സിപിഎം ബിജെപി ബന്ധം മറ നീക്കിയെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു സണ്ണി ജോസഫ്. മുഖ്യമന്ത്രിയുടെ മകനെതിരെ ഇഡി അയച്ച നോട്ടീസ് അന്തരീക്ഷത്തിൽ നിൽക്കുകയാണെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. സിപിഎം ബിജെപി ബന്ധം മറനീക്കി പുറത്തുവന്നിരിക്കുകയാണ്. എൽഡിഎഫിലോ ക്യാബിനറ്റ് ചർച്ച ചെയ്യാതെ പി എം ശ്രീ പദ്ധതി നടപ്പാക്കുന്നത് ഇതിന്റെ ഭാഗമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

 

ദേശീയ വിദ്യാഭ്യാസ നയ (എന്‍ഇപി)ത്തിന്റെ ഭാഗമായുള്ള പിഎം-ശ്രീയുമായി ബന്ധപ്പെട്ട് സിപിഎമ്മുമായുള്ള ഭിന്നതകള്‍ക്കിടെ പദ്ധതിക്കെതിരേ സിപിഐ മുഖപത്രം. പിഎംശ്രീയില്‍ ആര്‍എസ്എസിന്റെ തിട്ടൂരത്തിന് ഇടതുപക്ഷ സര്‍ക്കാര്‍ വഴങ്ങരുതെന്ന് സിപിഐ മുഖപത്രമായ ജനയുഗത്തിലെ ലേഖനത്തില്‍ പറയുന്നു. രാഷ്ട്രീയ നിലപാടും നയവും ബലികഴിച്ച് പദ്ധതിയില്‍ ഒപ്പുവെയ്ക്കരുതെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു.

 

പിഎം ശ്രീ പദ്ധതി സഹകരണത്തെ ചൊല്ലി ഇടതുമുന്നണിയിൽ രാഷ്ട്രീയ കലഹം. പദ്ധതി നടപ്പിൽ സിപിഐ ആശങ്ക സ്വാഭാവികമാണെന്നും മുന്നണിയോഗം ചര്‍ച്ച ചെയ്യുമെന്നും കൺവീനര്‍ ടിപി രാമകൃഷ്ണൻ പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പ് വാദം നിലനിൽക്കില്ലെന്ന് സിപിഐ മുഖപത്രം ജനയുഗം വ്യക്തമാക്കി.

 

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ കെ സുധാകരന് ദേഹാസ്വാസ്ഥ്യം.ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് സുധാകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂരിലെ സണ്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തൃശൂരിൽ വെച്ച് തലകറക്കം അനുഭവപ്പെട്ടതിനെതുടര്‍ന്നാണ് ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചത്. കെ സുധാകരനെ ജനറൽ മെഡിസിൻ ന്യൂറോളജി വിഭാഗം ഡോക്ടർമാർ പരിശോധിക്കുകയാണ്.

 

ജി സുധാകരനെ നേരിൽ കാണുമെന്നും ചേര്‍ത്തുനിര്‍ത്തുമെന്നും മന്ത്രി സജി ചെറിയാൻ. ജി സുധാകരന് തന്നെയടക്കം വിമര്‍ശിക്കാനുള്ള അധികാരമുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു. ഞങ്ങൾ നന്ദികെട്ടവരല്ല. ജി സുധാകരനെ തകർത്തിട്ട് ഒന്നും സാധിക്കാനില്ല. അദ്ദേഹത്തെ ചേര്‍ത്തുപിടിക്കും എന്നും അദ്ദേഹം പറഞ്ഞു. സജി ചെറിയാനെയടക്കം ജി സുധാകരൻ നേരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

 

കൊച്ചി പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ കോണ്‍ഗ്രസിനും മുസ്ലീം ലീഗിനുമെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത കാന്തപുരം വിഭാഗം. കാന്തപുരം വിഭാഗത്തിന്‍റെ മുഖപത്രമായ സിറാജിൽ എസ്‍വൈഎസ് ജനറൽ സെക്രട്ടറി റഹ്മത്തുല്ലാഹ് സഖാഫി എളമരം എഴുതിയ ലേഖനത്തിലാണ് രൂക്ഷ വിമര്‍ശനം. ഒരു സമുദായത്തിന്‍റെ മൗലികാവകാശം നിഷേധിച്ചിട്ട് കോൺഗ്രസിന്‍റെ മുതിർന്ന നേതാക്കൾക്ക് അറിഞ്ഞ മട്ടില്ലെന്നും ഹൈബി ഈഡൻ എംപി വിദ്യാർത്ഥിയുടെ രക്ഷിതാവിനെ ഭീഷണിപ്പെടുത്തിയെന്നും ലേഖനത്തിൽ ആരോപിക്കുന്നു.

 

മലപ്പുറം ജില്ലാ കളക്ടറേറ്റിൽ നടന്ന യോഗത്തിൽ സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനത്തിന് കയ്യടിച്ചതിന്‍റെ പേരിൽ മലപ്പുറം ഹോമിഡോയ ഡിഎംഒയ്ക്ക് സര്‍ക്കാരിന്‍റെ താക്കീത്. മലപ്പുറം കളക്ടറേറ്റിൽ രണ്ട് വര്‍ഷം മുമ്പ് നടന്ന യോഗത്തിലായിരുന്നു ഹോമിയോ ഡിഎംഒയുടെ കയ്യടി. ഈ സംഭവത്തിലാണിപ്പോള്‍ സര്‍ക്കാരിന്‍റെ താക്കീത് ലഭിക്കുന്നത്. ജില്ലാ വികസന സമിതി യോഗത്തിൽ ഒരു അംഗം സർക്കാർ നയത്തിനെതിരെ സംസാരിച്ചപ്പോൾ ഡിഎംഒ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചെന്നാണ് ഉദ്യോഗസ്ഥനെതിരായ കുറ്റം.

 

പൊറോട്ടയും ബീഫും വാങ്ങിക്കൊടുത്താണ് ബിന്ദു അമ്മിണിയെയും കനക ദുര്‍ഗയെയും ശബരിമലയിലെത്തിച്ചതെന്ന് ആവര്‍ത്തിച്ച് എൻകെ പ്രേമചന്ദ്രൻ എംപി. നേരത്തെ ഇതേ കാര്യം പറഞ്ഞതിനുശേഷം സിപിഎമ്മിന്‍റെ സൈബര്‍ ആക്രമണം നേരിടുകയാണെന്നും ഇപ്പോഴും ഇക്കാര്യത്തിൽ ഉറച്ചു നിൽക്കുകയാണെന്നും എൻകെ പ്രേമചന്ദ്രൻ പറഞ്ഞു.

 

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയുടെ വിവാദ പരാമര്‍ശത്തിനെതിരേ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. എന്‍.കെ. പ്രേമചന്ദ്രനെ ‘വിഷചന്ദ്രന്‍’ എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. ‘മനോഹരമായ ആ പേര് ഒരാളില്‍ മാത്രം ‘വിഷചന്ദ്രന്‍’ എന്നായിരിക്കും’ എന്ന് ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

 

ശബരിമലയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിച്ചത് പൊറോട്ടയും ബീഫും നൽകിയാണെന്ന യുഡിഎഫ് എംപി എൻ.കെ. പ്രേമചന്ദ്രന്‍റെ ആരോപണത്തിന് മറുപടിയുമായി ബിന്ദു അമ്മിണി. ബീഫും പൊറോട്ടയും നൽകിയാണ് രഹ്ന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും ശബരിമലയിൽ എത്തിച്ചതെന്ന പ്രേമചന്ദ്രന്റെ പരാമർശത്തിനാണ് ബിന്ദു മറുപടി നൽകിയത്. ‘ബീഫ് എനിക്ക് ഇഷ്ടമാണ്. പക്ഷേ പൊറോട്ട കൂടെ വേണ്ട, കപ്പ ആകാം. കപ്പയും ബീഫും സൂപ്പർ ആണ്’ എന്നായിരുന്നു. ഫേസ്ബുക്കിലൂടെയാണ് ബിന്ദു എൻകെ പ്രേമചന്ദ്രന്‍റെ പരാമ‍ർശത്തെ പരിഹസിച്ചത്.

 

അമൃത് ഭാരത് എക്സ്പ്രസിൽ ഫുഡ് കണ്ടെയിനറുകൾ കഴുകിയതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ആരോപണങ്ങൾ നിഷേധിച്ച് ഐആർസിടിസി. ഉപയോഗിച്ച ഫുഡ് കണ്ടെയ്നറുകള്‍ വീണ്ടും ഉപയോഗിക്കാനായി കഴുകുകയാണെന്ന ആരോപണമാണ് വീഡിയോ പുറത്തവന്നതോടെ ഉയര്‍ന്നിരുന്നത്. എന്നാൽ, വിറ്റ് പോകാത്ത ഫുഡ് കണ്ടെയിനറുകൾ ജീവനക്കാരൻ ആക്രിയായി വിൽക്കാനാണ് കഴുകിയതെന്ന് കാറ്ററിം​ഗ് കമ്പനിയായ എക്സ്പ്രസ് ഫുഡ് സര്‍വീസസ് അധികൃതര്‍ ഐആര്‍സിടിസിക്ക് വിശദീകരണം നൽകി.

 

കസ്റ്റംസ് നടത്തിയ ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി സിനിമ താരം ദുല്‍ഖര്‍ സല്‍മാന്റെ പക്കല്‍ നിന്നും പിടിച്ചെടുത്ത വാഹനം കസ്റ്റംസ് വിട്ടുനല്‍കി. ഹൈക്കോടതി നിര്‍ദേശമനുസരിച്ച് ദുല്‍ഖര്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് വാഹനം വിട്ടുനല്‍കിയത്. കേസ് കഴിയുന്നത് വരെ ഈ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ അദ്ദേഹത്തിന് നിരത്തുകളില്‍ ഇറക്കാന്‍ സാധിക്കില്ല.

 

സംസ്ഥാന സര്‍ക്കാരിനെതിരായ വിമര്‍ശനത്തിന് കയ്യടിച്ച മലപ്പുറം ഹോമിയോ ഡിഎംഒ ഡോ. ഹന്ന യാസ്മിന്‍ വയലിലിനെതിരേ അച്ചടക്ക നടപടിയുമായി സർക്കാർ. ഡോക്ടർക്ക് ‘താക്കീത്’ നൽകി. ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട പെരുമാറ്റചട്ടം ലംഘിച്ചെന്ന് കാണിച്ചാണ് താക്കീത്.മലപ്പുറം കളക്ടറേറ്റില്‍ 2023 ജൂണ്‍ മൂന്നിന് നടന്ന യോഗത്തിലാണ് സര്‍ക്കാരിനെതിരേ ഉയര്‍ന്ന വിമര്‍ശനത്തിന് ഡിഎംഒ കയ്യടിച്ചത്.

 

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ കൂട്ടാൻ സർക്കാർ ആലോചന. 200 രൂപ കൂട്ടാനുള്ള നിർദ്ദേശം ധനവകുപ്പിൻ്റെ പരിഗണനയിലാണ്. നിലവിൽ 1600 രൂപയാണ് പെൻഷനായി നൽകുന്നത്. എന്നാൽ 200 രൂപ കൂട്ടുന്നതോടെ 1800 രൂപയാകും. അടുത്ത് തന്നെ പ്രാബല്യത്തിൽ വരുമെന്നാണ് വിവരം. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് സ‍ർക്കാരിൻ്റെ ലക്ഷ്യം.

 

കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ അതിജീവിത തിരിച്ചറിഞ്ഞു. മധുര സ്വദേശി ബെഞ്ചമിന്‍ (35) ആണ് യുവതിയെ ഹോസ്റ്റലിനുള്ളില്‍ കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്. പെണ്‍കുട്ടിയെ ഉപദ്രവിച്ച ശേഷം പ്രതി ആറ്റിങ്ങല്‍ ഭാഗത്തേയ്ക്ക് രക്ഷപ്പെട്ടു. തുടര്‍ന്ന് മധുരയിലേക്ക് കടക്കുകയായിരുന്നു. പ്രതിയെ മധുരയില്‍നിന്നാണ് കഴിഞ്ഞദിവസം പോലീസ് പിടികൂടിയത്.

 

ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റ പേരാമ്പ്ര സംഘര്‍ഷത്തില്‍ ആരോപണ വിധേയരായ രണ്ടു ഡിവൈഎസ്പിമാര്‍ക്ക് സ്ഥലംമാറ്റം. പേരാമ്പ്ര ഡിവൈഎസ്പി എന്‍.സുനില്‍കുമാറിനെയും വടകര ഡിവൈഎസ്പി ആര്‍.ഹരിപ്രസാദിനെയുമാണ് സ്ഥലംമാറ്റിയത്. ഹരിപ്രസാദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് സബ് ഡിവിഷന്‍ എസിപിയായും സുനില്‍ കുമാറിനെ ക്രൈംബ്രാഞ്ച് (കോഴിക്കോട് സിറ്റി) എസിപിയുമായാണ് മാറ്റിയത്.

 

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ ഇന്ന് ഒപി ബഹിഷ്കരിച്ച് സമരം നടത്തുകയാണ്. തുടർച്ചയായി ആവശ്യപ്പെട്ടിട്ടും ശമ്പള പരിഷ്കരണം നടപ്പാക്കാൻ സർക്കാർ തയ്യാറാവുന്നില്ലെന്ന് ഡോക്ടർമാർ പറയുന്നു. മെഡിക്കൽ കോളജ് ഡോക്ടർമാരുടെ ട്രാൻസ്ഫർ അശാസ്ത്രീയമാണ്. പുതിയ നിയമനം നടത്താതെ ഡോക്ടർമാരെ പുനർവിന്യസിച്ചുള്ള താത്കാലിക സംവിധാനം അവസാനിപ്പിക്കണം. ഇനി റിലെ അടിസ്ഥാനത്തിൽ ഒപി ബഹിഷ്കരണ സമരം നടത്തും എന്നും അവർ അറിയിച്ചു.

 

കൊച്ചിയിൽ ഗതാഗത നിയമം ലംഘിച്ച് എയര്‍ഹോണുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. അന്തര്‍ സംസ്ഥാന വാഹനങ്ങളടക്കം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണ്. കൊച്ചിയിൽ രാവിലെ മുതൽ വ്യാപക പരിശോധനയാണ് നടക്കുന്നത്. നിരവധി അന്തര്‍ സംസ്ഥാന ബസുകളിൽ നിന്നടക്കം എയര്‍ഹോണുകള്‍ പിടിച്ചെടുത്തു. വാഹനങ്ങളിൽ നിന്ന് പിടിച്ചെടുത്ത എയര്‍ഹോണുകള്‍ റോഡ് റോളര്‍ ഉപയോഗിച്ച് നശിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.

 

അട്ടപ്പാടിയിൽ കർഷകൻ ജീവനൊടുക്കി. അട്ടപ്പാടി കാവുണ്ടിക്കൽ ഇരട്ടകുളം സ്വദേശി കൃഷ്ണസ്വാമി (52)യെയാണ് കൃഷി സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വില്ലേജിൽ നിന്നും തണ്ടപ്പേര് കിട്ടാത്തതിനെ തുടർന്നാണ് ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ 6 മാസമായി തണ്ടപ്പേരിനായി വില്ലേജിൽ കയറി ഇറങ്ങിയെന്ന് കുടുംബം പറയുന്നു. അതേസമയം, സംഭവത്തിൽ കാലതാമസമുണ്ടായിട്ടില്ലെന്നും, സാങ്കേതിക പ്രശ്നങ്ങൾ നീക്കാനായി നടപടികൾ തുടരുകയാണെന്നുമാണ് റവന്യൂ വകുപ്പിൻറെ വിശദീകരണം.

 

ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ മദ്യക്കുപ്പി മുഖത്ത് പതിച്ച് യുവാവിന് പരിക്കേറ്റു. കോഴിക്കോട് പേരാമ്പ്ര സ്വദേശി ആദിത്യനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ടോടെ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലാണ് അനിഷ്ട സംഭവമുണ്ടായത്. കോഴിക്കോട് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന തിരുവനന്തപുരം-പോര്‍ബന്തര്‍ എക്‌സ്പ്രസ്സില്‍ നിന്ന് അജ്ഞാതന്‍ കുപ്പി പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.

 

പാലക്കാട് അട്ടപ്പാടി ആഞ്ചക്കൊമ്പ് ഉന്നതിയിലെ വള്ളിയമ്മ കൊല്ലപ്പെട്ടത് തലയ്ക്കടിയേറ്റെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കസ്റ്റഡിയിലുള്ള പങ്കാളിയായ പഴനി വിറകുകൊള്ളികൊണ്ട് തലയ്ക്കടിച്ച് കൊന്നതാണെന്ന് സമ്മതിച്ചിരുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം അടുത്ത ദിവസം റിമാൻഡ് ചെയ്യും. മരണം കൊലപാതകമെന്ന് ഉറപ്പിക്കുന്നതാണ് വള്ളിയമ്മയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

 

നിരവധി കേസുകളിൽ പ്രതിയായ കൊടുംക്രിമിനൽ കൊടിമരം ജോസ് പിടിയിൽ. കൊലപാതകവും കവർച്ചയുമടക്കം ഇരുപതിലേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ജോസിനെ എറണാകുളം നോർത്ത് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. നോർത്ത് റെയിൽവേ സ്റ്റേഷനു സമീപത്ത് യുവാവിനെ മർദ്ദിച്ചവശനാക്കി റെയിൽവേ ട്രാക്കിൽ തള്ളിയശേഷം കവർച്ച നടത്തിയ കേസിലാണ് ജോസിനെ പിടികൂടിയത്.

 

തിരുവനന്തപുരം തമ്പാനൂരിൽ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ടാറ്റു ആര്‍ട്ടിസ്റ്റ് അറസ്റ്റിൽ. കുറുവക്കോണത്ത് ടാറ്റു സ്റ്റുഡിയോ നടത്തുന്ന റോബിൻ ജോണിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് റോബിൻ ഓടിച്ച കാര്‍ ബൈക്കുകാരനെ ഇടിച്ചിരുന്നു. ഇതേതുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു റോബിൻ.

 

ബിഹാറിൽ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള വാദത്തിൽ ചിരാഗ് പാസ്വാൻ അയയുന്നു. ജെഡിയു നേതാവ് നിതീഷ കുമാറിന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നുവെന്ന് വിശദമാക്കി കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ. എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് എൽജെപി നേതാവ് നിതീഷ് കുമാറിനുള്ള പിന്തുണ വ്യക്തമാക്കിയത്. നിലവിലെ സാഹചര്യത്തിൽ എൻഡിഎ സഖ്യത്തിൽ നിതീഷ് കുമാറിന് കീഴിൽ തന്നെയാവും മിക്ക നേതാക്കന്മാരും മത്സരിക്കുക.

 

ഡൽഹി എന്ന പേര് മാറ്റി ഇന്ദ്രപ്രസ്ഥ എന്നാക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി). ഇക്കാര്യം ആവശ്യപ്പെട്ട് ഡൽഹിയിലെ സാംസ്കാരിക മന്ത്രി കപിൽ മിശ്രയ്ക്ക് കത്തയച്ചു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പേര് ഇന്ദ്രപ്രസ്ഥം അന്താരാഷ്ട്ര വിമാനത്താവളം എന്നാക്കി മാറ്റണമെന്നും കത്തിൽ ആവശ്യപ്പെട്ടു. നഗരത്തെ അതിന്‍റെ പുരാതന ചരിത്രവുമായും സംസ്കാരവുമായും ബന്ധിപ്പിക്കണമെന്നാണ് ആവശ്യം.

 

മകളുടെ ഭർത്താവിന്റെ മരണത്തിൽ അമ്മായി അമ്മ അറസ്റ്റിൽ. ഗുജറാത്തിലെ അഹമ്മദാബാദിൽ മരുമകൻ ക്രൂര മർദ്ദനത്തിന് ഇരയായി മരിച്ച സംഭവത്തിലാണ് ഭാര്യാമാതാവ് അറസ്റ്റിലായത്. ചൂതാട്ടം, മർദ്ദനം അടക്കം നിരവധി കേസുകളിൽ പ്രതിയായ 27കാരൻ പർവേശ് ലാൽജി തട്വി ശനിയാഴ്ചയാണ് തലയ്ക്കേറ്റ പരിക്കിനേ തുടർന്ന് ആശുപത്രിയിൽ വച്ച് മരിച്ചത്. അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു 27കാരൻ.

 

മഹാരാഷ്ട്രയിലെ പൂനെയിൽ മുസ്ലിം വിശ്വാസികൾ പ്രാർത്ഥിച്ച സ്ഥലം ശുദ്ധീകരിച്ച എംപിയുടെ നടപടിക്കെതിരെ രൂക്ഷ വിമർശനം. ബാജി റാവു ഒന്നാമൻ പണികഴിപ്പിച്ച മഹാരാഷ്ട്രയിലെ പൂനെ നഗരത്തിലെ ചരിത്ര പ്രാധാന്യമുള്ള കോട്ടയായ ശനിവാർ വാഡയിൽ മുസ്ലിം സ്ത്രീകൾ പ്രാ‍ർത്ഥിച്ച സ്ഥലമാണ് ബിജെപി എംപി ഗോമൂത്രമൊഴിച്ച് ശുദ്ധീകരിച്ചത്. രാജ്യ സഭാ എംപിയായ മേധ കുൽക്കർണിയാണ് വിവാദ നടപടിക്ക് പിന്നിലുള്ളത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് പൂനെ നഗരത്തിൽ നടന്ന നവരാത്രി ആഘോഷം നിർത്തി വയ്പ്പിച്ചതിന് പിന്നാലെയാണ് എംപിയുടെ അടുത്ത വിവാദ നടപടി.

 

ചരക്ക് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിൽ വീണ് രണ്ട് പേർ മരിച്ചു. ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രാദേശിക സമയം പുലർച്ചെ 3:50 ഓടെയാണ് അപകടം. എസിടി എയർലൈൻസിന്‍റെ വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് എമിറേറ്റ്സ് അറിയിച്ചു. ദുബൈയിൽ നിന്ന് വന്ന ചരക്ക് വിമാനം ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെയാണ് റൺവേയിൽനിന്ന് തെന്നിമാറി കടലിൽ പതിച്ചത്.

 

ഒരിടവേവേളയ്ക്ക് ശേഷം ഗാസ വീണ്ടും കലുഷിതമാകുന്നു. വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ നടത്തിയ ബോംബ് ആക്രമണത്തിൽ 97 പേരോളം കൊല്ലപ്പെട്ടതായി റിപ്പോ‍‍‍ർട്ടുകൾ. ഇസ്രയേല്‍ നിയന്ത്രിത പ്രദേശത്തേക്ക് ഹമാസുകാര്‍ വെടിവെച്ചെന്നുപറഞ്ഞ് റാഫയുള്‍പ്പെടെ ഗാസയില്‍ പലയിടത്തും ഇസ്രയേല്‍സൈന്യം ആക്രമണം നടത്തി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഹമാസിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഇസ്രയേല്‍ പ്രതിരോധ സേനയ്ക്ക് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിര്‍ദേശം നല്‍കി.

 

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയില്ലെങ്കിൽ ഇന്ത്യ വൻ തീരുവ നൽകുന്നത് തുടരേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അതേസമയം തന്നെ റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അറിയിച്ചെന്നും ട്രംപ് പറയുന്നു. ഒരാഴ്ചയിൽ മൂന്നാം തവണയാണ് ട്രംപിന്‍റെ അവകാശവാദം. എന്നാൽ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി മോദി, യുഎസ് പ്രസിഡന്‍റ് ട്രംപുമായി ഫോണിൽ സംസാരിച്ചിട്ടില്ല എന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

 

 

നാവികസേനയ്‌ക്കൊപ്പം ദീപാവലി ആഘോഷിക്കവേ ഐഎന്‍എസ് വിക്രാന്തിനെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തദ്ദേശ നിർമിത വിമാനവാഹിനിക്കപ്പലായ വിക്രാന്തിന്റെ പേരുതന്നെ പാകിസ്താന് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കാന്‍ പര്യാപ്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഗോവ-കാര്‍വാര്‍ തീരത്ത് ഐഎന്‍എസ് വിക്രാന്തിലായിരുന്നു സൈന്യത്തിനൊപ്പം മോദിയുടെ ദീപാവലി ആഘോഷം.

 

രാജ്യത്തെ തീരപ്രദേശങ്ങളില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള നിര്‍മാണ പരിധിയില്‍ വന്‍ ഇളവ് അനുവദിക്കണമെന്ന് വിദഗ്ധ സമിതി കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. നിലവിലെ 500 മീറ്റര്‍ പരിധി, 200 മീറ്ററായി വെട്ടിച്ചുരുക്കണമെന്നാണ് സമിതിയുടെ ശുപാര്‍ശ.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *