വിഴിഞ്ഞം വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ മറുപടി കേരളത്തോടുള്ള നിർമ്മല സീതാരാമന്റെ വെറുപ്പും ബിജെപിയുടെ രാഷ്ട്രീയ പകപോക്കലും തുറന്നുകാട്ടുന്നതാണെന്ന് സിപിഐ എംപി അഡ്വ പി സന്തോഷ് കുമാർ. വിഴിഞ്ഞം അന്താരാഷ്ട്ര കടൽ വികസന പദ്ധതിക്ക് നൽകിയ വയബിലിറ്റി ഗ്യാപ് ഫണ്ട് സംബന്ധിച്ച് എംപി പാർലമെന്റിൽ ചോദ്യം ഉന്നയിച്ചിരുന്നു. ഇതിനു മന്ത്രാലയം നൽകിയ മറുപടി പ്രകാരം വിജിഎഫ് പദ്ധതിയിൽ വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്ര സർക്കാർ 817.80 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ വായ്പയായിട്ടല്ല ഗ്രാന്റായാണ് വിജിഎഫ് നൽകുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തിക കാര്യ വകുപ്പ് അനുശാസിക്കുന്ന ഇത്തരം വികസന പദ്ധതികൾക്കുള്ള സാമ്പത്തിക സഹായത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, വിജിഎഫ് ഒരു പ്രവർത്തന ഗ്രാൻ്റോ മൂലധന ഗ്രാൻ്റോ ആണ്. ബിജെപിയുടെ സ്വന്തം മന്ത്രി, രാജ്യസഭയിൽ സത്യം പറഞ്ഞതിനാൽ വി ജി എഫ് തിരിച്ചടയ്ക്കണം എന്ന ആവശ്യം പിൻവലിക്കണമെന്നും വിജിഎഫ് ഉടനടി നിരുപാധികമായും സംസ്ഥാന സർക്കാരിന് കൈമാറണമെന്നും പി സന്തോഷ് കുമാർ എംപി പറഞ്ഞു. വിഴിഞ്ഞത്തിൻ്റെയും കേരളത്തിൻ്റെയും വികസനം തകർക്കാനുള്ള ഏതൊരു ശ്രമവും ജനങ്ങൾ ചെറുത്തുതോൽപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു