എന്‍ഡോമെട്രിയോസിസ് ഉള്ള സ്ത്രീകളില്‍ ടൈപ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. എന്‍ഡോമെട്രിയോസിസ് ഇല്ലാത്ത സ്ത്രീകളെ അപേക്ഷിച്ച് ഉള്ളവരില്‍ ടൈപ് 2 ഡയബറ്റിസിനുള്ള സാധ്യത 46 ശതമാനം കൂടുതലാണെന്നാണ് പഠനം കണ്ടെത്തിയത്. അമേരിക്കയിലെ ജോര്‍ജ് മേസണ്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിനുപിന്നില്‍. 1996 മുതല്‍ 2021 വരെയുള്ള കാലയളവിലെ ഉട്ടാ പോപ്പുലേഷന്‍ ഡേറ്റാബേസിനെ ആധാരമാക്കിയാണ് പഠനം നടത്തിയത്. എന്‍ഡോമെട്രിയോസിസ് സ്ഥിരീകരിച്ച ഏകദേശം 1,00,000 സ്ത്രീകളും ഉള്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് എന്‍ഡോമെട്രിയോസിസ് ഇല്ലാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍, എന്‍ഡോമെട്രിയോസിസ് ഉള്ളവര്‍ക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 46 ശതമാനം കൂടുതലാണെന്ന് കണ്ടെത്തിയതെന്ന് ഗവേഷകര്‍ വ്യക്തമാക്കി. ‘ഡയബറ്റോളജിയ’ എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. എന്‍ഡോമെട്രിയോസിസ് മൂലമുണ്ടാകുന്ന വിട്ടുമാറാത്ത വീക്കം ഇന്‍സുലിന്‍ പ്രതിരോധത്തിനും ടൈപ്പ് 2 പ്രമേഹത്തിനും കാരണമായേക്കാമെന്ന് ഗവേഷകര്‍ കണ്ടെത്തി. എന്‍ഡോമെട്രിയോസിസ് പ്രത്യുത്പാദന ആരോഗ്യത്തെ മാത്രമല്ല ബാധിക്കുന്നത് എന്നതാണ് തങ്ങളുടെ പഠനം പറയുന്നതെന്നും ഗവേഷകര്‍ പറയുന്നുണ്ട്.
