സംസ്ഥാന സ്കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങിലെ ദ്വയാർത്ഥ പ്രയോഗവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനൽ കൺസൾട്ടിംഗ് എഡിറ്റർ അരുൺകുമാറിനെ ഒന്നാം പ്രതി ചേർത്ത് കൊണ്ട് തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് പോക്സോ കേസ് എടുത്തു. തിരുവനന്തപുരം ജില്ലാ ശിശു ക്ഷേമ സമിതി ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. റിപ്പോർട്ടർ ഷഹബാസ് ആണ് രണ്ടാം പ്രതി. കണ്ടാൽ അറിയാവുന്ന ഒരാളെ മൂന്നാം പ്രതിയായും ചേര്‍ത്തിട്ടുണ്ട്. നേരത്തെ, സംസ്ഥാന സ്കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. സംസ്ഥാന സ്കൂൾ കലോത്സവുമായി ബന്ധപ്പെട്ട വാർത്താവതരണത്തിൽ ഡോ. അരുൺകുമാർ സഭ്യമല്ലാത്ത ഭാഷയിൽ ദ്വയാർത്ഥ പ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ടാണ് സ്വമേധയാ കേസെടുത്തതെന്ന് ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ അറിയിച്ചു.