2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി വിവിധ മേഖലകളിൽ മിഷൻ മോഡ് പരിഷ്കാരങ്ങൾ നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2026-27 കേന്ദ്ര ബജറ്റിന് മുന്നോടിയായി നീതി ആയോഗിൽ പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ശബരിമലയിലെ സ്വര്‍ണക്കൊള്ളയിൽ ആരും നിഷ്കളങ്കര്‍ അല്ലെന്നും തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കടകംപള്ളിയുടെ ചോദ്യം ചെയ്യൽ നീട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎമ്മിന് ക്ഷീണം ഉണ്ടാക്കുമെന്ന് ഉറപ്പുള്ളതുകൊണ്ട് മനപ്പൂർവ്വം നീട്ടിവെക്കുകയായിരുന്നു. കോടതി ഇടപെട്ടതുകൊണ്ടാണ് ഇപ്പോൾ ഇത് സംഭവിച്ചത്. കടകംപള്ളി സുരേന്ദ്രന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുണ്ട്.കൂടുതൽ നേതാക്കളുടെ പേര് റിമാൻഡിൽ ആയവർ പറയുമെന്ന ഭയത്തിലാണ് സര്‍ക്കാരെന്നും വിഡി സതീശൻ പറഞ്ഞു.
തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്തിലെ കൂറുമാറ്റ വിവാദത്തില്‍ പാര്‍ട്ടിയുമായി അനുനയത്തിന് ശ്രമിച്ച് കോണ്‍ഗ്രസ് വിമതര്‍. പുറത്താക്കപ്പെട്ട ഡിസിസി സെക്രട്ടറി ടി.എം.ചന്ദ്രന്‍റെ നേതൃത്വത്തില്‍ എട്ട് പഞ്ചായത്ത് അംഗങ്ങള്‍ റോജി എം ജോണ്‍ എംഎല്‍എയുമായി ചര്‍ച്ച നടത്തി. കെപിസിസി പ്രസിഡന്‍റിന്‍റെ നിര്‍ദേശ പ്രകാരമാണ് റോജി വിമതരുമായി ചര്‍ച്ച നടത്തിയത്. ബിജെപിയുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ഒരു അംഗം പോലും ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്നും ചര്‍ച്ചയില്‍ ടിഎം ചന്ദ്രനും കൂട്ടരും റോജിയോട് പറഞ്ഞു.
മകരവിളക്ക് തീർത്ഥാടനത്തിനായി വൈകിട്ട് അഞ്ചിന് ശബരിമല ശ്രീധർമ്മശാസ്‌താ ക്ഷേത്രം നടതുറന്നു.വൈകിട്ട് അഞ്ചിന് ക്ഷേത്രം തന്ത്രി മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി ഇ ടി പ്രസാദ് നടതുറന്നു. തുടർന്ന് ശബരീശന്‍റെ വിഗ്രഹത്തിൽ ചാർത്തിയ വിഭൂതിയും താക്കോലും മേൽശാന്തിയിൽ നിന്നുമേറ്റുവാങ്ങിയ ശേഷം മാളികപ്പുറം മേൽശാന്തി മനു നമ്പൂതിരി ഗണപതിയെയും നാഗരാജാവിനെയും തൊഴുത് മാളികപ്പുറം ശ്രീകോവിൽ തുറന്നു.
ബെംഗളൂരു കൊഗിലു ലേഔട്ടിൽ അനധികൃത കൈയേറ്റമെന്നാരോപിച്ച് വീടുകൾ തകർത്ത സംഭവത്തിൽ മുസ്ലീം ലീഗിന്‍റെ നിലപാടിനെ വിമർശിച്ച് എ എ റഹീം എംപി. കോൺഗ്രസ് സ്വന്തം നയങ്ങൾ കൊണ്ടും സമീപനങ്ങൾ കൊണ്ടും ചെന്നു പെടുന്ന വലിയ കുഴികളിൽ നിന്നും അവരെ പരിക്ക് കൂടാതെ കൈപിടിച്ച് കയറ്റാൻ കരാർ പണിയെടുത്ത ഒരു കരാർ കമ്പനിയാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്ന് റഹീം ഫേസ്ബുക്കിൽ കുറിച്ചു.
കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വായ്പാ തട്ടിപ്പിൽ മുൻ എംഎൽഎ പി വി അൻവർ നാളെ ചോദ്യം ചെയ്യലിന് ഇഡിയ്ക്ക് മുന്നിൽ ഹാജരാകില്ല. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടികാട്ടി മറ്റൊരു ദിവസത്തേക്ക് ചോദ്യം ചെയ്യൽ മാറ്റണമെന്ന് ഇഡിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ജനുവരി ഏഴിന് ഹാജരാകാൻ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. കെഎഫ്‍സി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വായ്പാ ദുരുപയോഗം നടത്തിയതായി ഇഡി നടത്തിയ റെയ്കിൽ കണ്ടെത്തിയിരുന്നു.
നടന്‍ മോഹന്‍ലാലിന്‍റെ അമ്മ ശാന്തകുമാരി അമ്മയുടെ സംസ്കാരം നാളെ തിരുവനന്തപുരം മുടവന്‍മുഗളിലെ വീട്ടുവളപ്പിൽ നടക്കും. ഇന്ന് ഉച്ചയോടെയാണ് കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ച് ശാന്തകുമാരിയമ്മ അന്തരിച്ചത്. 90 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് പത്ത് വർഷമായി ചികിത്സയിലായിരുന്നു.
കൊല്ലം പരവൂരിൽ പാൽ തലയിലൂടെ ഒഴിച്ച് കർഷകൻ്റെ പ്രതിഷേധം. കൂനയിൽ ക്ഷീരോത്പാദക സഹകരണ സംഘത്തിലായിരുന്നു യുവ കർഷകനായ വിഷ്ണുവിൻ്റെ പ്രതിഷേധം. തൻ്റെ പശുക്കളുടെ പാൽ മാത്രം പിരിഞ്ഞ് പോകുന്നെന്ന സൊസൈറ്റിയുടെ വിചിത്ര വാദമാണ് പ്രതിഷേധത്തിന് ഇടയാക്കിയതെന്ന് യുവാവ് പറഞ്ഞു. സൊസൈറ്റിയിൽ താൻ എത്തിക്കുന്ന പാൽ മറ്റ് കർഷകരുടെ പേരിൽ ബിൽ എഴുതി നൽകിയത് കണ്ട് പിടിച്ചതിലുള്ള വൈരാഗ്യമാണ് പാൽ സ്വീകരിക്കാത്തതിന് കാരണമെന്നും കർഷകൻ ആരോപിച്ചു.
കൊച്ചി ബിനാലെയിൽ പ്രദർശിപ്പിച്ച ചിത്രത്തെ ചൊല്ലി വിവാദം. ബിനാലെയുടെ ഭാഗമായ ‘ഇടം’ പ്രദർശനത്തിൽ ഉൾപ്പെടുത്തിയ ടോം വട്ടക്കുഴിയുടെ ചിത്രമാണ് വിവാദമായത്. ക്രിസ്തുവിന്‍റെ അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ചുവെന്നാണ് പരാതി. ഇത് ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർക്കും സിറ്റി പൊലീസ് കമ്മീഷണർക്കും എറണാകുളം സ്വദേശി തോമസ് പരാതി നൽകി. 2016ൽ ഭാഷാപോഷിണി മാസികയിൽ പ്രസിദ്ധീകരിച്ച് വിവാദമായ ചിത്രമാണ് ബിനാലെയിൽ പ്രദർശിപ്പിച്ചത് എന്നാണ് ആക്ഷേപം.
മുതിര്‍ന്ന സിപിഎം നേതാവും ധര്‍മടം മുൻ എംഎൽഎയുമായ കെകെ നാരായണൻ അന്തരിച്ചു. 77 വയസായിരുന്നു. ഇന്ന് പെരളശ്ശേരി സ്കൂളിൽ പരിപാടിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
പത്തനംതിട്ട വയ്യാറ്റുപുഴ വില്ലൂന്നിപാറയിൽ കിണറ്റിൽ വീണ കടുവയെ മണിക്കൂറുകൾ നീണ്ട ശ്രമകരമായ ദൗത്യത്തിന് ഒടുവിൽ വനംവകുപ്പ് പുറത്തെടുത്തു. ഇന്ന് പുലർച്ചെയാണ് ആൾമറ ഇല്ലാത്ത കിണറ്റിൽ കടുവ വീണത്. മണിക്കൂറുകൾ നീണ്ട രക്ഷാദൗത്യത്തിൽ മയക്കുവെടി വെച്ചാണ് കടുവയെ വലയിലാക്കിയത്.വൈദ്യപരിശോധന പൂർത്തിയാക്കി ആരോഗ്യം തൃപ്തികരമാണെങ്കിൽ കടുവയെ ഉൾവനത്തിൽ തുറന്നുവിടാനാണ് വനംവകുപ്പിന്റെ തീരുമാനം.
വികെ പ്രശാന്ത് എംഎൽഎയുമായുള്ള കോര്‍പ്പറേഷൻ കെട്ടിടത്തിലെ ഓഫീസ് വിവാദം വിടാതെ ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ. ചെറിയൊരിടത്ത് ഇന്ന് മുതൽ സേവനം തുടങ്ങിയെന്ന് പറഞ്ഞുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ആര്‍ ശ്രീലേഖയുടെ പരോക്ഷ വിമര്‍ശനം.കഷ്ടിച്ച് 70-75 സ്ക്വയര്‍ ഫീറ്റ് മാത്രമുള്ള തന്‍റെ ഇത്തിരിപ്പോന്ന കുഞ്ഞ് ഓഫീസ് മുറിയാണിതെന്നും കെട്ടിടത്തിന് ചുറ്റും ടണ്‍ കണക്കിന് മാലിന്യമാണെന്നും ശ്രീലേഖ പോസ്റ്റിൽ വിമര്‍ശിക്കുന്നുണ്ട്.
വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ പതിനാറുകാരിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ടു പേരെ കൂടി കോഴിക്കോട് സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍ക്കോട് സ്വദേശികളായ മുഹമ്മദ് ഷമീം, മുഹമ്മദ് റയീസ് എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ രണ്ടു പേര്‍ ഇന്നലെ പിടിയിലായിരുന്നു.
കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടെയും വ്യവസായി റോബർട്ട് വദ്രയുടെയും മകൻ റൈഹാൻ വദ്ര വിവാഹിതനാകുന്നു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഫോട്ടോഗ്രാഫർ അവിവ ബെയ്ഗ് ആണ് വധു. കഴിഞ്ഞ ഏഴ് വർഷമായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ വിവരം വിശ്വസനീയമായ വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യൻ റെയിൽവേയുടെ അഭിമാനമായ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്‍റെ സുപ്രധാന പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി. കോട്ട – നഗ്ദ സെക്ഷനിൽ നടന്ന പരീക്ഷണത്തിൽ മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ സഞ്ചരിച്ചത്. റെയിൽവേ സേഫ്റ്റി കമ്മീഷണറുടെ സാന്നിധ്യത്തിലായിരുന്നു ഈ നിർണ്ണായക പരിശോധന.
2026 മാർച്ച് 3 ന് നടത്താൻ നിശ്ചയിച്ചിരുന്ന 10, 12 ക്ലാസ് പരീക്ഷകൾ സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചതായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) അറിയിച്ചു. ബോർഡ് പുതുക്കിയ ഷെഡ്യൂൾ പുറത്തിറക്കി.
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അധ്യക്ഷയുമായ ബീഗം ഖാലിദ സിയയുടെ സംസ്‌കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പങ്കെടുക്കും. ഡിസംബർ 31-ന് ധാക്കയിൽ നടക്കുന്ന ഔദ്യോഗിക സംസ്‌കാര ചടങ്ങുകളിൽ അദ്ദേഹം പങ്കുചേരും.
ബംഗ്ലാദേശിലെ മൈമെൻസിംഗ് ജില്ലയിൽ ഗാർമെന്റ് ഫാക്ടറിയിൽ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്ന ഹിന്ദു യുവാവിനെ സഹപ്രവർത്തകൻ വെടിവെച്ചു കൊന്നു. രണ്ടാഴ്ചയ്ക്കിടെ ബംഗ്ലാദേശിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ ഹിന്ദു കൊലപാതകമാണിത്.
വെനസ്വേലയുടെ തുറമുഖത്ത് ഡ്രോൺ ആക്രമണം നടത്തിയെന്ന അവകാശവാദവുമായി അമേരിക്ക. സിഐഎയാണ് ഡിസംബർ ആദ്യത്തിൽ വെനസ്വേലയുടെ തീരത്തെ തുറമുഖത്ത് ആക്രമിച്ചതെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. വെനസ്വേലയിലെ ലഹരി സംഘമായ ട്രൻ ഡേ ആരഗ്വാ ലഹരിമരുന്ന് ശേഖരിച്ചിരുന്ന സംവിധാനമാണ് തകർത്തതെന്നാണ് അമേരിക്ക വിശദമാക്കുന്നത്.
ഞങ്ങൾക്ക് ഒരു കേരളീയരെയും വേണ്ട എന്ന വിവാദ പരാമർശത്തിന് പിന്നാലെ വിശദീകരണവുമായി കർണാടക ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡി.കെ.ശിവകുമാർ. തന്റെ പരാമർശം കർണാടകയിലെ കാര്യങ്ങളിൽ കേരള സർക്കാരിന്റെ ഇടപെടൽ സംബന്ധിച്ചായിരുന്നുവെന്നും കേരളത്തിലെ ജനങ്ങൾക്കെതിരെ അല്ലെന്നും ശിവകുമാർ പറഞ്ഞു.
