ശബരിമലയിലെ സ്വർണം ഉണ്ണിക്കൃഷ്ണൻ പോറ്റി കവർന്നത് ദേവസ്വം ഉദ്യോഗസ്ഥരുടെ സഹായത്തോടെയെന്ന് റിമാൻഡ് റിപ്പോർട്ട്. രണ്ട് കിലോയിലേറെ സ്വർണ്ണം തട്ടിയെടുത്തുവെന്നാണ് കണ്ടെത്തൽ. വ്യാജരേഖകളുടെ തുടക്കക്കാരൻ മുരാരി ബാബുവാണെന്നും റിമാൻ്റ് റിപ്പോർട്ടിലുണ്ട്. 14 ദിവസം അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിൽ വിട്ട ഉണ്ണികൃഷ്ണൻ പോറ്റിയെ ചെന്നൈയിലും ബംഗളൂരുവിലും ഹൈദരാബാദിലും എത്തിച്ച് തെളിവെടുക്കും.
തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഇന്ന് വൈകിട്ടോടെയാണ് ശബരിമല നട തുറന്നത്. ശബരിമലയിലെ സ്വര്‍ണക്കൊള്ള വിവാദങ്ങള്‍ക്കിടെയാണ് മാസ പൂജയ്ക്കായി ശബരിമല നട തുറന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത് അടക്കമുള്ളവര്‍ സന്നിധാനത്ത് എത്തിയിട്ടുണ്ട്. അറ്റകുറ്റപണിക്കുശേഷം ചെന്നൈയിൽ നിന്നും എത്തിച്ച ദ്വാരപാലക ശിൽപ്പങ്ങളുടെ സ്വര്‍ണപ്പാളികള്‍ പുനസ്ഥാപിച്ചു.
പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഡിഡിഇയുടെ ഉത്തരവിന് സ്റ്റേയില്ല. ഡിഡിഇയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു. സെന്റ് റീത്താസ് സ്‌കൂളിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി.
കൊച്ചി പള്ളുരുത്തിയിലെ സെന്‍റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തിൽ നിലപാട് കടുപ്പിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാർത്ഥികളുടെ മൗലിക അവകാശങ്ങൾ ഹനിക്കാൻ ഒരു സ്കൂളിനെയും അനുവദിക്കില്ലെന്നും സ്കൂളിന്‍റെ ഇത്തരം തെറ്റായ നടപടി സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി വി ശിവൻകുട്ടി വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി. ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഡിഡിഇയുടെ ഉത്തരവ് സ്റ്റേ ചെയ്യില്ലെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
എറണാകുളം പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ രൂക്ഷമായി വിമർശിച്ച് കത്തോലിക്ക കോൺഗ്രസ്. സന്യാസിനിമാരെ അപമാനിച്ച മന്ത്രി മാപ്പ് പറയണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ പറഞ്ഞു. ക്രൈസ്തവ വിഭാഗത്തെയാണ് മന്ത്രി അവഹേളിച്ചത്. മാപ്പ് പറഞ്ഞില്ലെങ്കിൽ ശിവൻകുട്ടിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണമെന്നും ഫാ. ഫിലിപ്പ് കവിയിൽ പറഞ്ഞു.
സ്കൂളിലെ ഹിജാബ് വിവാദത്തിൽ ഇടപെട്ട് ജമാ അത്തെ ഇസ്ലാമിയും എസ് ഡി പി ഐയും വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ശരിയായ നിലപാടാണ് സ്വീകരിച്ചതെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ പ്രതികരണം. ജമാഅത്തെ ഇസ്ലാമിയും എസ് ഡി പി ഐ യും കോൺഗ്രസും ചേർന്നുള്ള കൂട്ടായ്മ മത വിദ്വേഷം ഉണ്ടാക്കുകയാണെന്നും എംവി ഗോവിന്ദൻ ആരോപിച്ചു.
പാലിയേക്കരയിൽ ടോൾ പിരിവ് പുനഃസ്ഥാപിച്ചു. 73 ദിവസത്തിന് ശേഷമാണ് ടോൾപിരിവ് പുനസ്ഥാപിച്ചിരിക്കുന്നത്. പഴയ നിരക്കിൽ തന്നെയാണ് ടോൾപിരിവ്. കാർ, വാൻ, ജീപ്പ് ഉൾപ്പെടെയുള്ള ചെറു വാഹനങ്ങൾ ഒരു ഭാഗത്തേക്ക് 90 രൂപയും ഇരുവശത്തേക്കും 140 രൂപയുമാണ് നിരക്ക്. ചെറുകിട വാണിജ്യ വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 160 രൂപയും ഇരുവശത്തേക്കും 240 രൂപയുമാണ് നിരക്ക് വരും. ബസ് ട്രക്ക് എന്നിവയ്ക്ക് ഒരു വർഷത്തേക്ക് 320 രൂപയും ഇരുവശത്തേക്കും 485 രൂപയും നൽകണം.
സംസ്ഥാനത്തെ 3 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങള്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ ജനറല്‍ ആശുപത്രി 94.27 ശതമാനം, വയനാട് അപ്പാട് ജനകീയ ആരോഗ്യ കേന്ദ്രം 90.24 ശതമാനം എന്നീ ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് പുതുതായി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ്സ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചത്. കൂടാതെ കണ്ണൂര്‍ ചെറുതാഴം കുടുംബാരോഗ്യകേന്ദ്രം 90.80 ശതമാനത്തോടെ എന്‍.ക്യു.എ.എസ്. പുന:അംഗീകാരവും ലഭിച്ചു.
ഒക്ടോബർ 20 തിങ്കളാഴ്ച മുതൽ കേരളത്തിലെ എല്ലാ മെഡിക്കൽ കോളജുകളിലെയും ഒപി നിർത്തിവച്ചു സമരം ചെയ്യുമെന്ന് കെജിഎംസിറ്റിഎ. സർക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല നിലപാട് ഇല്ലാത്തതിൽ പ്രതിഷേധിച്ചാണ് സമരം. വാർത്താക്കുറിപ്പിലാണ് കെജിഎംസിറ്റിഎ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ശമ്പളപരിഷ്കരണം ഉൾപ്പെടെ ആവശ്യപ്പെട്ടാണ് സമരം നടത്തി വരുന്നത്.
രാജ്യത്തെ ഏറ്റവും വലിയ സൈബർ തട്ടിപ്പ് കേസ്സിലെ മൂന്ന് മുഖ്യ പ്രതികളെ കൊച്ചി സിറ്റി സൈബർ പോലീസ് കോഴിക്കോട് നിന്നും അറസ്റ്റ് ചെയ്തു. ഇരുപത്തിയഞ്ച് കോടിയുടെ ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കൊടുവള്ളി പറമ്പതൈകുളങ്ങര വീട്ടിൽ പികെ റഹീസ് (39), അരക്കൂർ തോലമുത്തം പറമ്പ്, വളപ്പിൽ വീട്ടിൽ വി.അൻസർ (39), പന്തീരങ്കാവ് നരിക്കുനിമീതൽ വീട്ടിൽ സികെ അനീസ് റഹ്മാൻ (25) എന്നിവരാണ് പിടിയിലായത്. മൂന്ന് പേരും കോഴിക്കോട് ജില്ലക്കാരാണ്.
സുരേഷ് ഗോപിക്ക് പിന്നാലെ തൃശ്ശൂരിൽ കൂടുതൽ പൊതുസമ്മതരെ തെരഞ്ഞെടുപ്പിൽ ഇറക്കാൻ ലക്ഷ്യമിട്ട് ബിജെപി. ബിജെപിയുടെ വികസന ജാഥയിൽ പങ്കെടുത്ത സംഗീത സംവിധായകൻ ഔസേപ്പച്ചനെ നേതാക്കൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ക്ഷണിച്ചു. അതിനിടെ, ഔസേപ്പച്ചൻ ബിജെപി വേദിയിൽ എത്തിയതിനെ വിമർശിച്ച് കോൺഗ്രസ് രംഗത്ത് എത്തി. സുരേഷ് ഗോപിയെ കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന തൃശ്ശൂരുകാർ ഔസേപ്പച്ചനെ സ്വീകരിക്കില്ലെന്ന് ടിഎൻ പ്രതാപൻ പറഞ്ഞു.
നെടുമ്പാശ്ശേരിയിൽ വിമാനത്താവളത്തിലെ ഡ്യൂട്ടിക്കായി പോയ സിഐഎസ്എഫ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. അപകടത്തിൽ 15 പേര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരുടെ തലക്കാണ് പരിക്കേറ്റത്. നെടുമ്പാശ്ശേരി ഗോള്‍ഫ് ക്ലബ്ബിന് സമീപം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ടെംപോ ട്രാവലർ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.
കൊല്ലംമരുതിമലയിൽനിന്ന് വീണ് 9-ാം ക്ലാസ് വിദ്യാർഥിനി മരിച്ചു. കൂടെയുണ്ടായിരുന്ന പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. അടൂർ പെരിങ്ങാട് സ്വദേശി മീനു ആണ് മരിച്ചത്. പരിക്കേറ്റ പെൺകുട്ടിയെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും ഒരേ ക്ലാസിൽ പഠിക്കുന്നവരാണ്.
സംസ്ഥാനത്ത് അടുത്ത 7 ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിനും അതിനോട് ചേർന്നുള്ള ലക്ഷദ്വീപ് പ്രദേശങ്ങൾക്കും മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ശനിയാഴ്ചയോടെ ഇത് തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള കേരള കർണാടക തീരങ്ങൾക്ക് സമീപമുള്ള ലക്ഷദ്വീപ് മേഖലയ്ക്ക് മുകളിലായി ന്യൂനമർദമായി ശക്തി പ്രാപിക്കുമെന്നും, തുടർന്നുള്ള 48 മണിക്കൂറിൽ തീവ്രന്യൂനമർദമായി വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വാണിയംകുളത്ത് ഡിവൈഎഫ്ഐ മുൻനേതാവിനെ മർദ്ദിച്ച സംഭവത്തിൽ ഒരാൾ കൂടി പൊലീസിൽ കീഴടങ്ങി. ഡിവൈഎഫ്ഐ വാണിയംകുളം ടൗൺ യൂണിറ്റ് ഭാരവാഹി അജയ കൃഷ്ണനാണ് കീഴടങ്ങിയത്. ഒന്നാം പ്രതിയായ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് ഹാരിസിന്‍റെ നിർദ്ദേശപ്രകാരം ആക്രമണത്തിന് സഹായം ചെയ്തത് അജയ് കൃഷ്ണനാണെന്നാണ് പൊലീസ് കണ്ടെത്തൽ. അജയ് കൃഷ്ണൻ കൂടി കീഴടങ്ങിയതോടെ കേസിൽ ആറ് പ്രതികളാണ് പൊലീസിന്‍റെ പിടിയിലായത്.
താമരശ്ശേരിയിലെ ഒമ്പത് വയസുകാരിയുടെ മരണം ചികിത്സാപിഴ്വ് കാരണം എന്ന് അമ്മ രംബീസ. കുട്ടിയെ ഡോക്ടര്‍മാര്‍ വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ലെന്നും നേരത്തെ ഉന്നയിച്ച കാര്യങ്ങൾ പോസ്റ്റുമോർട്ടം റിപ്പോർട്ടിലൂടെ തെളിഞ്ഞെന്നും രംബീസ പറഞ്ഞു. ചികിത്സാപിഴവ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് താമരശ്ശേരി ഡിവൈഎസ്പിയ്ക്ക് കുടുംബം പരാതി നൽകിയിട്ടുണ്ട്. കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കെതിരെ പരാതി നടപടി വേണം എന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്കും പരാതി നല്‍കും.
പള്ളുരുത്തി ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി എസ്എഫ്ഐ. മതനിരപേക്ഷ വിദ്യാഭ്യാസത്തിൻ്റെ ലോക മാതൃകയായ കേരളത്തിൽ നിർബന്ധമായും ഒഴിവാക്കേണ്ട ഈ വിഷയത്തെ പിടിവാശി കൊണ്ട് അനാവശ്യ വിവാദമാക്കിയതിന് സെൻ്റ് റീത്ത പബ്ലിക്ക് സ്കൂൾ പ്രിൻസിപ്പാളിനോട് നന്ദിയുണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് ഫേസ്ബുക്കിൽ പരിഹസിച്ചു.എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതാണ് ജനാധിപത്യമെന്നും മറന്നു പോകരുത് എന്നും ശിവപ്രസാദ് വ്യക്തമാക്കി.
കെഎസ്ആര്‍ടിസി ബസിലെ കുപ്പിവെള്ള വിവാദത്തിൽ ഡ്രൈവര്‍ക്കെതിരെ ആരോപണവുമായി ഗതാഗത മന്ത്രി കെബി ഗണേഷ്‍കുമാര്‍. ഡ്രൈവര്‍ക്ക് പിന്നിൽ യുഡിഎഫ് ആണെന്ന് കെബി ഗണേഷ്‍കുമാര്‍ ആരോപിച്ചു. ഹൈക്കോടതിയിൽ സീനിയർ അഭിഭാഷകനെ വയ്ക്കാൻ പണം നൽകിയത് യുഡിഎഫ് യൂണിയനാണ്. കെഎസ്ആർടിസി നന്നാവരുത് എന്നാണ് ഇവരുടെ ആഗ്രഹം. കെഎസ്ആര്‍ടിസി നശിക്കാൻ ആഗ്രഹിക്കുന്ന യൂണിയന്‍റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നു എന്നും മന്ത്രി പരിഹസിച്ചു.
തെന്നിന്ത്യൻ നടിമാരായ രാകുൽ പ്രീത് സിംഗ്, സാമന്ത റൂത്ത് പ്രഭു, തമന്ന ഭാട്ടിയ എന്നിവരുടെ പേരിൽ വ്യാജ വോട്ടർ ഐഡി കാർഡുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് പോലീസ് കേസെടുത്തു. ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ വോട്ടർമാരാണെന്ന് കാണിച്ചാണ് ഇവരുടെ പേരും ചിത്രവും വിലാസവുമുള്ള വോട്ടർ ഐഡി കാർഡുകൾ പ്രചരിക്കുന്നത്. വ്യാജമെന്ന് സ്ഥിരീകരിച്ച ഈ മൂന്ന് കാർഡുകളിലും ‘8-2-120/110/4″ എന്ന ഒരേ വിലാസമാണ് നൽകിയിരിക്കുന്നത്.
ബിഹാറിലെ ആദ്യ ഘട്ട നിയമസഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം കഴിഞ്ഞിട്ടും സീറ്റ് വിഭജനം വ്യക്തമാക്കാതെ മഹാസഖ്യം. ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന ആവശ്യം മഹാസഖ്യത്തിലെ ഘടകക്ഷിയായ വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി പരസ്യമാക്കി.പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന ധാരണയുടെ സൂചന പ്രകാരം ആര്‍ജെഡി 140 സീറ്റില്‍ മത്സരിച്ചേക്കും.
സ്വകാര്യ കോളേജിലെ സീനിയർ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത ജൂനിയർ വിദ്യാർത്ഥി അറസ്റ്റിൽ. ബെംഗളൂരുവിലെ സ്വകാര്യ എൻജിനിയറിംഗ് കോളേജിലെ ഏഴാം സെമസ്റ്റർ വിദ്യാർത്ഥിനിയെയാണ് 22കാരൻ പീഡിപ്പിച്ചത്. ഹനുമന്ത് നഗർ പൊലീസ് സ്റ്റേഷനിൽ എൻജിനിയറിംഗ് വിദ്യാർത്ഥിനി നൽകിയ പരാതിയേ തുടർന്ന് ജീവൻ ഗൗഡ എന്ന 22കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 10നാണ് അതിക്രമം നടന്നത്.
നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) അംഗീകൃത രാഷ്ട്രീയ പാർട്ടിയല്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ). മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം പറഞ്ഞത്.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനത്തിന് ടിവികെയുടെ രജിസ്ട്രേഷൻ റദ്ദാക്കാനും, രാഷ്ട്രീയ റാലികളിൽ കുട്ടികളെ ഉപയോഗിക്കുന്നത് നിരോധിക്കാനും, ഇരകളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നടൻ വിജയ് നൽകാൻ ഉത്തരവിടാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ടേക്ക് ഓഫിന് മുൻപായുള്ള പരിശോധനയിൽ കണ്ടെത്തിയത് സുപ്രധാന തകരാറ്. പൈലറ്റുമാരുടെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം. എയർ ഇന്ത്യയുടെ ബോയിംഗ് 787-8 വിമാനമാണ് ഹോങ്കോങ്ങ് വിമാനത്താവളത്തിൽ വച്ച് അപ്രതീക്ഷിത സംഭവങ്ങളിലൂടെ കടന്ന് പോയത്.വിമാനത്തിലെ സാങ്കേതിക പരിശോധനയും കൂടുതൽ കർശനമാക്കിയിട്ടുണ്ട്.
കൈക്കൂലി കേസിൽ സിബിഐ അറസ്റ്റ് ചെയ്ത മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ വീട്ടിലെ റെയ്ഡിൽ കണ്ടെത്തിയത് പണവും സ്വർണവും ആഢംബര വസ്തുക്കളുമടക്കം കോടിക്കണക്കിന് രൂപയുടെ ശേഖരം. പഞ്ചാബ് പോലീസിലെ ഡിഐജിയായ ഹർചരൺ സിംഗ് ഭുള്ളറിന്റെ വീട്ടിൽ നടന്ന റെയിഡിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. 8 ലക്ഷം കൈക്കൂലി ചോദിച്ച കേസിലെ അറസ്റ്റിന് പിന്നാലെയാണ് വീട്ടിൽ സിബിഐ പരിശോധന നടന്നത്. 5 കോടി പണമായും ആഢംബര കാറുകളും വാച്ചുകളുമടക്കം കണ്ടെത്തിയിട്ടുണ്ട്.
കോളേജ് വിദ്യാർഥിനികൾ വസ്ത്രം മാറുന്നത് ഒളിഞ്ഞിരുന്ന് ക്യാമറയിൽ പകർത്തിയ മൂന്ന് എബിവിപി നേതാക്കൾ അറസ്റ്റിൽ. എബിവിപി സെക്രട്ടറി ഉമേഷ് ജോഷി, കോളേജ് ഭാരവാഹികളായ അജയ് ഗൗർ, ഹിമാൻഷു ബൈരംഗി എന്നിവരാണ് പിടിയിലായത്. മധ്യപ്രദേശിലെ മന്ദ്സൗറിലെ മഹാരാജാ യശ്വന്ത് റാവു ഹോൽകർ സർക്കാർ കോളേജിൽ ചൊവ്വാഴ്ചയാണ് സംഭവം.
ഈജിപ്ത് വിദേശകാര്യമന്ത്രി ബദർ അബ്ദെലറ്റിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി. ഗാസ സമാധാന നീക്കത്തിൽ നിർണ്ണായക പങ്കു വഹിച്ചതിന് ഈജിപത് പ്രസിഡൻറ് അബ്ദെൽ ഫത്ത അൽ സിസിക്ക് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. മേഖലയിൽ ശാശ്വത സമാധാനത്തിലേക്ക് ധാരണ നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും നരേന്ദ്ര മോദി പറഞ്ഞു.
പരസ്യമായി വധശിക്ഷ നടപ്പിലാക്കിയ താലിബാൻ നടപടി അപലപിച്ച് യുഎൻ. അഫ്ഗാനിസ്ഥാനിലെ ബാദ്ഗിസ് പ്രവിശ്യയിലെ ഖലാ ഇ നവിലെ സ്റ്റേഡിയത്തിൽ വച്ചാണ് വധശിക്ഷ നടപ്പിലാക്കിയത്. യുവാവിനെയും അയാളുടെ ഗർഭിണിയായ ഭാര്യയേയും കൊലപ്പെടുത്തിയ അഫ്ഗാൻ സ്വദേശിയെ ആണ് നിരവധിപ്പേർ സാക്ഷിയാക്കി വധശിക്ഷയ്ക്ക് വിധേയനാക്കിയത്. വ്യാഴാഴ്ചയാണ് ശിക്ഷ നടപ്പിലാക്കിയത്.
അഫ്‌ഗാൻ അതിർത്തിയിലുണ്ടായ ചാവേർ ബോംബാക്രമണത്തിൽ ഏഴ് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു. തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. പാകിസ്ഥാനും അഫ്‌ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം സമാധാനത്തിലേക്ക് നീങ്ങുന്നതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങൾ കൂടുതൽ സങ്കീർണമാകാൻ കാരണമായി.
ഇരുപത്തി ഒന്നാം നൂറ്റാണ്ട് ഇന്ത്യയുടേതെന്ന് ഓസ്ട്രേലിയൻ മുൻ പ്രധാനമന്ത്രി ടോണി ആബട്ട്. നാലോ അഞ്ചോ പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നാലും അമേരിക്കൻ പ്രസിഡന്റിന്റെ പക്കൽനിന്ന് സ്വതന്ത്ര ലോകത്തിന്റെ നേതാവ് എന്ന പദവി അദ്ദേഹം ഏറ്റെടുക്കുമെന്നും ടോണി ആബട്ട് പറഞ്ഞു. എൻഡിടിവി വേൾഡ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയും തമ്മില്‍ വൈറ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തും. പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സെലെന്‍സ്‌കി വൈറ്റ്ഹൗസിലെത്തുക. വൈകീട്ട് മൂന്നുമണിയോടെ കൂടിക്കാഴ്ച അവസാനിക്കുമെന്നാണ് നിലവിലെ വിവരം.
