ടാക്സി, ആംബുലന്‍സ് ഡ്രൈവിങ് ജോലികള്‍ ചെയ്യുന്നവര്‍ അല്‍ഷിമേഴ്സ് രോഗം ബാധിച്ച് മരണപ്പെടാനുള്ള സാധ്യത കുറവാണെന്ന് പഠനം. നാവിഗേഷനുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നത് ഇക്കൂട്ടരില്‍ അല്‍ഷിമേഴ്സ് രോഗ സാധ്യത കുറയ്ക്കുന്നതെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു. ഇത്തരം ജോലികള്‍ ചെയ്യുമ്പോള്‍ തലച്ചോറിലെ ഹിപ്പോകാംപസ് എന്ന ഭാഗത്തെ കൂടുതല്‍ പ്രവര്‍ത്തനക്ഷമാക്കുന്നു. അല്‍ഷിമേഴ്സ് ആദ്യഘട്ടത്തില്‍ പ്രധാനമായും ബാധിക്കുന്നതും ഈ ഭാഗത്തേയാണ്. 2020 മുതല്‍ 2022 വരെയുള്ള കാലയളവില്‍ മരണപ്പെട്ട 90 ലക്ഷം പേരുടെ വിവരങ്ങളാണ് പഠനത്തിന് വിധേയമാക്കിയത്. ഏകദേശം 443 ജോലികള്‍ ചെയ്തിരുന്നവര്‍ ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ഇതില്‍ 3.88% പേരുടെ മരണം അല്‍ഷൈമേഴ്സ് രോഗം ബാധിച്ചാണ്. അതായത് ഏകദേശം 3,48000 പേര്. ടാക്സി ഡ്രൈവര്‍മാരില്‍ 1.03% പേരും ആംബുലന്‍സ് ഡ്രൈവര്‍മാരില്‍ 0.74% പേരുമാണ് അല്‍ഷൈമേഴ്സ് രോഗം ബാധിച്ച് മരണപ്പെട്ടതെന്ന് പഠനത്തില്‍ കണ്ടെത്തി. എന്നാല്‍ ഒരേ റൂട്ടുകളിലൂടെ ദിവസേന യാത്ര ചെയ്യുന്ന ബസ് ഡ്രൈവിങ്, പൈലറ്റിങ് ജോലികളില്‍ ഏര്‍പ്പെടുന്നവരില്‍ സമാനമായ സാധ്യത കാണുന്നില്ല. ദിവസേന സ്പേഷ്യല്‍, നാവിഗേഷന്‍ സ്കില്ലുകള്‍ പ്രയോജനപ്പെടുത്തുന്ന ജോലികളില്‍ ഏര്‍പ്പെടുന്നത് അല്‍ഷിമേഴ്സ് സാധ്യത കുറക്കുമെന്ന് പഠനത്തിന് നേതൃത്വം കൊടുത്ത ഡോ.വിശാല്‍ പട്ടേല്‍ പറയുന്നു. ഇത്തരം ജോലികള്‍ അല്‍ഷിമേഴ്സ് തടയുന്നുവെന്ന് പഠനം സ്ഥിരീകരിക്കുന്നില്ല. ദിവസേന മെന്റല്‍ ആക്ടിവിറ്റികള്‍ ചെയ്യുന്നത് തലച്ചോറിന്റെ ആരോഗ്യത്തെ ബാധിച്ചേക്കാമെന്ന് മാത്രമാണ് പറയുന്നത്.