ഒരു കുടുംബത്തിലെ പല തലമുറകളുടെ തുപ്പാക്കി ചരിതത്തിന്റെ കഥയുമായി എത്തുന്ന ‘റൈഫിള്‍ ക്ലബി’ലെ പുതിയ ഗാനം പുറത്ത്. റെക്‌സ് വിജയന്റെ ഈണത്തില്‍ ഇമ്പാച്ചി വരികള്‍ എഴുതി പാടിയ ‘കില്ലര്‍ ഓണ്‍ ദ ലൂസ്’ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. തിയേറ്ററുകളില്‍ ഏറെ പുതുമകളുമായി എത്താനൊരുങ്ങുകയാണ് ആഷിഖ് അബുവിന്റെ പുതിയ ചിത്രം ‘റൈഫിള്‍ ക്ലബ്’. ഇക്കുറി ക്രിസ്മസ് കെങ്കേമമാക്കാന്‍ ‘റൈഫിള്‍ ക്ലബ്’ ഡിസംബര്‍ 19 ന് വേള്‍ഡ് വൈഡ് റിലീസിനെത്തും. ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. തികച്ചും ഒരു റെട്രോ സ്‌റ്റൈല്‍ സിനിമയായാണ് ചിത്രം എത്തുന്നത്. ചിത്രത്തില്‍ സുപ്രധാന കഥാപാത്രമായെത്തുന്ന ഇട്ടിയാനമായി വാണി വിശ്വനാഥിന്റേയും ദയാനന്ദ് ബാരെ എന്ന കഥാപാത്രമായെത്തുന്ന പ്രശസ്ത ബോളിവുഡ് സംവിധായകനും അഭിനേതാവുമായ അനുരാഗ് കശ്യപിന്റേയും ദിലീഷ് പോത്തന്‍ അവതരിപ്പിക്കുന്ന സെക്രട്ടറി അവറാന്റെയുമൊക്കെ വേഷങ്ങള്‍ അടിമുടി വ്യത്യസ്തമായിരിക്കുമെന്നാണ് ട്രെയിലര്‍ നല്‍കിയിരിക്കുന്ന സൂചനകള്‍.