ഒക്ടോബറില്‍ രാജ്യത്തെ ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് 6.21 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ 14 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയാണിത്. ഇതോടെ, ഡിസംബറിലെ റിസര്‍വ് ബാങ്ക് പണനയ നിര്‍ണയ യോഗത്തിലും പലിശഭാരം കുറയ്ക്കാനുള്ള സാധ്യത മങ്ങി. റീട്ടെയില്‍ പണപ്പെരുപ്പം നിരക്ക് 4 ശതമാനമായി നിയന്ത്രിക്കുകയാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം. 2023 ഓഗസ്റ്റിന് ശേഷം ആദ്യമായാണ് ഇത് 6 ശതമാനം കവിയുന്നത്. സെപ്റ്റംബറില്‍ പണപ്പെരുപ്പനിരക്ക് 5.49 ശതമാനമായിരുന്നു. ഒരു വര്‍ഷം മുന്‍പ് സമാന കാലയളവില്‍ 4.87 ശതമാനമായിരുന്ന പണപ്പെരുപ്പനിരക്ക് ആണ് ആറുശതമാനം കടന്നത്. ഭക്ഷ്യവിലക്കയറ്റമാണ് പണപ്പെരുപ്പനിരക്ക് ഉയരാന്‍ കാരണമായത്. ഒക്ടോബറില്‍ ഭക്ഷ്യവിലക്കയറ്റത്തിന്റെ തോത് 10.87 ശതമാനമായാണ് ഉയര്‍ന്നത്. മുന്‍പത്തെ മാസം ഇത് 9.24 ശതമാനം മാത്രമായിരുന്നു. ഗ്രാമീണ മേഖലയിലെ വിലക്കയറ്റ തോതും വര്‍ധിച്ചിട്ടുണ്ട്. ഒക്ടോബറില്‍ 6.68 ശതമാനമായാണ് ഉയര്‍ന്നത്. ഉള്ളിയും തക്കാളിയും ഉള്‍പ്പെടെയുള്ള പച്ചക്കറികള്‍ക്ക് വില പിടിവിട്ടുയര്‍ന്നതാണ് ഭക്ഷ്യവിലക്കയറ്റത്തിന് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.