കെപിസിസി അധ്യക്ഷന്‍ വൈകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി വി.ഡി. സതീശനെ അറിയിച്ചെന്നു റിപ്പോര്‍ട്ട്. രാഹുലിന്റെ വസതിയിലെത്തി സതീശന്‍ കേരളത്തിലെ സ്ഥിതിഗതികള്‍ വിശദീകരിച്ചു. കൂടിക്കാഴ്ചക്കുശേഷം കേരളഹൗസിലേക്കു മടങ്ങിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിച്ചില്ല.

അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഭൂരിപക്ഷം നേടിയാല്‍ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ പ്രധാനമന്ത്രി പദവിയിലേക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് അവകാശവാദമുന്നയിക്കാമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. എന്നാല്‍ പ്രധാനമന്ത്രി ആരാകണമെന്ന് തെരഞ്ഞെടുപ്പ് ഫലത്തിനുശേഷമേ തീരുമാനിക്കാവൂ. പ്രതിപക്ഷ സഖ്യം വിജയിച്ചാല്‍ നേതാവിനെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ കക്ഷികള്‍ പക്വത കാണിക്കുമെന്ന് ബേബി പ്രത്യാശ പ്രകടിപ്പിച്ചു.

കാലാവധി പൂര്‍ത്തിയാക്കിയിട്ടേ ഇറങ്ങുകയുള്ളൂവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് കെ ജയകുമാര്‍. നിലവില്‍ രാജിവയ്‌ക്കേണ്ട സാഹചര്യമില്ല. ദേവസ്വം ബോര്‍ഡും മന്ത്രിയുമായി അഭിപ്രായ വ്യത്യാസമില്ലെന്നും കെ.ജയകുമാര്‍.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ പത്നി പ്രിയാ വര്‍ഗീസിന്റെ കണ്ണൂര്‍ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രഫസര്‍ നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി കേസില്‍ കണ്ണൂര്‍ സര്‍വകലാശാല അഭിഭാഷകനേയും മാറ്റി, നിലപാടും തിരുത്തി. കേസ് നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണു എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട് മാറ്റാന്‍ തീരുമാനിച്ചത്.

തലസ്ഥാനത്ത് നാളെ തുടങ്ങുന്ന പൊലീസ് കായിക മേളയുടെ നടത്തിപ്പിനായി പണപ്പിരിവു നടത്തരുതെന്നും പിരിച്ചെടുത്ത തുക തിരിച്ചു നല്‍കണമെന്നും ഡിജിപി. വിവിധ സ്ഥാപനങ്ങളുടെ സ്പോണ്‍സര്‍ഷിപ്പിലൂടെയും സിഎസ്ആര്‍ ഫണ്ടിലൂടെയും പണം കണ്ടെത്താനായിരുന്നു സംഘാടക സമിതിയുടെ തീരുമാനം. ഇക്കാര്യം എസ്പിമാരെ അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായി കൊല്ലത്തും തിരുവനന്തപുരത്തും ചില സബ്ഡിവിഷുകളില്‍ പണപ്പിരിവ് നടത്തിയതാണു വിവാദമായത്.

മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാ കേസില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ 11 ന് ഹാജരാകണമെന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി. വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതിയെ സമീപിച്ചെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എങ്കില്‍ ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് ഹാജരാക്കണമെന്ന് കോടതി പറഞ്ഞു.

