web cover 32

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി നല്‍കിയ വോട്ടര്‍ പട്ടിക അപൂര്‍ണമെന്ന് പരാതി. ഒമ്പതിനായിരത്തിലധികം പേരുള്ള വോട്ടര്‍ പട്ടികയില്‍ മൂവായിരത്തിലേറെ പേരുടെ വിലാസമോ ഫോണ്‍ നമ്പറോ ലഭ്യമല്ലെന്നാണ് പരാതി.

വിഴിഞ്ഞം സമരം മൂലമുണ്ടായ നഷ്ടം സമരത്തിനു നേതൃത്വം നല്‍കുന്ന ലത്തീന്‍ അതിരൂപതയില്‍നിന്ന് ഈടാക്കണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സര്‍ക്കാരിനു കത്തു നല്‍കി. തീരജനതയോടുള്ള വെല്ലുവിളിയാണ് വിഴിഞ്ഞം സീപോര്‍ട്ട് ലിമിറ്റഡിന്റെ നടപടിയെന്ന് ലത്തീന്‍ അതിരൂപത പ്രതികരിച്ചു. നഷ്ടം 100 കോടി രൂപയിലധികമാണെന്നാണ് അദാനി ഗ്രൂപ്പിന്റെ വാദം.

ലത്തീന്‍ സഭയുടെ നേതൃത്വത്തില്‍ മല്‍സ്യത്തൊഴിലാളികളുടെ സമരംമൂലം വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തടസപ്പെട്ട പ്രതിസന്ധി പരിഹരിക്കാന്‍ അദാനി ഗ്രൂപ്പിനെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു ക്ഷണിച്ചു. തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലുമായി അദാനി പോര്‍ട്സ് ലിമിറ്റഡ് സിഇഒ രാജേഷ് ജാ വ്യാഴാഴ്ച ചര്‍ച്ച നടത്തും.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

തുറമുഖ നിര്‍മാണംമൂലം മല്‍സ്യത്തൊഴിലാളികള്‍ക്കുണ്ടായ നഷ്ടം നികത്താതെ മുന്നോട്ടു പോകാനാവില്ലെന്ന് സമരസമിതി നേതാവും തിരുവനന്തപുരം അതിരൂപതാ വികാരി ജനറലുമായ ഫാ. യൂജിന്‍ പെരേര. കടലേറ്റംമൂലം കിടപ്പാടം കടലെടുത്തു. തൊഴിലും നഷ്ടമായി. ഈ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം പരിഹരിക്കാന്‍ തയാറാകാത്ത സര്‍ക്കാരാണ് യഥാര്‍ത്ഥ കുറ്റക്കാരെന്ന് അദ്ദേഹം പറഞ്ഞു.

മോട്ടോര്‍ വാഹന വകുപ്പിലെ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കും ആറു മണിക്കൂര്‍ ഫീല്‍ഡില്‍ എന്‍ഫോഴ്സ്മെന്റ് ജോലി നിര്‍ബന്ധമാക്കണമെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. മിനിസ്റ്റീരിയല്‍ ജോലിയില്‍നിന്ന് ഈ ഉദ്യോഗസ്ഥരെ ഒഴിവാക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് അമിക്കസ് ക്യൂറിയോട് ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

കൊല്ലം കോര്‍പ്പറേഷനില്‍ സൂപ്രണ്ടിംഗ് എന്‍ജിനീയറുടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്. ട്രഷറി ഉദ്യോഗസ്ഥരാണ് കൃത്രിമം കണ്ടെത്തിയത്. അമൃത് പദ്ധതിയില്‍ പൊതുമരാമത്ത് പണി ഏറ്റെടുത്ത കരാറുകാരന്‍ കോര്‍പ്പറേഷനില്‍ സെക്യൂരിറ്റി ഡെപ്പോസിറ്റായി കെട്ടിവച്ച പണം കാലാവധി കഴിയും മുന്‍പ് ഉദ്യോഗസ്ഥര്‍ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് കൈമാറി നല്‍കാന്‍ ശ്രമിച്ചതോടെയാണ് തട്ടിപ്പുവിവരം പുറത്തായത്.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

