Untitled design 20250112 193040 0000 2

 

 

 

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എതിർപ്പ് കടുപ്പിച്ച് വിദ്യാർത്ഥി സംഘടനകൾ. യുഡിഎസ്എഫ് സംസ്ഥാനത്ത് ബുധനാഴ്ച്ച സമ്പൂർണ്ണ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. സർക്കാൾ പദ്ധതിയില്‍ ഒപ്പിട്ടതിന് വലിയ രീതിയിലുള്ള വിമർശനമാണ് ഉയരുന്നത്. സിപിഐയും വിഷയത്തില്‍ ഇടഞ്ഞു നില്‍ക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ ചര്‍ച്ചയ്ക്കുശേഷവും അനുനയമായില്ല. സിപിഐ മന്ത്രിമാര്‍ മറ്റന്നാള്‍ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും.

 

സിപിഐയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതികൾ നടപ്പാക്കുന്നതിനാണ് സർക്കാർ എന്നും മുടക്കുന്നവരുടെ കൂടെയല്ല എന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും കൂടി പങ്കെടുക്കുന്ന പുന്നപ്ര വയലാർ വാർഷിക ദിനാചരണ വേളയിലെ പ്രസം​ഗത്തിലാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ.പുന്നപ്ര വയലാർ സമര സേനാനിയായിരുന്ന വി എസ് വേർപിരിഞ്ഞ അവസരമാണിതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

 

പി .എം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവച്ചതിൽ പ്രതിഷേധിച്ച് കെ എസ് യു – എം എസ്എ ഫ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. കെ എസ് യു പ്രവർത്തകർ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്കാണ് മാർച്ച് നടത്തിയത്. ബാരിക്കേഡ് തള്ളിമാറ്റി മുന്നോട്ടു നീങ്ങാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലിസ് നിരവധി പ്രാവശ്യം ജലപീരങ്കി പ്രയോഗിച്ചു.റോഡ് ഉപരോധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

 

ദേശീയ വിദ്യാഭ്യാസ നയത്തോട് (എന്‍ഇപി) യോജിക്കാനാവില്ലെന്നും നയം വിദ്യാഭ്യാസ മേഖലയ്ക്ക് ആപത്താണെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെക്കണ്ട് പാര്‍ട്ടി നിലപാട് ആവര്‍ത്തിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു.

 

ബംഗാൾ ഉൾക്കടലില്‍ മോൻതാ ചുഴലിക്കാറ്റ്. അതിതീവ്ര ന്യുനമര്‍ദ്ദം തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും മുകളിലായി ‘മോന്‍താ’ ചുഴലിക്കാറ്റുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്ടോബര്‍ 28 ഓടെ മോൻതാ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട് എന്നാണ് അറിയിപ്പ്.

 

കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. നിലവില്‍ കേരളത്തിൽ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ യെല്ലോ അലർട്ടാണ്.

 

ഇടുക്കി അടിമാലിയിലെ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് ഉൾപ്പെടെ പ്രത്യേകസഘം പരിശോധ നടത്തി. മണ്ണിടിച്ചിലിന് കാരണം അശാസ്ത്രീയമായ മണ്ണെടുപ്പ് എന്ന പരാതി ഉയർന്നതിനെ തുടർന്നായിരുന്നു പരിശോധന. രണ്ട് ദിവസത്തിനുള്ളിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും. അടിമാലിയിൽ ഇടവിട്ട് മഴ തുടരുകയാണ് നിലവില്‍. അടിമാലി ലക്ഷംവീട് ഉന്നതിയിൽ മണ്ണിടിഞ്ഞ് ഒരാൾ മരിക്കാൻ ഇടയായ സാഹചര്യത്തിൽ ആണ് കാരണം കണ്ടെത്താനുള്ള പരിശോധന.

 

പാശ്ചാത്യ ജീവിതശൈലികളിലേക്കുള്ള മാറ്റം അലർജിരോഗങ്ങള്‍ അപകടരമായ രീതിയില്‍ വർധിക്കുന്നതിന് കാരണമാകുന്നുണ്ടെന്ന് ആരോഗ്യവിദഗ്ദ്ധർ. ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ റുമറ്റോളജി ആൻഡ് ഇമ്യൂണോളജി സയൻസസ് (ഐറിസ്) സംഘടിപ്പിച്ച ദ്വിദിന ഹെൽത്ത് സമ്മിറ്റ് – ഐറിസ് അലർജി കണക്ടിൽ പങ്കെടുത്ത വിദഗ്ദ്ധരാണ് ആശങ്കപ്പെടുത്തുന്ന സ്ഥിതിവിശേഷം ചൂണ്ടിക്കാട്ടിയത്.

 

അര്‍ജന്‍റീനയുടെ മത്സരം നടന്നാലും ഇല്ലെങ്കിലും കലൂര്‍ സ്റ്റേഡിയം കരാര്‍ തീയതിക്കുള്ളിൽ നവീകരിച്ച് വിട്ടുനൽകുമെന്ന് സ്പോണ്‍സര്‍ ആന്‍റോ അഗസ്റ്റിൻ പറഞ്ഞു. കലൂര്‍ സ്റ്റേഡിയം വിട്ടുതന്നതിന്‍റെ കരാര്‍ കാലാവധി നവംബര്‍ 30വരെയാണ്.ഒരു ദുരൂഹ ഇടപാടും തനിക്കില്ലെന്നും നവീകരണത്തിന്‍റെ നഷ്ടം സഹിക്കാൻ തയ്യാറാണെന്നും ഇനി ഇപ്പോൾ ചെയ്യുന്ന നവീകരണം നിർത്താൻ സർക്കാർ ആവശ്യപ്പെട്ടാൽ അതിനും തയ്യാറാണെന്നും ആന്‍റോ അഗസ്റ്റിൻ പറഞ്ഞു.

 

ലൈംഗികാതിക്രമം നടത്തിയെന്ന ബംഗാളി നടിയുടെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് സി. പ്രതീപ് കുമാറിന്റെ ബെഞ്ചാണ് .കേസ് റദ്ദാക്കിയത്. 2009-ല്‍ നടന്നുവെന്ന് പറഞ്ഞ സംഭവത്തില്‍ 15 വര്‍ഷത്തിന് ശേഷമാണ് കേസെടുത്തത് എന്ന കാരണം പറഞ്ഞാണ് കേസ് റദ്ദാക്കിയത്. പരമാവധി രണ്ടുവര്‍ഷം മാത്രം തടവുശിക്ഷ ലഭിക്കുന്ന കേസുകളില്‍ സംഭവം നടന്ന് മൂന്നുവര്‍ഷത്തിനകം പരാതി നല്‍കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

 

ഭക്ഷ്യ-ഭക്ഷ്യേതര മേഖലകളിൽ നിന്നായി 10 പുതിയ ഉത്പന്നങ്ങൾ കൂടി കേരള ബ്രാൻഡ് പരിധിയിൽ ഉൾപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകി. നിലവിൽ വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റുകൾക്കായി നടപ്പിലാക്കി വിജയിച്ച പൈലറ്റ് പദ്ധതിയുടെ തുടർച്ചയായാണ് ഈ നീക്കം. ആഗോള വിപണിയിൽ ‘മെയ്‌ഡ് ഇൻ കേരള’ എന്ന ആധികാരിക മുദ്ര നൽകാനുള്ള വിപുലമായ ശ്രമത്തിൻ്റെ ഭാഗമായാണ് കേരള ബ്രാൻഡ് നടപ്പാക്കിയത്.

 

ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് നിര്‍ണായക പ്രതികരണം പുറത്ത്. സ്വര്‍ണക്കൊള്ളയിലെ പ്രധാന ഇടനിലക്കാരന്‍ കൽപേഷിന്‍റെ പ്രതികരണമാണ് പുറത്തുവന്നിരിക്കുന്നത്. സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് പാക്കറ്റ് വാങ്ങി നൽകിയെന്ന് കൽ‌പേഷ് പ്രതികരിച്ചു. പാക്കറ്റ് ബെല്ലാരിയിൽ ഗോവര്‍ധന് എത്തിച്ചു നൽകിയെന്നും കൽപേഷ് പറഞ്ഞു. ചെന്നൈയിലെ സ്വര്‍ണക്കടയിലെ ജീവനക്കാരനാണ് കൽപേഷ്. എസ് ഐടി ഇതുവരെ തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും കൽപേഷ് കൂട്ടിച്ചേര്‍ത്തു.

 

സ്വത്തിന് വേണ്ടി അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വേങ്ങേരി സ്വദേശി കൊടക്കാട് വീട്ടില്‍ സലില്‍ കുമാറി(50)നെയാണ് ചേവായൂര്‍ പോലീസ് പിടികൂടിയത്. 76 വയസ്സുള്ള അമ്മയെ വീടും സ്ഥലവും ബാങ്കിലുള്ള ഡെപ്പോസിറ്റ് തുകയും ആവശ്യപ്പെട്ടുകൊണ്ട് ആക്രമിച്ചുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.

 

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്താനുള്ള സമ്മര്‍ദം മൂലമാണ് കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ എല്‍ഡി ക്ലര്‍ക്കായ അജീഷ് ആത്മഹത്യ ചെയ്തതെന്ന ആരോപണവുമായി യുഡിഎഫ്. ഇടതു കൗണ്‍സിലര്‍മാരാണ് വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്താന്‍ സമ്മര്‍ദം ചെലുത്തിയതെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണമാവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്ഡിയതായും കൊടുവള്ളി നഗരസഭാ ചെയര്‍പേഴ്സന്‍ വെള്ളറ അബ്ദു പറഞ്ഞു.

 

ബംഗാൾ ഉൾക്കടലിൽ ‘മോൻതാ’ ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ വിവിധ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത. ആന്ധ്ര പ്രദേശിലും ഒഡിഷയിലെ തെക്കൻ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. തമിഴ്നാട്ടിൽ ചെന്നൈ അടക്കം വടക്കൻ ജില്ലകളിലും കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ആന്ധ്രയിലെയും ഒഡിഷയിലെയും തമിഴ്നാട്ടിലെയും തീരദേശ ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

 

ധൃതിപിടിച്ച് കേരളത്തില്‍ എസ്‌ഐആര്‍ നടത്താനുള്ള തീരുമാനം ദുരുദ്ദേശപരമാണെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ഒരു ചര്‍ച്ചപോലും നടത്താതെ ഏകപക്ഷീയമാണ് ഈ ..തീരുമാനമെടുത്തത്. ഇത് തിരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാകണം. ശക്തമായ പ്രതിഷേധം കോണ്‍ഗ്രസ് രേഖപ്പെടുത്തുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.

 

രാജ്യവ്യാപകമായുള്ള തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്‍റെ (എസ്ഐആര്‍) ഷെഡ്യൂള്‍ പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളിൽ എസ്ഐആര്‍ നടപ്പാക്കുമെന്ന് കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി. നാളെ മുതൽ കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളിൽ ഇതിനുള്ള നടപടികള്‍ ആരംഭിക്കും.എസ്ഐആർ നടക്കുന്ന ഇടങ്ങളിൽ വോട്ടർ പട്ടിക ഇന്നു മുതൽ മരവിപ്പിക്കും. ആധാര്‍ കാര്‍ഡ് തിരിച്ചറിയൽ രേഖയായി പരിഗണിക്കും.

 

യുപിയിൽ വീണ്ടും പേര് മാറ്റവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖിംപൂർ ഖേരി ജില്ലയിലെ മുസ്തഫാബാദ് ഗ്രാമത്തിന്റെ പേര് ‘കബീർധാം’ എന്ന് പുനർനാമകരണം ചെയ്യാനുള്ള നിർദ്ദേശം കൊണ്ടുവരുമെന്നാണ് പ്രഖ്യാപനം. സ്മൃതി മഹോത്സവ് മേള 2025 ൽ ജനങ്ങളെ അഭിസംബോധന ചെയ്യവേയാണ് പ്രഖ്യാപനം. മുസ്ലീം ജനസംഖ്യ ഇല്ലാത്ത ഒരു ഗ്രാമത്തിന് മുസ്തഫാബാദ് എന്ന പേര് നൽകിയതിൽ താൻ അത്ഭുതപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

ദില്ലി കലാപ ഗൂഢാലോചന കേസിൽ ജെഎൻയു മുൻ വിദ്യാർത്ഥി ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ അപേക്ഷയിൽ മറുപടി സമർപ്പിക്കാൻ സമയം വേണമെന്ന ദില്ലി പോലീസിന്‍റെ ആവശ്യത്തിൽ സുപ്രീംകോടതിക്ക് അതൃപ്തി. അഞ്ച് വർഷമായി പ്രതികൾ ജയിലിൽ ആണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. നേരത്തെ സമയം നൽകിയതാണെന്നും ഇന്ന് കേസ് കേൾക്കാമെന്ന് വ്യക്തമാക്കിയതാണെന്നും കോടതി പറഞ്ഞു. ഇനി സമയം നീട്ടി നൽകില്ലെന്നും കോടതി വ്യക്തമാക്കി.

 

മധ്യപ്രദേശില്‍ കര്‍ഷകനെ ബിജെപി നേതാവ് ക്രൂരമായി കൊലപ്പെടുത്തിയതായി ആരോപണം. ഭോപ്പാലില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ഗുണ ജില്ലയിലെ ഗണേഷ്പുര ഗ്രാമത്തിലെ പ്രാദേശിക ബിജെപി നേതാവിനെതിരെയാണ് ആരോപണം. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു .

 

ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ്ക്കുനേരെ ഷൂ എറിയാന്‍ ശ്രമിച്ച അഭിഭാഷകനെതിരായ കോടതിയലക്ഷ്യ കേസ് പരിഗണിക്കണമോയെന്നതില്‍ സുപ്രീം കോടതി അടുത്ത ആഴ്ച വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കുക. അഭിഭാഷകന്‍ രാകേഷ് കിഷോറിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ നോട്ടീസയക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.

 

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. സുപ്രീം കോടതി സ്വമേധയാ സ്വീകരിച്ച ഹർജിയിലാണ് മറുപടി തേടിയത്. തട്ടിപ്പുകൾ തടയാനെടുത്ത നടപടികൾ അറിയിക്കാൻ കോടതി നിർദ്ദേശിച്ചു. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് കേസുകൾ സിബിഐയെ ഏൽപ്പിക്കാനാഗ്രഹിക്കുന്നുവെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *