Untitled design 20250112 193040 0000 1

 

വനിതാ സംവരണ ബില്ലിനോട് അനുബന്ധിച്ചുള്ള മണ്ഡല പുനർനിർണയത്തിൽ ഒരു സംസ്ഥാനത്തിനും ദോഷമുണ്ടാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ ഉറപ്പുനൽകി. എംപിമാരുടെ അംഗസംഖ്യയിലെ അനുപാതം നിലവിലുള്ളതുപോലെ തുടരുമെന്നും, രാജ്യത്തെ വിഘടിച്ചു കാണാനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

വനിതാ സംവരണ നിയമം നടപ്പാക്കുന്നതിൻ്റെ ഭാഗമായുള്ള ഡീലിമിറ്റേഷൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഗുണകരമാകുമെന്ന് ബിജെപി എംപി തേജസ്വി സൂര്യ. എല്ലാ സംസ്ഥാനങ്ങളിലെയും ലോക്സഭാ സീറ്റുകൾ 50% വർദ്ധിപ്പിക്കുന്നത് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് 2011 സെൻസസ് അടിസ്ഥാനമാക്കിയുള്ളതിനേക്കാൾ കൂടുതൽ നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം പാർലമെൻ്റിൽ വിശദീകരിച്ചു.

 

ഇടുക്കി വട്ടവടയിലെ ചിലന്തിയാർ ചെക്ക് ഡാം നിർമാണം തടഞ്ഞ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാരിന് ആശ്വാസകരമായ വിധിയിലൂടെ, ശുദ്ധജലക്ഷാമം പരിഹരിക്കാനുള്ള ഡാം നിർമാണവുമായി മുന്നോട്ട് പോകാൻ അനുമതി ലഭിച്ചു. അന്തർ സംസ്ഥാന നദീജല തർക്കങ്ങളിൽ ട്രിബ്യൂണലിന് അധികാരമില്ലെന്ന കേരളത്തിന്റെ വാദം കോടതി പരിഗണിച്ചു.

 

 

കേരളത്തിലെ തെരഞ്ഞെടുപ്പ് ചർച്ചകൾ ന്യൂയോർക്ക് ആസ്ഥാനമായുള്ള ‘പോളിമാർക്കറ്റ്’ എന്ന പ്രവചന വിപണിയിലും സജീവമായി. വോട്ടെടുപ്പ് ദിവസം വരെ യുഡിഎഫിന് മുൻതൂക്കം പ്രവചിച്ചിരുന്ന വിപണിയിൽ, പോളിംഗ് പുരോഗമിക്കവെ എൽഡിഎഫിന്റെ വിജയസാധ്യത കുത്തനെ ഉയർന്നത് രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചു.

 

 

കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തർക്കങ്ങളുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. യുഡിഎഫ് പ്രവർത്തകരെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കാൻ ചില കേന്ദ്രങ്ങൾ ബോധപൂർവം ശ്രമിക്കുകയാണെന്നും ഇത്തരം അജണ്ടകളെ ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തിനുള്ള തർക്കത്തിൽ പ്രതികരിച്ച് വി ശിവൻകുട്ടി. യുഡിഎഫിന്റെ പാരമ്പര്യം ഇതാണെന്നും ചില കാര്യങ്ങൾ എത്ര പറഞ്ഞാലും മാറില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു. സിപിഎമ്മിൽ ഇതുവരെ മന്ത്രിമാരെ തീരുമാനിച്ചിട്ടില്ല. 140 സീറ്റ് കിട്ടുമെന്ന് പറഞ്ഞാലും യുഡിഎഫിനോട് എന്തിന് തർക്കിക്കണമെന്നും ശിവൻകുട്ടി ചോദിച്ചു.

 

പത്തനംതിട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകന് നേരെ ക്രൂരമർദ്ദനം. റാന്നി വെച്ചൂച്ചിറ പരുവയിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. യൂത്ത് കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് ജെറിനും സുഹൃത്തും സഞ്ചരിച്ച ഇരുചക്രവാഹനം തടഞ്ഞുനിർത്തിയായിരുന്നു മർദിച്ചത്.ഡിവൈഎഫ്ഐ പ്രവർത്തകരാണ് മർദ്ദിച്ചതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.

 

ആലപ്പുഴ തുറവൂർ താലൂക്ക് ആശുപത്രിയിലെ തീപിടിത്തം അണയ്ക്കാൻ പോയ അഗ്നിരക്ഷാസേനയുടെ വാഹനം തടഞ്ഞ കാറുടമയ്ക്കെതിരെ കർശന നടപടി. സംഭവത്തിൽ കുത്തിയതോട് സ്വദേശി സുജിത്തിനെതിരെ പൊലീസ് കേസെടുക്കുകയും മോട്ടോർ വാഹന വകുപ്പ് ഇയാളുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഇയാളുടെ കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

ടൗൺഷിപ്പിൽ നിർമ്മാണം പൂർത്തിയാക്കാത്തതിൽ ആശങ്കയെന്ന് ചൂരൽമല ദുരന്തബാധിതർ. 178 വീടുകൾ എങ്കിലും എത്രയും വേഗം പൂർത്തീകരിക്കണം. കൈമാറിയ ഭൂരിഭാഗം വീടുകളും താമസ യോഗ്യമല്ലെന്നും വിമർശനം ഉയരുന്നു. അതേസമയം തനിക്ക് ലഭിച്ച വീട്ടിലെ മേൽക്കൂരയിൽ വിള്ളൽ വീണെന്ന് ചൂരൽമല സ്വദേശി നൗഫൽ പറഞ്ഞു. പരാതി അറിയിച്ചതിന് പിന്നാലെ അധികൃതർ വീട് പൂട്ടിയെന്നും നൗഫൽ പറഞ്ഞു.

 

കാഞ്ഞങ്ങാട് 13 വയസുകാരനായ വിദ്യാർത്ഥിക്ക് സൂര്യാഘാതമേറ്റു. അജാനൂരിലെ അബ്ദുൾ റഹ്മാൻ പാണത്തൂരിന്റെ മകൻ മുഹമ്മദ് ജുബൈറിനാണ് സൂര്യാഘാതമേറ്റത്. ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണ് സംഭവം. വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

വിഴിഞ്ഞത്ത് ബാറിന് മുന്നിൽ യുവാവിനെ ക്രൂരമായി തല്ലിക്കൊന്ന സംഭവത്തിൽ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മർദ്ദനത്തിൽ യുവാവിന്‍റെ വാരിയല്ല് ഒടി‌ഞ്ഞ് ഉള്ളിലേക്ക് തറച്ചുകയറിയെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുള്ളത്. കൊല്ലപ്പെട്ട വിഴിഞ്ഞം സ്വദേശി സുമന് ആന്തരികമായി നിരവധി പരിക്കുകളുള്ളതായും നെഞ്ചിൽ രക്തസ്രാവമുണ്ടായെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

 

കുംഭമേളയിലൂടെ വൈറലായ പെൺകുട്ടി കേരള പൊലീസിന്റെ സംരക്ഷണം തേടി. തനിക്ക് 18 വയസ്സ് പൂർത്തിയായെന്നും തന്നെ നിർബന്ധിച്ച് മധ്യപ്രദേശിലേക്ക് കൊണ്ടുപോകുന്നത് തടയണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകി.തനിക്ക് 18 വയസ്സ് പൂർത്തിയായെന്നും തന്നെ ബലമായി മധ്യപ്രദേശിലേക്ക് കൊണ്ടുപോകാനുള്ള നീക്കം തടയണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം.

 

കൊല്ലം അഞ്ചലിൽ 11കാരി മരിച്ചു. വാളകം പുത്തൻവിള സ്വദേശി അഹന്നയാണ് മരിച്ചത്. അഞ്ചലിലെ കരാട്ടെ ക്ലാസിലെ പരിശീലനത്തിനിടെ അഹന്നയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ഉടൻ തന്നെ അഹന്നയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

 

ജോലിക്കിടെ കെഎസ്‍ഇബി കരാര്‍ ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം അമ്പൂരി സ്വദേശി സന്തോഷ് (40) ആണ് മരിച്ചത്. ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ സന്തോഷിനെ ഉടൻ തന്നെ പാറശ്ശാലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

കോഴിക്കോട് ഈസ്റ്റ് മൂഴിക്കലിൽ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇരുവരുടെയും ഫോണുകൾ കിണറ്റിൽ നിന്നും കണ്ടെത്തി. കൊല്ലപ്പെട്ട നസ്രീനയുടെ രണ്ട് ഫോണും ജീവനൊടുക്കിയ അദ്നാൻ്റെ ഒരു ഫോണുമാണ് കിണറ്റിൽ നിന്ന് കണ്ടെത്തിയത്. നസ്രീനയുടെ വീട്ടിലെ കിണറ്റിൽ നിന്നാണ് ഫോൺ കണ്ടെടുത്തത്. തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നതായി പൊലീസ് സംശയം പ്രകടിപ്പിച്ചു. ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

 

തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയിന്‍റെ, തിരഞ്ഞെടുപ്പിൽ ജയിച്ചാൽ മാസത്തിലൊരിക്കൽ മണ്ഡലത്തിൽ എത്തുമെന്ന വിചിത്ര പ്രഖ്യാപനം ചർച്ചയാകുന്നു. തമിഴ്‌നാടിന് താൻ ആരായാലും മണ്ഡലത്തിലെ ജനങ്ങൾക്ക് വെറുമൊരു എംഎൽഎ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രഖ്യാപനത്തെ ടിവികെ പ്രവർത്തകർ കയ്യടിയോടെയാണ് സ്വീകരിച്ചത്

 

വനിതാ സംവരണ ബില്ലിനോട് അനുബന്ധിച്ചുള്ള മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് ലോക്സഭയിലെ ചര്‍ച്ചക്കിടെ കേന്ദ്രത്തിനും ബിജെപിക്കുമെതിരെ പ്രിയങ്ക ഗാന്ധി എംപി. സ്വാതന്ത്ര്യത്തിന് തൊട്ടു പിന്നാലെ സ്ത്രീകൾക്ക് വോട്ടുറപ്പാക്കിയത് കോൺഗ്രസാണെന്നും തദ്ദേശഭരണ സ്ഥാപനങ്ങളിൽ സംവരണം നടപ്പാക്കിയത് കോൺഗ്രസാണെന്നും സംവരണത്തെ എതിർക്കുന്ന നിലപാടാണ് ബിജെപി അന്ന് സ്വീകരിച്ചതെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.

 

പെൺകുട്ടികൾ ഷോർട്സ്‌ ധരിക്കരുതെന്ന വിവാദ നിർദേശവുമായി തിരുച്ചിറപ്പള്ളി തമിഴ്നാട്‌ ദേശീയ നിയമ സർവകലാശാല വൈസ് ചാൻസലർ. അനുചിതമായ വസ്ത്രധാരണം ലൈംഗിക അതിക്രമത്തിന് വഴിവയ്ക്കും. അധ്യാപകരുടെ ശ്രദ്ധ മാറുന്നതിന് കാരണമാകുമെന്നും വൈസ് ചാൻസലർ പറഞ്ഞു.

 

ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. വിമാനത്താവളത്തിൽ വ്യാഴാഴ്ച ഉച്ചയോടെ ടാക്സി ചെയ്യുന്നതിനിടെ സ്പൈസ് ജെറ്റ് വിമാനത്തിന്റെ ചിറക് അവിടെ നിർത്തിയിട്ടിരുന്ന അകാശ എയർ വിമാനത്തിൽ തട്ടിയാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കി.

 

മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ ബിപിഒ സെന്‍ററിന്‍റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. ലൈംഗിക ചൂഷണത്തെയും നിർബന്ധിത മതപരിവർത്തനത്തെയും കുറിച്ചുള്ള ആരോപണങ്ങളേ തുടർന്നാണ് നടപടി. ഇതിനിടെ കേസിൽ പ്രതിയായ ഷാഫി ഷെയ്ക്കിന് ജയിൽ മര്‍ദനമേറ്റതായി പരാതി ഉയര്‍ന്നു.

 

ഹരിയാനയിൽ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി നിർദേശം ലംഘിച്ച് ക്രോസ് വോട്ട് ചെയ്ത അഞ്ച് കോൺഗ്രസ് എംഎൽഎമാരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ അംഗീകാരത്തോടെയാണ് ഷെല്ലി ചൗധരി ഉൾപ്പെടെയുള്ളവർക്കെതിരെ ഹരിയാന പി.സി.സി അധ്യക്ഷൻ നടപടി പ്രഖ്യാപിച്ചത്.

 

വിജയ് നായകനായ ജനനായകൻ സിനിമ ചോര്‍ന്ന സംഭവത്തിൽ മുഖ്യപ്രതിയടക്കം മൂന്നുപേര്‍ പിടിയിൽ. ഫ്രീലാന്‍സ് എഡിറ്ററായ യുവാവ് ആണ് കേസിലെ മുഖ്യപ്രതി. ചെന്നൈ പൊലീസ് സൈബര്‍ ക്രൈം വിഭാഗമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മറ്റൊരു ചിത്രത്തിന്‍റെ ജോലികളുമായി ബന്ധപ്പെട്ട് ഫ്രീലാന്‍സ് എഡിറ്ററായ യുവാവ് സ്റ്റുഡിയോയിൽ ഉണ്ടായിരുന്നു. ഇവിടെ വെച്ച് അനധികൃതമായി ജനനായകൻ റീൽ സ്വന്തമാക്കി പകര്‍പ്പ് നിര്‍മിച്ചുവെന്നാണ് പൊലീസ് കണ്ടെത്തിയത്.

 

ലോക്‌സഭയിൽ മതാടിസ്ഥാനത്തിലുള്ള സംവരണത്തെച്ചൊല്ലി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും തമ്മിൽ രൂക്ഷമായ വാക്പോര്. വനിതാ സംവരണ ബില്ലിലും മണ്ഡല പുനർനിർണ്ണയ ബില്ലിലും പിന്നാക്ക വിഭാഗങ്ങൾക്കും മുസ്ലിം സ്ത്രീകൾക്കും പ്രത്യേക സംവരണം വേണമെന്ന് സമാജ്‌വാദി പാർട്ടി ആവശ്യപ്പെട്ടതാണ് തർക്കത്തിന് തുടക്കമിട്ടത്. എന്നാൽ മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് അമിത് ഷാ മറുപടിയിൽ പറഞ്ഞു.

 

യുകെയിൽ അഭയാർഥി സ്റ്റാറ്റസ് ലഭിക്കുന്നതിനായി പാകിസ്ഥാൻ, ബം​ഗ്ലാദേശ് പൗരന്മാരെ ലക്ഷ്യമിട്ട് വൻ റാക്കറ്റ് പ്രവർത്തിക്കുന്നതായി ബിബിസി റിപ്പോർട്ട്. ആയിരക്കണക്കിന് പൗണ്ട് ഈടാക്കിയാണ് ഈ സംഘം വ്യാജ രേഖകൾ നൽകി പാകിസ്ഥാൻ, ബം​ഗ്ലാദേശ് കുടിയേറ്റക്കാർക്ക് അഭയാർഥി പട്ടം നൽകുന്നത്.

 

ഇറാന്‍ യുദ്ധത്തിന്റെ തുടക്കത്തില്‍ അമേരിക്ക നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഒരു മാസമായി ശ്രീലങ്കയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവര്‍. വിശാഖപട്ടണത്ത് നടന്ന നാവിക അഭ്യാസത്തില്‍ പങ്കെടുത്ത് നാട്ടിലേക്ക് തിരിച്ചുപോവുന്നതിനിടയിലാണ് യുദ്ധം തുടങ്ങിയതും ഇവര്‍ സഞ്ചരിച്ച പടക്കപ്പല്‍ ആക്രമിക്കപ്പെട്ടതും.

 

ലഷ്‌കർ-ഇ-തൊയ്ബ സ്ഥാപക അംഗമായ അമീർ ഹംസയെ ലാഹോറിൽ അജ്ഞാതർ വെടിവച്ചു. നിലവിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന ഇയാൾക്ക് നേരെ ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ആക്രമണമുണ്ടാകുന്നത്. ബെംഗളൂരു ഭീകരാക്രമണത്തിന്റെ സൂത്രധാരനും ഹാഫിസ് സയീദിന്റെ അടുത്ത അനുയായിയുമാണ് ഹംസ.

 

ശ്രീനഗറിൽ നടന്ന ഒരു പ്രദർശനത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ, ദേശീയ പതാകയുടെ നിറങ്ങളുള്ള റിബൺ മുറിക്കാൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള വിസമ്മതിച്ചു. ദേശീയ പതാകയോടുള്ള ആദരസൂചകമായി റിബൺ അഴിച്ചുമാറ്റി സൂക്ഷിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു, ഈ പ്രവൃത്തിക്ക് സമൂഹമാധ്യമങ്ങളിൽ വലിയ പ്രശംസ ലഭിച്ചു.

 

 

 

 

 

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *