പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി യുഎസ്-ഇറാൻ സംഘർഷം രൂക്ഷമാകുന്നു. പ്രതിരോധത്തിൽ നിന്ന് മാറി ശത്രുരാജ്യത്ത് ആക്രമണം നടത്താൻ ലക്ഷ്യമിട്ട് ഇറാൻ തങ്ങളുടെ സൈനിക നേതൃത്വത്തിൽ മാറ്റങ്ങൾ വരുത്തുകയും സഖ്യകക്ഷികളെ അണിനിരത്തുകയും ചെയ്യുന്നു. മേഖലയിൽ ശാശ്വതമായ രാഷ്ട്രീയ ആധിപത്യം സ്ഥാപിക്കുകയാണ് ടെഹ്‌റാൻ്റെ ലക്ഷ്യം.

 

കഴിഞ്ഞ രാത്രിയിലെ ആക്രമണത്തിൽ യുഎഇ നിലപാട് കടുപ്പിച്ചതോടെ യുഎഇയെ ആക്രമിച്ചത് തങ്ങളല്ലെന്ന വിശദീകരണവുമായി ഇറാൻ. മിസൈൽ ആക്രമണ ശ്രമമുണ്ടായതിന് പിന്നാലെ ഇറാനുമായുള്ള വ്യാപാര – വാണിജ്യ – സാമ്പത്തിക ഇടപാടുകൾ യുഎഇ നിർത്തി. ഹോർമുസിലെ അനിശ്ചിതത്വം നീളുന്നത് കാരണം ക്രൂഡോയിൽ വില ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി. ചർച്ചകളിൽ തീരുമാനമില്ലാത്ത സ്ഥിതിക്ക്, ഇറാന് മേൽ സാമ്പത്തിക സമ്മർദം കൂട്ടാനും ചർച്ചകൾ നിർത്തി വെക്കാനുമാണ് ഡോണൾഡ് ട്രംപിന്റെ നിർദേശമെന്നാണ് റിപ്പോർട്ടുകൾ.

 

ഓണത്തിന് ഹോർട്ടികോർപ്പിന്റെയും വിഎഫ് പി സികെയുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ധിഖ് പറഞ്ഞു. ഓണവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും വിപണിയിൽ ഫലപ്രദമായി ഇടപെടുന്നതിനുമായി സംസ്ഥാന സർക്കാർ 20 കോടി രൂപ നീക്കിവച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

 

ഓണക്കാല അവധിയോടനുബന്ധിച്ച് അനുഭവപ്പെടുന്ന യാത്രാത്തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പ്രധാന കേന്ദ്രങ്ങളിൽ നിന്ന് യാത്രക്കാരുടെ ആവശ്യാനുസരണം ദീർഘദൂര ബസുകളും മറ്റ് അധിക സർവീസുകളും ഓപ്പറേറ്റ് ചെയ്യും.

 

തൃശൂരിൽ ബിജെപി ഓഫീസിന് സമീപം കെഎസ്‍യു സ്ഥാപിച്ച ബാനറിനെ ചൊല്ലി രാഷ്ട്രീയ തർക്കം. കള്ളപ്പണ കേന്ദ്രമെന്ന് ആരോപിച്ചുള്ള ബാനറിന് മറുപടിയുമായി യുവമോർച്ച രംഗത്തെത്തി. തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്നും ഇത്തരം നാടകങ്ങൾ കോൺഗ്രസ് ഓഫീസിന് മുന്നിലാണ് വേണ്ടതെന്നും യുവമോർച്ച പ്രതികരിച്ചു.

 

സാങ്കേതിക തകരാറുകളെയും മറ്റ് തടസ്സങ്ങളെയും തുടർന്ന് സംസ്ഥാനത്തെ പ്രധാന വിമാനത്താവളങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര സർവീസുകൾ റദ്ദാക്കി. കരിപ്പൂരിൽ നിന്ന് വൈകിട്ട് 6.40 ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനമാണ് അവസാന നിമിഷം റദ്ദാക്കിയത്. കൃത്യമായ കാരണം വ്യക്തമാക്കാതെ സർവീസ് ഉപേക്ഷിച്ചതിൽ യാത്രക്കാർ ശക്തമായ പ്രതിഷേധമുയർത്തി.

 

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സമൂഹത്തിന്റെ ഐക്യവും മതേതരത്വവും നിലനിർത്താൻ ശക്തമായ നിലപാടെടുത്ത ആളാണ് ജി സുകുമാരൻ നായർ. വ്യക്തിപരമായ നേട്ടങ്ങൾക്കോ ലാഭത്തിനോ അദ്ദേഹം ഒരിക്കലും സ്ഥാനം ഉപയോഗിച്ചിട്ടില്ലെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.

 

ശ്രീകാര്യം ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ (സി ഇ ടി) കേന്ദ്ര യുവജനക്ഷേമ വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതിൽ എസ് എഫ് ഐ പ്രതിഷേധം. എൻ എസ് എസ് പരിപാടിയിൽ വന്ദേമാതരം ആലപിക്കുകയും ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തതിനെതിരെ എസ് എഫ് ഐ പ്രവർത്തകർ സ്റ്റേജിൽ കയറി പ്രതിഷേധിച്ചു.

 

വനിതാ ശിശു വികസന വകുപ്പ് സ്ത്രീകൾക്കായി സംഘടിപ്പിച്ച പരിപാടിയുടെ പേരിൽ സ്ത്രീകലെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിച്ചത്.

 

എം വി ഗോവിന്ദനെ പരിഹസിച്ച് സിഎംപി നേതാവ് പി കെ ശശി. പാലക്കാട് കാഞ്ഞിരപ്പുഴയിലെ യുഡിഎഫ് പൊതുയോഗത്തിൽ ആയിരുന്നു ശശിയുടെ പരിഹാസം. ലോകം മാറിയത് അറിയാത്ത ആളാണ് ഗോവിന്ദൻ എന്നും എഴുപതുകളിൽ പഠിച്ച ഓത്തുപള്ളിയിലെ കിത്താബുമായി ഇപ്പോഴും ക്ലാസ് എടുത്ത് നടക്കുകയാണെന്നും പി കെ ശശി പറഞ്ഞു.

 

ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിനെതിരെയും എ അജികുമാറിനെതിരെയും വീണ്ടും റിമാൻഡ് ചെയ്തു. സെപ്റ്റംബർ ഒന്ന് വരെയാണ് കൊല്ലം വിജിലൻസ് കോടതി റിമാൻഡ് നീട്ടിയത്.

 

എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക് സുപ്രീം കോടതി നിർദേശം. അഡീഷൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ, പ്രിൻസിപ്പൽ സെക്രട്ടറി ശർമ്മിള മേരി ജോസഫ് എന്നിവരോട് ആണ് കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ സുപ്രീം കോടതി നിർദേശിച്ചത്.

 

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) കൂടുതൽ കണ്ടെത്തലുകൾ. വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇതിന്റെ രേഖകൾ വീണയുടെ ഡയറിയിൽനിന്ന് കിട്ടിയെന്നും ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചു.

 

കാലടി സർവകലാശാല പ്രതിഷേധത്തിൽ റിമാൻഡിലായിരുന്ന എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം. സംസ്ഥാന കമ്മിറ്റിയംഗം മെബിൻ ജോസ്, ബേസിൽ, യദു, വിജേഷ് എന്നിവർക്കാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതും കലാപവും ചുമത്തിയെടുത്ത കേസിൽ ഇവർ പിടിയിലായത് ഈ മാസം 16നാണ്.

 

വിഴിഞ്ഞം പദ്ധതി സംബന്ധിച്ച മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവന വസ്തുതാ വിരുദ്ധം എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. റോഡ് കണക്ടിവിറ്റി എൽ ഡി എഫ് സർക്കാർ വൈകിപ്പിച്ചെന്ന പരാമർശത്തിലാണ് പിണറായിയുടെ വിമർശനം. വിഴിഞ്ഞം വികസനത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാനുള്ള രാഷ്ട്രീയ അഭ്യാസമാണ് യു ഡി എഫ് സർക്കാർ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് തുറന്നടിച്ചു..

 

കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ ‘പൊട്ടുതൊടൽ’ മത്സരം നടത്തി എസ്എഫ്ഐയുടെ വ്യത്യസ്ത പ്രതിഷേധം. വിസി ആർഎസ്എസിന് അടിമപ്പണിയെടുക്കുകയാണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇതിന് കുഴലൂതുകയാണെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ആരോപിച്ചു.

 

തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി ചെയ്ത വീഡിയോയെ ചൊല്ലി സോഷ്യൽ മീഡിയയിൽ വിവാദം. മന്ത്രിയുടെ സത്യപ്രതിജ്ഞ ലംഘനമെന്നാണ് വിമർശകർ പറയുന്നത്. ഭക്ഷണത്തെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോൾ പറഞ്ഞതാണെന്ന് പി കെ ബഷീർ പ്രതികരിച്ചു.

 

തലസ്ഥാനത്ത് എട്ട് വയസ്സുകാരിയെ മറയാക്കി എം ഡി എം എ കടത്തിയ കുടുംബം ഉൾപ്പെടെയുള്ളവർ എക്സൈസിന്റെയും പോലീസിന്റെയും പിടിയിലായി. രണ്ട് സ്ഥലങ്ങളിൽ നിന്നായി ആകെ 131 ഗ്രാം എം ഡി എം എ ആണ് പിടിച്ചെടുത്തത്.

 

കോതമംഗലം എം എ കോളേജ് വിദ്യാർത്ഥി മിച്ചി മർപുവിന്റെ മരണത്തിൽ കോളേജ് മാനേജ്‌മെന്റ് മൂന്നംഗ ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചു. കോളേജ് ഗവേണിംഗ് ബോർഡിലെ മൂന്ന് അംഗങ്ങൾ അടങ്ങുന്ന സമിതിയിൽ മുൻ പ്രിൻസിപ്പൽ ഡോ. ജോർജ് ഐസക്കും ഉൾപ്പെടുന്നുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.

 

ലഡാക്കിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരോട് കയർത്ത് യുവതി. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോയിൽ തങ്ങൾ ജെൻസികളാണെന്നും ഈ അസംബന്ധം വെച്ചുപൊറുപ്പിക്കില്ലെന്നും യുവതി പറയുന്നത് കേൾക്കാം.

 

ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസിലെ പ്രധാനപ്രതി ദാരാ സിങ്ങിന്‍റെ ശിക്ഷാ ഇളവില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി. ജയില്‍ മോചനത്തില്‍ തീരുമാനം വൈകുന്നതില്‍ ഒഡീഷ സര്‍ക്കാരിനെ വിമര്‍ശിച്ച കോടതി അടുത്തമാസം രണ്ടിനകം തീരുമാനമെടുത്തില്ലെങ്കില്‍ കോടതി തന്നെ തീരുമാനമെടുക്കുമെന്ന് വ്യക്തമാക്കി. ദാരാ സിങ്ങിന്‍റെ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.

 

സംസ്ഥാനഗാനം ആദ്യം ആലപിക്കാമെന്ന് നിലപാട് വ്യക്തമാക്കി കേന്ദ്രം. മദ്രാസ് ഹൈക്കോടതിയിലാണ് നിലപാട് അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവേചനാധികാരം എന്ന നിലപാട് അംഗീകരിച്ച് ഹൈക്കോടതി ഹർജി തീർപ്പാക്കി. ദേശീയ ഗാനവും ദേശീയ ഗീതവും ആലപിക്കേണ്ട വേദിയിൽ ആദ്യം വന്ദേമാതരം എന്ന് മാത്രമാണ് നിലപാട് എന്ന് കേന്ദ്രം അറിയിച്ചു.

 

കോളേജുകളിൽ സിജെപി, ഇടത് പ്രതിഷേധം വിലക്കിക്കൊണ്ടുള്ള വിവാദ ഉത്തരവ് ആയുധമാക്കി ഡിഎംകെ. കമ്മ്യൂണിസ്റ്റ്റുകാരുടെ കണക്കെടുപ്പ്, കോളേജിലെ സിജെപി അനുകൂല പ്രതിഷേധ വിലക്ക് ഉത്തരവുകളിലാണ് വിമർശനം. വിവാദ ഉത്തരവ് പിൻവലില്ലെങ്കിലും രാഷ്ട്രീയ ആയുധമാക്കാനാണ് തീരുമാനം. ഇടതുപാർട്ടികൾ ഇനിയും ടിവികെ സർക്കാരിനെ പിന്തുണയ്‌ക്കുമോ എന്നാണ് ഡിഎംകെ ഉയർത്തുന്ന പ്രധാന ചോദ്യം.

 

ദില്ലിയിൽ പമ്പിൽ വെച്ച് സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു മരണം. ആറുപേർക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. അപകടസ്ഥലത്ത് പൊലീസ്, ഫയർ ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥരെ വിന്യസിച്ചു.

 

ഉത്തരാഖണ്ഡിലെ പിത്തോരഗഢിൽ കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ കൂലാഗഡ് വാലി പാലം തകർന്നുവീണു. പാലത്തിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് പതിച്ചാണ് പാലം തകർന്നത്. ചൈന അതിർത്തിയോട് ചേർന്നുള്ള താഴ്‌വരകളിലേക്കുള്ള ഏക റോഡ് ബന്ധമാണ് ഇതോടെ വിച്ഛേദിക്കപ്പെട്ടത്. കൈലാഷ് മാനസരോവർ യാത്രക്കാരുൾപ്പെടെ നൂറുകണക്കിന് വിനോദസഞ്ചാരികളും പ്രദേശവാസികളും സുരക്ഷാ ഉദ്യോഗസ്ഥരും വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്.

 

 

ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി കൂടിക്കാഴ്ച നടത്തി യുഎസ് അംബാസഡർ സെർജിയോ ഗോർ. ജമ്മു കശ്മീർ ഇന്ത്യയുടെ സുപ്രധാന ഭാഗമാണെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സെർജിയോ ഗോർ പറഞ്ഞു. മുഖ്യമന്ത്രിയുമായി ഊഷ്മളമായ കൂടിക്കാഴ്ചയാണ് നടന്നതെന്നും യുഎസും ജമ്മു കശ്മീരും തമ്മിലുള്ള ബന്ധം ദൃഢമാക്കാൻ ആഗ്രഹമുണ്ടെന്നും സെർജിയോ ഗോർ മാധ്യമങ്ങളോട് പ്രതികരിച്ചു.

 

തമിഴ്നാട്ടിലെ കോളേജുകളിൽ സിജെപി, ഇടത് പ്രതിഷേധം വിലക്കിയ വിവാദ ഉത്തരവ് പുറപ്പെടുവിച്ചത് ചീഫ് സെക്രട്ടറി അധ്യക്ഷനായ യോഗമെന്ന വിവരം പുറത്ത്. പ്രതിമാസ ക്രമസമാധാന അവലോകന യോഗത്തിലാണ് നിർദേശം നൽകിയിരുന്നതെന്നാണ് വിവരം. ജൂലൈ 28നായിരുന്നു യോഗം നടന്നത്. പ്രതിഷേധങ്ങളിലും സമരത്തിലും പങ്കെടുക്കുന്നതിൽ നിന്ന് വിദ്യാർത്ഥികളെ പിന്തിരിപ്പിക്കണമെന്നായിരുന്നു യോഗത്തിന്റെ തീരുമാനം.

 

കർണാടകത്തിലെ ബിഡദിയിൽ വൻ വ്യാജമരുന്ന് നിർമാണ ശാല കണ്ടെത്തി. ഫുഡ് സേഫ്റ്റി വിഭാഗം നടത്തിയ റെയ്ഡിലാണ് അഞ്ച് കോടിയോളം രൂപ വിലവരുന്ന വ്യാജ മരുന്നുകൾ പിടികൂടിയത്. അതീവ ഗുരുതരാവസ്ഥയിൽ ഐസിയുവിൽ കഴിയുന്ന രോഗികൾക്ക് വരെ ഈ മരുന്നുകൾ വിതരണം ചെയ്തിട്ടുണ്ടെന്നാണ് വിവരം.

 

ഗുജറാത്തിൽ വ്യാജമദ്യം കുടിച്ച് നാലുപേർ മരിച്ചു. വിവിധ ആശുപത്രികളിലായി നിരവധി പേർ ചികിത്സയിൽ. ഭാവ്നഗർ ജില്ലയിൽ നടന്ന മദ്യസൽക്കാരത്തിനിടെയാണ് സംഭവം. സംഭവത്തിൽ 10 പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

 

മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ് യെ അതിരുവിട്ട് പ്രശംസിക്കുന്ന എംഎൽഎമാരെ വിലക്കിയിരിക്കുകയാണ് സ്പീക്കറും മന്ത്രിയും. പ്രശംസ അനുവദിക്കരുതെന്ന് വിജയ് എഴുതി നൽകിയതായി സ്പീക്കർ ജെസിഡി പ്രഭാകർ അറിയിച്ചു. വിഷയത്തിൽ ഒതുങ്ങി പ്രസംഗിച്ചാൽ മതിയെന്നും താക്കീത് നൽകിയിരിക്കുകയാണ്.

 

 

എന്‍.ടി.എ ശക്തിപ്പെടുത്തണമെന്ന് സുപ്രീം കോടതി. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ സ്ഥാപനവൽക്കരിക്കണമെന്നും ചോദ്യപേപ്പർ ചോർച്ചയില്ലെന്ന് ഉറപ്പാക്കാൻ സംവിധാനങ്ങള്‍ ശക്താമക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. വിവിധ സാങ്കേതിക മാറ്റങ്ങൾ കൊണ്ടുവരണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

 

അമേരിക്കയ്ക്ക് പിന്തുണ നൽകുന്ന ഗൾഫ് രാജ്യങ്ങളെ യുദ്ധത്തിലെ പങ്കാളികളായി കണക്കാക്കുമെന്ന് ഇറാൻ കരസേന മേധാവി മുന്നറിയിപ്പ് നൽകി. യുഎഇക്ക് നേരെയുണ്ടായ മിസൈൽ ആക്രമണ ശ്രമത്തിന് പിന്നാലെ ഇറാനുമായുള്ള എല്ലാ വ്യാപാര ഇടപാടുകളും യുഎഇ നിർത്തിവെച്ചു

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *