പ്രമുഖ ഏലം കർഷക സംഘടനകൾ തമ്മിൽ പോര് ശക്തമായി. ഇടുക്കിയിലെ ഏലമല കാടുകളുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിലനിൽക്കുന്ന കേസിൽ വണ്ടൻമേട് കാർഡമം ഗ്രോവേഴ്സ് അസ്സോസിയേഷനും കാർഡമം പ്ലാന്റേഴ്സ് ഫെഡറേഷനുമാണ് തമ്മിൽ പോര് ശക്തമാകുന്നത്. ഏലമലക്കാടുകളുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നിലനിൽക്കുന്ന കേസിൽ തീർപ്പ് ഉണ്ടാകുന്നതു വരെ പട്ടയം നൽകരുതെന്ന് കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. ഈ മേഖലയിൽ തലമുറകളായി കൃഷി ചെയ്ത് ഉപജീവനം നടത്തിവരുന്ന പതിനായിരക്കണക്കിന് കർഷകരെയും തോട്ടം തൊഴിലാളികളെയും വ്യാപാരികളെയും പ്രതികൂലമായി ബാധിക്കുന്നതാണിത്. വൺ എർത്ത് വൺ ലൈഫ് നൽകിയ കേസിൽ കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ കക്ഷി ചേർന്നിരുന്നു. വിഷയത്തിൽ കാർഡമം ഗ്രോവേഴ്സ് അസ്സോസിയേഷൻ നിലപാട് ദുരൂഹമാണെന്നാണ് ഫെഡറേഷൻറെ കുറ്റപ്പെടുത്തൽ. ഏലമലക്കാടുകളിലെ ഭൂമി കൈവശപ്പെടുത്താൻ ഭൂമാഫിയ ശ്രമിക്കുന്നെന്ന് അമിക്കസ്ക്യൂറി കോടതിയിൽ ബോധിപ്പിച്ചതിനെ തുടർന്ന് ഇനി പട്ടയങ്ങൾ നൽകില്ലെന്ന് സർക്കാർ അറിയിച്ചതോടെയാണ് ഇത്തരത്തിലൊരു വിധിയുണ്ടായതെന്നാണ് കോർഡമം ഗ്രോവേഴ്സ് അസോസിയേഷൻറെ വാദം.