ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിക്കുമെതിരെ കടുത്ത വിമര്‍ശനവുമായി രമേശ് ചെന്നിത്തല. കേരള പോലീസിനുമേലുള്ള നിയന്ത്രണം മുഖ്യമന്ത്രിക്കു നഷ്ടമായി എന്നദ്ദേഹം പറഞ്ഞു. എല്‍ദോസ് കുന്നപ്പിള്ളിക്ക് എതിരായി കേസ് എടുത്ത പോലീസ് മുൻ മന്ത്രിമാരെക്കുറിച്ചുള്ള സ്വപ്നയുടെ ആരോപണങ്ങങ്ങളിൽ നടപടി എടുക്കുന്നില്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞു. മ്യൂസിയം കേസിൽ ഇനിയും പ്രതിയെ പിടിക്കാൻ ആയില്ല. സംസ്ഥാനത്ത് വിലക്കയറ്റവും വർധിക്കുകയാണ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ടാറ്റ-എയർബസിന്റെ ഉടമസ്ഥതയിലുള്ള സി295 മിലിട്ടറി ട്രാൻസ്പോർട്ട് വിമാനങ്ങൾ നിർമ്മിക്കാനുള്ള പ്ലാന്റിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ വഡോദരയില്‍ തറക്കല്ലിട്ടത്. വിമാന നിർമ്മാണ മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന പദ്ധതിയാണ് ഇതെന്ന് കരുതുന്നു. ഇതോടെ സൈനിക ഗതാഗത വിമാനങ്ങൾ നിർമിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും അംഗമാകും.
തിരുവനന്തപുരം പാറശ്ശാലയിലെ യുവാവിന്റെ മരണത്തിൽ വഴിത്തിരിവ്. വിവാഹം ഉറപ്പിച്ചപ്പോൾ കാമുകനായ ഷാരോണിനെ ഒഴിവാക്കാനായി കഷായത്തിൽ വിഷം കലർത്തി നൽകി എന്നാണ് പെൺകുട്ടി നടത്തിയ കുറ്റസമ്മത മൊഴിയിൽ പറയുന്നത്. ഉന്നത ഉദ്യോഗസ്ഥർ പെൺകുട്ടിയെ ചോദ്യം ചെയ്യൽ തുടരുകായാണ് . ചില കാര്യങ്ങളിൽ കൂടി വ്യക്തത വരാനുണ്ട് എന്നാണ് പോലീസ് പറയുന്നത് .ശാസ്ത്രീയ പരിശോധനകൾ വേണമെന്നും പൊലീസ് പറയുന്നു. എഡിജിപി എം ആര് അജിത് കുമാറിനാണ് അന്വേഷണ ചുമതല.
കോയമ്പത്തൂരിലെ ഉക്കടത്ത് സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്ത വസ്തുക്കളിൽ കേസന്വേഷണത്തിൽ നിർണായകമാകുന്ന നിരവധി സൂചനകൾ ഉണ്ട് . വീട്ടിൽ നിന്ന് കിട്ടിയ ഡയറികളിൽ ഇതര മതങ്ങളോടുള്ള ജമേഷ മുബീന്റെ കാഴ്ചപ്പാടുകളും രാജ്യത്ത് അടുത്തിടെ ഉണ്ടായ വിവിധ രാഷ്ട്രീയ വിഷയങ്ങളെപ്പറ്റിയുള്ള കുറിപ്പുകളും ഉണ്ട് . നേരത്തേ പിടിച്ചെടുത്ത വസ്തുക്കളിൽ എഴുപത്തിയാറര കിലോ സ്ഫോടക വസ്തുക്കളും ഇലക്ട്രോണിക് സർക്യൂട്ടുകളും ഗ്യാസ് സിലിണ്ടറുകളും ഉണ്ടെന്നായിരുന്നു എൻഐഎ അറിയിച്ചത്.
എറണാകുളം നഗരത്തിൽ ഇന്ന് രാവിലെ10.30 മുതൽ ഒന്നേകാൽ മണിക്കൂറോളം നേരം പെയ്ത മഴയിൽ നഗരം വെള്ളത്തിൽ മുങ്ങി.ഫുട്പാത്തിലടക്കം വെള്ളം കയറിയതോടെ കടകളിലേക്കും വെള്ളം കയറുമെന്ന് ആശങ്ക ഉയർന്നു.സെൻട്രൽ സ്ക്വയർ മാൾ, കവിതാ തിയേറ്റർ എന്നിവിടങ്ങളിലാണ് പ്രധാനമായും വെള്ളം കയറിയത്. രാഷ്ട്രീയപ്പാർട്ടികൾ പരസ്പരം പഴിചാരുകയാണ്.
മുന്നാറിൽ പ്രാദേശിക സിപിഐ – കോൺഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം. സിപിഐ പഞ്ചായത്ത് അംഗം കോൺഗ്രസ്സുകാരുടെ സമരപ്പന്തലിന് മുന്നിലെത്തി അശ്ലീല ആംഗ്യം കാണിച്ചന്നാരോപിച്ചാണ് സംഘർഷം തുടങ്ങിയത് .സംഘർഷം നടത്തിയവർ വഴിയോരക്കച്ചവടക്കാരുടെ തേങ്ങയും കപ്പയും എടുത്ത് പരസ്പരം എറിഞ്ഞു. ടൗണിൽ പൊലീസ് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.