ഉപയോഗിച്ച ഒരു ടൂത്ത് ബ്രഷുകളില്‍ ഏകദേശം 12 ദശലക്ഷത്തോളം ബാക്ടീരിയകളും വൈറസുകളും അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങള്‍. ടൂത്ത് ബ്രഷ് ഉപയോഗിക്കുന്ന വ്യക്തിയുടെ വായ, ചര്‍മം, ടൂത്ത് ബ്രഷ് സൂക്ഷിക്കുന്ന പരിസ്ഥിതി എന്നിവിടങ്ങളില്‍ നിന്നാണ് സൂക്ഷ്മാണുക്കള്‍ ടൂത്ത് ബ്രഷില്‍ പ്രധാനമായും എത്തുന്നത്. അത് പല്ലുകള്‍ ക്ഷയിക്കാനും പല്ലുകളില്‍ പോട്, മോണയില്‍ വീക്കം തുടങ്ങിയവ ഉണ്ടാക്കാനും കാരണമാക്കും. ചിലത് വയറ്റിലെ അണുബാധകളും ഭക്ഷ്യവിഷബാധയും ഉണ്ടാക്കാവുന്നതാണ്. ടൂത്ത് ബ്രഷ് കുളിമുറിയില്‍ സൂക്ഷിക്കുന്നതിലൂടെ ബാക്ടീരിയകളും വൈറസുകളും ബ്രഷില്‍ കടന്നു കൂടുന്നു. ഒന്നില്‍ കൂടുതല്‍ ടൂത്ത് ബ്രഷുകള്‍ ഒന്നിച്ചു സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അവ പരസ്പരം സ്പര്‍ശിക്കാനിടയാകാത്ത വിധം വേണം സൂക്ഷിക്കാന്‍. ബ്രഷ് ഉപയോഗിക്കുന്നതിന് മുന്‍പ് ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ബ്രഷ് വൃത്തിയായി ആദ്യം തന്നെ കഴുകുന്നത് സൂക്ഷ്മാണുക്കളുടെ എണ്ണം കുറയ്ക്കാന്‍ സഹായിക്കും. മൂന്ന് മാസം കൂടുമ്പോള്‍ ടൂത്ത് ബ്രഷ് മാറ്റണമെന്നാണ് ദന്ത ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറ്. കൂടുതല്‍ കാലം ഒരേ ബ്രഷ് ഉപയോഗിക്കുന്നത് അണുബാധയ്ക്കും പല്ലു ദ്രവിക്കലിനും കാരണമാകും. കൂടാതെ ഒരുപാട് നേരം ബ്രഷ് ചെയ്യുന്നത് ബ്രഷുകളുടെ നാരുകള്‍ വളയാനും അത് മോണകളില്‍ കേടുപാടുണ്ടാക്കാനും സാധ്യതയുണ്ട്. കൂടാതെ കൂടുതല്‍ കാലം ഒരേ ബ്രഷ് ഉപയോഗിക്കുന്നത് പല്ലുകളില്‍ നിന്നും മോണകളില്‍ നിന്നും ഫലകവും ബാക്ടീരിയയും നീക്കം ചെയ്യാന്‍ ബ്രഷിന് കഴിയാതെ വരുകയും ദന്തസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യും.
