സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്മാന് ചിത്രം ‘കാന്താ’ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളുമായി മുന്നേറുകയാണ്. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായാണ് കാന്തായിലെ ടികെ മഹാദേഹവന്‍ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ വിലയിരുത്തുന്നത്. അതേസമയം കളക്ഷനിലും വമ്പന്‍ മുന്നേറ്റമാണ് ചിത്രം നടത്തുന്നത്. റിലീസ് ചെയ്ത് 3 ദിവസത്തെ ഔദ്യോഗിക ആഗോള കളക്ഷനാണ് ഇപ്പോള്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്നത്. 24.50 കോടിയാണ് ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്നും മൂന്ന് ദിവസങ്ങള്‍ കൊണ്ട് നേടിയിരിക്കുന്നത്. ‘ദ ഹണ്ട് ഫോര്‍ വീരപ്പന്’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസിലൂടെ ശ്രദ്ധ നേടിയ സെല്‍വമണി സെല്‍വരാജിന്റെ ആദ്യ ഫീച്ചര്‍ ചിത്രമാണ് കാന്ത. 1950 കളിലെ തമിഴ് സിനിമാലോകത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ടി കെ മഹാദേവന് എന്ന യുവ സൂപ്പര്‍താരമായാണ് ദുല്‍ഖര്‍ വേഷമിട്ടിരിക്കുന്നത്. അയ്യാ എന്ന് പേരുള്ള സംവിധായകനായി സമുദ്രക്കനി വേഷമിടുമ്പോള്‍ പോലീസ് ഓഫീസര്‍ ആയാണ് റാണ ദഗ്ഗുബതി ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. കുമാരി എന്നാണ് ഭാഗ്യശ്രീ ബോര്‍സെ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്. ഒരു പുതുമുഖ നടിയാണ് ചിത്രത്തില്‍ ഈ കഥാപാത്രം.
