ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യം ഉറപ്പാക്കുന്ന പുതിയ പദ്ധതി നടപ്പാക്കാനാവശ്യമായ ജീവനക്കാരുടെ ഒഴിവുകൾ നികത്തുന്നതിനായി പുതിയതായി വരുന്ന ഒഴിവുകൾ നേരത്തെ സർവീസിലുള്ള ഡോക്ടർമാരുടെ സ്ഥാനക്കയറ്റത്തിലൂടെ നികത്താനുള്ള നിർദ്ദേശവുമായി ആരോഗ്യമന്ത്രി കെ മുരളീധരൻ. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റത്തിന് അർഹതയുള്ള ഡോക്ടർമാർക്ക് ഉടൻ സ്ഥാനക്കയറ്റം നൽകാൻ ആരോഗ്യമന്ത്രി കെ മുരളീധരൻ നിർദ്ദേശം നൽകി.
മഴ കുറഞ്ഞതോടെ സംസ്ഥാനത്ത് താപനില ഉയർന്നു. ഇന്നലെ കൊല്ലം പുനലൂരിൽ സാധാരണയേക്കാൾ 4.7 ഡിഗ്രി സെൽഷ്യസ് ഉയർന്ന് 36.2 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. മിക്ക സ്റ്റേഷനുകളിലും രണ്ട് മുതൽ 4.7 ഡിഗ്രി വരെ താപനില ഉയർന്നിട്ടുണ്ട്.
ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളി പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. അന്വേഷണ റിപ്പോർട്ട് ഇന്ന് തന്നെ കിട്ടുമെന്നും റിപ്പോർട്ടിൻമേൽ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തർക്കങ്ങൾ ഉണ്ടാകുമ്പോൾ സംയമനത്തോടെ കൈകാര്യം ചെയ്യണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
കേരളത്തിലെ മാളുകളിൽ പ്രവർത്തിക്കുന്ന തിയേറ്ററുകളിൽ ഭക്ഷണസാധനങ്ങൾക്കും വെള്ളത്തിനും അമിതവില ഈടാക്കുന്നെന്ന പരാതിയിൽ പരിശോധനകൾ തുടരാൻ ലീഗൽ മെട്രോളജി വകുപ്പ്. അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ പരിശോധന നടത്തും.
കായികമേള വേദി മാറ്റത്തിൽ വിവാദത്തിന്റെ ആവശ്യം ഇല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ. കണ്ണൂർ നേരത്തെ പ്രഖ്യാപിച്ചതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞില്ല. സൗകര്യം ഇല്ലാത്തത് കൊണ്ടല്ല കണ്ണൂരിനെ മാറ്റിയത്. പരാതി ഉണ്ടെങ്കിൽ അടുത്ത തവണ കണ്ണൂരിനെ പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്തിക്കെതിരായ സമസ്തയുടെ വിമർശനം തള്ളി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. മുഖ്യമന്ത്രിയുടെ നിലപാട് തന്നെയാണ് പാർട്ടിയുടേയും. സ്ത്രീകൾക്ക് പരിഗണന നൽകുന്ന പാർട്ടിയാണ് കോൺഗ്രസ് എന്നും സണ്ണി ജോസഫ് പറഞ്ഞു.
കോൺഗ്രസ് മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും യോഗത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് രാത്രി ദില്ലിയിലെത്തും. നാളെ നടക്കുന്ന യോഗത്തിന് ശേഷം അദ്ദേഹം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. പ്രിയദര്‍ശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ടിലെ ശുപാർശകൾ അപര്യാപ്തമെന്ന് സ്വകാര്യ ബസ് ഉടമകൾ അറിയിച്ചു. മറ്റന്നാൾ സമര പ്രഖ്യാപനം ഉണ്ടാകും.
കേന്ദ്രത്തിന്റെ പി എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാനുള്ള നീക്കത്തിനെതിരെ വിമർശനവുമായി മുൻ റവന്യൂ മന്ത്രി കെ. രാജൻ. മതനിരപേക്ഷ കേരളം ഒറ്റക്കെട്ടായി എതിർത്ത പദ്ധതിയാണ് പി എം ശ്രീ എന്നും, കേരളത്തിന്റെ പൊതുവികാരം മറികടന്ന് പദ്ധതി നടപ്പാക്കാനാണ് മുഖ്യമന്ത്രിയും യു.ഡി.എഫും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും വരും ദിവസങ്ങളിലും തുടരും. ഹ്രസ്വകാല കരാറിന് രണ്ടു തവണ ടെന്‍ഡര്‍ വിളിച്ചിട്ടും പീക്ക് സമയത്ത് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടിയില്ല, മഴ കുറഞ്ഞതിന് പിന്നാലെ ചൂടും കൂടിയതോടെ വൈദ്യുതി ആവശ്യകതയിൽ 500 മുതൽ 600 മെഗാവാട്ട് വരെ വര്‍ധിക്കാൻ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബി പറയുന്നത്.
ഇന്ത്യൻ ബഹിരാകാശ രംഗത്തേക്ക് കൂടുതൽ സ്വകാര്യ നിക്ഷേപം ആകർഷിക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ നീക്കത്തിൽ ആശങ്ക അറിയിച്ച് ഐഎസ്ആർഒ ജീവനക്കാരുടെ ഒൻപത് സംഘടനകൾ ഐഎസ്ആർഒ ചെയർമാന് കത്തെഴുതി. വാണിജ്യ ആവശ്യങ്ങൾക്ക് സ്വകാര്യ പങ്കാളിത്തമാകാമെങ്കിലും ഐഎസ്ആർഒ പൊതുമേഖലാ സ്ഥാപനമായി നിലനിൽക്കണമെന്ന വികാരമാണ് കത്തിലെ ഉള്ളടക്കം
സിബില്‍ സ്കോര്‍ തട്ടിപ്പ് കേസിലെ പ്രതികളായ ജന്നി വര്‍ഗ്ഗീസിനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ഫ്രോഡ് പട്ടികയില്‍ ഉള്‍പ്പെടുത്തി ബാങ്ക് ഓഫ് മാഹാരാഷ്ട്ര. ഇവര്‍ക്കെതിരെ സിബിഐ അന്വേഷണത്തിനും ശുപാര്‍ശ ചെയ്തു. സിബിൽ സ്കോർ കുറവുള്ളവരുടെ ആധാരം കൈക്കലാക്കിയ പ്രതികൾ ഉടമയറിയാതെ കോടികൾ തട്ടിയെടുക്കുകയായിരുന്നു.
അമേരിക്കൻ മലയാളികളുടെ ഓണാഘോഷത്തിൽ പാട്ടും ചിന്തകളുമായി ഗാനഗന്ധർവ്വൻ ഡോ. കെ.ജെ. യേശുദാസ് . കൊവിഡ് കാലം മുതൽ അമേരിക്കയിലെ ഡാലസിൽ വിശ്രമജീവിതം നയിക്കുന്ന യേശുദാസ്, സമീപകാലത്തായി പൊതുവേദികളിൽ വളരെ അപൂർവമായേ എത്തിയിട്ടുള്ളൂ.
കായംകുളം താലൂക്ക് ആശുപത്രിയിൽ അക്രമി സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സ്റ്റാഫ് നഴ്സിന് പരിക്കേറ്റു. പ്രദേശത്തെ കെ.ടി.ഡി.സി ബിയർ പാർലറിലുണ്ടായ തല്ലിനെ തുടർന്ന് പരിക്കേറ്റ ഇരുവിഭാഗം ആളുകൾ ഒരേസമയത്ത് ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയിൽ എത്തുകയായിരുന്നു. തുടർന്ന് ഇരുകൂട്ടരും വീണ്ടും പരസ്പരം ഏറ്റുമുട്ടുകയുമായിരുന്നു.
ആറന്മുളയിൽ വെള്ളം കയറിയപ്പോ ആറന്മുളക്കാരെ രക്ഷിക്കാൻ ആറന്മുളയിലെ ചെറുപ്പക്കാർ വണ്ടിയുമായി വന്നിട്ടുണ്ടെങ്കിൽ അവരെ സംരക്ഷിക്കാൻ ആറന്മുളയുടെ ജനപ്രതിനിധിയായ താനും ഉണ്ടാകുമെന്ന് ആറന്മുള എംഎല്‍എ അബിന്‍ വര്‍ക്കി.
കാലടി പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത ടാക്സി ഡ്രൈവറായ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ എസ് ഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷൻ. എസ് ഐ അജ്മൽ, പൊലീസുകാരായ ധനേഷ്, രജിത്, നിസാർ എന്നിവർക്കെതിരെയാണ് റേഞ്ച് ഡി ഐ ജി നടപടിയെടുത്തത്.
മാപ്പിളപ്പാട്ട് ഗായകൻ നിസാർ വയനാടിന്റെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിൽ പ്രവാസലോകം. സംഗീത പരിപാടിക്കായി കഴിഞ്ഞ മാസം ദുബൈയിലെത്തിയ നിസാർ വയനാട് പനിയെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ശനിയാഴ്ച വൈകുന്നേരം ദുബൈ മൻഖൂർ ആശുപത്രിയിലായിരുന്നു അന്ത്യം.
മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് ഒൻപതുപേർ മരിച്ചു. ബണ്ട തഹസിൽ മേഖലയിലാണ് മദ്യദുരന്തമുണ്ടായത്. ഇന്നലെ രാത്രിയാണ് ആളുകള്‍ വ്യാജമദ്യം കുടിച്ചത്. പിന്നാലെ നിരവധി പേർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി. ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചു.
ഗുജറാത്ത് ആസ്ഥാനമായി രജിസ്റ്റർ ചെയ്തതും സജീവമായി പ്രവർത്തിക്കാത്തതുമായ ആറ് രാഷ്ട്രീയ പാർട്ടികൾക്ക് 2022-23 ൽ 1,500 കോടിയിലധികം രൂപ സംഭാവന ലഭിച്ചെന്ന് കണക്ക്. ഇത് ബിജെപി ഒഴികെയുള്ള, കോൺഗ്രസടക്കം എല്ലാ ദേശീയ പാർട്ടികൾക്കും ലഭിച്ച മൊത്തം സംഭാവനകളേക്കാൾ കൂടുതലാണ്.
ഈജിപ്തിലെ പ്രമുഖ ടെലിവിഷൻ അവതാരക സാറ ഖലീഫ (39) ഉൾപ്പെടെ 12 പേർക്ക് മയക്കുമരുന്ന് ഉൽപ്പാദനവും കടത്തുമായി ബന്ധപ്പെട്ട കേസിൽ വധശിക്ഷ വിധിച്ചു. ലൈസൻസില്ലാത്ത ആയുധങ്ങളും വെടിയുണ്ടകളും കൈവശം വച്ചതിനും ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദിമാഗി നക്സൽ പരാമർശത്തിനെതിരെ വിമർശനവുമായി സിജെപി വക്താവ് സൗരവ് ദാസ്. ചോദ്യം ചോദിക്കുന്ന തലമുറയെ ഇങ്ങനെ ചിത്രീകരിക്കുന്നത് ഒരു പ്രധാനമന്ത്രിക്ക് ചെയ്യാവുന്ന ഏറ്റവും നാണംകെട്ട പ്രവർത്തിയെന്ന് സൗരവ് ദാസ് പറഞ്ഞു.
ബിഹാറില്‍ പോലീസ് വെടിവയ്പിന് ഇരയായ വിദ്യാര്‍ത്ഥികളെ പൊതു സമക്ഷം എത്തിച്ച് പുതിയ വിഡിയോയുമായി രാഹുല്‍ ഗാന്ധി. എ കെ 47 തോക്കിലൂടെ തകര്‍ത്ത വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങള്‍ തിരികെ നല്കാന് പ്രധാനമന്ത്രിക്കാകുമോയെന്ന ചോദ്യമാണ് രാഹുല്‍ ഉയർത്തിയത്.
