ഇന്ത്യന്‍ വിപണിയില്‍ ഹൈബ്രിഡ് മോഡലുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് സ്‌കോഡ ഓട്ടോ ഫോക്സ്വാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. സ്‌കോഡ, ഫോക്സ് വാഗണ്‍ ഹൈബ്രിഡ് മോഡലുകള്‍ 2028 ആവുമ്പോഴേക്കും വിപണിയിലെത്തിക്കാനാണ് ശ്രമം. ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ വൈവിധ്യമാര്‍ന്ന മോഡലുകള്‍ അവതരിപ്പിച്ച് കൂടുതല്‍ പേരെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തിലാണ് സ്‌കോഡയുടേയും ഫോക്സ്വാഗണിന്റെയും ഹൈബ്രിഡ് മോഡലുകള്‍ ഒരുങ്ങുന്നത്. കൂടുതല്‍ ഇലക്ട്രിക്ക് മോഡലുകള്‍ വിപണിയിലെത്തിക്കാനും പദ്ധതിയുണ്ട്. സ്ലാവിയ, വെര്‍ട്ടസ് പോലുള്ള സെഡാനുകളിലും കുഷാക്ക്, ടൈഗൂണ്‍ പോലുള്ള കോംപാക്ട് എസ് യുവികളിലും ഹൈബ്രിഡ് വകഭേദം പ്രതീക്ഷിക്കാം. നിലവിലുള്ള മോഡലുകളേക്കാള്‍ പ്രീമിയം മോഡലായിട്ടാവും ഹൈബ്രിഡിന്റെ വരവ്. ഉയര്‍ന്ന ഇന്ധനക്ഷമതയുണ്ടെങ്കിലും ഈ ഉയര്‍ന്ന വിലയാണ് പലരേയും ഹൈബ്രിഡില്‍ നിന്നും മാറ്റി നിര്‍ത്തുന്നതും. നിലവില്‍ മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട അര്‍ബാന്‍ ക്രൂസര്‍ ഹൈറൈഡര്‍ എന്നിങ്ങനെയുള്ള കോംപാക്ട് എസ് യുവികളില്‍ മാത്രമേ ഹൈബ്രിഡ് പവര്‍ട്രയിനുകളുള്ളൂ.