മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ കേന്ദ്രം സഹായം നിഷേധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ഗവൺമെൻ്റ് ഒരു പകപോക്കൽ നിലപാടാണ് കേരളത്തോട് കാണിക്കുന്നതെന്നും ഒരു സംസ്ഥാനത്തോടും ചെയ്യാൻ പാടില്ലാത്ത കാര്യമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളവും രാജ്യത്തിന്റെ ഭാഗമാണ് നീതി നിഷേധിക്കാൻ പാടില്ലെന്നും കേന്ദ്രത്തിനെതിരെ നമ്മുടെ നാട്ടിൽ കടുത്ത പ്രതിഷേധം ഉയർന്ന് വരണമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി വയനാട്ടിൽ സന്ദർശനത്തിന് വന്നതിന്‍റെ കാശു കൂടി കേരളം കൊടുക്കേണ്ടി വരുമോയെന്ന് മന്ത്രി പി രാജീവ്. കേന്ദ്രം സഹായിച്ചാലും ഇല്ലെങ്കിലും വയനാട്ടിലെ പുനരധിവാസവുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമെന്നും ടൗൺഷിപ്പ് നിർമ്മാണം എന്നതിൽ നിന്ന് പിന്നോട്ടില്ല രണ്ട് എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഉള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ അവഗണന തുടരുകയാണെന്ന് മന്ത്രി വി എൻ വാസവൻ. വിഴിഞ്ഞം പദ്ധതിക്ക് ഇതുവരെ സർക്കാർ സഹായം കിട്ടിയിട്ടില്ലെന്നും അർഹത ഉള്ളത് ഒന്നും കേന്ദ്രം തരാത്തതാണ് നിലവിലെ സാഹചര്യമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം സ്വകാര്യ സംരഭം അല്ല സംസ്ഥാന സർക്കാരുമായി ചേർന്നുള്ള പദ്ധതിയാണെന്നും കസ്റ്റംസ് ഡ്യൂട്ടി അടക്കം എത്തുന്നത് കേന്ദ്രത്തിലേക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെക് 7 വ്യായാമ പരിശീലനത്തിനെത്തുന്നത് തീവ്രവാദികളാണെന്ന ആരോപണം പിൻവലിച്ച് സിപിഎം നേതാവ് പി മോഹനൻ. അപൂർവം ചിലയിടങ്ങളിൽ അത്തരക്കാർ നുഴഞ്ഞു കയറുന്നുവെന്നാണ് താൻ പറഞ്ഞതെന്ന് പി മോഹനൻ ഇന്ന് പറഞ്ഞു. ഏതാനും ദിവസങ്ങൾക്കു മുമ്പ് മെക് സെവൻ എന്ന വ്യായാമ പരിശീലന പരിപാടിക്കെതിരെ പി മോഹനൻ നടത്തിയ പ്രസ്താവനയിലാണ് തീവ്രവാദികളാണ് അതിൽ പങ്കാളികളാവുന്നത് എന്ന് ആക്ഷേപിച്ചത്.
മെക് 7 രാജ്യ വ്യാപകമായി നടപ്പാക്കേണ്ട പദ്ധതിയാണെന്ന് പാലക്കാട് എംപി വികെ ശ്രീകണ്ഠൻ. വളരെ കുറച്ചു സമയം മാത്രമുള്ള നല്ല ഒരു വ്യായാമ പദ്ധതിയാണിതെന്നും ജാതിയും, മതവും രാഷ്ട്രീയവും ഒന്നും തനിക്കിതിൽ കാണാൻ കഴിഞ്ഞില്ലെന്നും എംപി പറഞ്ഞു. മെക് 7 പട്ടാമ്പി മേഖല തല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെക്7 വ്യായാമ കൂട്ടായ്മ വിവാദത്തിൽ പ്രതികരണവുമായി മുൻമന്ത്രി അഹമ്മദ് ദേവർകോവിൽ. വിഷയം വിവാദം ആക്കേണ്ടതില്ലെന്നും വ്യായാമത്തിൽ മതവും രാഷ്ട്രീയവും ചേർക്കേണ്ടതില്ലെന്നും പറഞ്ഞ മുൻമന്ത്രി എല്ലാ മതക്കാരും രാഷ്ട്രീയക്കാരും ഈ കൂട്ടായ്മയിൽ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി. ആരെങ്കിലും നുഴഞ്ഞു കയറുമോ എന്ന് ശ്രദ്ധിക്കണം എന്നാണ് പി മോഹനൻ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്തനംതിട്ട കൂടൽ മുറിഞ്ഞകല്ലിൽ ശബരിമല തീർത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവത്തിൽ കാർ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നും അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിച്ചതാണ് അപകടകാരണമെന്നും എഫ്ഐആർ. മല്ലശ്ശേരി സ്വദേശികളായ നിഖിൽ, അനു, ബിജു പി ജോർജ്, മത്തായി ഈപ്പൻ എന്നിവരാണ് മരിച്ചത്. നിഖിലിന്റെ സഹോദരി വിദേശത്ത് നിന്ന് എത്തിയതിന് ശേഷമായിരിക്കും സംസ്കാരം നടക്കുക.
സംസ്ഥാനത്ത് റോഡപകടങ്ങള്‍ ആവര്‍ത്തിക്കുകയും ജീവൻ പൊലിയുന്നവരുട എണ്ണം കൂടിവരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഉന്നത തല യോഗം വിളിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. ചൊവ്വാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരത്താണ് ഉന്നത തല യോഗം നടക്കുക. മോട്ടോര്‍ വാഹന വകുപ്പ്, പൊലീസ് എന്നീ വകുപ്പുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തിൽ പങ്കെടുക്കും. ദേശീയ പാത അതോറിറ്റി, കെഎസ്ഇബി, പിഡബ്ല്യുഡി, റോഡ് സേഫ്റ്റ് വിഭാഗം എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.
വയനാട് ദുരന്തത്തിൽ ഹെലികോപ്റ്റര്‍ സേവനത്തിന് പണം ആവശ്യപ്പെട്ടത് സാധാരണ നടപടി മാത്രമാണെന്ന് മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. എല്ലാ സംസ്ഥാനങ്ങളോടും തുക ആവശ്യപ്പെടാറുണ്ടെന്നും പിണറായി വിജയൻ സർക്കാർ ഇത് വിവാദമാക്കുന്നതെന്തിനാണെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. എഐക്യാമറയും, ബ്രഹ്മപുരവും പോലുള്ള അഴിമതി കരാറുകൾക്കായി കോടികൾ ചിലവഴിക്കുന്ന സർക്കാർ വയനാടിലെ ജനങ്ങൾക്കായി ഒന്നും നൽകാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
ശബരിമല തീര്‍ഥാടകര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി പത്തനംതിട്ട ജില്ലാ ഭരണകൂടം സജ്ജമാക്കിയ എ.ഐ ചാറ്റ് ബോട്ട് ഇതുവരെ 1,25,0551 പേർ ഉപയോഗിച്ചതായി അധികൃതർ. ഇതുവരെ മൂവായിരത്തോളം അത്യാഹിത കേസുകളിലും എ.ഐ ചാറ്റ് ബോട്ടിലൂടെ ഇടപെടല്‍ നടത്തി. ദിനംപ്രതി പതിനായിരത്തോളം പേരാണ് വാട്ട്‌സാആപ് അധിഷ്ഠിതമായ സ്വാമി ചാറ്റ് ബോട്ട് ഉപയോഗിക്കുന്നത്.
ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വൻ വർധന. കഴിഞ്ഞ വർഷത്തേക്കാൾ നാലര ലക്ഷത്തിലധികം ഭക്തർ ഇക്കുറി ദർശനത്തിനെത്തി. 22. 7 കോടി രൂപയാണ് ഇത്തവണ അധിക വരുമാനമായി ലഭിച്ചത്. നട തുറന്ന് 29 ദിവസത്തെ കണക്കാണ് ദേവസ്വം ബോർഡ് പുറത്തുവിട്ടത്.
പത്തനംതിട്ട അപകടം വളരെ ദുഖകരമായ സംഭവമെന്നും ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനമെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ശബരിമല സീസൺ ആയതിനാൽ ആയിരക്കണക്കിന് വണ്ടികളാണ് റോഡുകളിലൂടെ പോകുന്നതെന്നും ഉറങ്ങിയ ശേഷം വണ്ടി ഓടിക്കുന്ന സംസ്കാരം ഉണ്ടാക്കണമെന്നും പത്തനംതിട്ടയിലെ സംഭവത്തിൽ വീട് വളരെ അടുത്തായതിനാൽ വീട്ടിലെത്തി ഉറങ്ങാമെന്ന് അദ്ദേഹം കരുതിക്കാണുമെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ടയിലുണ്ടായ വാഹനാപകടത്തിൽ നാല് പേർ കൊല്ലപ്പെട്ട സംഭവത്തിൽ സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ് വേദനയെന്ന് കെ യു ജനീഷ് കുമാർ എംഎൽഎ. രണ്ടാഴ്ച മുമ്പ് നടന്ന നിഖിലിൻ്റെയും അനുവിൻ്റെയും വിവാഹത്തിൽ താനും പങ്കെടുത്തിരുന്നുവെന്നും അപകട കാരണം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. റോഡ് നല്ല നിലയിൽ കിടക്കുന്നത് കൊണ്ടുതന്നെ വാഹനങ്ങൾ അമിത വേഗതയെടുക്കാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നുന്നതെന്നും എംഎൽഎ പറഞ്ഞു.
കണ്ണൂർ സർവകലാശാല യൂണിയന്റെ നേതൃത്വത്തിൽ നടന്ന സാഹിത്യോത്സവത്തിൽ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്തയെ മുഖ്യാതിഥി ആക്കിയതിൽ വിശദീകരണം തേടി വൈസ് ചാൻസലർ. ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി സിനിമാ താരം എത്തുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ ബുധനാഴ്ചയാണ് മാറ്റം വന്നത് വിസി അറിഞ്ഞത്. ഇതോടെ വിസി പരിപാടിയിൽ നിന്ന് വിട്ടു നിന്നു. പ്രബീർ പുരകായസ്ത എങ്ങനെ അവസാന നിമിഷം അതിഥിയായെന്നതിൽ വിദ്യാർത്ഥി ക്ഷേമകാര്യ ഡയറക്ടറോട് വിശദീകരണം തേടിയിട്ടുണ്ട്.
ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയിൽ പ്രത്യേക അന്വേഷണ സംഘം സംഭവം അന്വേഷിക്കണമെന്നും പരീക്ഷ റദ്ദാക്കണമെന്നും ഇല്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്നും കെഎസ്‍യു കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് വിടി സൂരജ്. എം എസ് സൊല്യൂഷൻ പോലെയുള്ള ട്യൂഷൻ സെന്‍ററുകളുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നും ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന സർക്കാർ ജീവനക്കാരെ പുറത്താക്കി വിജിലൻസ് അന്വേഷണം നടത്തണമെന്നും കെ എസ് യു ആവശ്യപ്പെട്ടു.
ചോദ്യപേപ്പര്‍ ചോര്‍ച്ച ആരോപണത്തിന് പിന്നാലെ എം എസ് സൊല്യൂഷൻസ് യൂട്യൂബ് ചാനലിനെതിരെ മറ്റൊരു പരാതി. വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസിൽ അശ്ലീല പരാമർശങ്ങൾ ഉൾപ്പെട്ടതിനെതിരെയാണ് പരാതി. ക്ലാസുകളുടെ ഉള്ളടക്കം പരിശോധിച്ച് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് കൊടുവള്ളി മണ്ഡലം കമ്മിറ്റി പരാതി നൽകി.
ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർ ആരായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ധനാർത്തി പൂണ്ട ചില അധ്യാപകരും വിദ്യാഭ്യാസം വിൽക്കുന്ന ചില സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും സംഘം ചേർന്ന് നടത്തുന്ന ഇത്തരം ചോർത്തലുകൾ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായുള്ള സോളാർ പാനൽ ടെണ്ടറിൽ അഴിമതി ആരോപിച്ച് കോണ്‍ഗ്രസ്. കേന്ദ്രസർക്കാർ അംഗീകരിച്ച ബെഞ്ച് മാർക്ക് തുകയെക്കാൾ മുപ്പത് ശതമാനം കൂട്ടിയാണ് ടെണ്ടർ നൽകിയതെന്ന് എം.വിൻസൻറ് എംഎൽഎ ആരോപിച്ചു. എന്നാൽ ടെണ്ടർ നടപടികളെല്ലാം സുതാര്യമാണെന്നാണ് അനർട്ട് സിഇഒയുടെ വിശദീകരണം.
വൈദ്യുതി മോഷ്ടിച്ചു ജലസേചനം നടത്തിയ കക്കിടിപ്പുറം മൂർക്കത്തേതില്‍ സജീവൻ പിടിയിലായി. വയലില്‍ കൃഷിക്ക് വെള്ളം പമ്പ് ചെയ്യാൻ സമീപത്തു കൂടെ പോകുന്ന വൈദ്യുതി കമ്പിയില്‍നിന്ന് കമ്പി കൊളുത്തി വൈദ്യുതി എടുക്കുകയാണ് ഇയാള്‍ ചെയ്തിരുന്നത്. ഇത് ശ്രദ്ധയില്‍ പെട്ട നാട്ടുകാർ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
മലങ്കര സഭയുടെ പള്ളികളിലെ സെമിത്തേരികളില്‍ ശവസംസ്‌കാര നടപടികൾ നടത്തുന്നത് നിയമസഭാ പാസ്സാക്കിയ സെമിത്തേരി നിയമത്തിന്റെ അടിസ്ഥാനത്തിൽ ആണെന്ന് ഓർത്തഡോക്സ് സഭ പരമാധ്യക്ഷന്‍. പള്ളികൾക്കോ സെമിത്തേരികൾക്കോ പുറത്ത് വച്ച് ശവസംസ്‌കാര ശുശ്രൂഷ നടത്തുന്നവർക്ക് അവരുടെ താത്പര്യത്തിന് അനുസരിച്ചുള്ള വൈദികനെ കൊണ്ട് ശുശ്രൂഷ ചടങ്ങുകൾ നടത്താം എന്നും മലങ്കര ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ വ്യക്തമാക്കി.
വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം. വയനാട് ചേകാടി ചന്ത്രോത്ത് വനഭാഗത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ചേകാടി പൊളന്ന എലിഫന്റ് വാലി റിസോർട്ടിലെ നിർമ്മാണ തൊഴിലാളിയായ പാലക്കാട് സ്വദേശി സതീഷിനാണ് പരിക്കേറ്റത്. ഇയാളെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ലക്ഷദീപിൽ നിന്നുള്ള വിദ്യാര്‍ത്ഥിയെ എസ് എഫ് ഐ വിദ്യാര്‍ഥികളടങ്ങുന്ന ഏഴംഗ സംഘം കോളേജ് ഹോസറ്റലിലെ മുറിയിൽ കയറി ക്രൂരമായി മര്‍ദ്ദിച്ചു. എസ് എഫ് ഐ പ്രവര്‍ത്തകനും ഭിന്നശേഷിക്കാരനുമായ അനസ് എന്ന വിദ്യാര്‍ത്ഥിയെ കഴിഞ്ഞ ആഴ്ച എസ് എഫ് ഐ നേതാക്കള്‍ മര്‍ദ്ദിച്ചത് വലിയ വിവാദമായിരുന്നു.
ശബരിമലയില്‍ ദര്‍ശനം നടത്തി കോൺഗ്രസ് എംഎൽഎ ചാണ്ടി ഉമ്മന്‍. വ്രതമെടുത്ത് പമ്പയില്‍നിന്ന് കെട്ട് നിറച്ചാണ് ചാണ്ടി ഉമ്മന്‍ മലചവിട്ടിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ചാണ്ടി ഉമ്മന്‍ ശബരിമലയിലെത്തുന്നത്. കഴിഞ്ഞ തവണത്തേക്കാൾ എളുപ്പത്തിൽ മലകയറാനായെന്നും ആരെയും അറിയിക്കാതെ എത്തണമെന്നായിരുന്നു ആഗ്രഹമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് കേരളത്തിൽ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ചു. പതിനെട്ടാം തീയതി ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. 19ന് മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുടമസ്ഥനെ നായയെക്കൊണ്ട് കടിപ്പിച്ച ഗുണ്ട തിരുവനന്തപുരം കഠിനംകുളം സ്വദേശി സമീർ ഒളിവിൽ. ഇന്നലെ കഠിനംകുളം പടിഞ്ഞാറ്റ് മുക്കിലെ സക്കീറിന്‍റെ വീട് കയറിയായിരുന്നു ഗുണ്ട ആക്രമണം നടത്തിയത്. റോഡിൽ നായയുമായി പരാക്രമം കാട്ടിയെ ഗുണ്ടയെ നോക്കി സക്കീറിന്‍റെ കുട്ടികൾ ചിരിച്ചതാണ് പ്രകോപനത്തിന് കാരണം.
വടകര ചോറോട് ഒൻപത് വയസുകാരി ദൃഷാനയെ കോമയിലാക്കിയ വാഹനാപകടത്തിലെ പ്രതി ഷജീൽ ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ച് 30000 രൂപ തട്ടിയെടുത്തെന്ന് പുതിയ കേസ്. നേരത്തെയുള്ള കേസുകൾക്ക് പുറമേയാണിത്. അപകടത്തെ തുടർന്ന് കാറിന് സംഭവിച്ച കേടുപാടുകൾ തീർക്കുന്നതിനായിട്ടുള്ള ചെലവായ തുകയ്ക്ക് വേണ്ടിയാണ് ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ചത്. വിദേശത്തുള്ള പ്രതി മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്.
കോഴിക്കോട് ജില്ലയിലെ നാദാപുരം റോഡിൽ ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തീയും പുകയും. കണ്ണൂരിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസിന്‍റെ എഞ്ചിൻ ഭാഗത്ത് നിന്നാണ് പുക ഉയർന്നത്. ജീവനക്കാർ ഉടൻ ബസ് നിർത്തി യാത്രക്കാരെ ഇറക്കിയതിനാൽ വലിയ അപകടം ഒഴിവായി.
ഉത്തരേന്ത്യയിൽ ശീതകാലത്തിന് കാഠിന്യമേറുന്നു. 4.9 ഡിഗ്രി സെൽഷ്യസാണ് ഇന്ന് രാവിലെ ദില്ലിയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. വടക്കുപടിഞ്ഞാറൻ മേഖലയിൽ നിന്നുള്ള തണുത്ത കാറ്റാണ് താപനില കുറയാൻ കാരണം. തണുപ്പിനൊപ്പം ദില്ലിയിലെ വായുമലിനീകരണ തോതും ഉയർന്നിട്ടുണ്ട്. 257 പോയിന്‍റാണ് ഇന്ന് രാവിലെ വായുമലിനീകരണ സൂചികയിൽ രേഖപ്പെടുത്തിയത്.
ദില്ലിയിൽ ആം ആദ്മി പാര്‍ട്ടി നാലാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. പാര്‍ട്ടി കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ന്യൂദില്ലി മണ്ഡലത്തില്‍ മത്സരിക്കും. മുഖ്യമന്ത്രി അതിഷി മര്‍ലേന സിറ്റിങ് മണ്ഡലമായ കല്‍ക്കാജിയിലും വീണ്ടും ജനവിധി തേടും. നാലാം ഘട്ടത്തിൽ 38 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റാണ് പുറത്തിറക്കിയത്. മന്ത്രിമാരായ സൗരഭ് ഭരദ്വാജ് ഗ്രേറ്റര്‍ കൈലാഷ് മണ്ഡലത്തിലും ഗോപാല്‍ റായ് ബാബര്‍പൂര്‍ മണ്ഡലത്തിലും മത്സരിക്കും.
ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു പങ്കെടുത്ത വിരുന്നില്‍ കാട്ടുകോഴി കറിവെച്ച് വിളമ്പിയെന്ന് ആരോപിച്ച് ബിജെപി. കഴിഞ്ഞ വെള്ളിയാഴ്ച ഷിലയിൽ നടന്ന ഒരു വിരുന്നിനിടെയാണ് സംഭവം. മുഖ്യമന്ത്രിക്കും മറ്റുള്ളവർക്കും സംരക്ഷിത ഇനമായ കാട്ടുകോഴി ഇറച്ചി വിളമ്പാൻ നിർദ്ദേശിക്കുന്ന വീഡിയോ പ്രചരിച്ചതോടെയാണ് മൃഗസംരക്ഷണ സംഘടനയും ബിജെപിയും സുഖ്‌വീന്ദര്‍ സിങ് സുഖുവിനെതിരെ വിമർശനവുമായി രംഗത്ത് വന്നത്.
അലഹബാദ് ഹൈകോടതി ജഡ്ജി ശേഖർ കുമാർ യാദവിനോട് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീം കോടതി കൊളീജിയത്തിന് മുന്നിൽ നേരിട്ട് ഹാജരാകാൻ നിർദേശം. ഏകീകൃതസിവിൽ കോഡിന് അനൂകൂലമായി വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിൽ ജഡ്ജി നടത്തിയ പരാമർശങ്ങൾക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഏകീതൃത സിവിൽ കോഡ് ,ബഹുഭാര്യത്വം ഉൾപ്പെടെ വിഷയങ്ങളിലെ പ്രസ്താവനയാണ് വിവാദമായത്.
റിയാദിൽ ഒരു കേസ് അവസാനിപ്പിക്കാൻ 6,70,000 റിയാൽ കൈപ്പറ്റിയ ജഡ്ജിയെ അഴിമതി വിരുദ്ധ അതോറിറ്റി അറസ്റ്റ് ചെയ്തു. രാജ്യത്തെ ഒരു റീജനൽ കോടതിയിൽ ജോലി ചെയ്തിരുന്ന ജഡ്ജി കേസ് അവസാനിപ്പിക്കാനുള്ള കൈക്കൂലിയായി 10 ലക്ഷം റിയാലാണ് ആവശ്യപ്പെട്ടിരുന്നത്. ആദ്യ ഗഡുവായി 6,70,000 റിയാൽ കൈപ്പറ്റവേയാണ് പിടിയിലായത്. 1.9 കോടി റിയാലിന്‍റെ സാമ്പത്തിക അപഹരണം സംബന്ധിച്ച കേസ് അവസാനിപ്പിക്കാനുള്ള പ്രതിഫലമായിരുന്നു ഇത്.
ഖത്തര്‍ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ചുള്ള പരേഡ് റദ്ദാക്കിയെന്ന് ഖത്തര്‍ സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ദിനാഘോഷ സംഘാടക സമിതി അറിയിച്ചു. പരേഡ് റദ്ദാക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. ഡിസംബർ 18നാണ് ദേശീയ ദിനം. ദേശീയ ദിനത്തിന് ദോഹ കോർണിഷിലാണ് വിവിധ സേനാ വിഭാഗങ്ങളും പാരാട്രൂപ്പേഴ്സും ഉൾപ്പെടെ അണിനിരക്കുന്ന പരേഡ് അരങ്ങേറുന്നത്. താൽകാലിക സ്റ്റേജ് ഉൾപ്പെടെ ഒരുക്കങ്ങൾ ദോഹ കോർണിഷിൽ നേരത്തെ ആരംഭിച്ചിരുന്നു.
ഹിജാബ് ധരിക്കാതെ യൂട്യൂബിൽ വെർച്വൽ കച്ചേരി അവതരിപ്പിച്ചതിന് പിന്നാലെ 27 കാരിയായ ഇറാനിയൻ ഗായികയെ ഇറാനിയൻ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ഗായിക പരസ്തു അഹമ്മദിയയാണ് അറസ്റ്റിലായത്.
നിയുക്ത അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപ് നൽകിയ മാനനഷ്ടക്കേസിൽ നഷ്ടപരിഹാരം നൽകാൻ സമ്മതിച്ച് എബിസി ന്യൂസ്.15 മില്യൺ ഡോളര്‍ നഷ്ടപരിഹാരമായി നൽകാമെന്നാണ് എബിസി ന്യൂസ് സമ്മതിച്ചിരിച്ചിരിക്കുന്നത്. ട്രംപ് ബലാത്സംഗ കേസിൽ കുറ്റക്കാരനാണെന്ന് എബിസി ന്യൂസിന്റെ ആങ്കര്‍ തെറ്റായി പറഞ്ഞതിനെതിരെ ആയിരുന്നു മാനനഷ്ട പരാതി.
സിറിയയെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം തുടരുമ്പോൾ മുന്നറിയിപ്പുമായി സിറിയൻ വിമത നേതാവ് അബു മുഹമ്മദ് അൽ-ജുലാനി. സിറിയൻ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തിരിച്ചടിക്കുമെന്ന സൂചന നൽകിയത്. സിറിയയിൽ വ്യോമാക്രമണം നടത്താൻ ഇസ്രായേലിന് മുന്നിൽ ഇനി ഒഴിവുകഴിവുകളില്ലെന്നും ഐഡിഎഫ് ആക്രമണങ്ങൾ പരിധി കടന്നെന്നും അദ്ദേഹം പറഞ്ഞു.