Untitled design 20250112 193040 0000

 

 

രാജ്യത്തെ ക്രൈസ്തവർ ഭീഷണി നേരിടുകയാണെന്നും മതപരിവർത്തന നിയമത്തിന്റെ പേരിൽ ആക്രമിക്കപ്പെടുകയാണെന്നും തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് ആശങ്ക അറിയിച്ചതായും അദ്ദേ​ഹം പറഞ്ഞു. സഭ വിദേശിയല്ലെന്നും ഭാരത സഭ തന്നെയാണെന്നും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.

 

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മതിയായ ചികിത്സ ലഭിക്കാതെ രോഗി മരിച്ചെന്ന പരാതിയില്‍ റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പരാതി അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമർപ്പിക്കാൻ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് ആരോഗ്യമന്ത്രി നിർദ്ദേശം നല്‍കിയത്. ഇന്നലെയാണ് കൊല്ലം പന്മന സ്വദേശിയായ ഓട്ടോ ഡ്രൈവർ വേണു മരിച്ചത്. ഹൃദ്രോഗ ബാധിതനായി എത്തിച്ച വേണുവിന് ആറുദിവസം കഴിഞ്ഞിട്ടും ആൻജിയോഗ്രാം പോലും ചെയ്തില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്

 

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ സമഗ്ര സ്‌ട്രോക്ക് സെന്ററുകള്‍ക്ക് 18.87 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, എറണാകുളം, കണ്ണൂര്‍ എന്നീ 5 മെഡിക്കല്‍ കോളേജുകളിലാണ് സ്ട്രോക്ക് സെന്ററുകള്‍ വിപുലീകരിക്കുന്നത്.

 

ശബരിമല സ്വർണക്കൊള്ളയിലെ പ്രതികളായ മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി എസ്ഐടി. ശ്രീകോവിൽ വാതിലുമായി ബന്ധപ്പെട്ട തട്ടിപ്പിലേക്കുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് റാന്നി കോടതിയിൽ എസ്ഐടി അപേക്ഷ നൽകി. അതേസമയം, മുരാരി ബാബു നൽകിയ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.

 

തിരുവനന്തപുരം ന​ഗരസഭയിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി കെപിസിസിയിൽ പൊട്ടിത്തെറി. നേമം മണ്ഡലം കോർ കമ്മിറ്റി അധ്യക്ഷ സ്ഥാനം മണക്കാട് സുരേഷ് രാജിവെച്ചു. നേമം സീറ്റിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയാണ് രാജി. കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും രാജിക്കത്ത് കൈമാറിയിട്ടുണ്ട്. നേമത്ത് ഷജീറിനെയാണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.

 

തിരുവനന്തപുരം ന​ഗരസഭയില്‍ നേമം ഡിവിഷനിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷം. കോര്‍ കമ്മിറ്റി ചെയര്‍മാൻ സ്ഥാനം രാജിവെച്ച മണക്കാട് സുരേഷിനെതിരെ പരിഹാസവുമായി കെ മുരളീധരൻ രംഗത്തെത്തി. മണക്കാട് സുരേഷ് കെപിസിസി ജനറൽ സെക്രട്ടറിയാണ്. ഒരുപാട് ചുമതലകള്‍ ഉള്ളതുകൊണ്ട് മണ്ഡലം കോർ കമ്മറ്റി ശ്രദ്ധിക്കാൻ പറ്റുന്നില്ലെന്നും അതുകൊണ്ട് സ്വയം രാജി വച്ചതാണെന്നുമാണ് കെ മുരളീധരൻ്റെ പരിഹാസം.

 

വയനാട് ചുരംപാതയ്ക്ക് ബദലായി നിര്‍ദ്ദേശിക്കപ്പെട്ട പൂഴിത്തോട്-പടിഞ്ഞാറത്തറ റോ‍ഡിന്റെ അലൈന്‍മെന്റിന് പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 20.9 കിലോ മീറ്റര്‍ വരുന്ന പാതയാണ് വിഭാവനം ചെയ്യുന്നത്. പദ്ധതിക്കുള്ള ഡിപിആര്‍ തയ്യാറാക്കാനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. നേരത്തെ അലൈന്‍മെന്റ് തയ്യാറാക്കുന്നതിനുള്ള ഇന്‍വെസ്റ്റിഗേഷന് പൊതുമരാമത്ത് വകുപ്പ് 1.5 കോടി രൂപ അനുവദിച്ചിരുന്നു.

 

വ്യത്യസ്ത മേഖലകളിൽ അനിതര സാധാരണമായ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്കായി ഉജ്ജ്വലബാല്യം പുരസ്‌കാരം പ്രഖ്യാപിച്ച് മന്ത്രി വീണ ജോർജ്ജ്. 14 ജില്ലകളിൽ നിന്നുമായി 2024ലെ ഉജ്ജ്വലബാല്യം പുരസ്‌കാരത്തിനായി 51 കുട്ടികളെ ആണ് തിരഞ്ഞെടുത്തിട്ടുള്ളത്. ജില്ലാ തലത്തിൽ ജില്ലാ കലക്ടർ അധ്യക്ഷനായുള്ള കമ്മിറ്റിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

 

കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നവീകരണ ജോലികൾ തുടരുന്നതിനിടെ സ്പോൺസറായ ആ‌ർബിസിയുടെ സൈറ്റ് ഓഫീസിൽ മോഷണമെന്ന് പൊലീസിൽ പരാതി. സൈറ്റ് ഓഫീസായി പ്രവർത്തിച്ച മുറികളുടെ പൂട്ട് തല്ലിതകർത്താണ് മോഷണമെന്നാണ് പരാതിയിൽ പറയുന്നത്. ഓഫീസ് കുത്തിത്തുറന്ന് രേഖകൾ പരിശോധിച്ചതായും ചില രേഖകളും മൊബൈൽ ചാർജറും നഷ്ടപ്പെട്ടുവെന്നും പരാതിയിലുണ്ട്. ജിസിഡിഎ ആണ് സ്പോൺസർക്ക് വേണ്ടി കൊച്ചി പൊലീസിന് പരാതി നൽകിയത്.

 

എറണാകുളം തൃക്കാക്കര ന​ഗരസഭയിലെ കൗൺസിലർ എം ജെ ഡിക്സണിന്റെ രാജിയിൽ വിശദീകരണവുമായി സിപിഐ. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഡിക്സണിനെ നേരത്തെ തന്നെ പാർട്ടി പുറത്താക്കിയിരുന്നെന്നാണ് സിപിഐയുടെ വിശദീകരണം. ഇന്നാണ് സിപിഐ കൗൺസിലർ എം ജെ ഡിക്സൺ പാർട്ടി അം​ഗത്വവും ന​ഗരസഭ കൗൺസിലർ സ്ഥാനവും രാജിവെച്ചതായി അറിയിച്ചത്.

 

കോഴിക്കോട് കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ ഗ്രൗണ്ടില്‍ കളിക്കുകയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റി അഭ്യാസ പ്രകടനം ന‌ടത്തിയ സംഭവത്തിൽ നടപടിയെടുത്ത് പൊലീസും എംവിഡിയും. കാർ ഓടിച്ചത് പതിനാറുകാരനാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. കാറിന്റെ ആർസി സസ്‌പെൻഡ് ചെയ്യുമെന്ന് എംവിഡി അറിയിച്ചു. 16കാരന് ലൈസൻസ് നൽകുന്നത് 25 വയസുവരെ തടഞ്ഞു.

 

കൊച്ചിയിൽ വമ്പൻ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്. മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ താമസിക്കുന്ന ഡോക്ടറുടെ പക്കൽ നിന്ന് ഒരുകോടി 30 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം. ഡോക്‌ടർക്ക് 27 ലക്ഷം രൂപ നഷ്‌ടമായതായാണ് വിവരം. ബാക്കി തുക പോലീസ് ഇടപെട്ട് മരവിപ്പിച്ചു.

 

ഇന്‍റേണല്‍ മാര്‍ക്കിന്‍റെ പേരില്‍ വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് ചാത്തമംഗലം എന്‍ഐടിയില്‍ ടീച്ചിങ് അസിസ്റ്റന്‍റായ പാലക്കാട് സ്വദേശി വിഷ്ണു (32) വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

 

മസ്കുലാർ ഡിസ്ട്രോഫി എന്ന അപൂർവ ജനിതക രോഗം ബാധിച്ച തൃശ്ശൂർ തളിക്കുളത്തെ അനീഷ അഷ്റഫിന് പത്താംതരം തുല്യതാ പരീക്ഷ വീട്ടിലിരുന്ന് എഴുതുന്നതിന് പ്രത്യേക അനുമതി നൽകി പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പ്രത്യേക കേസായി പരിഗണിച്ചാണ് ഈ അനുമതി നൽകിയതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി ശ്രീ. വി. ശിവൻകുട്ടി അറിയിച്ചു.

 

ജെഎൻയു വിദ്യാർത്ഥി യ‍ൂണിയൻ തെരഞ്ഞെടുപ്പിൽ ഇടത് സഖ്യത്തിന് തകർപ്പൻ വിജയം. മുഴുവൻ ജനറൽ സീറ്റിലും ഇടതുപക്ഷ വിദ്യാർഥി സഖ്യത്തിന്റെ സ്ഥാനാർത്ഥികൾ വിജയിച്ചു. എട്ട് വർഷത്തിന് ശേഷമാണ് മലയാളി വിദ്യാർത്ഥി ജെഎൻയു യൂണിയനിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

 

അങ്കമാലിയിലെ കുഞ്ഞിന്റെ കൊലപാതകത്തിൽ കുറ്റസമ്മതം നടത്തി അമ്മൂമ്മ. അമ്മൂമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ദേഷ്യം കാരണം കൊന്നെന്നാണ് പ്രതി പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ആശുപത്രിയിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. ഇവർ മറ്റൊന്നും പറഞ്ഞില്ല. കുഞ്ഞിന്റെ കഴുത്തിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു.

 

അങ്കമാലി കറുകുറ്റിയില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ അരുംകൊല ചെയ്ത കേസില്‍ അമ്മൂമ അറസ്റ്റില്‍. 60കാരിയായ എല്‍സിയുടെ അറസ്റ്റ് ഇന്ന് രാവിലെയാണ് പൊലീസ് രേഖപ്പെടുത്തിയത്. മാനസിക വിഭ്രാന്ത്രിയാണോ കൊലയിലേക്ക് നയിച്ചതെന്ന അന്വേഷണം തുടരുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ച കുഞ്ഞിന്‍റെ മൃതദേഹം വൈകിട്ട് നാല് മണിയോടെ എടക്കുന്ന സെന്‍റ് ആന്‍റണീസ് പള്ളിയില്‍ സംസ്കരിച്ചു.

 

പാലക്കാട് കണ്ണാടി ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസുകാരൻ്റെ ആത്മഹത്യയെ തുടർന്ന് സസ്പെൻഡ് ചെയ്ത പ്രധാന അധ്യാപിക ലിസിയെ തിരിച്ചെടുത്തു. അന്വേഷണം പുരോ​ഗമിക്കുമ്പോൾ അധ്യാപികയെ തിരിച്ചെടുത്തതിനെതിരെ കുട്ടിയുടെ കുടുംബം പരാതി നൽകിയിട്ടുണ്ട്. പ്രധാനാധ്യാപിക കുട്ടികളെ സ്വാധീനിക്കാനിടയുണ്ടെന്നും ഇത് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയുമാണ് കുടുംബം ഡിഡിഇക്ക് പരാതി നൽകിയത്.

 

എറണാകുളം തൃക്കാക്കര സിപിഐയിൽ വിഭാ​ഗീയത. സിപിഐ കൗൺസിലർ എം ജെ ഡിക്സൺ പാർട്ടി അം​ഗത്വം രാജിവെച്ചു. കൗൺസിലർ സ്ഥാനത്തു നിന്നും രാജി വെച്ചിട്ടുണ്ട്. ഇനി സിപിഎമ്മിനൊപ്പമായിരിക്കും പ്രവർത്തിക്കുന്നതെന്ന് ഡിക്സൺ അറിയിച്ചു. തുടർന്ന് ഡിക്സണിന് സിപിഎം പ്രവർത്തകർ സ്വീകരണം നൽകി. തൃക്കാക്കര നഗരസഭയിൽ ഇനി സിപിഐക്ക് ഒരു അംഗം മാത്രമാണ് ബാക്കിയുള്ളത്.

 

കുടുംബാധിപത്യം സംബന്ധിച്ച ശശി തരൂരിന്‍റെ ലേഖനം തള്ളി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ രംഗത്ത്.അത്തരം പരാമർശം നടത്തുന്നവരോട് സഹതാപം മാത്രമെന്ന് അദ്ദേഹം പറഞ്ഞു.കുടുംബാധിപത്യം എന്ന് പറയുന്നത് ഒരു കാരണവശാലും നീതീകരിക്കപ്പെടുന്നതല്ലഎന്തുകൊണ്ട് പറഞ്ഞു എന്നുള്ളത് ശശി തരൂരിനോട് ചോദിക്കണം. അദ്ദേഹം വിശദീകരിക്കട്ടെയെന്നും കെ സിേ വേണുിഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

 

സ്പായുടെ മറവില്‍ പെണ്‍വാണിഭം നടത്തിയ സംഘം പൊലീസ് പിടിയിൽ. രഹസ്യ വിവരത്തെ തുടർന്ന് വിശാഖപട്ടണം വിഐപി റോഡില്‍ പ്രവര്‍ത്തിക്കുന്ന ‘ഓര്‍ക്കിഡ് വെല്‍നസ് ആന്‍ഡ് സ്പാ സെന്ററി’ല്‍ നടത്തിയ റെയ്ഡിലാണ് പെണ്‍വാണിഭസംഘം പിടിയിലായത്. സംഭവത്തില്‍ 9 യുവതികളേയും, സ്പാ നടത്തിപ്പുകാരായ രണ്ടുപേരെയും ഇടപാടുകാരനായ ഒരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

 

ബിഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹയുടെ വാഹനവ്യൂഹത്തെ അദ്ദേഹത്തിന്റെ മണ്ഡലമായ ലഖിസറായിയിൽ ജനക്കൂട്ടം തടയുകയും കല്ലെറിയുകയും മൂർദ്ദാബാദ് വിളിക്കുകയും ചെയ്തു. ഭൂമിഹാർ നേതാവും മൂന്ന് തവണ എംഎൽഎയുമായ സിൻഹ ഇത്തവണയും സിറ്റിങ് മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുമ്പോൾ പോളിംഗ് ബൂത്തുകൾ സന്ദർശിക്കുകയായിരുന്നു മന്ത്രി.

 

ഗുരുനാനാക് ദേവിന്റെ ‘പ്രകാശ് പൂർബ്’ ആഘോഷങ്ങൾക്കായി ഏകദേശം 2,000 സിഖ് തീർത്ഥാടകരെ അട്ടാരി-വാഗ അതിർത്തി വഴി പാകിസ്ഥാനിലേക്ക് കടത്തി വിടപ്പോൾ ഹിന്ദുക്കളെ തടഞ്ഞതായി റിപ്പോർട്ട്. പാക് അധികൃതർ ഹിന്ദു തീർത്ഥാടകരെ തടഞ്ഞുനിർത്തി തിരികെ പോകാൻ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഓപ്പറേഷൻ സിന്ദൂരിനെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് പുതിയ സംഭവ വികാസം.

 

കോൺഗ്രസ് എന്നാൽ മുസ്ലീങ്ങളും മുസ്ലീങ്ങൾ എന്നാൽ കോൺഗ്രസുമെന്ന തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പ്രസ്താവന വിവാദത്തിൽ. മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. മുഖ്യമന്ത്രിയുടേത് വോട്ട് ബാങ്കിൽ കണ്ണുവെച്ചുള്ള പ്രസ്താവനയാണെന്ന് തെലങ്കാനയിലെ ബിജെപി അധ്യക്ഷൻ എൻ രാമചന്ദർ റാവു വിമർശിച്ചു. കടുത്ത നിരാശയിലാണ് രേവന്ത് റെഡ്ഡിയെന്നും കോൺഗ്രസ് ഇപ്പോൾ അസദുദ്ദീൻ ഒവൈസിയുടെ എ ഐ എം ഐ എമ്മിൻ്റെ ഭാഷയിലാണ് സംസാരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

 

മധ്യപ്രദേശിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത മലയാളി വൈദികന് കോടതി ജാമ്യം അനുവദിച്ചു. രത്‍ലം ജില്ലാ കോടതിയാണ് തിരുവനന്തപുരം സ്വദേശി ഫാദർ ​ഗോഡ്വിന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞമാസം 25നാണ് തിരുവനന്തപുരം സ്വദേശി ​ഗോഡ്വിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 12 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്.

 

പാകിസ്ഥാനിൽ ഭരണഘടനാ ഭേദഗതിയിലൂടെ സൈന്യത്തിന് കൂടുതൽ അധികാരം നൽകാൻ നീക്കം. പാകിസ്ഥാനിൽ കരസേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ കൂടുതൽ സ്വാധീനം ചെലുത്തുന്നതിനിടെയാണ് പുതിയ നീക്കം. 27-ാമത് ഭരണഘടനാ ഭേദഗതി ഉടൻ പാർലമെന്‍റിൽ അവതരിപ്പിക്കുമെന്ന് ഷെഹ്ബാസ് ഷെരീഫ് സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്.

 

 

പാകിസ്ഥാനിൽ ജെൻസി പ്രക്ഷോഭം ശക്തമാകുന്നു. വിദ്യാഭ്യാസ പരിഷ്കരണങ്ങളിൽ കടുത്ത പ്രതിഷേധമുയർത്തി രാജ്യം ഭരിക്കുന്ന ഷഹബാസ് ഷരീഫ് സർക്കാരിനെതിരെ പാക് അധീന കശ്മീരിലാണ് പ്രക്ഷോഭം. ഒരു മാസമായി നടക്കുന്ന പ്രക്ഷോഭം തുടക്കത്തിൽ സമാധാനപരമായിരുന്നെങ്കിലും ഇത് നിയന്ത്രണാതീതമായി മാറുന്നതാണ് ഇപ്പോഴത്തെ കാഴ്ച. സമരക്കാരുടെ നേർക്ക് അജ്ഞാതൻ വെച്ച വെടിയേറ്റ് ഒരാൾക്ക് പരിക്കേറ്റതോടെയാണ് സമരത്തിൻ്റെ സമാധാന സ്വഭാവം മാറുന്നത്.

 

 

തെക്കന്‍ ലെബനനിലുടനീളമുള്ള ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രായേലി സൈന്യം അറിയിച്ചു. മേഖലയില്‍ പ്രവര്‍ത്തനം സജീവമാക്കാനുള്ള നീക്കങ്ങള്‍ ഹിസ്ബുള്ള ആരംഭിച്ചതോടെയാണ് ആക്രമണമെന്നാണ് ഇസ്രയേലിന്റെ വിശദീകരണം.

 

 

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മകന്‍ പാര്‍ത്ഥ് പവാറുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന പുണെയിലെ ഭൂമിയിടുമായി ബന്ധപ്പെട്ട വിവാദം ശക്തമാകുന്നു. ഏകദേശം 1800 കോടി രൂപ വിലമതിക്കുന്ന പുണെയിലെ 40 ഏക്കര്‍ വരുന്ന കണ്ണായ ഭൂമി, പാര്‍ത്ഥ് പവാറിന്റെ കമ്പനിക്ക് 300 കോടി രൂപയ്ക്ക് വിറ്റു എന്നുകാണിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്.

 

സൈനികരുടെ ജാതിയും മതവും തിരയാൻ ശ്രമിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലജ്ജിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയിൽ പങ്കെടുക്കവെയാണ് അമിത് ഷായുടെ പ്രതികരണമുണ്ടായത്.

 

മികച്ച പോളിങ്ങോടെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. 64.66 ശതമാനമാണ് പോളിങ്. അന്തിമ കണക്കുകള്‍ വരുന്ന മുറയ്ക്ക് ഇതില്‍ മാറ്റം വരാം. ഒന്നാം ഘട്ടത്തില്‍ 3.75 കോടി വോട്ടര്‍മാരായിരുന്നു വിധിയെഴുതേണ്ടിയിരുന്നത്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ ചില മണ്ഡലങ്ങളില്‍ അഞ്ചുവരെയാണ് വോട്ടെടുപ്പ് നടന്നത്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *