സൈബര്‍ തട്ടിപ്പുകള്‍ തടയാന്‍ പുതിയ നീക്കവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 10000 രൂപയ്ക്ക് മുകളിലുള്ള ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് ഒരു മണിക്കൂര്‍ വെയ്റ്റിങ് ടൈം ഏര്‍പ്പെടുത്തുന്നതടക്കമുള്ള മാറ്റങ്ങളാണ് ആര്‍ബിഐ പരിഗണിക്കുന്നത്. ഈ ഒരുമണിക്കൂറിനുള്ളില്‍ ഏതെങ്കിലും തരത്തില്‍ ഇത് തട്ടിപ്പാണെന്ന് സംശയം തോന്നുന്ന മാത്രയില്‍ ട്രാന്സാക്ഷന് കാന്‍സല്‍ ചെയ്യാം. 70 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 50,000-ത്തിന് മുകളിലുള്ള ഇടപാടുകള്‍ക്ക് വിശ്വസ്ഥനായ ഇടനിലക്കാരന്റെ അനുവാദം നിര്‍ബന്ധമാക്കുന്നതാണ് മറ്റൊരു നിര്‍ദേശം. അക്കൗണ്ടിന് ലിമിറ്റ് : ബാങ്ക് അക്കൗണ്ടുകള്‍ക്ക് സാധാരണഗതിയില്‍ ഒരു വര്‍ഷം നിശ്ചിത തുക മാത്രമേ സ്വീകരിക്കാന്‍ കഴിയൂ എന്ന് പരിധി വയ്ക്കും. ഇടപാടുകള്‍ യഥാര്‍ഥമെന്ന് വ്യക്തമാക്കുന്ന തെളിവ് ബാങ്കിനു സമര്‍പ്പിച്ചാല്‍ പണം അക്കൗണ്ടിലെത്തും. ഇല്ലെങ്കില്‍ പണം വന്ന അക്കൗണ്ടിലേക്ക് തിരികെപ്പോകും. കില്‍ സ്വിച്ച്: ഡിജിറ്റല്‍ അറസ്റ്റ് പോലെയുള്ള തട്ടിപ്പുകളില്പ്പെട്ടുവെന്ന് സംശയം തോന്നിയാല്‍ ഒറ്റ ബട്ടണില്‍ ഞെക്കിയാല്‍ സ്വന്തം അക്കൗണ്ടുകളില്‍ നിന്നുള്ള എല്ലാ ഓണ്‍ലൈന്‍ പണമിടപാട് സംവിധാനവും ഒറ്റയടിക്ക് മരവിപ്പിക്കാനുള്ള സംവിധാനം. മേയ് 8 വരെ ഇതിനായി പൊതുജനാഭിപ്രായം തേടും.