അധ്യാപികമാര്‍ പ്രതിയായ വടകര എംഡിഎംഎ കേസില്‍ അഞ്ചാം പ്രതി ജിജിന്‍ കുര്യാക്കോസിനെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേസിലെ പ്രതികളായ അധ്യാപികമാരായ കീര്‍ത്തന, കാവ്യ , നീഷ്മ എന്നിവര്‍ ജിജിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചതായി കണ്ടെത്തിയിരുന്നു. ആറു മാസം കൊണ്ട് ഒരു കോടിയിലേറെ രൂപയാണ് ജിജിന്റെ അക്കൗണ്ടിലെത്തിയത്. പണം വയനാട് സ്വദേശിയുടെ അക്കൗണ്ടിലേക്കും പോയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ചിറയിന്‍കീഴില്‍ ഉണ്ടായത് ഏതൊരു വീട്ടിലും പാര്‍ട്ടിയിലും സംഘടനയിലും ഉണ്ടാകുന്നതുപോലെയുള്ള സാധാരണ വിഷയങ്ങള്‍ മാത്രമാണെന്നും അതു സംസാരിച്ച് തീര്‍ക്കാവുന്നതേയുള്ളൂവെന്നും രമ്യ ഹരിദാസ് എം.എല്‍.എ.

ചിറ്റൂര്‍ മുന്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ അച്യുതന്‍ അന്തരിച്ചു. 76 വയസായിരുന്നു. 1996, 2001, 2006, 2011 വര്‍ഷങ്ങളില്‍ ചിറ്റൂരില്‍നിന്ന് കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കര്‍ഷകന്‍, സഹകരണ പ്രവര്‍ത്തകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. തത്തമംഗലം സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായും ചിറ്റൂര്‍-തത്തമംഗലം നഗരസഭയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇടുക്കി മുന്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജോസ് കുറ്റിയാനി അന്തരിച്ചു. 87 വയസായിരുന്നു. ഏറെ നാളായി വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ദേശീയ പാതയില്‍ വടകര ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിനു സമീപം ടാങ്കറില്‍നിന്നു വനസ്പതി റോഡിലേക്കൊഴുകി. 50 മീറ്ററോളം കോഴിക്കോട് ഭാഗത്തേക്കുള്ള സര്‍വ്വീസ് റോഡിലാണ് വനസ്പതി ഒഴുകിയത്. വാഹനാപകടങ്ങള്‍ ഒഴിവാക്കാന്‍ അഗ്‌നി ശമനസേന എത്തിയാണ് നടപടിയെടുത്തത്.

കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത മുജാഹിദ് വിദ്യാര്‍ത്ഥി നേതാവ് അബ്ദുള്ള ബാസിലിനെതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്ന് പി കെ ഫിറോസ് എംഎല്‍എ ആവശ്യപ്പെട്ടു. കഴിഞ്ഞ 10 വര്‍ഷത്തെ പോലെ അനാവശ്യ കേസ് എടുക്കാന്‍ അനുവദിക്കില്ലെന്നും പികെ ഫിറോസ് പറഞ്ഞു.

തനിക്കെതിരെയുള്ള കേസിനെ നിയമപരമായി നേരിടുമെന്ന് ഡോ. അബ്ദുല്ല ബാസില്‍ പ്രതികരിച്ചു. അവതാരകയാണ് വംശീയ വര്‍ഗീയ വാക്കുകള്‍ ഉപയോഗിച്ചതെന്നും അത് ചൂണ്ടിക്കാണിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

കാലിക്കറ്റ് സര്‍വകലാശാലാ ഫിസിക്സ് പഠന വിഭാഗത്തില്‍ നിന്ന് മോഷണം പോയ നാലുലക്ഷം രൂപ വിലവരുന്ന ടെലസ്‌കോപ്പ് കണ്ടെടുത്തു. മൊബൈല്‍ ഫോണ്‍ മോഷണക്കേസില്‍ കരിപ്പൂര്‍ പോലീസ് പിടികൂടിയ വള്ളിക്കുന്ന് സ്വദേശി ദില്‍ഷാദില്‍ നിന്നാണ് ടെലസ്‌കോപ്പ് കണ്ടെടുത്തത്.

അടൂരില്‍ പ്രളയരക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ച ഓഫ് റോഡ് വാഹനത്തിന് മോഡിഫിക്കേഷന്റെ പേരില്‍ ചുമത്തിയ 50,000 രൂപ പിഴ ഹൈക്കോടതി അഭിഭാഷകര്‍ കൈമാറി. ആറന്മുള എംഎല്‍എ അബിന്‍ വര്‍ക്കി ഇടപെട്ടാണ് അഭിഭാഷക കൂട്ടായ്മ പിഴത്തുക അടച്ചത്.

പവിഴപ്പുറ്റുകള്‍ക്കിടയിലും കടലിന്റെ അടിത്തട്ടിലെ മണലിലും കാണപ്പെടുന്ന സംരക്ഷിത വിഭാഗത്തില്‍പ്പെട്ട 80 കടല്‍വെള്ളരി വില്‍ക്കാന്‍ ശ്രമിച്ച സംഘത്തിലെ രണ്ടുപേരെ പരുത്തിപ്പള്ളിയിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. പനവൂര്‍ അഞ്ചാംകല്ല് കൂനന്‍വേണ്ട റോഡരികത്ത് പുത്തന്‍വീട്ടില്‍ അജിമോന്‍ (46), വെങ്ങാനൂര്‍ വവ്വാമൂല നെല്ലിവിള വടക്കേക്കര വീട്ടില്‍ ഷിജുകുമാര്‍ (41) എന്നിവരാണ് കോവളം ലൈറ്റ്ഹൗസിനരികില്‍ പിടിയിലായത്.

അട്ടപ്പാടി ഇരട്ടക്കൊലപാതകത്തില്‍ പ്രതി തോട്ടം തൊഴിലാളിയായ പശ്ചിമ ബംഗാള്‍ സ്വദേശിയെന്ന് പൊലീസ്. ഇയാളുടെ ഭാര്യയെയും മകളെയുമാണ് കൊലപ്പെടുത്തി മൂന്നു ചാക്കുകളിലാക്കി ഭവാനി പുഴയില്‍ ഒഴുക്കിയതെന്നും ഭാര്യക്ക് മറ്റ് പുരുഷന്മാരുമായി ബന്ധം ഉണ്ടെന്ന സംശയത്തിലാണ് കൊലപാതകമെന്നുമാണ് പൊലീസിനു ലഭിച്ച വിവരം. പ്രതി ബംഗാളിലേക്ക് കടന്നു.

ജില്ലാ വിഭജനം വേണമെന്ന് മുസ്ലിം യൂത്ത് ലീഗ്. അടിസ്ഥാന മലപ്പുറം ജില്ലാ സമ്മേളനത്തിലാണ് യൂത്ത് ലീഗിന്റെ പ്രമേയം. ജനസംഖ്യ, വിസ്തൃതി, വികസന മുന്‍ഗണനകള്‍ പ്രാദേശിക സവിശേഷതകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ജില്ലകളുടെ പുനഃസംഘടനയ്ക്ക് ഉന്നതാധികാര സമിതിയെ നിയോഗിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

തമിഴ്നാട് നിയമസഭയില്‍ മുഖ്യമന്ത്രി വിജയും പ്രതിപക്ഷമായ ഡി.എം.കെയും തമ്മില്‍ രൂക്ഷമായ വാക്പോരും ബഹളവും. ഡി.എം.കെയ്ക്കെതിരേ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി വിജയ് സഭയില്‍ നടത്തിയ പ്രസംഗമാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയും, മകനും മുന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനുമെതിരേ വിജയ് അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചു.

തമിഴ്നാട് മുഖ്യമന്ത്രി വിജയ് നിയമസഭയില്‍ ആരോ എഴുതിക്കൊടുത്ത പ്രസംഗം വായിക്കുകയാണെന്ന് ഡി.എം.കെ നേതാവ് ഉദയ്നിധി സ്റ്റാലിന്‍. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ വിജയിന് സാധിക്കുന്നില്ല. പകരം 1970-കളിലെ കാര്യങ്ങള്‍ പറഞ്ഞ് വിഷയം മാറ്റാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന് ഡി.എം.കെ വിമര്‍ശിച്ചു.

തെക്കന്‍ ഡല്‍ഹിയിലെ സത്യനികേതനില്‍ ഡല്‍ഹി സര്‍വകലാശാലയുടെ സൗത്ത് ക്യാമ്പസിനു സമീപമുള്ള അഞ്ച് നില ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം ഏഴായി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ മുന്‍പ് അടച്ചിട്ട കെട്ടിടമാണ് യാതൊരു അനുമതിയും കൂടാതെ കഴിഞ്ഞവര്‍ഷം മുതല്‍ വീണ്ടും തുറന്നു പ്രവര്‍ത്തിച്ചത്.

ഓള്‍ഡ് മൊങ്ക്, ‘റം’ അല്ലെന്ന് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി. ന്യൂട്രല്‍ സ്പിരിറ്റും റം ഫ്ളേവറും ചേര്‍ത്താണ് ഓള്‍ഡ് മൊങ്ക് തയ്യാറാക്കുന്നത്. ഓള്‍ഡ് മൊങ്കില്‍ അടങ്ങിയിരിക്കുന്ന റം അഞ്ച് ശതമാനത്തില്‍ താഴെയാണ്. അതിനാല്‍ റം ഫ്ളേവേര്‍ഡ് സ്പിരിറ്റ് എന്ന് വിശേഷിപ്പിക്കണമെന്ന് അതോറിറ്റി ബോംബെ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അസൗകര്യങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് എഐസിസി ആസ്ഥാനത്ത് ഇന്നു വൈകീട്ട് നടത്താനിരുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും ഉന്നതതല യോഗം മാറ്റിവച്ചു.

യുഎസിലെ മയാമി രാജ്യാന്തര വിമാനത്തില്‍ ആമസോണിന്റെ കാര്‍ഗോ വിമാനം തകര്‍ന്ന് 5 മരണം. അപകടത്തില്‍ 5 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

23 ാമത് സംസ്ഥാന മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാംപ്യന്‍ഷിപില്‍ വയനാട് ജില്ല ടീം ഓവറോള്‍ ചാമ്പ്യന്‍മാര്‍. ഇടുക്കി ജില്ലയാണ് റണ്ണറപ്പ്. അണ്ടര്‍ 16 പെണ്‍കുട്ടികളുടെ ടൈം ട്രയലിലും, അണ്ടര്‍ 23 പുരുഷന്‍മാരുടെ മാസ്സ് സ്റ്റാര്‍ട്ട് മത്സരത്തിലും ഒന്നും രണ്ടും സ്ഥാനങ്ങള്‍ വയനാടിന്റെ റൈഡര്‍മാര്‍ സ്വന്തമാക്കി.

രാജ്യത്തെ പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടുകളില്‍ നാലിലൊന്ന് പ്രവര്‍ത്തനരഹിതം. ആഗസ്റ്റ് 12 വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 59.04 കോടി ജന്‍ധന്‍ അക്കൗണ്ടുകളാണുള്ളത്. ഇവയിലെ ആകെ നിക്ഷേപം 3.15 ലക്ഷം കോടി രൂപയിലധികമാണ്. ആകെ അക്കൗണ്ടുകളില്‍ 32.89 കോടി സ്ത്രീകളുടെയും ട്രാന്‍സ്‌ജെന്‍ഡര്‍ അക്കൗണ്ട് ഉടമകളുടെയും പേരിലാണ്. പുരുഷന്മാരുടെ പേരിലുള്ളത് 26.14 കോടി അക്കൗണ്ടുകളാണ്. 5.72 കോടി അക്കൗണ്ടുകളില്‍ ബാലന്‍സ് പൂജ്യമാണ്. 15.37 കോടി അക്കൗണ്ടുകള്‍ പ്രവര്‍ത്തനരഹിതമാണ്. പൂജ്യം ബാലന്‍സുള്ള ജന്‍ധന്‍ അക്കൗണ്ടുകള്‍ ഏറ്റവും കൂടുതലുള്ളത് ഉത്തര്‍പ്രദേശിലാണ്- 95.92 ലക്ഷം. ബിഹാറില്‍ 62.35 ലക്ഷം, പശ്ചിമ ബംഗാളില്‍ 37.20 ലക്ഷം, അസമില്‍ 36.30 ലക്ഷം, മഹാരാഷ്ട്രയില്‍ 36.04 ലക്ഷം എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി. 2014 ആഗസ്റ്റിലാണ് രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും അടിസ്ഥാന ബാങ്കിങ് സൗകര്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ജന്‍ധന്‍ പദ്ധതി ആരംഭിച്ചത്.

മെമ്മറി ചിപ്പ് വില ഏകദേശം നാലിരട്ടിയായതോടെ ഇന്ത്യയുടെ ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ വിപണി ചുരുങ്ങുകയും ആളുകള്‍ 5ജി ഉപേക്ഷിച്ച് 4ജിയിലേക്ക് മടങ്ങുകയും ചെയ്യുന്നു. ഇത് മനസ്സിലാക്കി സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കള്‍ 4ജി പോര്‍ട്ട്ഫോളിയോ വിപുലീകരിച്ചു. 15,000 രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട്ട്ഫോണുകള്‍ ഉള്‍പ്പെടുന്ന മാസ്-മാര്‍ക്കറ്റ് സെഗ്മെന്റില്‍ ജൂണ്‍ പാദത്തില്‍ ഇറക്കുമതിയില്‍ 45 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. 2026ലെ രണ്ടാംപാദത്തില്‍ 4ജി സ്മാര്‍ട്ട്ഫോണിന്റെ ഇറക്കുമതി 40 ശതമാനം വര്‍ധിച്ചു. ആകെ സ്മാര്‍ട്ട്ഫോണ്‍ വില്‍പനയില്‍ 4ജി ഒരു വര്‍ഷം മുമ്പ് ആറ് ശതമാനമായിരുന്നത് 12 ശതമാനമായി ഉയര്‍ന്നു. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യയിലെ മൊത്തത്തിലുള്ള സ്മാര്‍ട്ട്ഫോണ്‍ ഇറക്കുമതിയില്‍ പത്ത് ശതമാനം കുറവുണ്ടായി. സ്മാര്‍ട്ട്ഫോണ്‍ വില്‍പന കുത്തനെ കുറയുന്നതിനാല്‍ ജി.എസ്.ടി 18 ശതമാനമുള്ളത് കുറക്കാര്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് ഒരുക്കുന്ന ബിഗ് ബജറ്റ് മാസ്സ് ആക്ഷന്‍ എന്റര്‍ടെയ്നെര്‍ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്. ‘മേള’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തകര്‍പ്പന്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വിട്ടു. മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തു വിട്ടത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ഒന്‍പതാം ചിത്രമാണിത്. മാത്രമല്ല, മമ്മൂട്ടി കമ്പനി ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും വലിയ ചിത്രം കൂടിയാണിത്. ഒരു പക്കാ മാസ്സ് എന്റര്‍ടെയ്നെര്‍ ആയാണ് ചിത്രം ഒരുങ്ങുന്നത്. സംവിധായകന്‍ നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേര്‍ന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ചിത്രം 2027 ല്‍ തിയേറ്ററുകളിലെത്തും. മമ്മൂട്ടിക്കൊപ്പം വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ്.

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ഫാന്റസി ത്രില്ലര്‍ ‘ഐ ആം ഗെയിം’ ചിത്രത്തില്‍ വിക്കി എന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവച്ച, യുവതാരം ആന്റണി വര്‍ഗീസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരു. വളരെ നിര്‍ണായകമായ കഥാപാത്രമാണ് ആന്റണി വര്‍ഗീസ് ചിത്രത്തില്‍ ചെയ്തിരിക്കുന്നത്. ക്രിക്കറ്റ് മത്സരത്തിനും ഏറെ പ്രാധാന്യമുള്ള ‘ഐ ആം ഗെയി’മിന്റെ കഥയില്‍, ക്രിക്കറ്റ് താരം ആയാണ് ആന്റണി വര്‍ഗീസ് എത്തുന്നത്. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും ജോം വര്‍ഗീസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്ദു എന്നിവര്‍ തിരക്കഥ ഒരുക്കിയിരിക്കുന്നു. സജീര്‍ ബാബ, ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. മിഷ്‌കിന്‍, കതിര്‍, കായദു ലോഹര്‍, പാര്‍ത്ഥ് തിവാരി, സംയുക്ത വിശ്വനാഥന്‍, വിനയ് ഫോര്‍ട്ട് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതിയ സുസുക്കിയുടെ ജനപ്രിയ മോഡലായ ബലേനോയുടെ പരിഷ്‌കരിച്ച പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. ബലേനോ ഫെയ്‌സ് ലിഫ്റ്റിന് 6.10 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. പുതിയ കോസ്‌മെറ്റിക് മാറ്റങ്ങളോടെയും പുതിയ ഫീച്ചറുകളോടെയുമാണ് കാര്‍ വില്‍പ്പനയ്ക്ക് എത്തിയത്. 1.2 ലിറ്റര്‍ ഇസഡ് സീരീസ് 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്. സ്വിഫ്റ്റിലും ഡിസയറിലും ഉപയോഗിച്ചിരിക്കുന്ന അതേ എന്‍ജിനാണിത്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് എഎംടി ട്രാന്‍സ്മിഷനുമായി ഇതിനെ ബന്ധിപ്പിച്ചിരിക്കുന്നു. എഎംടി ഓപ്ഷനോടുകൂടിയ സിഎന്‍ജി വേര്‍ഷനും ലഭ്യമാണ്. പുതിയ ഫ്രണ്ട് ഗ്രില്ലാണ് ബലേനോ ഫെയ്സ്ലിഫ്റ്റിനെ വ്യത്യസ്തമാക്കുന്നത്. ഡ്യുവല്‍ ടോണ്‍ അലോയ് വീലുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, റൂഫ് സ്‌പോയിലര്‍ എന്നിവയാണ് കാറിന്റെ മറ്റു പ്രത്യേകതകള്‍.

ഭാരതചരിത്രത്തിലെ അസാമാന്യ ശക്തിയുള്ള ഒരു രക്തനക്ഷത്രമാണ് ടിപ്പു സുല്‍ത്താന്‍. സദാ ഊര്‍ജ്ജസ്വലനും തീക്ഷ്ണബുദ്ധിയും ജനക്ഷേമ തല്പരനും ആയിരുന്നിട്ടും ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു ഭരണാധികാരി കൂടിയായിരുന്നു ടിപ്പു എന്നത് ചരിത്രത്തിലെ പല വിരോധാഭാസങ്ങളില്‍ ഒന്നായി അവശേഷിക്കുന്നു. വൈദേശിക ശക്തികളില്‍ നിന്നുള്ള ഇന്ത്യയുടെ സ്വാതന്ത്യം എന്ന ഏക സ്വപ്നമാണ് ടിപ്പുവിന്റെ അരനൂറ്റാണ്ടു കാലത്തെ ജീവിതത്തെ ഒരു പോര്‍ക്കളമാക്കിയത് എന്നു പറയേണ്ടിവരും. കീഴടങ്ങാനും സ്വജീവന്‍ രക്ഷിക്കാനും വഴികള്‍ പലതുണ്ടായിട്ടും, രണഭൂമിയില്‍ പൊരുതിയൊടുങ്ങുക എന്ന ധീരമായ ദൃഢനിശ്ചയത്തിന് ടിപ്പുവിനെ പ്രേരിപ്പിച്ച ഘടകവും മറ്റൊന്നല്ല. ആ ജീവിതപ്രത്യക്ഷമാണ് ഇവിടെ കൂടുതല്‍ തെളിച്ചത്തോടെ അനാവൃതമാകുന്നത്. ‘വാള്‍ത്തലപ്പുകൊണ്ട് എഴുതിയ ജീവിതം’. കെ പി ഉണ്ണി. ലോഗോസ് ബുക്സ്. വില 332 രൂപ.

എണ്ണപ്പനയുടെ കായകളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഒരു ഭക്ഷ്യയോഗ്യമായ സസ്യ എണ്ണയാണ് പാമോയില്‍. കറികളില്‍ പാം ഓയില്‍ പതിവായി ഉപയോഗിക്കുന്നവരുണ്ട്. ബിസ്‌ക്കറ്റ്, ചോക്ലേറ്റ്, നൂഡില്‍സ്, പായ്ക്ക് ചെയ്ത ഭക്ഷണങ്ങള്‍ എന്നിവയില്‍ ചേര്‍ക്കുന്നു. പാമോയില്‍ യഥാര്‍ത്ഥത്തില്‍ ആരോഗ്യത്തിന് ദോഷം ചെയ്യുമോ? മിക്ക പാമോയിലുകളിലും പാല്‍മിറ്റിക് ആസിഡിനു പുറമേ ഒലീയിക് ആസിഡ്, ലിനോലീയിക് ആസിഡ്, വിറ്റാമിന്‍ ഇ, കരോട്ടിനോയിഡുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവ പാം ഓയിലിന്റെ ആരോഗ്യപരമായ പ്രത്യാഘാതങ്ങളെ സന്തുലിതമാക്കാന്‍ സഹായിച്ചേക്കാം. എന്നിരുന്നാലും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇതിന്റെ ഉപയോഗം ആരോഗ്യത്തെ ബാധിക്കുന്നു. ട്രൈഗ്ലിസറൈഡുകള്‍ അടങ്ങിയതാണ് പാമോയിലിന്റെ ഘടന. അതിനാല്‍, ഹൃദ്രോഗ സാധ്യതയുള്ളവരും നിലവില്‍ ഹൃദ്രോഗമുള്ളവരും ഇതിന്റെ ഉപയോഗം നിയന്ത്രിക്കേണ്ടതുണ്ട്. സാച്ചുറേറ്റഡ്, അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ മിശ്രിതവും ഒപ്പം ആന്റിഓക്‌സിഡന്റുകളും പാമോയിലില്‍ അടങ്ങിയിട്ടുണ്ടെന്ന് ‘വേള്‍ഡ് ജേണല്‍ ഓഫ് കാര്‍ഡിയോളജി’യിലെ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പാമോയിലിലെ കൊളസ്ട്രോളിന്റെ അളവ് പൂജ്യമാണെങ്കിലും ഒരേ എണ്ണ വീണ്ടും ഉപയോഗിക്കുന്നതും ചൂടാക്കുന്നതും അതില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയേക്കാം. സംസ്‌കരിച്ച പാമോയില്‍ ദീര്‍ഘകാലം ഉപയോഗിക്കുന്നത് ആമാശയത്തിലെയും കുടലിലെയും ആവരണത്തെ ബാധിച്ചേക്കാം.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 94.49, പൗണ്ട് – 127.65, യൂറോ – 109.74, സ്വിസ് ഫ്രാങ്ക് – 116.59, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 68.08, ബഹറിന്‍ ദിനാര്‍ – 250.55, കുവൈത്ത് ദിനാര്‍ -305.89, ഒമാനി റിയാല്‍ – 245.82, സൗദി റിയാല്‍ – 25.34, യു.എ.ഇ ദിര്‍ഹം – 25.73, ഖത്തര്‍ റിയാല്‍ – 25.91, കനേഡിയന്‍ ഡോളര്‍ – 68.29.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *