ഐശ്വര്യ ലക്ഷ്മി നായികയാകുന്ന പുതിയ ചിത്രമാണ് ‘അമ്മു’. തെലുങ്കിലാണ് ‘അമ്മു’ എന്ന ചിത്രം ഒരുങ്ങിയിരിക്കുന്നത്. ചാരുകേശ് ശേഖര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘അമ്മു’വിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ഒടിടിയില്‍ ഡയറക്ട് റിലീസായിട്ടാണ് ചിത്രം എത്തുക. തെലുങ്കിനു പുറമേ തമിഴ്,മലയാളം, ഹിന്ദി, കന്നഡ ഭാഷകളിലും എത്തുന്ന ചിത്രം ഒക്ടോബര്‍ 19ന് ആമസോണ്‍ പ്രൈം വീഡിയോയിലാണ് പ്രീമിയര്‍ ചെയ്യുക. ഐശ്വര്യ ലക്ഷ്മിയുടെ കരുത്തുറ്റ ഒരു കഥാപാത്രമായിരിക്കും ചിത്രത്തിലേത്. സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം നിര്‍മിക്കുന്നത്.
അമിതാഭ് ബച്ചന്‍ പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് ‘ഉഞ്ജായി’. അനുപം ഖേറും ബൊമന്‍ ഇറാനിയും ചിത്രത്തില്‍ അമിതാഭ് ബച്ചനൊപ്പമുണ്ട്. ‘ഉഞ്ജായി’ എന്ന ചിത്രത്തിലെ അമിതാഭ് ബച്ചന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്. അമിതാഭ് ബച്ചന്‍ അടക്കമുള്ളവര്‍ ഫസ്റ്റ് ലുക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. നവംബര്‍ 11 നാണ് ചിത്രം റിലീസ് ചെയ്യുക. സൂരജ് ബര്‍ജത്യ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍ വ്യാപാരം അവസാനിപ്പിച്ചു. യു. എസ്. ഡോളറിനെതിരെ 82.34 എന്ന റെക്കാഡ് മൂല്യത്തിലേക്കാണ് രൂപ വീണത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ചരിത്രത്തിലെ എക്കാലത്തെയും കുറഞ്ഞ നിരക്കായ 82.68 ആയിരുന്നു മൂല്യം. വ്യാപാരം അവസാനത്തോടടുത്തപ്പോഴാണ് നില അല്‍പ്പമെങ്കിലും മെച്ചപ്പെട്ടത്. വെള്ളിയാഴ്ച്ച 13 പൈസ താഴ്ന്ന് 82.30 രൂപയിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. രൂപയുടെ മൂല്യം 82.90 വരെ എത്തുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തല്‍. ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ ഗള്‍ഫ് കറന്‍സികള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിനിമയ നിരക്കില്‍. ഈ അവസരം പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പണം അയക്കുകയാണ് പ്രവാസികള്‍. ഒരു ദിര്‍ഹത്തിന് 22 രൂപ 40 പൈസയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയ മൂല്യം. ഒരു സൗദി റിയാലിന് 21 രൂപ 91 പൈസ ലഭിക്കും. 265 രൂപയ്ക്ക് മുകളിലാണ് ഒരു കുവൈത്ത് ദിനാറിന് ലഭിക്കുക.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വമ്പന്‍ ഇടിവ്. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില കുറയുന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്, 200 രൂപയുടെ ഇടിവുണ്ടായിരുന്നു. ഇന്ന് 560 രൂപയാണ് ഇടിഞ്ഞത്. ഇതോടെ രണ്ട് ദിവസംകൊണ്ട് 760 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 37520 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 70 രൂപ കുറഞ്ഞു. ഇന്നലെ 25 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി വില 4690 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 60 രൂപ കുറഞ്ഞു. ഇന്നലെ 20 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3880 രൂപയാണ്.
ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് ആഗോള വിപണിയില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ഹണ്ടര്‍ 350 അവതരിപ്പിച്ചു. ജര്‍മ്മനിയിലെ കൊളോണില്‍ നടന്ന ഇന്റര്‍മോട്ട് ഷോ 2022 ല്‍ ആണ് ബൈക്കിന്റെ അവതരണം. 4,490 യൂറോ, അതായത് ഏകദേശം 3.62 ലക്ഷം രൂപയാണ് ഇതിന്റെ വില. ഇപ്പോള്‍, അന്താരാഷ്ട്രതലത്തില്‍ വില്‍ക്കുന്ന മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ വില്‍ക്കുന്ന മോഡലിന് സമാനമാണ്. ക്ലാസിക്, മെറ്റിയര്‍ എന്നിങ്ങനെയുള്ള ജെ-പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി, മറ്റ് രണ്ട് മോഡലുകളുടെ അതേ ഫ്രെയിമില്‍ സ്ഥാപിച്ചിരിക്കുന്ന അതേ 349 സിസി, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഹണ്ടര്‍ 350 ഉപയോഗിക്കുന്നത്.
മലവെള്ളത്തില്‍ മുങ്ങിച്ചാകാന്‍ വിധിക്കപ്പെട്ടവനു മുന്നിലുള്ള കച്ചിത്തുരുമ്പാണ് ‘ലൈഫ് ബോയ്’. ജീവിതത്തെ അതിന്റെ എല്ലാ പ്രതികൂലാവസ്ഥകളും ഉള്‍ക്കൊള്ളുമ്പോള്‍ത്തന്നെ, നേര്‍ത്ത നര്‍മ്മത്തില്‍ പൊതിഞ്ഞ് സസന്തോഷം ഉള്‍ക്കൊള്ളുകയും, അതേ ചിരിയോടെ നോക്കി കണ്ട് മുന്നോട്ടു പോകാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന കുറിപ്പുകളാണിതിലുള്ളത്. പ്രശാന്ത് നായര്‍. ഡിസി ബുക്‌സ്. വില 247 രൂപ.
ശരീരത്തിന്റെ പ്രതിരോധ സംവിധാനം പ്രത്യേക ഭക്ഷണങ്ങളോട് അസാധാരണമായി പ്രതികരിക്കുന്നതാണ് ഭക്ഷണ അലര്‍ജി. ഒരു തവണ ഒരു ഭക്ഷണത്തിലെ ഏതെങ്കിലും ഘടകത്തോട് ശരീരം പ്രതിപ്രവര്‍ത്തിക്കുകയാണെങ്കില്‍ പിന്നീട് ആ ഭക്ഷണം ചെറിയ അളവില്‍ കഴിച്ചാല്‍പ്പോലും അലര്‍ജി റിയാക്ഷന്‍ ഉണ്ടാകും. അണുബാധയ്ക്കെതിരായ ശരീരത്തിന്റെ പ്രതിരോധം ഭക്ഷണത്തില്‍ കാണപ്പെടുന്ന പ്രോട്ടീനുകളെ ഒരു ഭീഷണിയായി തെറ്റായി കണക്കാക്കുമ്പോഴാണ് ഭക്ഷണ അലര്‍ജി ഉണ്ടാകുന്നത്. തല്‍ഫലമായി, നിരവധി രാസവസ്തുക്കള്‍ പുറത്തുവരുന്നു. ഈ രാസവസ്തുക്കളാണ് അലര്‍ജി പ്രതിപ്രവര്‍ത്തനത്തിന്റെ ലക്ഷണങ്ങള്‍ക്ക് കാരണമാകുന്നത്. ഭക്ഷണ പദാര്‍ഥങ്ങളിലെ പ്രോട്ടീനാണ് അലര്‍ജി വരുത്തുന്ന പ്രധാന ഘടകം. ഇതിനു പുറമേ പായ്ക്കറ്റ് ഭക്ഷണങ്ങളില്‍ ചേര്‍ക്കുന്ന പ്രിസര്‍വേറ്റീവുകള്‍, നിറം ലഭിക്കാനായി ചേര്‍ക്കുന്ന കളറിങ് ഏജന്റുകള്‍ തുടങ്ങിയവയും അലര്‍ജിക്കു കാരണമാകാം. ചിലര്‍ക്ക് പച്ചക്കറികള്‍ വേവിക്കാതെ കഴിച്ചാല്‍ അലര്‍ജി ഉണ്ടാകാം. ഇതേ പച്ചക്കറിതന്നെ വേവിച്ചു കഴിക്കുമ്പോള്‍ അലര്‍ജി ഉണ്ടാകുകയുമില്ല. ശരീരം തടിച്ചു പൊന്തുക, ചുവന്ന പാടുകള്‍ വരുക, കണ്ണിനു ചുറ്റും നീരു വരുക, ഛര്‍ദ്ദി തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്. വായിലോ തൊണ്ടയിലോ ചെവിയിലോ ഉള്ള ചൊറിച്ചില്‍, മുഖത്തിന്റെ വീക്കം, ഛര്‍ദ്ദി എന്നിവയുമുണ്ടാകാം. ബീഫ്, പോര്‍ക്ക് തോടുള്ള മത്സ്യങ്ങളായ കൊഞ്ച്, കണവ, ചെമ്മീന്‍, ഞണ്ട്, കക്ക, കല്ലുമ്മക്കായ തുടങ്ങിയവയ അലര്‍ജി ഉണ്ടാക്കുന്ന പ്രധാനപ്പെട്ട ഭക്ഷണങ്ങളാണ്.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 82.37, പൗണ്ട് – 90.99, യൂറോ – 80.04, സ്വിസ് ഫ്രാങ്ക് – 82.43, ഓസ്ട്രേലിയന്‍ ഡോളര്‍ – 51.74, ബഹറിന്‍ ദിനാര്‍ – 218.37, കുവൈത്ത് ദിനാര്‍ -265.32, ഒമാനി റിയാല്‍ – 213.89, സൗദി റിയാല്‍ – 21.90, യു.എ.ഇ ദിര്‍ഹം – 22.42, ഖത്തര്‍ റിയാല്‍ – 22.62, കനേഡിയന്‍ ഡോളര്‍ – 59.59.