നവാഗതനായ സംവിധായകന്‍ സുജിത്ത് എന്‍ സുബ്രഹ്മണ്യം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘രാജാസ് പ്ലേലിസ്റ്റി’ന്റെ ടീസര്‍ പുറത്തെത്തി. നവാഗതനായ ജൈയന്‍ ആണ് ചിത്രത്തിലെ നായകന്‍. സോന ഒലിക്കല്‍ നായിക. സംവിധായകന്‍ വെങ്കട് പ്രഭുവിന്റേതാണ് ചിത്രത്തിന്റെ കഥ. സംവിധായിക സുധ കൊങ്കരയാണ് ക്രിയേറ്റീവ് പ്രൊഡ്യൂസര്‍. ഇളയരാജയുടെ പാട്ട് കേട്ടാല്‍ ഭൂതകാലത്തിലേക്ക് ടൈം ട്രാവല്‍ നടത്താമെന്ന് പറയുന്ന നായകനെ ടീസറില്‍ കാണാം. സംഗീതത്തിനും പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഗീത സംവിധാനം യുവന്‍ ശങ്കര്‍ രാജയാണ്. വാഗൈ ചന്ദ്രശേഖര്‍, ഗുരു സോമസുന്ദരം, ബിബിയന്‍, റോജു, ആര്യലക്ഷ്മി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 2025 ല്‍ പുറത്തെത്തിയ കുടുംബസ്ഥന്‍ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനായിരുന്നു രാജാസ് പ്ലേലിസ്റ്റ് സംവിധാനം ചെയ്യുന്ന സുജിത്ത് എന്‍ സുബ്രഹ്മണ്യം. ചിത്രത്തിന്റെ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