തിരുവനന്തപുരം നഗരത്തിലെ തിരക്കേറിയ എം.ജി റോഡില്‍ സ്വകാര്യ ഹോട്ടലിനു പാര്‍ക്കിംഗ് അനുവദിച്ച് കോര്‍പറേഷന്‍ മേയര്‍. പൊതുമരാമത്തു വകുപ്പിന്റെ റോഡാണ് അയ്യായിരം രൂപ മാസ വാടക ഈടാക്കി കോര്‍പറേഷന്‍ അനധികൃതമായി പാര്‍ക്കിംഗിനു നല്‍കിയത്. ആയുര്‍വേദ കോളജിന് എതിര്‍വശത്ത് ദേവസ്വം ബില്‍ഡിംഗില്‍ തുടങ്ങിയ ഹോട്ടലിനാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍ പാര്‍ക്കിംഗിനു സ്ഥലം അനുവദിച്ച് കരാറില്‍ ഒപ്പിട്ടത്.

പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറില്‍ കണ്ടെത്തിയത് കത്രികയല്ല, മോസ്‌ക്വിറ്റോ ആര്‍ട്ടറി ഫോര്‍സെപ്സ് എന്ന ഉപകരണമാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി പ്രിന്‍സിപ്പല്‍ ഇ.വി ഗോപി. യുവതിക്കു മറ്റു രണ്ട് ആശുപത്രികളില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. മെഡിക്കല്‍ കോളജില്‍നിന്നാണ് പിഴവ് സംഭവിച്ചതെന്ന് തീര്‍ത്തു പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മുപ്പതുകാരിയായ കോഴിക്കോട് അടിവാരം സ്വദേശി ഹര്‍ഷിനയുടെ വയറില്‍ ഉപകരണം മറന്നുവച്ച സംഭവം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയിയെ നിയോഗിച്ചിട്ടുണ്ട്.

വീട്ടമ്മയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവത്തില്‍ കുറ്റക്കാരായ ഡോക്ടര്‍മാര്‍ അടക്കമുള്ളവരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കി യുവതിക്കു നല്‍കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ പി സതീദേവി. കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെ വിളിച്ച് കാര്യങ്ങള്‍ തിരക്കി. ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെടും. അവര്‍ പറഞ്ഞു.

കൊടൈക്കനാലിലേക്കു വിനോദയാത്രക്കു പുറപ്പെട്ട ടൂറിസ്റ്റു ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. എറണാകുളം എടത്തല എംഇഎസ് ബിഎഡ് കോളജില്‍നിന്ന് യാത്ര പുറപ്പെട്ട ‘എക്സ്പോഡ്’ എന്ന ബസാണ് ആലുവയില്‍ പിടിയിലായത്. വിദ്യാര്‍ത്ഥികളെ ബസില്‍നിന്ന് ഇറക്കിവിട്ടു. ബോഡിയുടെ നിറംമാറ്റി, നിയമവിരുദ്ധമായി ലൈറ്റുകള്‍, ഉയര്‍ന്ന ശബ്ദസംവിധാനം എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് ബസ് കസ്റ്റഡിയിലെടുത്തത്.

ഇളയ മകളുടെ വിവാഹത്തിനായി അമ്മ വീട്ടില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ മൂത്തമകളെയും മരുമകനേയും അറസ്റ്റു ചെയ്തു. തിരുവനന്തപുരം കരമന കുന്നിന്‍പുറം ഭാഗത്ത് കിരണ്‍ രാജ് (26), ഭാര്യ ഐശ്വര്യ (22) എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഐശ്വര്യയുടെ കുടുംബവീടായ ഏറ്റുമാനൂര്‍ പേരൂരില്‍ ഓണാവധിക്ക് പോയപ്പോഴായിരുന്നു ആഭരണങ്ങള്‍ അപഹരിച്ചത്.

ചാലക്കുടി ദേശീയ പാതയില്‍ 185 കുപ്പി മാഹി മദ്യവുമായി രണ്ടു പേര്‍ പിടിയില്‍. വടകര സ്വദേശി രാജേഷും മാഹി സ്വദേശി അരുണുമാണ് പിടിയിലായത്. അരുണ്‍ ടാറ്റൂ ആര്‍ട്ടിസ്റ്റാണ്. രാജേഷിനെ മൂന്നു മാസം മുമ്പ് മദ്യക്കടത്തിന് പൊലീസ് പിടികൂടിയിരുന്നു. എറണാകുളം ഭാഗത്തേക്ക് കാറില്‍ മദ്യം കടത്തുന്നതിനിടെയാണ് പിടികൂടിയത്.

കോഴിക്കോട്ടെ അത്തോളിയില്‍ നബിദിന റാലിക്കു മധുരം നല്‍കി ക്ഷേത്രകമ്മിറ്റി. കൊങ്ങന്നൂര്‍ ബദര്‍ ജുമാ മസ്ജിദിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ നബിദിന റാലിക്കാണ് ശ്രീ എടത്തുപറമ്പത്ത് കോട്ടയില്‍ ഭഗവതി ക്ഷേത്ര ഭാരവാഹികള്‍ പായസം വിതരണം ചെയ്തത്. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കെ കെ ദയാനന്ദന്‍, ബദര്‍ ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദലി ബാക്കവിയ്ക്ക് മധുരം നല്‍കി ഉദ്ഘാടനം ചെയ്തു.

ആലപ്പുഴ ചെട്ടികുളങ്ങരയില്‍ ഇന്നലെ രാത്രിയുണ്ടായ ഡിവൈഎഫ്ഐ- ആര്‍എസ്എസ് സംഘര്‍ഷത്തില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. ഡിവൈഎഫ്ഐ ചെട്ടികുളങ്ങര മേഖലാ സെക്രട്ടറി ഗോകുല്‍ കൃഷ്ണനെ ആക്രമിച്ചതിന് തുഷാര്‍ ,അഖില്‍, വിഷ്ണു എന്നിവരെയാണ് പിടികൂടിയത്.

കൊച്ചി കോര്‍പറേഷന്‍ മേയറും സിപിഎം നേതാവുമായ അഡ്വ എം അനില്‍കുമാറിന്റെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തു. മേയര്‍ കൊച്ചി സിറ്റി പൊലീസ് സൈബര്‍ സെല്ലില്‍ പരാതി നല്‍കി.

കായംകുളം താലൂക്ക് ആശുപത്രിയിലെ താത്കാലിക ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ആശുപത്രിയിലെ ഈവനിംഗ് ഓ പിയിലെ ചിറക്കടവം സ്വദേശി ഡോ. ശ്രീരാജാണ് ആത്മഹത്യ ചെയ്തത്. അമ്മ ഈയിടെ മരിച്ചതിന്റെ വിഷാദത്തിലായിരുന്നു ശ്രീരാജ്.

മലേഷ്യയില്‍നിന്ന് കടലാമകള്‍, ആമകള്‍, പെരുമ്പാമ്പ്, പല്ലികള്‍ എന്നിവയുള്‍പ്പെടെ 665 ജീവികളെ കള്ളക്കടത്ത് നടത്തിയ രണ്ടു പേരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു. കടത്തിയതില്‍ 120 ജീവികള്‍ ചത്തു. പിടിച്ചെടുത്ത ജീവികള്‍ക്ക് 2.98 കോടി രൂപ മൂല്യമുണ്ടെന്നാണ് അധികൃതരുടെ അവകാശവാദം. ധാരാവി സ്വദേശി ഇമ്മന്‍വേല്‍ രാജ, മസ്ഗാവ് സ്വദേശി വിക്ടര്‍ ലോബോ എന്നിവരാണ് അറസ്റ്റിലായത്.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഭയക്കാതെ വോട്ട് ചെയ്യണമെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. രഹസ്യ ബാലറ്റായതിനാല്‍ ആര്‍ ആര്‍ക്കു വോട്ടു ചെയ്തെന്ന് കണ്ടെത്താനാവില്ലെന്നും തരൂര്‍ പറഞ്ഞു. മുംബൈയില്‍ എത്തിയ ശശി തരൂരിനെ കാണാന്‍ മുതിര്‍ന്ന നേതാക്കള്‍ എത്തിയില്ല. പല നേതാക്കളുമായി ഫോണില്‍ സംസാരിച്ചെന്നു തരൂര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുംബൈയില്‍ പ്രചരണത്തിനെത്തിയപ്പോള്‍ പിസിസി ഒന്നടങ്കം സ്വീകരിക്കാന്‍ എത്തിയിരുന്നു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പെരുമഴ, വെള്ളപ്പൊക്കം. ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് ശക്തമായ മഴ. രണ്ടു ദിവസം മഴ തുടരുമെന്നാണു പ്രവചനം.

ഉത്തര്‍പ്രദേശിലെ റോഡുകള്‍ 2024 നു മുമ്പ് അമേരിക്കയിലെ റോഡുകളേക്കാള്‍ മികച്ചതാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ഉത്തര്‍പ്രദേശിനായി 8,000 കോടി രൂപയുടെ റോഡ് പദ്ധതികളും മന്ത്രി പ്രഖ്യാപിച്ചു. ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ 81-ാം സമ്മേളനത്തില്‍ സംസാരിക്കവെയാണ് നിതിന്‍ ഗഡ്കരി വമ്പന്‍ പാക്കേജ് പ്രഖ്യാപിച്ചത്.

തെരുവു നായ്ക്കള്‍ക്കുള്ള ബഹുമാനം പോലും മുസ്ലീങ്ങള്‍ക്കില്ലെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. ബിജെപി സര്‍ക്കാര്‍ ഭരിക്കുന്നിടത്തെല്ലാം മുസ്ലീങ്ങള്‍ തുറന്ന ജയിലില്‍ കഴിയുന്നതുപോലെയാണ്. ഇതാണോ നമ്മുടെ ബഹുമാനം? ഒരു മുസ്ലിമിന് സമൂഹത്തില്‍ ബഹുമാനമില്ലേ? ഇതാണോ രാജ്യത്തിന്റെ ഭരണഘടനയും മതേതരത്വവും നിയമവാഴ്ചയുമെന്നും അദ്ദേഹം ചോദിച്ചു.

ലക്‌നോവില്‍ മൂന്നു മാസം മുമ്പു ബലാത്സംഗം ചെയ്യപ്പെട്ട് ഗര്‍ഭിണിയായ പെണ്‍കുട്ടിയെ തീകൊളുത്തികൊന്നു. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയില്‍ കുരവലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കൊലപാതകത്തില്‍ പ്രതിയുടെ അമ്മയുള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ കേസെടുത്തു.

ഡല്‍ഹിയില്‍ മാലിന്യ കൂമ്പാരത്തില്‍ നിന്ന് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയ ഉടന്‍ തന്നെ വസന്ത് കുഞ്ചിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. കുഞ്ഞ് ഇപ്പോള്‍ സുഖം പ്രാപിച്ചുവരുന്നു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിന മത്സരം ഇന്ന് റാഞ്ചിയില്‍. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുത്തു. ബൗളിങ് ഓള്‍റൗണ്ടര്‍ ഷഹബാസ് അഹമ്മദ് ഇന്ത്യക്കായി ഇന്നത്തെ മത്സരത്തില്‍ അരങ്ങേറ്റം കുറിച്ചു.

ഇന്ത്യയുടെ വിദേശ നാണയശേഖരം സെപ്തംബര്‍ 30ന് അവസാനിച്ചവാരം 485.4 കോടി ഡോളര്‍ ഇടിഞ്ഞ് 53,266.4 കോടി ഡോളറിലെത്തി. 2020 ജൂലായ് 24ന് ശേഷമുള്ള ഏറ്റവും താഴ്ചയാണിത്. കഴിഞ്ഞ സെപ്തംബര്‍ 23ന് അവസാനിച്ച ആഴ്ചയില്‍ ശേഖരം 813.4 കോടി ഡോളര്‍ ഇടിഞ്ഞിരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ചയുടെ ആക്കംകുറയ്ക്കാന്‍ ശേഖരത്തില്‍ നിന്ന് റിസര്‍വ് ബാങ്ക് വന്‍തോതില്‍ ഡോളര്‍ വിറ്റഴിക്കുന്നതാണ് ശേഖരം കുത്തനെ കുറയാന്‍ മുഖ്യകാരണം. 2021 സെപ്തംബറിലെ 64,245.3 കോടി ഡോളറാണ് ഇന്ത്യയുടെ വിദേശ നാണയശേഖരത്തിന്റെ എക്കാലത്തെയും ഉയരം. സെപ്തംബര്‍ 30ന് സമാപിച്ച ആഴ്ചയില്‍ വിദേശ നാണയ ആസ്തി 440.6 കോടി ഡോളര്‍ താഴ്ന്ന് 47,280.7 കോടി ഡോളറായി. കരുതല്‍ സ്വര്‍ണശേഖരം 28.1 കോടി ഡോളര്‍ ഇടിഞ്ഞ് 3,760.5 കോടി ഡോളറിലെത്തി.

പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക് 2 കോടി രൂപയില്‍ താഴെയുള്ള റീട്ടെയില്‍ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി. പുതുക്കിയ നിരക്കുകള്‍ ഒക്ടോബര്‍ 7 മുതല്‍ പ്രാബല്യത്തില്‍ വന്നു. പണപ്പെരുപ്പം തടയാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് കുത്തനെ ഉയര്‍ത്തിയതിന് പിന്നാലെ രാജ്യത്തെ പൊതുമേഖലാ സ്വകാര്യ ബാങ്കുകള്‍ നിക്ഷേപ വായ്പാ പലിശ നിരക്കുകള്‍ ഉയര്‍ത്തി തുടങ്ങിയിരുന്നു. നിലവില്‍ 7 ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് സാധാരണ പൗരന്മാര്‍ക്ക് കാനറാ ബാങ്ക് 3.25 ശതമാനം മുതല്‍ 7.00 ശതമാനം വരെ പലിശ നല്‍കുന്നുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.25 ശതമാനം മുതല്‍ 7.50 ശതമാനം വരെയും പലിശ നല്‍കുന്നു.

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്ററിന്റെ ട്രെയ്ലര്‍ പുറത്തെത്തി. ലക്കി സിംഗ് എന്ന പേരില്‍ വേറിട്ട ഗെറ്റപ്പിലാണ് മോഹന്‍ലാലിന്റെ കഥാപാത്രം എത്തുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്റെ ട്രെയ്ലര്‍ നിഗൂഢത ഉണര്‍ത്തുന്ന ഒന്നാണ്. ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ്. മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകന്റെ രചയിതാവും സംവിധായകനും നായക നടനും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുണ്ട്. ഒന്നേമുക്കാല്‍ മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കോളിവുഡ് ഏറെക്കാലമായി കാത്തിരിക്കുന്ന റിലീസ് ആയിരുന്നു മണി രത്നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ 1. തമിഴ് ജനത തലമുറകളായി ഹൃദയത്തിലേറ്റിയ, അവരുടെ സംസ്‌കാരത്തില്‍ ആഴത്തില്‍ വേരുകളുള്ള ഒരു ബൃഹദ് നോവലിന്റെ ചലച്ചിത്ര രൂപം, അണിനിരക്കുന്ന വന്‍ താരനിര തുടങ്ങി നിരവധി ഘടകങ്ങള്‍ ഒത്തുചേര്‍ന്ന അപൂര്‍വ്വ പ്രോജക്റ്റ് ആണ് ഇത്. ചിത്രത്തിന്മേലുള്ള പ്രേക്ഷക പ്രതീക്ഷകള്‍ സാധൂകരിക്കപ്പെട്ടതോടെ തമിഴ് സിനിമാ ചരിത്രത്തിലെ വലിയ വിജയങ്ങളില്‍ ഒന്നിലേക്ക് നീങ്ങുകയാണ് ചിത്രം. ആഗോള ബോക്സ് ഓഫീസില്‍ 300 കോടിയില്‍ ഏറെ ഗ്രോസ് നേടിയ ചിത്രം ഒരു റെക്കോര്‍ഡ് കൂടി നേടിയിരിക്കുകയാണ് ഇപ്പോള്‍. തമിഴ്നാട് കളക്ഷനിലാണ് അത്. ആദ്യ വാരം തമിഴ്നാട്ടില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ തമിഴ് ചിത്രം ആയിരിക്കുകയാണ് പിഎസ് 1. സെപ്റ്റംബര്‍ 30 ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ ഏഴ് ദിനങ്ങളില്‍ തമിഴ്നാട്ടില്‍ നിന്നുമാത്രം നേടിയത് 128 കോടിയാണ്. രണ്ടാം സ്ഥാനത്തുള്ള വിജയ് ചിത്രം സര്‍ക്കാരിന്റെ തമിഴ്നാട് ബോക്സ് ഓഫീസിലെ ആദ്യ വാര നേട്ടം 102 കോടിയാണ്.

ഇലക്ട്രിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ ഒല ഇലക്ട്രിക്ക് അതിന്റെ എസ്1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് പ്രഖ്യാപിച്ചിരുന്ന ഉത്സവ സീസണിലെ ഓഫര്‍ കൂടുതല്‍ നീട്ടിയതായി റിപ്പോര്‍ട്ട്. മുമ്പ്, ഓഫര്‍ 2022 ഒക്ടോബര്‍ അഞ്ച് വരെ സാധുതയുള്ളതായിരുന്നു എങ്കില്‍ ഇപ്പോള്‍ ഈ കിഴിവ് ഉത്സവ സീസണിന്റെ അവസാനം വരെ സാധുത ഉള്ളതായിരിക്കും എന്ന് കമ്പനി പ്രഖ്യാപിച്ചു. ഈ ഓഫറിന് കീഴില്‍, ഒല എസ്1 പ്രോ ഇലക്ട്രിക് സ്‌കൂട്ടര്‍ 10,000 രൂപ ഫ്ലാറ്റ് ഡിസ്‌കൗണ്ടില്‍ ലഭ്യമാണ്. അങ്ങനെ വില 1,39,999 രൂപയില്‍ നിന്ന് 1,29,999 രൂപയായി (ദില്ലി എക്സ്-ഷോറൂം) കുറച്ചു.

പൗരത്വ ഭേദഗതി നിയമം നടപ്പിലാകുമ്പോള്‍ ഇന്ത്യന്‍ സമൂഹത്തില്‍ തീവ്രമായേക്കാവുന്ന വെറുപ്പിന്റെയും അന്യവല്‍ക്കരണത്തിന്റെയും അഭയാര്‍ത്ഥിത്വത്തിന്റെയും ഭാവിയിലേക്ക് സ്വതന്ത്രമായൊരു ഭാവനാസഞ്ചാരം. ‘സര്‍ക്കാര്‍’. കിംഗ് ജോണ്‍സ്. ഡിസി ബുക്സ്. വില 237 രൂപ.

ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പ്രമേഹമുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഒരുപാടുണ്ട്. പ്രമേഹം നിയന്ത്രിക്കുന്നതില്‍ എന്ത് കഴിക്കുന്നു എന്നതും വളരെ പ്രാധാന്യമുള്ളതാണ്. അന്നജം കുറഞ്ഞ എന്നാല്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് പ്രമേഹരോഗികള്‍ കഴിക്കേണ്ടത്. ഒപ്പം ഗ്ലൈസെമിക് ഇന്‍ഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കാനും ശ്രദ്ധിക്കണം. പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന 10 ഭക്ഷണങ്ങള്‍ അറിയാം. ഉള്ളിയിലുള്ള ‘അലിയം സെപ’ എന്ന ഘടകം രക്തത്തിലെ ഉയര്‍ന്ന അളവിലുള്ള ഗ്ലൂക്കോസ് കുറയ്ക്കുന്നതിന് സഹായകമാകും. അതുകൊണ്ടുതന്നെ ഉള്ള പ്രമേഹരോഗികള്‍ക്ക് പേടിയില്ലാതെ കഴിക്കാം. ചീരയാണ് രണ്ടാമത്തേത്. ധാരാളം പോഷകഗുണങ്ങളുള്ള ഈ ഇലക്കറിയില്‍ വിറ്റാമിന്‍ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതിനുപുറമേ ധാരാളം അയണ്‍, ആന്റിഓക്സിഡന്റുകള്‍, നാരുകള്‍ എന്നിവയാല്‍ സംപുഷ്ടമാണ് ചീര. തക്കാളിയും പ്രമേഹരോഗികള്‍ക്ക് നല്ലതാണ്. തക്കാളിയുടെ ഗ്ലൈസെമിക് ഇന്‍ഡക്സ് 30 ആണ്. ഹൃദയത്തിന്റെ ആരോഗ്യത്തിനും തക്കാളി നല്ലതാണ്. സ്ട്രോബറി, ബ്ലൂബെറി, ബ്ലാക്ക്ബെറി തുടങ്ങിയ പഴങ്ങളാണ് പ്രമേഹ രോഗികള്‍ക്ക് നല്ലത്. ഇവയുടെ ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. കൂടാതെ ഫൈബറും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുമുണ്ട്. കിവിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി, പൊട്ടാസ്യം, നാരുകള്‍ ഇവയടങ്ങിയ കിവി, പ്രമേഹരോഗികള്‍ക്ക് ഏറ്റവും മികച്ച പഴങ്ങളിലൊന്നാണ്. പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയതാണ് നട്ട്സ്. കറുവാപ്പട്ട ആണ് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന മറ്റൊന്ന്. പാവയ്ക്കയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയരാതെ നിലനിര്‍ത്തും. പാവയ്ക്ക ജ്യൂസായി കുടിക്കുന്നതും നല്ലതാണ്. ബ്രൊക്കോളിയാണ് മറ്റൊന്ന്. കാര്‍ബോഹൈട്രേറ്റ് കുറഞ്ഞ ബ്രൊക്കോളി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും. തൈരില്‍ അടങ്ങിയിട്ടുള്ള പ്രൊബയോട്ടിക് ഗുണങ്ങള്‍ പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *