ആരോഗ്യത്തിന് ഏറ്റവും ഗുണം ചെയ്യുന്ന ഒരു പഴമുണ്ടോ എന്ന ചോദിച്ചാല്‍, ഉണ്ടെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. യുഎസിലെ വില്യം പാറ്റേഴ്സണ്‍ സര്‍വകലാശാല നടത്തിയ ഒരു പഠനത്തില്‍ അങ്ങനെയൊരു പഴത്തെ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ലോകത്തിലെ വ്യത്യസ്ത തരം പഴങ്ങളെ താരതമ്യം ചെയ്തു കൊണ്ട് നടത്തിയ പഠനത്തില്‍ വിശകലനത്തില്‍ വിറ്റാമിനുകള്‍, നാരുകള്‍, ഫ്‌ലേവനോയ്ഡുകള്‍ പോലുള്ള ശക്തമായ ആന്റിഓക്സിഡന്റുകള്‍ എന്നിവയുടെ സാന്ദ്രതയില്‍ നാരങ്ങ വേറിട്ടു നില്‍ക്കുന്നുവെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. മറ്റ് ഏത് പഴത്തെക്കാളും ആരോഗ്യത്തിന് ഗുണകരമായ സംയുക്തങ്ങള്‍ ലഭ്യമാക്കാന്‍ സിട്രിക് പഴമായ നാരങ്ങയ്ക്ക് സാധിക്കുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. 100 കലോറി കൊണ്ട് 100 ശതമാനം പോഷക ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുമെന്ന് കരുതുന്ന 41 ഭക്ഷണ ഓപ്ഷനുകളില്‍ നിന്ന് നാരങ്ങ വേറിട്ടു നിന്നു. മാത്രമല്ല, രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും, ഇരുമ്പ് ആഗിരണം ചെയ്യാനും ദഹനം മെച്ചപ്പെടുത്താനും ഹൃദ്രോഗങ്ങള്‍ തടയാനും ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ നാരങ്ങ സഹായിക്കും. ഇതിനൊപ്പം, നാരങ്ങയ്ക്ക് ഒരു സവിശേഷ ഗുണം കൂടിയുണ്ട്. ഇതിന് അസിഡിക് സ്വഭാവമുണ്ടെങ്കിലും ഉപാപചയ പ്രക്രിയയ്ക്ക് ശേഷം ശരീരത്തില്‍ ആല്‍ക്കലൈന്‍ സ്വഭാവം ഉണ്ടാക്കുന്ന ഇവ പിഎച്ച് നില സന്തുലിതമാക്കാന്‍ സഹായിക്കുന്നു. നാരങ്ങ മൊത്തത്തിലുള്ള മെറ്റബോളിസം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കുമെന്നും പഠനത്തില്‍ പറയുന്നു. മാത്രമല്ല, പ്രതിരോധശേഷിക്ക് അത്യാവശ്യമായ വിറ്റാമിന്‍ സി നാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്. നാരങ്ങയുടെ അസിഡിക് ഗുണം ആരോഗ്യത്തിന് നല്ലതാണെന്നും ശത്രുവല്ലെന്നും ഗവേഷകര്‍ പറയുന്നു.
