yt cover 18

 

അയോധ്യയിലെ സംഭാവനക്കൊള്ളയില്‍ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട്അഞ്ഞൂറോളം സന്ന്യാസിമാരും  മതനേതാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് പ്രതിഷേധ ഇന്ന്മാര്‍ച്ച് നടത്തും. കമ്പ്യൂട്ടര്‍ ബാബ, പ്രകാശാനന്ദ് ഗിരി മഹാരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. തിരിമറിയെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്ന നിവേദനംപ്രധാനമന്ത്രിക്ക് സമര്‍പ്പിക്കാനാണ് സന്ന്യാസിമാരുടെ തീരുമാനം.

പത്തനംതിട്ടയിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷനില്‍ പ്രതിഷേധം ശക്തമാക്കി മോട്ടോര്‍ വാഹനവകുപ്പിലെ സംഘടനകള്‍. കറുത്ത ബാഡ്ജ് ധരിച്ച് ഓഫീസിലെത്തുമെന്നും, ഇന്നു മുതല്‍ പെറ്റി പിരിക്കില്ലെന്നും, എഎംവിഐമാര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ വകുപ്പിലെ വണ്ടിയോടിക്കില്ലെന്നും സംഘടനകള്‍ അറിയിച്ചു.

പത്തനംതിട്ടയിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട്  അധികാരം എന്തും ചെയ്യാനായി ഉദ്യോഗസ്ഥര്‍ ഉപയോഗിക്കരുതെന്നും അധികാരം കൃത്യമായി ഉപയോഗിക്കണമെന്നും ഗതാഗത മന്ത്രി സിപി ജോണ്‍.

മോട്ടോര്‍ വാഹന വകുപ്പിലെ നിസ്സഹകരണ സമരത്തില്‍ മുന്നിയിപ്പുമായി ഗതാഗത കമ്മീഷണര്‍. കറുത്ത ബാഡ്ജ് യൂണിഫോമില്‍ ധരിച്ച എഎംവിഐമാര്‍ക്കാണ് മെമ്മോ അയച്ചു. യൂണിഫോം കോഡിന്റെ ലംഘനമാണെന്ന് ചൂട്ടിക്കാട്ടിയാണ് ഗതാഗത കമ്മീഷണറുടെ നടപടി.

കാസര്‍കോട് സ്‌കൂളുകളില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിലെ വിവാദ ചോദ്യം തയ്യാറാക്കിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തത് അച്ചടക്ക നടപടിയുടെ പ്രാഥമിക ഘട്ടം മാത്രമാണെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്‍.

പ്രതിപക്ഷ ഉപനേതാവ് മുറിയെ കുറിച്ചുള്ള വിവാദത്തില്‍ മുറി നിഷേധിച്ചിട്ടില്ലെന്നും പ്രതിപക്ഷ ഉപനേതാവിന്റെ മുറി ഉപനേതാവിന് തന്നെ ലഭിക്കുമെന്നും സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഉപനേതാവാരെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞാല്‍ പ്രശ്‌നം തീരുമെന്നും അദ്ദേഹം പറഞ്ഞു.

മത്സ്യബന്ധനത്തിനിടെ കടലില്‍ കാണാതായ നീണ്ടകരയിലുള്ള ഗൗതം കൃഷ്ണയുടെ വീട്ടില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ സന്ദര്‍ശനം നടത്തി. മന്ത്രി ഷിബു ബേബി ജോണും ഒപ്പമുണ്ടായിരുന്നു. രേഷ്മയെയും കുടുംബത്തെയും എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്നും സര്‍ക്കാരിന് സാധ്യമായ തരത്തില്‍ സര്‍ക്കാര്‍ ഈ കുടുംബങ്ങളെ സഹായിക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിയായ ജോണിന്റെ വീട്ടിലെത്തി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുല്‍ ഗഫൂറും. പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും തിരച്ചില്‍ തുടരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കടലില്‍ കാണാതായാല്‍ തിരച്ചില്‍ നടത്തുന്നതിന് മാര്‍ഗ്ഗരേഖ ഉടന്‍ പുറത്തിറക്കുമെന്നും മുന്നറിയിപ്പ് സംവിധാനം മെച്ചപ്പെടുത്തുമെന്നും ഫിഷറീസ് മന്ത്രി പറഞ്ഞു.

ഇതാദ്യമായല്ല മത്സ്യത്തൊഴിലാളികളെ കാണാതാകുന്നത് എന്നതുള്‍പ്പെടെ മുഖ്യമന്ത്രി വി ഡി സതീശന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട്, വിഴിഞ്ഞത്ത് കടലില്‍ കാണാതായ ജോണിന്റെ കുടുംബം. അത്തരം പരാമര്‍ശങ്ങള്‍ ആ കസേരയില്‍ ഇരുന്നു പറയരുത്. ഇനിയെങ്കിലും പരാമര്‍ശം നടത്തുമ്പോള്‍ ഒരു വിഭാഗം ആളുകളെ ആക്ഷേപിക്കരുതെന്നും ജോണിന്റെ മകള്‍ ജിജി പറഞ്ഞു.

വന്ദേമാതരം ഇന്ത്യക്കാര്‍ മുഴുവന്‍ പാടുമെന്നും കോണ്‍ഗ്രസുകാര്‍ ഇറ്റാലിയന്‍ നാഷണല്‍ ആന്തം പാടട്ടെയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.

വന്ദേമാതരം ദേശീയ ഗീതമാണമാണെന്നും എന്നാലതില്‍ ഭക്തി ഗാനത്തിന്റെ സ്വരമുണ്ടെന്നും മന്ത്രി സിപി ജോണ്‍. സെക്കുലര്‍ സ്റ്റേറ്റില്‍ ഒരു പ്രത്യേക മതത്തിന്റെ കാര്യം പറയുന്നത് ശരിയല്ല. സിഎംപിയുടെ നിലപാട് ആദ്യ ഭാഗം മാത്രം പാടിയാല്‍ മതിയെന്നാണ്. പഴയതു പോലെ ആദ്യ സ്റ്റാന്‍സ പാടിയാല്‍ മതിയെന്നും മന്ത്രി പറഞ്ഞു.

പിഎം ശ്രീ പദ്ധതിയില്‍ യുഡിഎഫ് യോഗത്തില്‍ വിയോജിപ്പ് അറിയിക്കാന്‍ മുസ്ലിം ലീഗ് തീരുമാനം. കേന്ദ്രസര്‍ക്കാര്‍ മറുപടി കൂടി പുറത്ത് വന്നതോടെ പിന്മാറിയില്ലെങ്കില്‍ തിരിച്ചടിയെന്നാണ് ലീഗ് വിലയിരുത്തല്‍. പിഎം ശ്രീയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ അണികള്‍ക്കിടയിലടക്കം അത് കടുത്ത അതൃപ്തിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്സിആര്‍എയില്‍ നിര്‍ദേശിച്ചിരിക്കുന്ന ഭേദഗതികള്‍ മിഷനറി സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, ജീവകാരുണ്യ സ്ഥാപനങ്ങള്‍, സാമൂഹിക സേവന സംഘടനകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതകള്‍ സംബന്ധിച്ച് അടിയന്തര ചര്‍ച്ച ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എംപി ലോക്സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി.

ദില്ലിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച സംഘപരിവാര്‍ സഹയാത്രികന്‍ ടിജി മോഹന്‍ദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ലാപ്‌ടോപ്പും മൊബൈലും പിടിച്ചെടുത്തു. കലാപ ആഹ്വാനമുള്‍പ്പെടെ 4 കുറ്റങ്ങള്‍ ആണ് ടിജി മോഹന്‍ദാസിനെതിരെ ചുമത്തിയിരിക്കുന്നത്. കസ്റ്റഡിയില്‍ വേണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം.

ടിജി മോഹന്‍ദാസിന്റെ വിദ്വേഷ വീഡിയോ നീക്കം ചെയ്യാനുള്ള നീക്കവുമായി പൊലീസ്. വിഡീയോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മെറ്റക്ക് പൊലീസ് കത്ത് നല്‍കും. അറസ്റ്റ് നടപടിക്ക് ശേഷം ഇന്ന് കത്ത് നല്‍കാനാണ് തീരുമാനം.

ടിജി മോഹന്‍ദാസിന്റെ അറസ്റ്റ് സര്‍ക്കാര്‍ രക്ഷയില്ലാതെ ചെയ്തതാണെന്നും അറസ്റ്റ് നടന്നില്ലെങ്കില്‍ വലിയ പ്രതിഷേധവുമായി ജനം മുന്നോട്ട് വന്നേനെയെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജന്‍

ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയ്‌ക്കൊപ്പമുള്ള വ്യാജ എഐ ചിത്രം നിര്‍മിച്ച് പ്രചരിപ്പിച്ചവര്‍ക്കെതിരേ നിയമനടപടി ആരംഭിച്ചതായി സിപിഎം നേതാവ് പി. ജയരാജന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അര്‍ജുന്‍ ആയങ്കിയുടെ വീട്ടില്‍ കണ്ണൂര്‍ സൈബര്‍ പൊലീസ് പരിശോധന നടത്തുന്നു. മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ ശ്രമം തുടരുന്നു. അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തിയേക്കും. ഇതിനായുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു.

അര്‍ജുന്‍ ആയങ്കിയെ തള്ളിപ്പറഞ്ഞ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജനും. അര്‍ജുന്‍ ആയങ്കിയാണോപാര്‍ട്ടിയെന്നും അവനാണ് പാര്‍ട്ടി എന്നു പറയുന്നുണ്ടെങ്കില്‍ അത് അല്ല എന്നുള്ളത് എല്ലാവര്‍ക്കും മനസ്സിലാകുമെന്നും സാമൂഹിക മാധ്യമങ്ങളില്‍  അയാളെ പിന്തുണയ്ക്കുന്നവര്‍ പാര്‍ട്ടിക്കാരാകാന്‍ സാധ്യതയില്ലെന്നും ജയരാജന്‍ പറഞ്ഞു.

ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസിന്റെ സീലിംഗ് തകര്‍ന്നു വീണു. കഴിഞ്ഞദിവസം ഇതേ കെട്ടിടത്തിന്റെ സീലിംഗിന്റെ ഒരു ഭാഗം തകര്‍ന്നു വീണിരുന്നുവെങ്കിലും ഇന്ന് രാവിലെ ജീവനക്കാര്‍ ജോലിക്കായി ഓഫീസില്‍ എത്തിയപ്പോഴാണ് കൂടുതല്‍ ഭാഗം ഇടിഞ്ഞുവീണ നിലയില്‍ കണ്ടത്.

പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ അനുമതിയില്ലാതെ തമിഴ്‌നാട് സംഘം ഡ്രോണ്‍ പറത്തിയത് വിവാദത്തില്‍.  മുല്ലപ്പെരിയാര്‍ കനാലിന്റേയും വനമേഖലയുടെയും ദൃശ്യം പകര്‍ത്തുകയും ഇത് പെരിയകുളം എംഎല്‍എ യുടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒരു പ്രതികൂടി പിടിയില്‍. വിദേശത്തേക്ക് പോയ 27-ാമത്തെ പ്രതി ആദര്‍ശാണ് പിടിയിലായത്. അതേസമയം, ഒളിവില്‍പോയ പാളയം സന്തോഷിനെ പിടികൂടിയിട്ടില്ല.

കാസര്‍കോട് കലക്ടറേറ്റിലെ ജീവനക്കാരിയുടെ ആത്മഹത്യയില്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കര്‍ശന നടപടി എടുക്കുമെന്ന് മന്ത്രി എപി അനില്‍കുമാര്‍. റവന്യൂ കമ്മീഷണറുമായും ജില്ലാ കലക്ടറുമായും വിഷയം സംസാരിച്ചെന്നും മന്ത്രി വ്യക്തമാക്കി.

പാലക്കാട് കൊല്ലങ്കോട് പഴക്കം ചെന്ന കൂറ്റന്‍ വാട്ടര്‍ ടാങ്ക് പൊളിച്ചുനീക്കുന്നതിനിടെ  തകര്‍ന്ന് വീണ് സമീപത്തെ വീടിന്റെ ഒരു ഭാഗവും വില്ലജ് ഓഫീസിന്റ മതിലും ഗേറ്റും പൂര്‍ണമായും തകരുകയും ചെയ്തു. യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് കെട്ടിടം പൊളിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

ഹരിത കര്‍മ്മസേനയുടെ സമരത്തിനിടെ കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റിന് ദേഹാസ്വാസ്ഥ്യം. ഹരിത കര്‍മ്മസേനാംഗങ്ങള്‍ പ്രസിഡന്റിനെ വഴിയില്‍ തടഞ്ഞെന്നാണ് ആരോപണം. ഹരിത കര്‍മ്മസേനയില്‍ ഡ്രൈവറായി വനിതയെ നിയമിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ 10 ദിവസമായി ഹരിതകര്‍മസേനക്കാര്‍ സമരത്തിലാണ്.

സഹപ്രവര്‍ത്തകരില്‍ നിന്ന് 7 ലക്ഷം രൂപ തട്ടിയെടുത്ത പൊലീസുകാരനെതിരെ കേസ്. കെഎപി മൂന്നാം ബറ്റാലിയനിലെ ശംഭു ആര്‍ കൃഷ്ണക്കെതിരെയാണ് കേസ് എടുത്തത്. യൂണിഫോം കമ്മിറ്റിയിലെ അംഗമായ ശംഭു യൂണിഫോമിനായി സഹപ്രവര്‍ത്തകര്‍ നല്‍കിയ പണം തട്ടി എടുക്കുകയായിരുന്നു.

കര്‍ക്കിടക വാവ് പ്രമാണിച്ച് ബലി തര്‍പ്പണത്തിന് എത്തുന്നവര്‍ക്ക് കൊച്ചി മെട്രോ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചു. ഓഗസ്റ്റ് 11 ചൊവാഴ്ച്ച തൃപ്പൂണിത്തുറയില്‍ നിന്നും ആലുവയിലേക്ക് രാത്രി 11:15 നും 11.30 നും ഓഗസ്റ്റ് 12 ബുധനാഴ്ച്ച പുലര്‍ച്ചെ ആലുവയില്‍ നിന്നും 5 നും 5.30 നും തൃപ്പൂണിത്തുറയിലേക്ക് സര്‍വീസ് ഉണ്ടായിരിക്കുമെന്നും കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു.

കുറ്റ്യാടി നിട്ടൂരില്‍ സംഘര്‍ഷം. മൂന്ന് യുവാക്കള്‍ക്ക് വെട്ടേറ്റു. നിട്ടൂര്‍ സ്വദേശികളായ ഷോജിന്‍, ബബിന്‍, അശ്വിന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഒരു പെണ്‍കുട്ടിയുമായുള്ള അടുപ്പവുമായി ബന്ധപ്പെട്ടാണ് ആക്രമണമുണ്ടായതെന്നാണ് വിവരം.

51 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ പശ്ചിമബംഗാളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ആലുവ റൂറല്‍ പൊലീസിന്റെ പ്രത്യേക സംഘം പശ്ചിമബംഗാളിലെത്തി പിടികൂടി. പശ്ചിമബംഗാള്‍ ജലങ്ങി സ്വദേശി അസ്ലം ഷൈഖ് ആണ് തടിയിട്ടപറമ്പ് പൊലീസിന്റെ പിടിയിലായത്.

തൃണമൂലിലെ വിമത എംപിമാര്‍ ചേര്‍ന്ന എന്‍സിപിഐ(നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ) പാര്‍ട്ടിയില്‍ ഭിന്നതയെന്ന് റിപ്പോര്‍ട്ട്. ബിജെപിയുമായുള്ള സഖ്യത്തിന്റെ പേരിലാണ് പാര്‍ട്ടിയില്‍ ഭിന്നത ഉടലെടുത്തതെന്നാണ് വിവരം.

എഥനോള്‍ കലര്‍ത്തുന്നതിനെതിരെ സംസാരിക്കുന്നവര്‍ക്ക് ശുദ്ധമായ പെട്രോള്‍ അച്ഛന്റെ വീട്ടില്‍ നിന്ന് കൊണ്ടുവരുമോയെന്ന ചോദ്യവുമായി മധ്യപ്രദേശിലെ റേവയില്‍ നിന്നുള്ള ബിജെപി എംപിയായ ജനാര്‍ദ്ദന്‍ മിശ്ര.

പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം. ബില്ലുകള്‍ അവതരിപ്പിക്കാന്‍ ലോക്സഭയില്‍ എത്താതെ അമിത് ഷാ. പകരം സഹമന്ത്രിമാര്‍ ബില്ലുകള്‍ അവതരിപ്പിച്ചു. അമിത് ഷാ സഭയില്‍ എത്താത്തതില്‍ പ്രതിപക്ഷം ബഹളം വെച്ചതോടെ ലോക്സഭയും രാജ്യസഭയും രണ്ട് മണി വരെ നിര്‍ത്തി വച്ചു.

ആഭ്യന്തര മന്ത്രി അമിത് ഷാ സഭയില്‍ എത്തുമെന്നും സഭ തടസപ്പെടുത്തരുതെന്നും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇതുവരെയെത്താത്ത ആഭ്യന്തര മന്ത്രി അമിത് ഷാ സഭയില്‍ എത്തണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്ന പ്രതിപക്ഷ ആവശ്യത്തിനുമുന്നിലാണ്കേന്ദ്രം ഇപ്പോള്‍ വഴങ്ങിയിരിക്കുന്നത്.

തമിഴ് തായ് വാഴ്ത്ത് പ്രമേയം തമിഴ്നാട് നിയസഭ ഏകകണ്ഠമായി പാസാക്കി. എല്ലാ പരിപാടികളിലും ഇനിമുതല്‍ തമിഴ് തായ് വാഴ്ത്ത് നിര്‍ബന്ധമായും ആദ്യം പാടണമെന്നതാണ് പ്രമേയം. മുഖ്യമന്ത്രി സി ജോസഫ് വിജയ് ആണ് പ്രമേയം അവതരിപ്പിച്ചത്.

കുവൈത്തില്‍ 3,000 ദിനാറിന് മുകളിലുള്ള വിദേശ പണമിടപാടുകള്‍ക്ക് രണ്ട് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് നിര്‍ബന്ധമാക്കി. കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദ ധനസഹായവും തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

ഇറാനെതിരായ വലിയ സൈനികനീക്കങ്ങളില്‍നിന്ന് യുഎസ് പിന്മാറുന്നതായി സൂചന. പകരം ഇറാനെതിരായ സാമ്പത്തിക സമ്മര്‍ദം ശക്തമാക്കാനാണ് യുഎസിന്റെ നീക്കം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ഇതുസംബന്ധിച്ച സൂചനകള്‍ നല്‍കിയത്.

ഒമാനില്‍ ഓഗസ്റ്റ് 15 മുതല്‍ രണ്ടു മാസത്തേക്ക് നെയ്മീന്‍ പിടിക്കുന്നതിനും വില്‍ക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും പ്രജനനകാലത്ത് വംശവര്‍ദ്ധനവ് ഉറപ്പാക്കുന്നതിനും വേണ്ടിയാണ് കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം ഈ നടപടി സ്വീകരിച്ചത്.

ഇന്ത്യയ്ക്കും ചൈനയ്ക്കും 100 ശതമാനം വരെ തീരുവ ചുമത്താന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അധികാരം നല്‍കുന്ന നിര്‍ണായക ബില്‍ യു.എസ്. സെനറ്റ് പാസാക്കി. റഷ്യയില്‍ നിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്നത് തുടരുന്ന രാജ്യങ്ങളെ ലക്ഷ്യമിടുന്ന ബില്‍ ഇനി ജനപ്രതിനിധി സഭയുടെ പരിഗണനയിലേക്ക് പോകും.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്രനേട്ടം കൈവരിച്ച രാജ്യത്തിന്റെ അഭിമാനമായ കായികതാരങ്ങളെ വസതിയില്‍ ആദരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മെഡല്‍ തിളക്കവുമായി എത്തിയ കായിക താരങ്ങളുമായി പ്രധാനമന്ത്രി സൗഹൃദ സംഭാഷണം നടത്തി.

2026 സെപ്റ്റംബറില്‍ അരങ്ങേറുന്ന നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ അടിസ്ഥാന ഓഹരി സൂചികയുടെ അര്‍ധവാര്‍ഷിക പുനഃസംഘടനയില്‍ രാജ്യത്തെ മുന്‍നിര ഐ.ടി കമ്പനിയായ വിപ്രോ ലിമിറ്റഡ് നിഫ്റ്റി 50 ല്‍ നിന്ന് പുറത്തായേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലത്തെ ചരിത്രത്തിനിടെ ഇതാദ്യമായാണ് വിപ്രോ ഓഹരികള്‍, എന്‍.എസ്.ഇയുടെ ബെഞ്ച്മാര്‍ക്ക് സൂചികയില്‍ നിന്ന് പുറത്താകുന്നത്. നിഫ്റ്റി സൂചികയില്‍ നിന്നും പുറത്താക്കപ്പെട്ടാല്‍ വിദേശ പാസീവ് ഫണ്ടുകളില്‍ നിന്നും ഏകദേശം 24.6 കോടി ഡോളര്‍ (ഏകദേശം 2,300 കോടി രൂപ) മൂല്യം വരുന്ന നിക്ഷേപം പിന്‍വലിക്കുന്നതിന് വിപ്രോ ഓഹരി സാക്ഷ്യം വഹിക്കേണ്ടി വരും. വിപ്രോയ്ക്ക് പകരം നിഫ്റ്റി-50 സൂചികയിലേക്ക് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഓഹരി തിരഞ്ഞെടുക്കപ്പെട്ടേക്കാം. എന്നാല്‍ നിബന്ധനകളില്‍ മാറ്റം വരുത്തിയാല്‍ ടി.വി.എസ് മോട്ടോര്‍ ഓഹരി പകരമായി വരാനും സാധ്യതയുണ്ട്. നിഫ്റ്റി-50 സൂചികയില്‍ നിന്ന് പുറത്തായാല്‍ വിപ്രോ ഓഹരികള്‍ നിഫ്റ്റി നെക്സ്റ്റ്-50 എന്ന സൂചികയുടെ ഭാഗമാകും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ അത്യാധുനിക ഡാറ്റാ സ്റ്റോറേജ് ഉപകരണങ്ങള്‍ ഇനി കൊച്ചിയിലും നിര്‍മിക്കും. നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രോണിക്സ് നിര്‍മാണ സ്ഥാപനമായ എസ്എഫ്ഒ ടെക്നോളജീസും പ്രമുഖ അമേരിക്കന്‍ കമ്പനിയായ സ്മാര്‍ട്ട് ഐഒപിഎസും തമ്മിലാണ് ഇതിനായി ധാരണയായത്. സ്മാര്‍ട്ട് ഐഒപിഎസിന്റെ ‘ട്രൂ റാന്റം’ സാങ്കേതികവിദ്യ ഉപയോഗിച്ച് എഐ അധിഷ്ഠിത സിസ്റ്റങ്ങള്‍, ഡാറ്റാ സെന്ററുകള്‍, സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ എന്നിവയ്ക്ക് ആവശ്യമായ അതിവേഗ സോളിഡ് സ്റ്റേറ്റ് ഡ്രൈവുകളാണ് കൊച്ചിയിലെ കേന്ദ്രത്തില്‍ ഉല്‍പാദിപ്പിക്കുക. സാധാരണ ഇലക്ട്രോണിക്സ് ഘടകങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്ന ശൈലിയില്‍ നിന്ന് മാറി സങ്കീര്‍ണമായ എഐ ഹാര്‍ഡ്വെയറുകള്‍ നേരിട്ട് നിര്‍മിക്കുന്ന ഘട്ടത്തിലേക്ക് സംസ്ഥാനത്തെ ടെക് മേഖല വളരുന്നതിന്റെ സൂചനയാണിത്. കേന്ദ്ര സര്‍ക്കാരിന്റെ ‘ആത്മനിര്‍ഭര്‍ ഭാരത്’ ലക്ഷ്യങ്ങള്‍ക്ക് കരുത്തുപകരുന്നതാണ് ഈ പങ്കാളിത്തം.

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘ടോക്‌സിക്: എ ഫെയറിടെയില്‍ ഫോര്‍ ഗ്രോണ്‍- അപ്സ്’ ട്രെയ്‌ലര്‍ പുറത്ത്. ആക്ഷനും വയലന്‍സും മാസ് ഡയലോഗുകളും ബ്രഹ്‌മാണ്ഡ ലൊക്കേഷനുകളും നിറഞ്ഞതാണ് ട്രെയിലര്‍. ഇരട്ടവേഷത്തിലാണ് യഷ് ചിത്രത്തിലെത്തുന്നത്. റായ, ടിക്കറ്റ് എന്നീ വേഷങ്ങളിലാണ് യഷ് എത്തുന്നത്. നയന്‍താര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി, സുദേവ് നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. യഷും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗോപന്‍ ചിദംബരമാണ് ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. രാജീവ് രവി ഛായാഗ്രഹണം. രവി ബസ്രൂര്‍, വിശാല്‍ മിശ്ര, തനിഷ്‌ക് ബാഗ്ചി എന്നിവരാണ് സംഗീത സംവിധാനം. ജെ.ജെ. പെറി, അന്‍പറിവ്, കെച്ച കംഫാക്ഡീ, അമൃത് സിംഗ് ആണ് സംഘട്ടനരംഗങ്ങള്‍ ഒരുക്കുന്നത്. ഓഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന, ചാക്കോച്ചന്‍ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘ഹെയ്ല്‍ മേരി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിഷ്ണു രവികുമാറാണ് സംവിധാനം ചെയ്യുന്നത്. ജി.ആര്‍. ഇന്ദുഗോപന്റെ നോവലിനെ അടിസ്ഥാനമാക്കി ഡോ. നീരജ് രാജനും മാര്‍ട്ടിന്‍ പ്രക്കാട്ടും ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, വിനയ് ഫോര്‍ട്ട്, ജഗദീഷ്, അനു സിത്താര, കാവ്യ രാമചന്ദ്രന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു. ബസ് യാത്രയുടെ പശ്ചാത്തലത്തിലുള്ള ഹൃദ്യമായ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. റോബി വര്‍ഗ്ഗീസ് രാജ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് ജേക്സ് ബിജോയ് സംഗീതം പകരുന്നു.

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി രണ്ടു പുതിയ എസ് യുവികള്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതില്‍ ആദ്യത്തേത് ഉത്സവ സീസണില്‍ പുറത്തിറക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുള്ള മിഡ് സൈസ് എസ് യുവിയാണ്. രണ്ടാമത്തേത് സബ് കോംപാക്ട് ഇവി എസ് യുവിയാണ്. നിലവിലുള്ള ക്രെറ്റ എസ് യുവിയോട് സാദൃശ്യമുള്ള സെഗ്മന്റിലാണ് ആദ്യത്തേത് പ്രതീക്ഷിക്കുന്നത്. ഇത് പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ ലഭ്യമാകുമെന്നാണ് കരുതുന്നത്. കൂടാതെ ഈ പതിറ്റാണ്ട് അവസാനിക്കുന്നതിന് മുന്‍പ് ഹൈബ്രിഡ് പതിപ്പും കമ്പനി അവതരിപ്പിച്ചേക്കും. വര്‍ഷാവസാനത്തോടെ സബ് കോംപാക്ട് ഇവി എസ് യുവി അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. രണ്ട് ബാറ്ററി പായ്ക്കുകള്‍, ലെവല്‍ 2 അഡാസ്, കണക്ടഡ് കാര്‍ ടെക്‌നോളജി, സോഫ്റ്റ് വെയര്‍ ഡിഫൈന്‍ഡ് ഫംഗ്ഷനുകള്‍, ഫുള്‍ എല്‍ഇഡി ലൈറ്റ് പാക്കേജ് എന്നിവയായിരിക്കും ഇതിന്റെ ഫീച്ചറുകള്‍ എന്ന് കരുതുന്നു.

സുല്‍ത്താന്റെ കഥ, ഇത് കേവലം ഒരു നായയുടെ കഥയല്ല. ഇതൊരു കുടുംബത്തിന്റെ കഥയാണ്. സ്നേഹത്തിന്റെയും വിശ്വസ്തതയുടേയും കഥയാണ്. ജീവിതത്തെ അര്‍ത്ഥവത്താക്കുന്ന ചെറിയ ചെറിയ നിമിഷങ്ങളുടെ കഥയാണ്. മഴവില്‍പ്പാലത്തില്‍ സുല്‍ത്താനെ വരവേല്‍ക്കാന്‍ എന്റെ സ്വന്തം മക്കളായ ടിക്കു, പിക്കു, പാച്ചി, ബെന്‍ജി എന്നിവരും കാത്തുനില്‍ക്കുന്നുണ്ടാകും. ഈ സംഭവകഥ ഹൃദയം തകര്‍ത്തു. ഒരു ഓര്‍മ്മപ്പുസ്തകം എന്നതിന്നപ്പുറത്തേക്ക് അതിരുകള്‍ വകഞ്ഞ് സ്നേഹത്തിന്റെ മഹാകാശങ്ങളിലേക്ക് ഇതിലുള്ളടങ്ങിയ വാക്കും പൊരുളും വളരുന്നുണ്ട്. ‘സുല്‍ത്താന്‍’. രഘുനാഥന്‍ സാവിത്രി. ഗ്രീന്‍ ബുക്സ്. വില 119 രൂപ.

മഴക്കാലത്തു കൂടുതല്‍ അപകടകാരിയായി വായുവിലൂടെ പകരുന്ന ഇന്‍ഫ്ലുവന്‍സ വൈറസ്. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ ഇന്‍ഫ്ലുവന്‍സ ബാധിച്ച 604 പേരില്‍ 10 പേര്‍ മരിച്ചു. എച്ച്1 എന്‍1, എച്ച്3 എന്‍2 വിഭാഗങ്ങളില്‍പ്പെട്ട വൈറസാണ് കൂടുതല്‍പ്പേരെയും ബാധിച്ചത്. മഴക്കാലത്ത് സാമൂഹിക അകലം പാലിക്കാത്തതും മുഖാവരണം ധരിക്കാത്തതുമാണ് രോഗവ്യാപനത്തിനു പ്രധാനകാരണം. കാലാവസ്ഥയിലുണ്ടായ മാറ്റത്തിനൊപ്പം വൈറസുകള്‍ക്ക് ജനിതകവ്യതിയാനം വന്നതും രോഗം പടരാനിടയാക്കി. ഈ വര്‍ഷം ഇന്‍ഫ്ലുവന്‍സ പിടിപെട്ട 6,650 പേരില്‍ 77 പേര്‍ക്ക് സംസ്ഥാനത്ത് ജീവന്‍ നഷ്ടപ്പെട്ടു. ഇതോടെ ആരോഗ്യവകുപ്പിന്റെ പകര്‍ച്ചവ്യാധി പട്ടികയില്‍ ഏറ്റവും കൂടുതല്‍ മരണവും ഇതോടെ ഇന്‍ഫ്ലുവന്‍സയുടെ പേരിലായി. എലിപ്പനി, ഡെങ്കിപ്പനി എന്നിവയെ മറികടന്നാണ് ഇന്‍ഫ്ലുവന്‍സ പടര്‍ന്നത്. കോവിഡിനുശേഷമാണ് എച്ച്3 എന്‍2 വൈറസ് സാന്നിധ്യം കണ്ടുതുടങ്ങിയത്. അതിനുമുന്‍പ് എച്ച്1 എന്‍1 വിഭാഗമായിരുന്നു കൂടുതല്‍. ഇന്‍ഫ്ലുവന്‍സ എ വൈറസിന്റെ ഉപവിഭാഗമായ എച്ച്3 എന്‍2 ന്യുമോണിയ, ശ്വാസതടസ്സം എന്നിവയുണ്ടാക്കും. പ്രതിരോധശേഷി കുറഞ്ഞവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവരിലേക്ക് എളുപ്പം പടരും. ലക്ഷണങ്ങള്‍ – എച്ച്1 എന്‍1: പനി, ശരീരവേദന, തൊണ്ടവേദന, ചുമ, അതിസാരം, ഛര്‍ദി, വിറയല്‍, ക്ഷീണം. ആസ്ത്മ, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവരില്‍ രോഗം കടുക്കും. എച്ച്3 എന്‍2: ചുമ, പനി, ഛര്‍ദി, തൊണ്ടവേദന, പേശിവേദന, ശ്വസതടസ്സം. തുടര്‍ച്ചയായ പനി, നെഞ്ചുവേദനയും അസ്വസ്ഥതയും, ഭക്ഷണംകഴിക്കുമ്പോള്‍ വേദന എന്നിവ അനുഭവപ്പെട്ടാല്‍ ചികിത്സ തേടണം. രോഗബാധിതനായ വ്യക്തി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും സംസാരിക്കുമ്പോഴും വൈറസ് പടരും. വൈറസ് ബാധയേറ്റ പ്രതലവുമായി സമ്പര്‍ക്കത്തിലായ വ്യക്തി വായിലോ മൂക്കിലോ കൈകൊണ്ട് സ്പര്‍ശിക്കുമ്പോഴും പടരും.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 95.26, പൗണ്ട് – 128.63, യൂറോ – 110.18, സ്വിസ് ഫ്രാങ്ക് – 118.01, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 67.38, ബഹറിന്‍ ദിനാര്‍ – 253.53, കുവൈത്ത് ദിനാര്‍ -308.47, ഒമാനി റിയാല്‍ – 247.78, സൗദി റിയാല്‍ – 25.44, യു.എ.ഇ ദിര്‍ഹം – 25.93, ഖത്തര്‍ റിയാല്‍ – 26.13, കനേഡിയന്‍ ഡോളര്‍ – 68.37.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *